ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 6 [ആൽക്കെമിസ്റ്റ്] 140

“അത് നിന്റെ എളാപ്പയാണ്. ”

 

 

“ഓ പിന്നെ സ്വന്തം ഉമ്മയും ബാപ്പയും മരിച്ചിട്ട് അത് അറിയാൻ പോലും കഴിയാത്ത ആളല്ലേ എന്റെ കാര്യത്തിൽ സന്തോഷിക്കുന്നത്? എത്ര നാളായി ആള് വീട് വിട്ടുപോയിട്ട്? പതിനഞ്ചു വർഷമായില്ലേ ? ഒരിക്കലെങ്കിലും വരണമെന്നോ അമ്മയെയോ ഉപ്പയെയോ മറ്റുള്ളവരെയോ കാണണമെന്ന് തോന്നിയോ. ഇല്ല. വല്യുപ്പാ എന്തു മാത്രം ആഗ്രഹിച്ചെന്നോ ഒന്ന് വന്നു കാണാൻ. ആൾ വന്നില്ല. ഇങ്ങനത്തെ ഒരാൾ എന്റെ ബന്ധുവാണെന്ന് പറയാൻ എനിക്ക് ലജ്ജ തോന്നുന്നു.”

 

 

“നീ പറഞ്ഞു കഴിഞ്ഞോ?”

 

 

“ഇല്ല, പറഞ്ഞു കഴിഞ്ഞില്ല. കഴിയുകയില്ല. വാപ്പമാരായാൽ മക്കളെ ശാസിക്കുകയും തല്ലുകയുമൊക്കെ ചെയ്തെന്നിരിക്കും. അതിനൊക്കെ നാട് വിട്ടുപോകുകയാണോ വേണ്ടത്. ഇനി പോയാൽ തന്നെ കുറച്ചു നാൾ കഴിഞ്ഞാലെങ്കിലും വന്നുകൂടെ. എന്നിട്ടും വല്യുപ്പാ തെറ്റുകൾ എന്റേതാണെന്നാണ് പറഞ്ഞത്. അങ്ങനെയുള്ള പാവം ഒരു മനുഷ്യനോട് വൈരാഗ്യം വെച്ചുപുലർത്തിയ ആ മനുഷ്യൻ എത്രത്തോളം ക്രൂരനായിരിക്കണം. എന്തായാലും ഞാൻ നേരിട്ട് കാണുന്നുണ്ട് ആളെ, എവിടെ ചെന്നിട്ടാണെങ്കിലും ആളെ കണ്ടുപിടിക്കണം. എന്നിട്ട് ഇതെല്ലാം ആളോട് നേരിട്ട് ചോദിക്കണം…”

 

 

എനിക്ക് രോഷം കൊണ്ട് മുഴുവൻ പറയാൻ പോലും സാധിച്ചില്ല.

 

 

“ശരി നിനക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെങ്കിൽ ഞാൻ പറഞ്ഞോട്ടെ.”

 

ഞാനൊന്നും മിണ്ടിയില്ല.

 

“നൗറീ, മോളെ, നീ വല്യുപ്പായുടെ ഒരു മുഖം മാത്രമേ കണ്ടിട്ടുള്ളൂ. വല്യുമ്മ മരണപ്പെട്ടതിനു ശേഷമുള്ള മുഖം. അതിനു മുമ്പ് നീ കാണാത്ത അല്ലെങ്കിൽ നിന്നെ ഞങ്ങൾ കാണിക്കാത്ത  മറ്റൊരു മുഖമുണ്ടായിരുന്നു വാപ്പാക്ക്. അതിന്റെ ഇരകളായിരുന്നു നിന്റെ വാപ്പയും എളാപ്പയും. തീരെ ഇഷ്ടമില്ലാതിരുന്നിട്ടും ഡോക്ടർ ആവാൻ ചേർത്തിയതായിരുന്നു നിന്റെ എളാപ്പയെ. അവൻ അവിടെ നിന്ന് മാറി വേറെയെന്തോ പഠിക്കാൻ പോയി. അതറിഞ്ഞ വല്യുപ്പാ അവനെ വിളിച്ചു വരുത്തി കെട്ടിയിട്ടു തല്ലി. തടയാൻ ചെന്ന വല്ലിമാക്കും എനിക്കും കിട്ടി അടി. ആ ഒരടി പോലും താങ്ങാൻ പറ്റാത്തതായിരുന്നു. അങ്ങനത്തെ നൂറോളം അടികൾ കിട്ടിയ അവന്റെ അവസ്ഥ പിന്നെ പറയേണ്ടല്ലോ. അന്ന് രാത്രിയാണവൻ നാട് വിട്ടു പോയത്. പിന്നീട് അവൻ പലപ്പോഴും വീട്ടിലേക്ക് വിളിച്ചിരുന്നു. അതറിഞ്ഞ വല്യുപ്പാ തന്നെയാണ് വിളിക്കരുതെന്നും ആരെങ്കിലും  മരിച്ചാൽ പോലും വീട്ടിലേക്ക് വരരുതെന്നും ആജ്ഞ പുറപ്പെടുവിച്ചത്. എന്നെ വിളിച്ചപോൾ ഞാനും അവനോട് പറഞ്ഞു. ഇനി വരേണ്ട എന്ന്. കാരണം അവനടി കൊള്ളുന്നത് കാണാനുള്ള ശക്തി എനിക്കില്ലാത്തതു കൊണ്ടായിരുന്നു. സ്വന്തം ഉമ്മ പെറ്റതല്ലെങ്കിലും എന്റെ സ്വന്തം അനുജനായിരുന്നല്ലോ അവൻ. എവിടെയെങ്കിലും സ്വസ്ഥതയോടെ ജീവിക്കുന്നു എന്ന വിശ്വാസം മാത്രം മതിയായിരുന്നു അന്നെനിക്ക്.”

 

 

ഉമ്മയുടെ വാക്കുകൾ മുറിഞ്ഞിരുന്നു. ഉമ്മ ഇത്രക്ക് വേദനയോടെ സംസാരിക്കുന്നത് അതിനുമുമ്പ് ഞാൻ കണ്ടിട്ടില്ലായിരുന്നു. ആ  കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു.  ഉമ്മ തുടർന്നു.

 

 

“നിന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു നിന്റെ എളാപ്പ. നീ ജനിക്കുമ്പോൾ അവൻ എട്ടാം ക്‌ളാസിലാണ്. സ്‌കൂൾ വിട്ടു വന്നാൽ എപ്പോഴും കളിക്കാൻ ഓടിയിരുന്ന അവൻ  പിന്നെ  പുറത്തേക്കൊന്നും പോവാതായി. നിന്നോടൊപ്പം കളിക്കാനും നിന്നോട് സംസാരിക്കാനും മാത്രമായിരുന്നു അവൻ സമയം ചിലവഴിച്ചത്. നഴ്സറി സ്കൂളിൽ പോകുന്നതിനു മുമ്പ് തന്നെ നിനക്ക് കുറെ അക്ഷരങ്ങളും വാക്കുകളും അറിയാമായിരുന്നു. അതെല്ലാം നിന്നെ പഠിപ്പിച്ചത് അവനായിരുന്നു. കഥാപുസ്തകങ്ങളിലെ കഥകൾ വായിച്ചു തന്നും  പാട്ടു പാടി തന്നും അവൻ നിന്നെ കളിപ്പിച്ചു. ഉമ്മ എന്ന് വിളിച്ചതിനു ശേഷം നീ ആദ്യമായി വിളിച്ചത് എളാപ്പ എന്നായിരുന്നു. അന്നവന്റെ സന്തോഷം കാണണമായിരുന്നു. പക്ഷെ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും എല്ലാം മാറി മറിഞ്ഞു.”

 

 

“എന്തു പറ്റി?”

 

 

“അവന് പത്താം ക്‌ളാസിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ല. അത് നിന്നോടൊപ്പം കളിയ്ക്കാൻ നിന്നിട്ടാണെന്നും ഇനി വീട്ടിൽ നിൽക്കേണ്ട എന്നും പറഞ്ഞു അവനെ ഹോസ്റ്റലിലാക്കി. അന്ന് മുതൽ അവൻ വീടുമായി അകന്നു തുടങ്ങി. വീട്ടിൽ വന്നാൽ പോലും ഉമ്മയോടും നിന്നോടുമല്ലാതെ അവൻ മിണ്ടിയിരുന്നില്ല.”

 

 

“ഉമ്മാ എനിക്കും ഓർമയുണ്ട് എന്നോടൊപ്പം കളിക്കാനും സംസാരിക്കാനും വന്നിരുന്ന ആരോ. പക്ഷെ, അത് ഉപ്പയാണെന്നാണ് ഞാൻ വിചാരിച്ചത്. ”

 

 

8 Comments

Add a Comment
  1. ആൽക്കെമിസ്റ്റ്

    താങ്ക്സ് ?

    1. ആൽക്കെമിസ്റ്റ്

      Thank you ?

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. ആൽക്കെമിസ്റ്റ്

      Thank you ?

  3. വിശാഖ്

    ❤️❤️❤️♥️♥️superrrr

    1. ആൽക്കെമിസ്റ്റ്

      താങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *