നരഭോജി(The Creature II) {ശിവശങ്കരൻ} 96

Views : 5977

 

സിറ്റി പോലീസ് കമ്മിഷണറേയും വഹിച്ചു ആ വാഹനം സ്റ്റേഷന്റെ മുറ്റത്തു നിന്നും പാഞ്ഞു പോയി.

ഉടനെ ഹരി സ്റ്റേഷൻ ചാർജ് എസ്. ഐ. സക്കീർ അലിയെ ഏൽപ്പിച്ചു യൂണിഫോം മാറി തന്റെ വാഹനത്തിൽ ദിമിത്രിയുടെ അടുത്തേക്ക് തിരിച്ചു.

 

അവൻ കൂടെക്കൂടെ വാച്ചിലേക്ക് നോക്കി, പുറത്തേക്കും നോക്കി…

 

സമയം 6 കഴിയുന്നു, ഇന്നു ജൂൺ 14 പൗർണമി ദിവസം, ഇരുട്ട് പരന്നു തുടങ്ങുമ്പോൾ തന്നെ, തന്റെ രൂപം മാറാൻ തുടങ്ങും ഹരി ഓർത്തു. അതിനു മുന്നേ ദിമിത്രിയുടെ അടുത്തേക്ക് എത്തണം. അവൻ വാഹനത്തിന്റെ വേഗത കൂട്ടി.

 

പെട്ടെന്നാണ് അവന്റെ മുന്നിലേക്ക് എന്തോ ചാടി വീണത്. അവൻ ഉടനെ ബ്രേക്ക്‌ ചവിട്ടി വണ്ടി നിർത്തി, ഇറങ്ങി നോക്കി. അതൊരു പൂച്ചയായിരുന്നു. അതിന്റെ എഴുന്നു നിന്ന രോമങ്ങളും മഞ്ഞ കണ്ണുകളും ഹരിയിൽ ചലനങ്ങൾ സൃഷ്ടിച്ചു.

 

പെട്ടെന്നാണ് കുറച്ചു ദൂരെ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം അവന്റെ കാതിൽ വന്നു വീണത്.

 

“ഹ്രും…” അവന്റെ ഉള്ളിൽ നിന്നും വന്ന നിശ്വാസത്തിന് ഒരു വന്യമൃഗത്തിന്റെ സ്വരം അകമ്പടിയുടായിരുന്നു.

 

അവൻ ചുറ്റും നോക്കി, ദൃഷ്ടിപഥം പ്രതിബന്ധങ്ങളെ തുളച്ചുകയറി x-ray പോലെ അവനു ദൃശ്യങ്ങൾ വെളിവാക്കിക്കൊണ്ടിരുന്നു.

 

പെട്ടെന്ന് വീണ്ടും ആ പെൺകുട്ടിയുടെ ശബ്ദം കേട്ട അവൻ ഒന്നുകൂടി ചുറ്റും നോക്കവേ, കിലോമീറ്ററുകൾക്കപ്പുറമുള്ള ഒരു കാടിനുള്ളിൽ ഒരു പെൺകുട്ടിയെ നാലുപേർ ചേർന്നു ഉപദ്രവിക്കുന്നത് അവൻ കണ്ടു.

 

തന്റെ വാഹനത്തിൽ കയറി അവൻ അവിടേക്ക് പാഞ്ഞു. ടാറിട്ട റോഡ് പിന്നിട്ട് അവൻ കാട്ടുപാതയിലേക്ക് തിരിഞ്ഞു, അവന്റെ ബോധം നശിക്കുന്നത് പോലെ അവനു തോന്നി, കാഴ്ച മങ്ങുന്നത് പോലെയും. എങ്കിലും ആ മങ്ങിയ കാഴ്ചയിൽ കണ്ട രൂപങ്ങൾക്ക് നേരെ അവൻ അതിവേഗത്തിൽ തന്റെ വാഹനം പായിച്ചു.

 

പെട്ടെന്നാണ് അവന്റെ വാഹനം മറിഞ്ഞു വീണുകിടക്കുന്ന ഒരു കൂറ്റൻ മരത്തിൽ ചെന്നിടിച്ചു വായുവിൽ ഉയർന്നു പൊങ്ങിയത്, ഉടനെ ഞെട്ടി മാറിയ ആ പെൺകുട്ടിയും നാലുപേരും ഉയർന്നു പോകുന്ന വാഹനത്തെ നോക്കി നിൽക്കവേ, കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയർന്ന ചന്ദ്രന്റെ പ്രകാശത്തിൽ, മറിഞ്ഞു കിടന്ന ആ മരത്തടിയുടെ കടക്കൽ കുത്തി നിർത്തിയ ഒരു മഴുവിന്റെ ലോഹാഗ്രം തിളങ്ങുന്നുണ്ടായിരുന്നു.

 

ഉയർന്നു പൊങ്ങിയ ആ വാഹനം നിലം പതിച്ച അതേ സമയം, ആ വാഹനത്തിന്റെ മുകൾഭാഗം ‌ തകർത്തുകൊണ്ട് ഉള്ളിൽ നിന്നും വലിയൊരു ചെന്നായും കുറച്ചപ്പുറമായി വന്നിരുന്നു. എന്നാൽ അതേ ക്ഷണം, ഒരു കൂറ്റൻ ഇരുമ്പുവല അതിനെ പൊതിഞ്ഞിരുന്നു. ആ വലയിൽ അങ്ങിങ്ങായി ഘടിപ്പിച്ചിരുന്ന കൂറ്റൻ വെള്ളിമുള്ളുകൾ ആ ചെന്നായുടെ ശരീരത്തിൽ ആഞ്ഞുകയറി. അത്‌ വേദനകൊണ്ട് ഉറക്കെ അലറി,

 

“ഹ്രാ….” ആ നിലവിളി ആ കാടിന്റെ പ്രകമ്പനം കൊള്ളിക്കുമ്പോൾ, താഴെ ആ പെൺകുട്ടി അടക്കം അഞ്ചു പേർ നീണ്ടുകൂർത്ത കോമ്പല്ലുകൾ വെളിയിൽ കാൺകേ ചിരിച്ചുകൊണ്ട്, ആ മുറിച്ചിട്ട മരത്തിന്റെ കടയ്ക്കൽ സൂക്ഷിച്ചിരുന്ന തോക്കുകൾ കയ്യിലെടുക്കാനായി നടന്നു…

Recent Stories

The Author

ശിവശങ്കരൻ

4 Comments

  1. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  2. ♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com