അപരാജിതൻ -44 5389

മാനവേന്ദ്രവർമ്മൻ മന്ദഹസിച്ചു എഴുന്നേറ്റു ഊന്നുവടി പിടിച്ചു ധർമ്മരാജന് മുന്നിലേക്ക് നടന്നു.

“ആ യുവാവ് അങ്ങനെയൊക്കെ പറഞ്ഞോ , ആ ചണ്ടാലൻ” വീണ്ടും ഉറപ്പ് വരുത്തുവാൻ തിരക്കി.

“ഉവ്വ് തമ്പുരാനേ,, സകലരും കേൾക്കെ ഉച്ചത്തിൽ വലിയ ഗൗരവത്തിലാ അയാൾ ഇങ്ങനെ പ്രഖ്യാപനം നടത്തിയിയത്, നാട്ടുകാർ എല്ലാവരും കേൾക്കെത്തന്നെ” കൈകൾ കൂപ്പി തല്ലു കൊണ്ടും കുവലയന്റെ ചവിട്ടു കൊണ്ടും ക്ഷീണിതനായ ധർമ്മരാജൻ ഭയത്തോടെ പറഞ്ഞു.

 

മാനവേന്ദ്ര വർമ്മൻ ചിരിച്ചു കൊണ്ട് സൂര്യനെയും ഇശയെയും നോക്കി.

“ന്താ ചെയ്യാ , ചെറുപ്പത്തിന്റെ തിളപ്പിൽ കുട്ടികൾ ഇങ്ങനെയൊക്ക പറഞ്ഞാൽ” മാനവേന്ദ്ര വർമ്മൻ പുഞ്ചിരിയോടെ ദർബാറിൽ മുകൾ ഭിത്തിയിൽ  കത്തികിടക്കുന്ന ഷാൻഡ്ലിർ ദീപത്തിൽ ശിരസ്സുയർത്തി നോക്കി.

“ചണ്ഡാളൻ  ക്ഷത്രീയനെതിരു പറയുന്നത് പാപം , ചണ്ഡാളൻ തല്ലിയപ്പോ നാണമില്ലാതെ അത് മാലോകരുടെ മുന്നിൽ നിന്നും വാങ്ങി രാജസിംഹാസനത്തിന് അപമാനം വരുത്തി അവനെ കൊല്ലാതെ വന്നതോ നിങ്ങളുടെയൊക്കെ  നിഷ്ക്രിയത്വം,,,”

മാനവേന്ദ്ര വർമ്മൻ മുഖം തിരിച്ചു ശ്രീധർമ്മ സേനനെ നോക്കി പുഞ്ചിരിച്ചു.

“അല്ലെ ശ്രീധർമ്മ”

പല്ല് ഇറുമ്മി മാനവേന്ദ്ര വർമ്മൻ അതെ സമയം , അതിവേഗം കൈയുയർത്തി, ധർമ്മരാജന്റെ  ചെന്നിയിൽ തന്റെ  ഊന്നുവടി കൊണ്ട് അതിശക്തിയിൽ പ്രഹരിച്ചു.

ഊന്നുവടിയുടെ പ്രഹരം ചെന്നിയിലുണ്ടാക്കിയ ശബ്ദം ആ ദർബാറാകെ പ്രതിധ്വനിച്ചു.

സകലരും ഭയപ്പാടോടെ ഇരിപ്പിടങ്ങളിൽ നിന്നും ചാടിയെഴുന്നേറ്റു.

ചെന്നി പൊളിഞ്ഞു ധർമ്മരാജന്റെ ചൂട് ചോര ചീറ്റിതെറിച്ചു.

നിന്ന നിൽപ്പിൽ കണ്ണുകൾ മേലോട്ട് മറഞ്ഞു ധർമ്മരാജൻ ആടിയുലഞ്ഞു.

ധർമ്മരാജന്റെ കഴുത്തിൽ തൊണ്ടയിൽ കരങ്ങളാൽ അമർത്തി ഞെക്കി കൊണ്ട് നിസ്സംഗനായി മാനവേന്ദ്രവർമ്മൻ ഉറക്കെ പറഞ്ഞു.

“ചണ്ഡാളന്റെ ദൂതുമായി പ്രജാപതികൾക്ക് മുന്നിൽ വന്നു നിൽക്കുമ്പോൾ ഇത് കൂടെ ഓർക്കണം തള്ളയ്ക്ക് പിഴച്ചുണ്ടായവനെ”

മാനവേന്ദ്ര വർമ്മൻ അയാളെ ശക്തിയിൽ പിന്നിലേക്ക് ചവിട്ടിത്തള്ളി. നിലക്കാതെ രക്തം ഒഴുകി ധർമ്മരാജൻ പിന്നിലേക്ക് ബോധമില്ലാതെ വീണു.

“എടുത്തു കൊണ്ട് പോടാ ,,ഈ നായയെ ”

അയാൾ , പേടിച്ചു വിറയ്ക്കുന്ന സോമശേഖരനെ നോക്കി പറഞ്ഞു.

സോമശേഖര൯ ഉടനെ നിലത്തു കിടക്കുന്ന ധർമ്മരാജനെ വാരി ചുമലിൽ എടുത്ത് വേച്ചു ദര്ബാറിനു പുറത്തേക്ക് നടന്നു.

സകലരും ആ സംഭവം കണ്ടു ഭയന്ന് പോയിരുന്നു.

Updated: January 1, 2023 — 6:28 pm

2 Comments

Comments are closed.