അപരാജിതൻ -44 5203

അതിൽ നിന്നും ശൈലജയും ഉമാദത്ത൯ മാമനും ബാലവർ അണ്ണനും അണ്ണന്റെ ഭാര്യ സുശീലക്കയും ഇറങ്ങി.

അവരെ കണ്ടതോടെ ആദിയും മുത്തശ്ശ൯മാരും അവർക്കു പുറകെ ഗ്രാമീണരും കാറിനു പുറത്തായി നിൽക്കുന്ന ഉമാദത്തനും ബാലവർക്കും സമീപത്തേക്ക് ചെന്നു.

ഇരുവരുടെയും നെഞ്ചിലും തോളിലും ദേഹത്തും ഉള്ള മുറിവു പൊറുത്തിരുന്നു.

എങ്കിലും താങ്ങിയാണ് നിന്നിരുന്നത്.

“മാമാ,, അണ്ണാ ,,” എന്ന് വിളിച്ചു ആദി അവർക്കരികിലേക്ക് ചെന്നു.

അവനെ കണ്ടപ്പോൾ ഇരുവരും സന്തോഷത്തോടെ പുഞ്ചിരിച്ചു.

ആദി ഇരുവരെയും കൈകളിൽ പിടിച്ചു.

 

അത് കണ്ട സമയം, ഡിക്കിയിൽ നിന്നും കവറുകൾ എടുത്തുകൊണ്ടിരുന്ന ശൈലജ അവ താഴേക്ക് ഇട്ട് ഓടി ഉമാദത്തന് അരികിൽ ചെന്നു.

“തൊട്ടുപോകരുത് എന്റെച്ഛനെ ” ഉഗ്രകോപത്തോടെ ആദിയുടെ കൈയിൽ ആഞ്ഞടിച്ചു കൊണ്ട് ശൈലജ അലറി.

സകലരും അത് കേട്ട് നടുങ്ങി.

ശൈലജ ഒരിക്കലൂം ആരോടും ദേഷ്യപ്പെടുന്നത് അവിടെയാരും കണ്ടിട്ടില്ല.

കണ്ടവ൪ മൂക്കിൽ വിരൽ വെച്ചു.

ആദി കുറച്ചു നേരത്തേക്ക് സ്തബ്ധനായി.

“എന്റെ അച്ഛന്റെയടുത്തു നിന്നും മാറെടാ ” ശൈലജ രോഷത്തോടെ ആദിയെ നെഞ്ചിനു പിടിച്ചു ശക്തിയിൽ തള്ളി.

ആദി പിന്നിലേക്ക് മാറിപ്പോയി.

“മോളെ ,,എന്തായിത് ?” ഉമാദത്തൻ ശബ്ദമുയർത്തി.

“അച്ഛൻ മിണ്ടരുത് ” അവളും ഉറക്കെ മറുപടി പറഞ്ഞു.

“എന്താ മോളെ നീ ഇങ്ങനെ , അറിവഴകനോടുള്ള ദേഷ്യം മാറിയില്ലേ നിന്റെ” സ്വാമി മുത്തശ്ശൻ അവളുടെ അരികിൽ ചെന്ന് അവളുടെ കൈ  പിടിച്ചു ചോദിച്ചു.

ശൈലജ കോപം കൊണ്ട് ചുവന്ന കണ്ണുകളൊടെ ആദിയെ നോക്കി.

ആ നോട്ടം കണ്ടു നിൽക്കാൻ സാധിക്കാതെ അവന്റെ മുഖം താഴ്ന്നു.

“ഇങ്ങനെയൊന്നും അവനെ പറയല്ലേ മോളെ”

വൈദ്യർ മുത്തശ്ശനും അവളെ ശാന്തയാക്കാൻ ശ്രമിച്ചു.

“ശൈലജെ,,ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ” ആദി അവളെ സമാധാനിപ്പിക്കുവാൻ പറഞ്ഞു.

“നീ മിണ്ടരുത് , നീ ,,,നിന്റെ വാ തുറക്കരുത് എന്റെ മുന്നിൽ ,നീ കാരണമാ എന്റെച്ഛൻ ഇങ്ങനെയായത് , ബാലവർ മാമൻ ഇങ്ങനെയായത്, നീ കാരണമാ ദുഷ്ടന്മാർ ഈ ഗ്രാമത്തിൽ കയറി ദ്രോഹം ചെയ്തത് ,,എന്നിട്ട് ,,എന്നിട്ട് ”

ക്രോധത്താൽ വിറച്ചു കൊണ്ട്  കൈ ചൂണ്ടി ശൈലജ പറഞ്ഞു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.