നരഭോജി(The Creature II) {ശിവശങ്കരൻ} 96

Views : 5977

 

ലാറക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു കേട്ട കാര്യങ്ങൾ. ഹരി… അവൻ തനിക്ക് എത്ര പ്രിയപ്പെട്ടവനാണ് എന്നു തിരിച്ചറിയുകയായിരുന്നു അവൾ. അവന്റെ വേദനയോടെയുള്ള അലർച്ച അവളുടെ കർണപുടങ്ങളിൽ വന്നലച്ചു. അവളുടെ ഞരമ്പിൽ രക്തം തിളച്ചു മറിഞ്ഞു. അവളുടെ നീലക്കണ്ണുകൾ കൂടുതൽ പ്രകാശിക്കുവാൻ തുടങ്ങി. അവളുടെ മുടിയിഴകൾ നിലാവെളിച്ചത്തിൽ വെള്ളി പോലെ തിളങ്ങി. നിൽക്കാനുള്ള ശക്തി നഷ്ടപ്പെട്ട അവൾ പതുക്കെ നിലത്തേക്ക് ഇരുന്നു.

 

***

 

“ഹേയ്, തോമസ്… വാട്ട്‌ ആർ യൂ വെയ്റ്റിംഗ് ഫോർ…? ഫിനിഷ് ദാറ്റ്‌ ക്രീച്ചർ…!” ആ ലേഡി വാംപയർ വിളിച്ചു പറഞ്ഞതും, പ്രായം കൂടിയ ആൾ പിന്നെയും തോക്ക് ആ വലക്ക് നേരെ നീട്ടി. എല്ലാവരുടെയും നോട്ടം ആ വലയിലേക്കായ ആ ക്ഷണം, തോമസിന്റെ ഇടതുഭാഗത്തു നിന്ന് എന്തോ ഒന്ന് ചാടി വന്നു തോമസിനെയും കൊണ്ട് വലതുഭാഗത്തുള്ള കുറ്റിക്കാട്ടിലേക്ക് പോയി. അയാളുടെ കയ്യിലിരുന്ന തോക്കും കുറച്ചു രക്തത്തുള്ളികളും ഭൂമിയെ സ്പർശിച്ചു.

 

“ഹി ഈസ്‌ നോട്ട് അലോൺ…” ആൻഡ്രു ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ട് ബാക്കിയുള്ള മൂന്നു പേരും തങ്ങളുടെ ആയുധങ്ങൾ എടുത്തു തയ്യാറായി. അവർ തോമസിനായി നടത്തിയ തിരച്ചിലിൽ കഴുത്തു മുറിഞ്ഞു ദേഹം മൊത്തം കീറിപ്പറിഞ്ഞ നിലയിൽ ഒരു മൃതദേഹം കിട്ടി. അവർ ആ മൃതദേഹത്തെ നോക്കി നിൽക്കവേ പെട്ടെന്ന് പുറകിൽ നിന്ന ആളെയും അവർക്ക് നഷ്ടമായി. അവർ അവനെയും തിരഞ്ഞു നടക്കുന്നതിനിടെ പെൺ വാംപയറും അപ്രത്യക്ഷമായി. അവളുടെ ജഡം കണ്ടെത്തിയ നിമിഷം അവർ തരിച്ചിരുന്നു പോയി. മറ്റുള്ളവരെ നേരെ കൊല്ലുകയായിരുന്നു ചെയ്തതെങ്കിൽ ആ പിശാചിനിയുടെ കഴുത്ത് മുറിച്ചത് കൂടാതെ, അവളുടെ മുഖവും ഭീകരമായ രീതിയിൽ വലിച്ചു കീറിയിരുന്നു. എന്തോ പ്രതികാരം ചെയ്തത് പോലെ…

 

അവസാനത്തെയാളും നഷ്ടപ്പെട്ടതോടെ ആൻഡ്രു പരിഭ്രാന്തനായി ഓടാൻ തുടങ്ങി, അവൻ ഇടക്ക് തിരിഞ്ഞു നോക്കവേ രണ്ടു നീലക്കണ്ണുകൾ അവന്റെ ശ്രദ്ധയിൽ പെട്ടു. പെട്ടെന്ന് തന്നെ അത്‌ അപ്രത്യക്ഷമായി.

 

ആ കണ്ണുകളിലെ ക്രൗര്യം കണ്ടു ഭയന്നിട്ടാവണം, അവൻ പിന്നെയും ഓടി. ഇടിഞ്ഞു പൊളിഞ്ഞ ഒരു പഴയ കെട്ടിടത്തിനുള്ളിൽ അഭയത്തിനായി ഓടിക്കയറിയ ആൻഡ്രൂ, പുറത്തേക്കിറങ്ങാൻ വഴികാണാതെ ഏറ്റവും മുകളിലേക്ക് കയറി. ഇനി മറ്റുവഴികൾ തനിക്ക് മുൻപിൽ ഇല്ലെന്നും, ആ നീലക്കണ്ണുകൾ തന്നെ പിന്തുടർന്നെത്തിയെന്നും മനസ്സിലാക്കിയ ആൻഡ്രൂ, തന്റെ മരണം ഉറപ്പിച്ചു. മരണം ഉറപ്പിച്ചാൽ വല്ലാത്തൊരു ധൈര്യം ഉണ്ടല്ലോ. മുന്നിൽ മെല്ലെ നടന്നു വരുന്ന ആ നീലക്കണ്ണുള്ള രൂപത്തിന് നേരെ തന്റെ അരയിൽ തൂങ്ങിയാടുന്ന വെള്ളിമഴുവും വീശി നിൽക്കുമ്പോൾ ആ ധൈര്യമായിരുന്നു ആൻഡ്രൂവിന്. ആ രൂപം അടുത്തെത്തവെ അവൻ കണ്ടു, തന്റെ കൂടെയുണ്ടായിരുന്നവരെയെല്ലാം കഴുത്ത് കടിച്ചു കീറി കൊല്ലുകയും, തന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ മുഖം താൻ പോലും പേടിക്കുന്ന രീതിയിൽ ഭീകരമാക്കുകയും ചെയ്ത ആ നീലക്കണ്ണുകളുടെ ഉടമയെ…

 

നനുത്ത വെള്ളരോമത്തിൻ പുതപ്പണിഞ്ഞു, തിളങ്ങുന്നെങ്കിലും വേദന നിറഞ്ഞ നീലക്കണ്ണുകളുമായി, തനിക്കു മുന്നിൽ ചോരപുരണ്ട പല്ലുകളും നാവും കാണിച്ചു നിൽക്കുന്ന ആ പെൺചെന്നായ…

 

അവന്റെ കയ്യിലിരുന്ന വെള്ളി മഴുവും, നിലാവിൽ തിളങ്ങുന്ന അതിന്റെ അഗ്രങ്ങളുമൊന്നും അതിനെ തെല്ലും ഭയപ്പെടുത്തിയില്ല…

 

ഇതിനിടയിൽ ദിമിത്രി വളരെ കഷ്ടപ്പെട്ട് ഹരി എന്ന മനുഷ്യച്ചെന്നായയെ താഴെ ഇറക്കിയിരുന്നു. പാടുപെട്ട് കയറിയ മരത്തിൽ നിന്നും അതിലേറെ പാടുപെട്ട് ആ വൃദ്ധൻ ഇറങ്ങിയപ്പോഴേക്കും ആ കൂറ്റൻ ചെന്നായ് തന്റെ ദേഹത്തെ മുറിവുകളെയും അതു നൽകുന്ന വേദനയെയും വക വക്കാതെ ലാറയുടെ പിറകേ കുതിച്ചിരുന്നു.

 

“ഈ നാശം പിടിച്ചവയ്ക്ക് എന്തോരു വേഗതയാണ് എന്റെ ദൈവമേ, ഈ സെറം അവനു നൽകാൻ ഒന്ന് സമ്മതിക്കുന്നു പോലുമില്ലല്ലോ, ഇനി ഞാനും നടക്കണമല്ലോ അവിടം വരെ” പിറുപിറുത്തുകൊണ്ട് നടക്കുന്നതിനിടെ പെട്ടെന്ന് കണ്ണിൽ പെട്ട മുഖം വികൃതമായ പിശാചിനിയുടെ രൂപം അയാളിൽ തെല്ലു ഭയം ജനിപ്പിച്ചു.

 

“ഓഹ്, ജീസസ്…”

 

അയാൾ അറിയാതെ വിളിച്ചു പോയി…

 

Recent Stories

The Author

ശിവശങ്കരൻ

4 Comments

  1. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  2. ♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com