അപരാജിതൻ -44 5514

ആദിയുടെ ചുമലിൽ സ്വാമി മുത്തശ്ശൻ സ്പർശിച്ചു. അവൻ വേഗം തിരിഞ്ഞു.

“ശൈലജ പറഞ്ഞു വേദനിപ്പിച്ചതിനു ഞാൻ മാപ്പു ചോദിക്കുന്നു മോനെ അറിവഴകാ ”

അദ്ദേഹം അവനെ കെട്ടിപിടിച്ചു.

“അയ്യോ ,,മുത്തശ്ശാ ,,അങ്ങനെയൊന്നും പറയല്ലേ ,,അത് പെട്ടെന്ന് മാറും , അവള് പാവല്ലേ ”

ഇടറുന്ന ശബ്ദത്തോടെ അവ൯ പറഞ്ഞു.

“എന്നാലും മോനെ ,,” വൈദ്യർ മുത്തശൻ സന്ദേഹം പ്രകടിപ്പിച്ചു.

“ഒന്നൂല്ലാ മുത്തശ്ശാ ,,എനിക്ക് സങ്കടമൊന്നും ഇല്ല,, നിങ്ങള് ഇപ്പോ അവരുടെ അരികിലേക്ക് ചെല്ല് , ആശുപത്രീ വാസം കഴിഞ്ഞു വന്നതല്ലേ ,ചെല്ലു ,,”

ആദി ഏറെ നിർബന്ധിച്ചു അവരെ പറഞ്ഞയച്ചു.

 

“ചേച്ചിയും ചെല്ലു ,,,” എന്ന് പറഞ്ഞു കൊണ്ട് ആദി ഒന്നും മിണ്ടാതെ നടന്നു തന്റെ വീടിന്റെ തിണ്ണയിൽ ചെന്നിരുന്നു.

കണ്ണിൽ നിന്നും നന്നായി കണ്ണുനീർ വരുന്നുണ്ടായിരുന്നു.

പുറത്തെ മൺകുടത്തിൽ വെച്ച വെള്ളം എടുത്തു മുഖം കഴുകി കുറച്ചു കുടിച്ചു.

“അനിയാ ,,,,”

വിളി കേട്ട് ആദി മുഖം ഉയർത്തി.

അവൻ പറഞ്ഞത് കേട്ട് പോകാതെ അവനു പിന്നാലെ വന്ന കസ്തൂരിയെ കണ്ടു.

“എന്തിനാ ചേച്ചി , അവളെ തല്ലിയത് , അമ്മയില്ലാത്ത കുട്ടിയല്ലേ”

“എന്റെ അനിയനെ പറഞ്ഞാൽ എനിക്കു നോവും, മുത്തശ്ശ൯മാർ ഒഴികെ ഒരാൾ പോലും ഒന്നു എതിര്ത്തില്ലല്ലോ എന്നോർത്തിട്ടാ എനിക്ക് സങ്കടം അനിയാ ,,” കസ്തൂരി ചേലതലപ്പ് കൊണ്ട് കണ്ണുനീർ ഒപ്പി പറഞ്ഞു.

“അവർക്ക് അതിനുള്ള അറിവൊന്നും ഇല്ല ചേച്ചി,,അതൊന്നും കുഴപ്പമില്ല , സാരമില്ല എന്നെ കുറെ പറഞ്ഞപ്പോൾ അവളുടെ ദേഷ്യവും സങ്കടവും ഒക്കെ മാറിയിട്ടുണ്ടാകും , ഇപ്പോ കാണിക്കുന്ന ദേഷ്യമെ ഉണ്ടാകൂ, ഒക്കെ മാറും, എനിക്കറിയാത്ത ശൈലജയൊന്നും അല്ലല്ലോ” ആദി കസ്തൂരിയെ ആശ്വസിപ്പിച്ചു.

“ചേച്ചി ഇപ്പോ അങ്ങോട്ടേക്ക് ചെല്ല്”

 

“അപ്പൊ അനിയൻ ഇവിടെ വിഷമിച്ചിരിക്കില്ലേ..ഞാൻ പോണില്ല ”

“ഇല്ലേച്ചി , ഞാൻ ഒന്നു പുറത്തേക്ക് പോകാ,,” ആദി എഴുന്നേറ്റു വാതിൽ പൂട്ടി.

അവൻ കസ്തൂരിയെ നോക്കി ചിരിച്ചു.

“ഇങ്ങനെയൊക്ക കണ്ടും കേട്ടും അനുഭവിച്ചും എനിക്ക് ഒരുപാട് പരിചയമാ, ഒരുപാട് ഇഷ്ടമുള്ളവരാണ് ഇങ്ങനെയൊക്കെ വിഷമം തന്നിട്ടുള്ളത് പലപ്പോഴും ,,അതുകൊണ്ടു ഇതൊന്നും എനിക്ക് അത്ര വെല്യ കാര്യ മായൊന്നുമല്ല ”

അവൻ ഗൗരിയുടെ അടുത്തെത്തി കവിളിൽ ഒന്ന് നുള്ളി.

അവൾ ചിരിച്ചു

“മാമൻ പോയിട്ട് വരാട്ടോ..ചെല്ലു ചേച്ചി,,ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം”ആദി അവിടെ നിന്നും നടന്നു ജീപ്പിൽ കയറി അവിടെ നിന്നും യാത്ര തിരിച്ചു.

@@@@

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.