മൂന്നാമനായ ദാസ് എന്ന,ശിവദാസ് ആണ് കൂട്ടത്തിലെ അടി വീരൻ, ധ്രുവന്റെ അച്ഛൻ മാധവനും ദാസന്റെ അച്ഛനും കുട്ടിക്കാലം മുതൽക്കെ നല്ല കൂട്ടായിരുന്നു അതിപ്പോ ഒരു ലെഗസി പോലെ ഇവരും പിന്തുടരുന്നു. അത്യാവശ്യം കുറച്ച് തരികിട വെള്ളമടിയും, പിന്നെ നായനാനന്തകരമായ കുറച്ച് വീഡിയോകളും ആണ് പുള്ളിക്കാരന്റെ വീക് പോയ്ന്റ്സ്.
അല്ല അക്കാര്യത്തിൽ ബാക്കി മൂന്നും മോശവുമല്ല. ആജന്മ ശത്രു പിന്നെ സ്വന്തം അമ്മ സുനന്ദയുടെ വയറ്റിൽ മൂന്നുകൊല്ലം മുന്നേ പിറവിയെടുത്തത് കൊണ്ട് ആശാന് ഈ വിധത്തിലുള്ള നേരമ്പോക്കുകൾക്കൊന്നും നിരന്തരം തുടർന്ന് പോകാൻ ഉള്ള സമയവും അവസരവും ലഭിക്കാറില്ല എന്നതാണ് സത്യം.
പിന്നെ ഞാൻ ധ്രുവ്, ദുശീലങ്ങൾ എന്നുപറയാൻ ആകെയുള്ളത് വല്ലപ്പോഴും ഉള്ള വെള്ളമടിയാണ്,ആശാന്റെ കളരിയിൽ അതിന് നിരോധനമുള്ളള്ളതിനാൽ ഒളിച്ചും പാത്തും ഒക്കെയാണ് കാര്യങ്ങൾ നടത്താറുള്ളത്, ഇച്ചേയി ആയിട്ട് ചെറുപ്പത്തിലെ ഉണ്ടാക്കിത്തന്ന ഗുരുവായൂർ കൃഷ്ണൻ ഭക്തി.
പിന്നെ മൂന്നാം വയസ്സുമുതൽ തുടങ്ങിയ എന്റെ ചര്യ,കളരി. കോട്ടയ്ക്കകത്ത് നാരായണൻ പണിക്കർ, നിന്നെ വളരെ പേരുകേട്ട കളരി ആശാന്റെ കളരിയിൽ കൊണ്ടുചെന്ന് ചേർത്തത് ഇച്ചേയി തന്നെയാണ്. തറവാട്ടിൽ ആർക്കും എത്ര താൽപര്യമുണ്ടായിരുന്നില്ല,ചെറുക്കന്റെ പഠിത്തം മടങ്ങും, ശ്രദ്ധ തെറ്റി പോകും, എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകൾ ഉണ്ടായിരുന്നു അന്നും. പിന്നീട് പലപ്പോഴും ഞാൻ ഇച്ചേയിയോട്, എന്നെ ചിത്രകലയോ സംഗീതമോ ഒന്നും പഠിപ്പിക്കാതെ, ഈ “തല്ല്” പഠിപ്പിക്കാൻ കാരണം എന്താണെന്ന് ചോദിച്ചിട്ടുണ്ട്, ഉത്തരം പലപ്പോഴും തൃപ്തികരമായിരുന്നില്ല.
പ്രണയം…ഉണ്ടായിരുന്നില്ല,അന്നും… ഇന്നും… അന്നൊന്നും അതിനെക്കുറിച്ച് ചിന്തപോലും ഉണ്ടായിരുന്നില്ല. കാരണം എന്താണെന്ന് ചോദിച്ചാൽ അറിയില്ല , അതൊരു ഒഴിച്ചുകൂടാൻ പറ്റാത്ത ആവശ്യമായി ഒരിക്കലും തോന്നിയിട്ടില്ല. പിന്നെ, ഇച്ചേയി അല്ലാതെ മറ്റ് സ്ത്രീകളും ആയി അടുപ്പം, വളരെ കുറവായിരുന്നു, കൂട്ടുകാർ എന്ന് പറയാൻ പേരിനുപോലും ഉണ്ടായിരുന്നില്ല ഒരുത്തി . “നിന്നെ കണ്ടു പേടിച്ചിട്ട് ആകും” എന്ന ഇച്ചേയുടെ സ്ഥിരം കമന്റിൽ തീരുന്നത് ആയിരുന്നു അതിക്കുറിച്ചുള്ള എന്റെ ചിന്തകൾ. വേറൊരു വലിയ കാരണം കൂടെയുണ്ട് കേട്ടോ,അത് വഴിയേ പറയാം.
പിന്നെ എനിക്ക് നേരിട്ട് അടുപ്പമുള്ള ഒരാളുടെ കാര്യം ഞാൻ മുന്നേ പറഞ്ഞിരുന്നല്ലോ,നേരത്തെ ഞാൻ “മാരണം” “രാക്ഷസി“എന്നൊക്കെ സംബോധന ചെയ്ത, ആ സാധനം,ദാസന്റെ സ്വന്തം പെങ്ങൾ മിത്ര എന്നാ മിത്രവിന്ദ. പണ്ടുമുതലേ ഒരു ശല്യമാണ്, പ്രായത്തിൽ 3വയസ്സ് മൂപ്പുള്ളത് കൊണ്ടാണോ, അതോ തലയ്ക്ക് അസുഖം ഉള്ളതുകൊണ്ടാണോ എന്നൊന്നും അറിയില്ല ആളൊരു മൊശട് സ്വഭാവമായിരുന്നു. അവന്റെ കൂട്ടുകാരെ അവൾക്ക് കണ്ണെടുത്താൽ കണ്ടു കൂടാ, പ്രത്യേകിച്ചും എന്നെ.വളർന്നു വന്നപ്പോൾ അവളുടെ ഒപ്പം അവളുടെ ഭ്രാന്തും വളർന്നു, ആണുങ്ങളെ ഒന്നും കണ്ണെടുത്താൽ കണ്ടുകൂടാതെ ആയി, എന്നും ആരെങ്കിലും ഒക്കെ ആയിട്ട് തല്ലും വഴക്കും, അവളുടെ ആ സ്വഭാവം കാരണം അവിടെ ഉള്ള ഒരു ഗേൾ സ്കൂളിലേക്ക് അവളെ മാറ്റി.
പണ്ടെന്നോ, ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം,അവളുടെ തന്തപ്പടി ദാസന് വാങ്ങി കൊടുത്ത ചോക്ലേറ്റ് തട്ടിയെടുക്കാൻ അവള് നോക്കി, രണ്ടും കൂടെ അടിപിടി ആയി, കരുത്തിൽ മുന്നിലായിരുന്ന അവൾക്ക് അവന് ഒരു ഇരയെ അല്ലായിരുന്നു അവളുടെ അടുത്ത് നിന്ന് അവനെ രക്ഷിക്കാൻ ഞാൻ നൈസ് ആയിട്ട് അവളെ വളരെ പതുക്കെ ഒന്ന് തള്ളി . കഷ്ടകാലത്തിന് ഒന്നാം നിലയിൽ നിന്ന് സ്റ്റെപ് വഴി അവളുരുണ്ട് താഴെവീണു. കൈകുത്തി വീഴുന്നതിന് ഇടയ്ക്ക്, അവളുടെ വലത്തെ കൈയുടെ പെരുവിരലിന് സാരമായി പരിക്കു പറ്റി, ഇന്നും അത് പൂർണാമായി ശെരിയായിട്ടില്ല, ഇപ്പോഴും അവൾക്ക് ഒരു പേന പിടിക്കണമെങ്കിൽപോലും ബുദ്ധിമുട്ടാണ് എന്നൊക്കെ ദാസൻ പറഞ്ഞ് കേട്ടു .
അന്നതിന്റെ പേരിൽ ചേട്ടൻ അന്നെന്നെ ഒത്തിരി തല്ലിയിട്ടുണ്ട്,ഒരാഴ്ച എന്നോട് മിണ്ടാതിരുന്നു, അവസാനം ഇച്ചേയി മുൻകൈയെടുത്ത് പിണക്കം മാറ്റി തരികയായിരുന്നു. പക്ഷേ എന്തൊക്കെ പറഞ്ഞാലും ഈ ഒരു കാര്യത്തിൽ ദാസൻ എന്റെ കൂടെയാ എന്നെക്കാളും ദേഷ്യമാണ് അവനവളെ എന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട് .
കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മത്തിൽ മകനായി ജനിക്കുക എന്നൊക്കെ കേട്ടിട്ടുണ്ട് അവന്റെ കാര്യത്തിൽ അത് സ്വന്തം പെങ്ങളുടെ രൂപത്തിലായി എന്നു മാത്രം. ഞങ്ങളുടെ വല്ലപ്പോഴുമുള്ള ചെറിയ ചെറിയ കുരുത്തക്കേടുകൾ മണത്ത് കണ്ടുപിടിച്ച് വീട്ടിൽ അറിയിക്കലാണ് അവളുടെ പ്രധാന എന്റർടൈൻമെന്റ്. ശരിക്കും ഒരു സൈക്കോ.
???
Nice bro ???
1 st