അപരാജിതൻ -44 5514

ലോപമുദ്ര ഏക്താര മീട്ടി ബാവുൽ ഗീതികൾ മൂളുന്നു.

അവളുടെ പൂർവ്വജന്മത്തിലെ പിതാവായ വൃദ്ധൻ എല്ലാം കേട്ട് കൊണ്ട് അവളുടെ മുന്നിലായി കൈകൾ കൂപ്പി കൂനികൂടിയിരിക്കുന്നു.

ചുടല, അപ്പുറത്തായി കത്തുന്ന ചിതയിൽ വടികൊണ്ട് ഇളക്കി തീകൂട്ടുകയുമായിരുന്നു.

ആദി ചുടലയോട് പോലും ഒന്നും മിണ്ടാതെ ലോപയുടെ സമീപത്തായി വന്നിരുന്നിട്ട് കാൽ മടക്കി കൈകൾ മുട്ടിനു മേലെ വെച്ച് മുഖം താഴ്ത്തിയിരുന്നു.

അന്നേരം

ലോപമുദ്ര ,ഏക്താര മീട്ടുന്നത് നിർത്തി അവനെ നോക്കി.

“എന്നാ സങ്കരാ എന്നാച്ചേ” ചുടല ഉറക്കെ വിളിച്ചു ചോദിച്ചു.

“ഒന്നൂല്ലാ ,”

“എന്നവോ ഇറുക്കെൻ, കേട്ടു പാര് സക്തി ” ലോപയെ നോക്കി ചുടല പറഞ്ഞു.

“സങ്കരാ,,,എന്നാടാ എന്നാച്ചേ ഉനക്ക്” ലോപ സഹാനുഭൂതിയോടെ അവനോട് ചോദിച്ചു.

“ഒന്നൂല്ലാ , മനസിന് ഒരു വിഷമം”

അവൻ ലോപയെ ഒന്ന് നോക്കി.

“ലോപെ,,ഞാനീ മടിയിലൊന്നു തല വെച്ച് കിടന്നോട്ടെ ”

അവൾ ചിരിച്ചു കൊണ്ട് അവനു കിടക്കാൻ പാകത്തിൽ മടക്കിയിരുന്ന കാൽ നിവർത്തിവെച്ചു.

അവൻ ലോപയുടെ മടിയിൽ തലവെച്ചു കിടന്നപ്പോൾ ലോപ അവന്റെ മുടിയിഴകളിലൂടെ തലോടി.

“എന്റെ ലക്ഷ്മിയമ്മ തലോടുന്ന പോലെയുണ്ട്” അവൻ ലോപയോട് പറഞ്ഞു. പറഞ്ഞു.

“ഹമ് ,,” അവളൊന്നു മൂളി വീണ്ടും മുടിയിഴകളിലൂടെ വിരലോടിച്ചു.

“എന്താ സങ്കരാ ഇപ്പോ എന്നാച്ചേ ” ചുടല അവനരികിൽ വന്നിരുന്നു ചോദിച്ചു.

“ശൈലജ എന്നോട് ഒരുപാട് ദേഷ്യപ്പെട്ടു, ഞാൻ ഗ്രാമത്തെ ചതിക്കാൻ വന്നവൻ ആണെന്ന് വരെ പറഞ്ഞു. വേറെ ആരുമായാലും എനിക്ക് ഒന്നും തോന്നില്ലായിരുന്നു,, , ഇത് പക്ഷെ,, എനിക്കൊരുപാട് ഇഷ്ടമുള്ള ശൈലജ  എന്നെ ഇങ്ങനെയൊക്കെ പറയുമ്പോ എന്നെ അവിശ്വസിക്കുമ്പോ, എനിക്കാകെ സങ്കടം തോന്നാ, എന്താണെന്നറിയില്ല, മുന്നോട്ട് പോകാനാകാതെ തളർന്നു പോണപോലെ”

അത് കേട്ട് ചുടല മൗനമായി തന്നെയിരുന്നു.

“എതിർത്തൊന്നും എനിക്ക് പറയാൻ കഴിഞ്ഞില്ല , എന്നോട് ഒരുപാട് ഇഷ്ടമായിരുന്നു ശൈലജക്ക്, ഇപ്പോ അതൊക്കെപ്പോയി , ശരിക്കും ഒരു ശത്രുവിനെപ്പോലെയാ എന്നെ കാണുന്നത്, അതാ മനസിനാകെ വിഷമം”

എല്ലാരും അന്നേരം നിശബ്ദരായിരുന്നു.

“പാവം കസ്തൂരിയേച്ചി അവളെ ശാസിച്ചു, എനിക്ക് വേണ്ടി എന്റെ ചോര തന്നെ നിന്നു,,എന്നോർക്കുമ്പോൾ ഒരുപാട് ആശ്വാസമുണ്ട്,  ആ,,അതൊക്കെ പോട്ടെ, എന്റെയുള്ളിലെ കുഞ്ഞുവിഷമങ്ങൾ , അത്രേയുള്ളു,,”

അവൻ ലോപയുടെ തലോടൽ ഏറ്റു കിടന്നു.

ഏറെ നേരം അവൻ നിശബ്ദനായികിടന്നു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.