അപരാജിതൻ -44 5514

“ഹ്മ്മ്,,,, പറയാതെ വയ്യ,,,ഇത് ചെയ്തവൻ വർമ്മക്കലയിൽ അഗ്രഗണ്യനാണ്, ഉച്ചിയിൽ അടിച്ച അടി മാത്രമല്ല മനഃപൂർവ്വം ശിരസിലെ പ്രാധാന്യമേറിയ ഒറ്റമർമ്മങ്ങളിൽ തന്നെയാണയാൾ ക്ഷതം വരുത്തിയിരിക്കുന്നത്”

വൈദ്യർ പറയുന്നത് കേട്ട് അമ്പരപ്പോടെ ഇരുവരും അയാളെ നോക്കി.

വൈദ്യർ നല്ലമുത്തുവിന്റെ പുരികത്തിനിടയിലെ തിലസകാലത്തിൽ തൊട്ടുഴിഞ്ഞു, എട്ടുവിരൽ അളന്നു മേൽപ്പോട്ടു മാറി ഉച്ചിപുതപ്പും തടവി നാല് വിരൽ കീഴ്പോട്ട് ചീറുംകൊല്ലിയിലും അതിനു രണ്ടു വിരൽ താഴെ മുടിച്ചിയിലും തൊട്ടുഴിഞ്ഞു.

“തലയിലെ ഈ നാല് ഒറ്റമർമ്മങ്ങളിലും പ്രത്യേക അനുപാതബലത്തിൽ, ഇയാൾ  മരിക്കാതെ  അവസാനം വരെ കിടക്കാനുള്ള തരത്തിലുള്ള പ്രഹരമാണ് ചെയ്തിട്ടുള്ളത്, അതാണ് ഇപ്പോ ഈ അവസ്ഥയിൽ ഇയാൾ ഇങ്ങനെ കിടക്കാൻ കാരണം,,മർമ്മമറിഞ്ഞ മർമ്മയോഗികൾക്കെ ഇങ്ങനെയൊക്കെ ചെയ്യാനാകൂ,,”

അത് കേട്ട് ഇരുവരും പരസ്പരം നോക്കി.

“ഏതാവത് വൈദ്യം സെയ്തിടുങ്കോ ചാമിയാരെ” തിമ്മയ്യൻ വീണ്ടും അപേക്ഷിച്ചു.

“എന്തായാലും എളുപ്പം ഒന്നും ഈ അവസ്ഥ മാറില്ല ,പ്രഹരം കിട്ടി ബോധം പോയി  ആശുപത്രിയിൽ ആയിരുന്നതിനാൽ വേണ്ടുന്ന അടങ്കലും ചെയ്യാനും സാധിച്ചില്ല, ഇപ്പൊ ഇയാളുടെ ശരീര അവസ്ഥ വെച്ച് കൂടുതൽ ബലത്തിൽ  ഒന്നും ചെയ്യാൻ സാധിക്കില്ല , സാവധാനമായി അടങ്കലും ചെയ്തു ഉള്ളിലേക്ക് കഷായവും കൊടുത്തു ദേഹമുഴിഞ്ഞുള്ള ചികിത്സകളാണ് വേണ്ടത്,, പെട്ടെന്നൊന്നും എഴുന്നേൽക്കില്ല , സമയമെടുക്കും, നല്ലപോലെ സമയമെടുക്കും, ഞാൻ പറഞ്ഞേക്കാം”

“നീങ്ക ,,ഇവനുക്ക് തേവയാനത് എതുവോ അതെല്ലാമേ കുറയ് ഇറക്കാതെ സെയ്‌തിടുങ്കോ, എവളോ പണം തേവയോ മരുന്ത് തേവയോ എല്ലാമേ  ചൊല്ലിടുങ്കോ,,ആനാൽ ഇവ൯ നല്ല പടിയാ വരണോം,,,അത് താനേ എനക്ക് മുഖ്യം ”

തിമ്മയ്യൻ പറഞ്ഞു.

“മുതലാളി,,ഞാൻ പറഞ്ഞില്ലേ സമയമെടുക്കും , ഇയാളുടെ ദേഹബലം ഒക്കെ നന്നായി ക്ഷയിച്ചു കിടക്കാണ്, എന്തായാലും നാളെ മുതൽ ചികിത്സ ആരംഭിക്കാം,,,”

ശാരംഗപാണി അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

തിമ്മയ്യൻ ബോധമില്ലാതെ കണ്ണ് മിഴിച്ചു കിടക്കുന്ന  മച്ചുനൻ നല്ലമുത്തുവിന്റെ അരികിൽ ഇരുന്നു.

“ഉനക്ക് ഒന്നുമേ ആവതെടാ മച്ചുനാ,,എല്ലാമേ നാങ്കളെ നല്ലാ പാത്ത് സെയ്‌തേടലാം”

തിമ്മയ്യൻ , നല്ലമുത്തുവിന്റെ കവിളിൽ തലോടി പറഞ്ഞു.

എന്നിട്ട് കോപത്തോടെ മാവീരനെ നോക്കി.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.