നരഭോജി(The Creature II) {ശിവശങ്കരൻ} 96

Views : 5977

 

ലാറയുടെ ആക്രമണത്തിൽ ആൻഡ്രൂവും, ആൻഡ്രുവിന്റെ മഴുകൊണ്ടുള്ള പ്രഹരമേറ്റ് ലാറയും തളർന്നിരുന്നു. പറ്റിയ ഒരു അവസരത്തിൽ ആ ചെന്നായ ആൻഡ്രൂവിന്റെ കഴുത്ത് ലക്ഷ്യമാക്കി ഉയർന്നു ചാടി. തന്നെ കൊല്ലാൻ വരുന്ന ചെന്നായുടെ നേരെ സർവശക്തിയുമെടുത്ത് ആൻഡ്രൂ തന്റെ വെള്ളി മഴു വീശി.

 

പക്ഷേ വൈകിപ്പോയിരുന്നു, ആൻഡ്രൂവിന്റെ കഴുത്തിൽ ആ മനുഷ്യച്ചെന്നായുടെ പല്ലുകൾ ആഴ്ന്നിറങ്ങി. അവൻ ഒരലർച്ചയോടെ നിലം പതിച്ചു.

അതേ സമയം തന്നെ ഹരി എന്ന വെയർവൂൾഫും അങ്ങോട്ടേക്ക് ഓടിയെത്തി. അവന്റെ ചോരയോഴുകുന്ന ശരീരം കണ്ടതും പെൺചെന്നായുടെ ഭാവം മാറി. പതുക്കെ ലാറ പഴയ രൂപത്തിലേക്ക് മാറി. പക്ഷേ അവൾക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ലായിരുന്നു. അവൾ തന്റെ വയറ്റിൽ തറഞ്ഞിരിക്കുന്ന ആൻഡ്രൂവിന്റെ വെള്ളിമഴു അവൾ വലിച്ചൂരി. രക്തം അവളിൽ നിന്നും ചാലിട്ടൊഴുകാൻ തുടങ്ങി. അവൾ നിലത്ത് തളർന്നിരുന്നു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിന്ന ആ കൂറ്റൻ മനുഷ്യച്ചെന്നായ പുറത്ത് എന്തോ തുളഞ്ഞു കയറിയ വേദനയിൽ വെട്ടിതിരിഞ്ഞു. അതിന്റെ വലിയ കൈകൊണ്ടുള്ള പ്രഹരമേറ്റതും പുറകിൽ നിന്ന ദിമിത്രി തെറിച്ചു അടുത്തുള്ള തൂണിൽ ഇടിച്ചു വീണു. അവന്റെ പുറത്ത് ഒരു കാലിയായ സിറിഞ്ച് കുത്തിയിരിക്കുന്നുണ്ടായിരുന്നു.

 

അവൻ ദിമിത്രിയെ നോക്കാതേ. മെല്ലെ ലാറയുടെ അടുത്ത് മെല്ലെ വന്നിരുന്നു…

 

തളർന്നു കിടന്നിരുന്ന ലാറ പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു…

 

“ഹരീ…” അവളുടെ തളർന്ന വിളി ആ മനുഷ്യമൃഗം നിർവികാരതയോടെ കേൾക്കുന്നുണ്ടായിരുന്നു.

 

“എനിക്ക്… നിന്നെ… ഒരുപാട് ഇഷ്ടമായിരുന്നൂടാ… നിനക്ക് എന്നെ…  ഇഷ്ടമായിരുന്നോ ഇല്ലയോ… എന്നെനിക്ക് അറിയില്ല… ഇന്നത്തെ ദിവസത്തിന് ശേഷം… നിന്നോട് പറയാം എന്നു കരുതിയതാ… പക്ഷേ… ഈ ജന്മം നമുക്ക് ഒന്നിക്കാൻ കഴിയില്ല… അല്ലേ ഹരീ… തെറ്റായിരുന്നു… ഞാൻ ആഗ്രഹിക്കാൻ പാടില്ലായിരുന്നു… കണ്ടോ… അവസാനമായി നിന്റെ… നിന്റെ മുഖമൊന്നു കാണാൻ പോലും… എനിക്ക് വിധിയില്ലെടാ… ഐ… ലവ്…” മുഴുവിപ്പിക്കാതെ അവളുടെ ചുണ്ടുകൾ നിശബ്ദമായി കണ്ണുകളുടെ ചലനം നിന്നു. എന്നെന്നേക്കുമായി അവളുടെ നീലക്കണ്ണുകളിലെ പ്രകാശം മങ്ങി. നിർവികാരതയോടെയെങ്കിലും ആ മനുഷ്യച്ചെന്നായ അവളുടെ ദേഹം കൈകളിൽ വാരിയെടുത്തു… ആകാശത്തേക്ക് നോക്കി ഉറക്കെ അലറി…

 

“ഘ്രാ…..” ആ അലർച്ചെയോടൊപ്പം പതുക്കെ അവന്റെ രൂപം മാറി… തന്റെ കൈകളിൽ ചേതനയറ്റ് കിടന്ന ലാറയുടെ മുഖം തന്റെ മുഖത്തോട് ചേർത്ത് ഹരി കരഞ്ഞു. വെള്ളിമുനകൾ ശരീരത്തിൽ തറച്ച ഹരിക്കും പിടിച്ചു നിൽക്കാനായില്ല. അവനും താഴെ വീണു.

 

“എനിക്കും ഒരുപാട് ഇഷ്ടമായിരുന്നു ലാറാ… ഇനിയൊരു ജന്മമുണ്ടെങ്കിൽ… മനുഷ്യരായി പിറക്കാം നമുക്ക്… അന്നു നിന്നെ ഒരാൾക്കും വിട്ട് കൊടുക്കില്ല ഞാൻ…” തുറന്നു കിടന്ന ലാറയുടെ പ്രകാശമില്ലാത്ത നീലക്കണ്ണുകളിലേക്ക് നോക്കി അത്രയും പറഞ്ഞു ഹരി കണ്ണുകൾ അടച്ചു… എന്നെന്നേക്കുമായി…

 

വീണു കിടന്ന ദിമിത്രി, പതുക്കെ എഴുന്നേറ്റ് അവരുടെ  മൃതശരീരങ്ങൾക്ക് അടുത്തു വന്നു…

 

“മേ ഗോഡ് ബ്ലെസ് യുവർ സോൾസ് ഇൻ ഹെവൻ, ആൻഡ് മേ ഗോഡ് ബ്ലെസ് യൂ ബോത്ത്‌ ടു ലിവ് ടുഗെതർ ഫോർ എവെർ…” നിറകണ്ണുകളോടെ അതും പറഞ്ഞു ദിമിത്രി തിരിഞ്ഞു നടന്നു…

 

Recent Stories

The Author

ശിവശങ്കരൻ

4 Comments

  1. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  2. ♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com