മുത്തശ്ശിയുടെ അവസ്ഥ മോശമാണെന്ന് മനസിലാക്കി പിന്നെ ആരും ദേവനേ പറ്റി സംസാരിച്ചില്ല. പക്ഷെ ഒരാൾ മാത്രം ഇന്ദിരാമ്മയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പുവായിരുന്നു അത്. ഇത്ര കാലത്തിനിടയ്ക്ക് അമ്മ പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരു അമ്മാവനേ കുറിച്ച് അവളപ്പഴാണ് കേൾക്കുന്നത്. ഒരുപാട് ചോദ്യങ്ങൾ അപ്പൂൻ്റെ മനസിൽ കടന്ന് കൂടി. അതെല്ലാം ചോദിക്കാൻ ഒരവസരം വരട്ടെ ചോദിക്കണം.
“”ഇന്ദിരേ കുട്ടികളെ കൂട്ടി വാ..””, “”ബാക്കി ഇള്ളവരേ കൂടി പരിചയപ്പെടുത്തി കൊടുക്കാം..””,
ഗോവിന്ദനും മറ്റു സഹോദരങ്ങളും മുറിയിൽ കൂടി നിന്ന കുട്ടികളും വീടിൻ്റെ പ്രധാന മുറിയിലേക്ക് പോയി. സാരിതുമ്പ് കൊണ്ട് കണ്ണ് തുടച്ച് അമ്മയോട് പറഞ്ഞ് ഇന്ദിരാമ്മയും കൂടെ അപ്പുവും കൂഞ്ഞൂട്ടനും പ്രധാനമുറിയിലെത്തി.
പ്രതാപത്തിൻ്റെ ശേഷിപ്പുകളാണ് മുറി നിറയേ. ഒരു ചെറിയ രാജകീയ സദസിൻ്റെ രൂപകൽപനകൾ. വീട്ടി മരത്തിൻ്റെ കറുപ്പു നിറത്തിൽ പിടികളുള്ള നാലഞ്ച് സോഫകൾ. പത്തൻപത് കസേരകൾ. മരത്തിൽ കൊത്തി എടുത്ത രൂപങ്ങളും ഡിസൈനുകളുമുള്ള സീലിംഗ്.
മുറിയിൽ മൊത്തം നാല് മേശകളാണ് അതിൽ ഓരോന്നിലും ഒരു ജോഡി ആനകൊമ്പുകൾ. വെളിച്ചത്തിനായി തട്ടുതട്ടായി ഒരു മല പോലെ തൂക്കിയിട്ടിരുന്നത് ക്രിസ്റ്റലിൻ്റെ സീലിംഗ് ലാമ്പാണ്. മാർബിൾ പതിപ്പിച്ച നിലം. ഡാലിയ പൂക്കൾ ഇട്ട് വച്ചിരിക്കുന്ന സ്ഫടിക ഭരണികൾ.
ചുവരിൽ പഞ്ചവർണക്കിളികൾക്കടുത്ത് ധാവണി ചുറ്റി ഇരിക്കുന്ന ഒരു തമിഴ് പെൺകൊടിയുടെ ചിത്രം കുഞ്ഞൂട്ടൻ ശ്രദ്ധിച്ചു. പ്രിൻ്റല്ല ഫസ്റ്റ് ക്ലാസ് ക്യാൻവാസിൽ വരച്ചുണ്ടാക്കിയ പെയിന്റിങ്ങ് ആയിരുന്നു അത്.
അത് മാത്രമായിരുന്നില്ല ചുവരിൽ തൂക്കിയിട്ടിരുന്നത്. കുളുവിലെ വസന്തകാലത്തിൽ ദേവദാരു വൃക്ഷത്തിന് ചുവട്ടിലിരുന്ന് മുരളിയൂതുന്ന വാസൂദേവൻ. യശോദയും കണ്ണനും, കൃഷ്ണനും രാധയും, അർജുനനും സുഭദ്രയും, കാളിദാസൻ്റെ ശകുന്തളാ അങ്ങിനെ നീളുന്നു. കൂടുതലും രവി വർമ്മാ ചിത്രങ്ങൾ.
എല്ലാത്തിനും ഒത്ത നടുക്കായി ഇരച്ചക്കുഴലിൻ്റെ തോക്ക് രണ്ടെണ്ണം എണ്ണയിട്ട് മിനുക്കി ക്രോസായിട്ട് ആണി അടിച്ച് തൂക്കിയിട്ടുണ്ട്. അതിന് മുകളിൽ മുത്തശ്ശൻ്റെ ചില്ലിട്ട ഒരു ചിത്രം. പുള്ളിക്കാരൻ്റെ ആവും തോക്കുകൾ.
ആഢംബരം കണ്ട് അപ്പുവിൻ്റെയും കുഞ്ഞൂട്ടൻ്റെയും കണ്ണ് തള്ളിപ്പോയി. ഹാളിൻ്റെ ഒരു ഭിത്തി നിറയേ കുടുംബ ചിത്രങ്ങളാണ്. കുഞ്ഞൂട്ടൻ അതിലോരോന്ന് നോക്കാൻ തുടങ്ങി.
പെട്ടന്ന് അപ്പു എന്തോ കണ്ട് കുഞ്ഞൂട്ടനെയും ചുവരിലേക്കും മാറിമാറി നോക്കി. എന്തോ അത്ഭുതം അപ്പു കണ്ടുപിടിച്ചു. അവനെ വിളിക്കാനായിട്ട് തുടങ്ങിയതും ഗോവിന്ദൻ മാമയുടെ ശബ്ദമുയർന്നു.
Paruttye othiri ishttam ayi ❤️