ചിലർ ഒരു കട്ടൻ ചായയും ബീഡിയും വലിച്ച് കടത്തിണ്ണയിലിരിക്കുന്നു. കാലത്തെ വരാനുള്ള പത്രത്തിനെ നോക്കി ഇരിപ്പാണ്. കുഞ്ഞൂട്ടൻ കാഴ്ച്ചകളെല്ലാം കണ്ട് വണ്ടി ഓടിച്ചു.
ഏകദേശം ഒരു ആറരയായപ്പോൾ കുഞ്ഞൂട്ടൻ പാലത്തൂർ ബോർഡർ ക്രോസ് ചെയ്തു. ആളൊഴിഞ്ഞ ഹൈവേയിൽ വെളിക്കിരിക്കാൻ വരുന്നവരെയും കാട്ടുപന്നികളെയും മാത്രം ശ്രദ്ധിച്ചാൽ മതി. കാലത്തെ ചരക്കു വാഹനങ്ങൾ നന്നേ കുറവായിരുനു. ഹൈവേയിലൂടെ കുഞ്ഞൂട്ടൻ യമഹയുടെ മാക്സിമം പവറ് എടുക്കാൻ നോക്കി. ഹൈടോപ്പിലെത്തുമ്പൊ കുഞ്ഞൂട്ടൻ്റെ നെഞ്ച് പടപടാ ഇടിച്ചു. അധികം സാഹസത്തിന് മുതിരാതെ പതുക്കെ നോർമ്മൽ സ്പീഡിലേക്കെത്തിച്ചു.
ഫോറസ്റ്റ് ഏരിയയിൽ വന്യമൃഗങ്ങളുള്ളതിനാൽ എക്കോണമി ലിമിറ്റിലേക്ക് സ്പീഡെത്തിച്ചു. വലിയ പടുകൂറ്റൻ മരങ്ങളും പുള്ളിമാനുകളുടെ മേച്ചിൽ പുറങ്ങളും മറ്റു കണ്ട് കൊണ്ട് കുഞ്ഞൂട്ടനും അവൻ്റെ കറുത്ത ബ്യൂസിഫാലസും കുതിച്ചു.
പാലത്തൂര് കഴിഞ്ഞതും വഴിക്കെ ഒരു ചായക്കടയിൽ നിറുത്തി ചായ കുടിച്ചു. വെറുതെ ഒന്ന് ഫോണെടുപ്പ് നോക്കി. അനിയുടെ ആറ് മിസ്കോളുകൾ. കുഞ്ഞൂട്ടൻ അവനെ തിരിച്ചു വിളിച്ച് ഒരു മുക്കാൽ മണിക്കൂറിൽ എത്തുമെന്ന് പറഞ്ഞു. അവൻ നേരെ വീട്ടിലേക്ക് ചെല്ലാനാണ് പറഞ്ഞത്. ഫോൺ വെച്ചുകഴിഞ്ഞാണ് അപ്പൂൻ്റെ മെസേജ് കുഞ്ഞൂട്ടൻ കണ്ടത് അതിന് മറുപടി അയച്ചു ഒരു കിസ്സിൻ്റെ സിംബലും അയച്ചു. എന്നിട്ട് നാട്ടിലെത്താറായെന്നും മെസേജിട്ടു. ചായ കുടി കഴിഞ്ഞ് കുഞ്ഞൂട്ടൻ വീണ്ടും യാത്ര തുടർന്നു. ഏകദേശം ഏഴേ മുക്കാലോടെ കുഞ്ഞൂട്ടൻ അനിയുടെ വീട്ടിലെത്തി.
അധികമൊന്നും ഇവിടേക്ക് അങ്ങനെ വന്നിട്ടില്ല. അനിയുടെ അച്ഛനെയും അമ്മയേയും ചേച്ചിയേം ഒക്കെ പരിചയമുണ്ടെന്നല്ലാതെ വല്ല്യ അടുപ്പമില്ല. കുഞ്ഞൂട്ടൻ വന്നപാടെ അവൻ്റെ അച്ഛൻ വിളിച്ച് അകത്ത് കയറ്റി. സോഫയിലിരിക്കുന്ന കുഞ്ഞൂട്ടന് അനിയുടെ അമ്മ ചായ കൊടന്നു കൊടുത്തു. അനി ഒരുങ്ങാണെന്നും ഇപ്പ വരുമെന്നും പറഞ്ഞവർ അടുക്കളയിലേക്ക് പോയി.
അനി കാണാതെ അവൻ്റെ ചേച്ചി കുഞ്ഞൂട്ടനടുത്ത് വന്ന് അവൻ കാലത്തേ തൊടങ്ങിയ ഒരുക്കമാണ് എങ്ങോട്ടാണെന്ന് പറഞ്ഞില്ലന്നും പറഞ്ഞു. അവിടെ വന്ന അനി അത് കേട്ട് തിരുന്നെല്ലി ക്ഷേത്രത്തിൽ പോവാണെന്ന് പറഞ്ഞു അതേസമയം തന്നെ കുഞ്ഞൂട്ടൻ്റെ വായിൽ നിന്ന് വന്നത് ഒരു സുഹൃത്തിൻ്റെ കല്ല്യാണത്തിന് പോണെന്നാണ്. രണ്ടാളും രണ്ട് ഉത്തരം നൽകിയ സ്ഥിതിക്ക് രണ്ടും പറയുന്നത് കള്ളമാണെന്ന് അവൻ്റെ ചേച്ചിക്ക് പെട്ടന്ന് തന്നെ കത്തി. അനിയുടെയും കുഞ്ഞൂട്ടൻ്റെയും കഥകളി കണ്ട് അവൾക്ക് ദേഷ്യം വന്നു. അവസാനം കുഞ്ഞൂട്ടൻ ഒരു ഉത്തരം കണ്ടെത്തി. തിരുനെല്ലി ക്ഷേത്രത്തിൽ വച്ച് ഒരു സുഹൃത്തിൻ്റെ വിവാഹമുണ്ടെന്നും അത് കൂടാൻ പോവാണെന്നും പറഞ്ഞു. അവളത് വിശ്വസിച്ചു.
Paruttye othiri ishttam ayi ❤️