അപരാജിതൻ -44 5514

ഒരു പൊലീസുകാര൯ നിലത്തു വീണു കിടക്കുന്ന അമീറിന്റെ പുറത്തും തോളിലും ശക്തിയായി ലാത്തികൊണ്ട് പ്രഹരിക്കുകയായിരുന്നു.

അത് കണ്ടു മറ്റൊരാളെ തല്ലുകയായിരുന്ന യതീന്ദ്രൻ , അമീറിന് നേരെ വന്നു ലാത്തി കൊണ്ട് പുറത്ത് ആഞ്ഞൊരു അടി കൊടുത്തു.

അന്നേരം , അമീറിനെ ഓടിച്ചിരുന്ന പോലീസുകാരൻ മറ്റരാളെ തല്ലാനായി മാറി.

ആ തക്കം നോക്കി, അമീറിനെ കഴുത്തിന് കുത്തിപിടിച്ചു യതീന്ദ്രൻ എഴുന്നേൽപ്പിച്ചു.

“നിന്റെയടുത്ത് പറഞ്ഞതല്ലേ ഇവിടെ വരുന്നത് സാറിനു ഇഷ്ടമല്ലെന്ന് ” യതീന്ദ്രൻ അമീറിനെ അവിടെ നിന്നും തള്ളി തെറിപ്പിച്ചു.

അമീർ വീണ്ടും കുറച്ചു അകലെയായി മണ്ണിലേക്ക് വീണു.

യതീന്ദ്രൻ വീണ്ടും അമീറിനരികിലെത്തി കഴുത്തിന് കുത്തിപ്പിടിച്ചു എഴുന്നേൽപ്പിച്ചു.

വീണ്ടും അവനെ തള്ളി ദൂരേക്ക് വീഴ്ത്തി.

അവനെ തല്ലാതെ , ഇങ്ങനെ എഴുന്നേൽപ്പിച്ചും തള്ളിയും

അമീറിനെ മണ്ണിലൂടെ പിടിച്ചു വലിച്ചു സ്റ്റേഷൻ കവാടത്തിനടുത്തെക്കു കൊണ്ട് വന്നു പുറമെയുള്ള റോഡിലേക്ക്  തൊഴിച്ചു വീഴിപ്പിച്ചു.

അമീറിനെയെങ്കിലും മറ്റുള്ളവരുടെ അടിയിൽ നിന്നും രക്ഷിക്കാൻ അതെ യതീന്ദ്രന് സാധിച്ചുള്ളു.

അന്നേരം മറ്റുള്ള പോലീസുകാർ , ബാക്കിയുള്ളവരെ തല്ലിയോടിച്ച് പുറത്താക്കി.

എല്ലാവരും അടികൊണ്ടു ദേഹമാകെ മുറിവും ചതവുമായി തളർന്നു പോയിരുന്നു.

“ഇനി മേലാൽ നിന്നെയൊക്കെ ഈ പരിസരത്ത് കണ്ടു പോകരുത്” എ എസ് ഐ ഷൺമുഖ൯ അലർച്ചയോടെ പറഞ്ഞു.

തങ്ങൾക്ക് അരുണേശ്വരം പോലീസ് സ്റ്റേഷനിൽ നിന്നും നീതി ഒരിക്കലൂം കിട്ടില്ല എന്ന് മനസിലായ അമീറും കൂട്ടരും മറ്റൊരു ആശ്രയവും കണ്ടെത്താനാകാതെ വേദനയോടെ അവിടെ ഇന്നും നടന്നകന്നു.

@@@@@

ശാംഭവി നദിക്കരയിൽ ഇരുന്നിട്ടും മനസ്സിന് യാതൊരുവിധ സ്വസ്ഥതയും കിട്ടാത്തതിനാൽ ആദി അവിടെ നിന്നും എഴുന്നേറ്റ് ജീപ്പിൽ കയറി, തനിക്കെപ്പോഴും അവലംബമായ ശ്മശാനഭൂമിയിലേക്ക് യാത്ര തിരിച്ചു.

ശ്മശാനഭൂമിയിൽ പുറത്തായി ജീപ്പോതുക്കി,

ആദി കവാടത്തിന് അപ്പുറത്തേക്ക് കാൽ പതിപ്പിച്ചപ്പോൾ തന്നെ കാതരികിൽ “അപ്പൂ ” എന്ന് ലക്ഷ്മിയമ്മ വിളിക്കുന്ന പോലെ അവനു തോന്നി.

“എന്തോ ” ഉറക്കെ അവൻ വിളികേട്ടു.

തോന്നലാണെന്നു മനസ്സിലാക്കിയപ്പോൾ അവൻ കവാടത്തിലേക്ക് നോക്കി.

“എന്റെ കൂടെയുണ്ടെന്നെനിക്ക് അറിയാം” എന്ന് പറഞ്ഞു കൊണ്ട് അവിടെ ഇരിക്കുന്നവരുടെ സമീപത്തേക്ക് നടന്നു.

എല്ലാവരും , മരച്ചുവട്ടിൽ വട്ടം കൂടിയിരിക്കുകയായിരുന്നു.

നടുക്ക് തീ കത്തിച്ചു കാളിചരൺ മാമ൯ കിഴങ്ങുകൾ ചുടുകയായിരുന്നു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.