പതിമൂന്നാം ? തീയാട്ട് [ Sajith ] 1412

പിന്നീടവർ പൊയത് വൈജയന്തി ചന്തയിലേക്കാണ്. ഏകദേശം വൈജയന്തയുടെ പകുതിഭാഗം ചന്തയാണെന്ന് തോന്നി പോവും അത്രയ്ക്കുമുണ്ട് അതിൻ്റേ വ്യാപ്തി. ചുറ്റിലും ഓടിട്ട് നാലുകെട്ട് നിർമ്മിച്ചിരിക്കുന്ന പോലെ ഒരു വാസ്തു. അതിന് മൂന്ന് ഭാഗത്തു കൂടിയും പടികളോടു കൂടിയ വരാന്തയും വാതിലുകളും. നാലാമത്തെ വാതിൽ ഒരു വാടിവാസലാണ്. അത് തുറക്കുന്നത് കന്നുകാലി ചന്തയിലേക്കാണ്. അതും ഈ വലിയ വ്യാപ്തിയിൽ പരന്നുകിടക്കുന്ന നാലുകെട്ടിനകത്താണ്. നാലു വാതിലുകളുൽ ഒരുപാട് ദൂരത്തായതിനാൽ ഇടയ്ക്കിടയ്ക്ക് രണ്ടുമൂന്ന് സബ് വാതിലുകളും പണികഴിപ്പിച്ചിട്ടുണ്ട്. ചന്തയിലേക്ക് കയറുന്നതിന് മുൻപുള്ള മുറ്റവും നടപ്പാതയും വെട്ടിയെടുത്ത കരിങ്കല്ല് പാകിയിരുന്നു.

പട്ടും, കമ്പിളിയും., മറ്റു തുണിത്തരങ്ങളും പൊട്ടും ചാന്തും വളകളും മുതലായവയും കരകൗശല വസ്തുക്കളും അലങ്കാര വസ്തുക്കളും വിക്കുന്ന കുറച്ചു പേർ അവിടെ വരാന്തയിലിരുന്ന് കച്ചവടം നടത്തുന്നു.

കുഞ്ഞൂട്ടനും പാറുവും അപ്പുവും കൂടി അതെല്ലാം കണ്ട് ചന്തയുടെ അകത്തേക്ക് കയറി. തിരക്ക് സ്വൽപം കൂടുതലായതിനാൽ പാറുവിനെ കുഞ്ഞൂട്ടൻ മേലേക്കുയർത്തി അവൻ്റെ തോളിലിരുത്തി. എന്തോ കുതിര പുറത്ത് കയറിയ സന്തോഷമായിരുന്നു അവക്ക്. എന്നിട്ട് അപ്പൂനെ പിടിച്ച് മുൻപിലേക്ക് നിർത്തി. രണ്ടു കൈ കൊണ്ടും അപ്പൂനെ കുഞ്ഞൂട്ടൻ ചുറ്റി പിടിച്ചു. പാറു കുഞ്ഞൂട്ടൻ്റെ തലക്ക് വട്ടം പിടിച്ച് കുട്ടിത്തേവാങ്കിനേ പോലെ ഇരുന്നു.

ചന്തയ്ക്ക് അകത്ത് മേൽക്കൂരയായിട്ട് അവിടിവിടെ ഓലമേഞ്ഞിട്ടിട്ടുണ്ട്. മഴവന്നാൽ ചെറുക്കാനുള്ള ടാർപ്പോളിൻ ഷീറ്റുകൾ ഒരു ഭാഗത്ത് ചുരുട്ടി കെട്ടി തൂക്കി ഇട്ടിരിക്കുന്നു. മഴപെയ്താൽ അത് വലിച്ചു കെട്ടും. ഏകദേശം അങ്ങിനെ നൂറോളം ഷീറ്റുകൾ അവിടെയുണ്ട്.

പലതരം പഴങ്ങളും പച്ചക്കറികളും ഒരു വലിയ പലകയിൽ കൂമ്പാരം പോലെ കൂട്ടി ഇട്ടിരിക്കുന്നു. മാമ്പഴ സീസണായതു കൊണ്ട് അതുണ്ട് പിന്നെ ചക്കയും തണ്ണിമത്തനും ഞാവലും മുതലായവയിൽ തുടങ്ങി ഡ്രാഗൺ ഫ്രൂട്ടും ആപ്രിക്കോട്ടും മൾബറിയും വരെ അവിടെ കൂന കൂട്ടി ഇട്ടിരിക്കുന്നു. പുറത്തു നിന്ന് വരുന്ന വ്യാപാരികളെ ആകർഷിക്കാൻ വേണ്ടിയാണ് ഈ വിഭവങ്ങളൊക്കെ.

നേരിയ മഞ്ഞിറക്കമുള്ള വൈജയന്തിയിലെ നിലങ്ങളിൽ ഇവയൊക്കെ സുലഭമായി വളരും. നാട്ടിലെ തന്നെ പുന്നക്കലിൻ്റെ മില്ലിൽ തയ്യാറാക്കി എടുക്കുന്ന ജൈവ വളങ്ങളായിരിക്കും മിക്കതിലും ഉപയോഗിച്ചിരിക്കുക. അടുത്തു കൂടി തന്നെ രണ്ട് പുഴകളും ഒഴുകുന്നതിനാൽ നല്ല ജലസേജനവും ലഭിക്കും.

കുഞ്ഞൂട്ടനും അപ്പുവും കുട്ടിത്തേവാങ്കും വീണ്ടും മുന്നിലേക്ക് നടന്നു. നല്ല കരിപ്പെട്ടിയുണ്ടാക്കി ഒരുഭാഗത്ത് അടുക്കി വച്ചിരിക്കുന്നു. അതിനടുത്തു തന്നെ കുറേ മെറൂൺ നിറത്തിലുള്ള കരിമ്പിൻ മുളകൾ ചാരിവെച്ചിരിക്കുന്നു. ആവശ്യക്കാരന് അതിൽ നിന്ന് വെട്ടി കൊടുക്കും. കരിമ്പു നീര് പിഴിഞ്ഞ് ചാറും വിൽക്കുന്നു. അവര് മൂന്നു പേരും കൂടി അതിൽ നിന്ന് മൂന്ന് ഗ്ലാസ് കരിമ്പിൻ നീര് കൂടിച്ചു. പുതിനയും നാരങ്ങയും ഇട്ട കരിമ്പിൻ നീര്. കൊള്ളാം… പാറുവിനത് വല്ല്യ ഇഷ്ടമായി. ശേഷം ഒരു കരിമ്പിൻ്റെ തണ്ട് മുറിച്ച് അപ്പുവിനായി വാങ്ങി. പാറുവിന് അത് എന്തോ ഇഷ്തമായില്ല അവള് വേണ്ടെന്ന് പറഞ്ഞു.

58 Comments

  1. Paruttye othiri ishttam ayi ❤️

Comments are closed.