ആരോഹണം അവരോഹണം 8

Arohanam Avarohanam by Sheriff Ibrahim

അന്നത്തിന്നായി തട്ടുകടയിൽ ചായക്കച്ചവടം നടത്തുകയാണ് കരീംക്ക. കരീംക്കാടെ മകൻ ലത്തീഫ് ഗൾഫിൽ നിന്നും വന്ന വാർത്ത നാട്ടിൽ കാട്ടൂതീ പോലെ പരന്നു. ഗൾഫിൽ നിന്നും വന്നത് അത്രവലിയ വാർത്തയാണോയെന്ന് നമുക്ക് തോന്നാം. പക്ഷെ സത്യത്തിൽ അതൊരു വലിയ വാർത്തയാണ്. കാരണം, വീട്ടിൽ അനുസരണക്കേട്‌ കാട്ടിയതിന്റെ പേരിൽ പതിനെട്ട് വർഷം മുമ്പ് പന്ത്രണ്ടാം വയസ്സിൽ എങ്ങോട്ടോ പോയതാണ് ലത്തീഫ്. പിന്നെ ഇപ്പോൾ നാട്ടിൽ തിരിച്ചെത്തുന്നത്‌വരെ ലത്തീഫ് ജീവിച്ചിരിക്കുന്നുണ്ടോ എന്താണ് സംഭവിച്ചതെന്നോ ആർക്കും ഒന്നും അറിയില്ലായിരുന്നു.
ജനങ്ങളുടെ പ്രവാഹമായിരുന്നു, കരീംക്കാടെ വീട്ടിലേക്ക്. ഇതിനിടെ ലത്തീഫ് ശെരിയായ ലത്തീഫ് അല്ലെന്നും നാട്ടിൽ ഒരു വാർത്ത പരന്നു. പക്ഷെ ആ വാർത്തക്ക് ആയുസ്സ് കുറവായിരുന്നു.
മകൻ വന്നു കുറച്ചു നേരം സംസാരിച്ച് കഴിഞ്ഞ് സാധാരണപോലെ പ്രഭാതനമസ്കാരം കഴിച്ചു പെട്ടിക്കട തുറക്കാൻ കരീംക്ക പോയി.
നാട്ടുകാരെയും ചില ബന്ധക്കാരെയും ലത്തീഫിന്ന് പരിജയപ്പെടുത്തി കൊടുക്കേണ്ട ചുമതല 30 വയസ്സായിട്ടും ഒരു ജോലിയും ചെയ്യാത്ത ലത്തീഫിന്റെ എളാപ്പാടെ മകൻ മസൂദ് സ്വയം അങ്ങേറ്റെടുത്തു. ലത്തീഫിനും അത് സന്തോഷമായിരുന്നു.
‘മസൂദേ, നമുക്ക് ഒന്ന് പുറത്തു പോയാലോ?’ ജനങ്ങളുടെ തിരക്ക് കുറഞ്ഞപ്പോൾ ലത്തീഫ് ചോദിച്ചു.
‘മോനെ വല്ലതും കഴിച്ചിട്ട് പോകാം’ ഉമ്മാടെ വാക്ക് കേട്ടപ്പോൾ പോയിട്ട് വരാം എന്ന് മാത്രം മറുപടി കൊടുത്തു ലത്തീഫ്.
ലത്തീഫും മസൂദും കൂടെ നാട്ടിലെ വായനശാലയിലേക്ക് പോയി. വഴിയിൽ പലരും വരുന്നുണ്ടായിരുന്നു.
വഴിയിൽ വെച്ച് പള്ളിപ്രസിഡണ്ട്‌ മസൂദിനോട് ചോദിച്ചു ‘ഇതാരാ, മസൂദെ?’
‘ഇത് എന്റെ മൂത്താപ്പാടെ മകൻ ലത്തീഫ്’ മസൂദ് പറഞ്ഞപ്പോൾ ലത്തീഫ് ഉടനെ തിരുത്തി ‘ലത്തീഫ് ഹാജി’
ലൈബ്രറിയിൽ ഒരു പാട് ആളുകൾ ലത്തീഫിന്റെ അടുത്ത് ചെന്ന് പരിജയപ്പെട്ടു. അതിൽ ഒരാൾ ബ്രോക്കർ ആയിരുന്നു.
‘എനിക്ക് കുറച്ചധികം സ്ഥലങ്ങൾ വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. ഒരു മൂന്നോ നാലോ കോടി രൂപ വരെ ഇറക്കാൻ ഞാൻ തയ്യാറാണ്’ ലത്തീഫിന്റെ വാക്കുകൾ കേട്ടപ്പോൾ ബ്രോക്കർ വിശ്വൻ വായിച്ചിരുന്ന പത്രം മേശപ്പുറത്തേക്കിട്ട് ഒരു നിമിഷം നിശബ്ദനായി.
പരിസരബോധം വന്നപ്പോൾ വിശ്വൻ ലത്തീഫിന്റെ അടുത്തേക്കിരുന്നു. എന്നിട്ട് ചോദിച്ചു ‘സാറിന്റെ പേര് ലത്തീഫ് എന്നല്ലേ?’
അത് കേട്ടപ്പോൾ മസൂദാണ് തിരുത്തികൊടുത്തത് ‘ലത്തീഫ് എന്നല്ല ലത്തീഫ് ഹാജി എന്നാണ് പറയേണ്ടത്’
‘ലത്തീഫ് ഹാജി സാറേ, എന്റെ കയ്യിൽ കണ്ണായ സ്ഥലത്ത് കുറച്ചു കെട്ടിടങ്ങളും സ്ഥലങ്ങളും ഉണ്ട്. നമുക്ക് എന്നാണു പോകാൻ കഴിയുക?’

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018 Frontier Theme
%d bloggers like this: