പതിമൂന്നാം ? തീയാട്ട് [ Sajith ] 1412

“”നല്ല ആളാ അപ്പു ചേച്ചി..””,””ഏട്ടനെ വിളിക്കാൻ വരാണെന്ന് പറഞ്ഞ് പോന്നിട്ട് ഇവടെ കേറി കെടക്കാണോ..””,””ഇന്ദിര ചെറിയമ്മ അവടെ എത്ര നേരായി തിരക്ക്ണൂന്നറിയോ…””,

റോജയുടെ ശബ്ദം കേട്ട് അവളൊന്ന് ബോധം തിരിച്ചെടുത്തു.

“”ഞാൻ ദാ വര്ണ് പാറൂ…””,””നീ പൊയ്ക്കോ…””,

റോജ പോയതും അപ്പു കട്ടിലിൽ നിന്നിറങ്ങി കുഞ്ഞൂട്ടൻ്റെ അടുത്തു വന്നു നിന്നു. അവനപ്പഴും ഭാവ വെത്യാസങ്ങളൊന്നും തന്നെ ഇല്ല.

“”കുഞ്ഞൂട്ടാ നിൻ്റെ നെഞ്ചത്ത് എന്ത് പറ്റിയതാ ഒരു പാട്…””,

ഒറ്റ നിമിഷത്തേക്ക് കുഞ്ഞൂട്ടൻ്റെ കൃഷ്ണമണിയൊന്ന് താഴ്ന്നു അടുത്ത നിമിഷം തന്നെ അവളെ നോക്കി കുഞ്ഞൂട്ടൻ കൂളായി മറുപടി കൊടുത്തു.

“”അത് ഗൂഡല്ലൂർന്ന് പറ്റിയതാ…””,””ഞാൻ പന്നീനെ കെണി വെച്ച് പിടിക്കാൻ പോയീന്ന് പറഞ്ഞില്ലേ…””,””അവിടെ വെച്ച് ഒരു മരത്തിൻ്റെ കൊള്ളികൊണ്ട് മുറിഞ്ഞതാ…””,

അവൻ പറയാൻ പോണത് കള്ളമായിരിക്കുമെന്ന് അപ്പൂന് നേരത്തേ തോന്നിയിരുന്നു. മറുപടി വന്നതും അപ്പു അത് ഉറപ്പിക്കുകയും ചെയ്തു. കാരണം ഗൂഡല്ലൂർ പോയി എന്ന് പറയുന്നത് കുറച്ച് മാസങ്ങൾക്ക് മുൻപാണ്. അന്നത്തേത് വച്ച് നോക്കാണങ്കീ ഇത്ര കാലം കൊണ്ട് ഒരു പാട് തീർത്തും മാഞ്ഞ് പോയിരിക്കും. ഇതിപ്പൊ അധികം ഒന്നുമായിട്ടില്ല. ഒരു കള്ളം കൂടി പറയാനറിയാത്ത പൊട്ടൻ.

അപ്പൂൻ്റെ തുറിച്ചുള്ള നോട്ടം കണ്ടപ്പഴേ കുഞ്ഞൂട്ടന് ഒരു അസ്വസ്ഥത തോന്നി. അവൻ മുഖത്ത് നോക്കാതെ ശ്രദ്ധ മാറ്റി. അത് കണ്ട അപ്പു കൂടുതൽ ചുഴിഞ്ഞ് കാര്യങ്ങള് തിരക്കിയില്ല.

“”നീ വാ കഴിക്കാം…””,

അപ്പു മുറി വിട്ടിറങ്ങി ഭക്ഷണം കഴിക്കാൻ പോയി. ചോറ് കൊത്തി കൊറിക്കുമ്പഴും അപ്പൂനെ അലട്ടിയത് കുഞ്ഞൂട്ടൻ്റെ ബിഹേവിയറാണ്. പിടിതരാത്ത ഒരു ക്യാരക്ടറാണവൻ്റെ. അവൻ പെരുമാറുന്നതല്ല അവൻ്റെ ഉള്ളിലുള്ളതെന്ന് അപ്പൂന് മനസിലായി. മൂന്ന് നാല് വർഷം സൈക്കോളജി അരച്ച് കലക്കി കുടിച്ച തന്നെ വരെ ഈ ചെക്കൻ നട്ടം ചുറ്റിക്കാണ്. ഇനി ഒന്നേ അറിയാനൊള്ളു. ഇതവൻ്റെ സ്വഭാവമാണോ അതോ അഭിനയ മാണോ എന്ന്. ആണങ്കിൽ തന്നെ എന്തിന്…? തനിക്കറിയുന്ന കുഞ്ഞൂട്ടൻ ഇങ്ങനൊന്നും ചെയ്യില്ല. അപ്പു എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു. അവളുടെ ആഹ് ഭാവ വെത്യാസം കുഞ്ഞൂട്ടൻ ശ്രദ്ധിച്ച് കൊണ്ടിരിക്കുകയാണ് അവിടെ അടുത്ത് തന്നെ.

അപ്പു ബെഡിൽ കയറി കിടന്നു ഉറങ്ങിയില്ല. എല്ലാരും ഉറങ്ങി കഴിഞ്ഞാൽ കുഞ്ഞൂട്ടനെ കെട്ടിപിടിച്ച് കെടക്കണം അല്ലാണ്ട് ഒറക്കം വരണില്ലാന്നായിരിക്കണു. അവൾക്ക് കിട്ടിയ മുറിയും അത്യാവശ്യം വലുതായിരുന്നു. എട്ടുകെട്ട് വീട്ടിൽ ഇങ്ങനെ ഒരു പാട് വലിയ മുറികളുണ്ടായിരിക്കുമെന്ന് ഇന്ന് കൂടി റോജ പറഞ്ഞൊള്ളു. അപ്പൂനോട് വളരേ അടുത്ത് സൗഹൃദം ഉണ്ടാക്കണം എന്ന ഉദ്ദേശം വെച്ചാണ് റോജ അവളോട് സംസാരിക്കുന്നത്. കുഞ്ഞൂട്ടനുമായി അടുക്കാനുള്ള തുറുപ്പുചീട്ടാണ് താനെന്ന് അപ്പുവിന് വ്യക്തമായി അറിയാവുന്നതാണ്. റോജക്ക് മുൻപിൽ ചിരിച്ച് കളിച്ച് അപ്പു ഇടപഴകുന്നും സംസാരിക്കുന്നുമൊക്കെയുണ്ടെങ്കിലും “തരത്തില്ലെടീ അവനേ…”” എന്ന് മനസ് കൊണ്ട് അപ്പു പറഞ്ഞ് കൊണ്ടിരുന്നു. മുഖം മനസിൻ്റെ കണ്ണാടിയെന്ന് പറയും പോലെ അപ്പൂൻ്റെ മുഖത്ത് നിന്ന് റോജ എന്തൊക്കെയോ പന്തികേട് മനസിലാക്കിയിരുന്നു.

58 Comments

  1. Paruttye othiri ishttam ayi ❤️

Comments are closed.