പതിമൂന്നാം ? തീയാട്ട് [ Sajith ] 1412

ക്ഷേത്രത്തിലേക്ക് ഉത്സവം പ്രമാണിച്ച് ഒരുപാടാളുകൾ വന്ന് കൊണ്ടിരുന്നു. ചെണ്ടക്കാരും മറ്റും ഒരു ബസിൽ വന്നിറങ്ങി അവരെ സ്വീകരിച്ച് കൂട്ടികൊണ്ട് പൂവാനായി കമ്മറ്റിക്കാര് ബാഡ്ജെല്ലാം ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. ഗ്രൗണ്ടിൻ്റെ ഒരറ്റത്ത് നടുക്കായി ഒരു വലിയ തറയുണ്ടാക്കിയിരുന്നു. അതിൽ സ്റ്റേജ് കെട്ടിയിട്ടാണ് ബാലയും മറ്റും അരങ്ങേറുക. സ്റ്റേജ് കെട്ടാനായിട്ട് ആവശ്യമായ മുളകളും കറുത്ത ഷീറ്റുകളും കർട്ടണും മറ്റും ഒരു പിക്ക് അപ്പ് വാനിൽ കൊണ്ടുപോയിറക്കി വെച്ചിട്ടുണ്ട്.

ആന എഴുന്നെള്ളത്തിനും കുതിര കോലത്തിൻ്റെ എഴുന്നെള്ളിപ്പിനും കൂടെ തേര് ഉരുട്ടി വരുന്നതിനും വേണ്ടി ഒരു നിശ്ചിത അകലത്തിൽ ഗ്രൗണ്ടിലൂടെ കുറ്റികളടിച്ച് കയറുകൾ കെട്ടി സജ്ജീകരിച്ചിരിക്കുന്നു. എഴുന്നെള്ളത്ത് അതിലൂടെ കടന്ന് പോവും. സദ്യക്ക് വേണ്ട ചെമ്പുകളും പാത്രങ്ങളും അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറികളും ഒരു ഭാഗത്ത് ഇറക്കിക്കൊണ്ടിരിക്കുന്നു. കുഞ്ഞൂട്ടൻ ഇതെല്ലാം ഒന്ന് നോക്കി കണ്ട് നിന്നു.

കുളത്തിലേക്ക് പോവുന്ന വഴി ഒരു വലിയ ആൽമരം നിൽക്കുന്നത് കുഞ്ഞൂട്ടൻ കണ്ടു. അതിന് ചുറ്റും അരയോളം വലിപ്പത്തിൽ തവിട്ട് നിറത്തിലുള്ള വെട്ട്കല്ല് വച്ച് ഇരിക്കാനായിട്ടൊരു തറയുണ്ടാക്കിയിട്ടുണ്ട്. കുഞ്ഞൂട്ടൻ ബൈക്കിലെ ചാവി ഊരി അതിൽ പോയി ഇരുന്നു. എപ്പഴും ഒരു വായൂ സഞ്ചാരം ആൽമരത്തിന് ചുറ്റുമുണ്ടായിരിക്കും. ഒരുപക്ഷെ അത് പൊളിച്ച് നോക്കിയാൽ വായൂപുത്രനെ കാണുമായിരിക്കാം. കുഞ്ഞൂട്ടൻ്റെ മനസാകെ അസ്വസ്ഥമായി.

കുഞ്ഞൂട്ടൻ്റെ മനസിൽ ഒരു താരതമ്യം നടന്നു. ആഷിശുമായൊന്ന് മുട്ടിച്ച് നോക്കി. സ്വന്തമായിട്ട് ഒരു ജോലിയൊക്കെ ആയി സെറ്റിൽഡാണ്. കയ്യിൽ അത്യാവശ്യം പണമൊക്കെയുണ്ട് സ്വന്തമായി കാറുണ്ട്. കാണാനും കൊള്ളാം. ബന്ധം വച്ച് നോക്കുമ്പൊ സ്വന്തം. കുഞ്ഞൂട്ടനാരാ ഒരു വലിഞ്ഞുകയറി വന്നവൻ. എല്ലാവരും അവനെ ഇത്രയൊക്കെ സ്നേഹിക്കുന്നത് തന്നെ വല്ല്യ ഭാഗ്യല്ലേ. കുഞ്ഞൂട്ടൻ്റെ ഉദ്ദേശം ഇന്ദിരാമ്മയേയും അപ്പൂനെയും സ്വന്തക്കാരുടെ അടുത്ത് എത്തിക്കുക എന്നുള്ളതല്ലേ. അത് വൃത്തിയായി കുഞ്ഞൂട്ടൻ ചെയ്യേം ചെയ്തു.

എല്ലാവർക്കും അപ്പൂനെ ആഷിശ്നെ കൊണ്ട് മംങ്കലം കഴിപ്പിക്കണംന്നാണെങ്കിൽ കുഞ്ഞൂട്ടനായിട്ടെന്തിനാ തട നിൽക്കുന്നെ. ഇന്ദിരാമ്മ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക. ഇനി സമ്മതിച്ച് കാണോ. അപ്പു സമ്മതിക്കോ. എന്തോ കുഞ്ഞൂട്ടനോട് പറയാനുണ്ടെന്ന് അപ്പു പറഞ്ഞിരുന്നല്ലോ. ഇനി അത് ഇഷ്ട്ടാന്നായിരിക്കോ. ആഷിശിൻ്റെ പ്രപ്പോസൽ വന്നാൽ അവള് യെസ് പറയോ. ഇങ്ങനെ കൊതിപ്പിക്കാനാണോ ദേവീ അപ്പൂനെ കൂടുതൽ അടുപ്പിച്ചെ. കുഞ്ഞൂട്ടൻ്റെ കണ്ണുകൾ നിറഞ്ഞു. ആരും കാണാതെ അവനത് തുടച്ചു. അതിലെ പോവുന്ന ആളുകള് കുഞ്ഞൂട്ടനെ നോക്കുന്നുണ്ട് പക്ഷെ ആരും അടുത്ത് വന്ന് ഒന്നും ചോദിച്ചില്ല.

58 Comments

  1. Paruttye othiri ishttam ayi ❤️

Comments are closed.