മോഹസാഫല്യം [Navab Abdul Azeez] 55

Views : 1107

മോഹസാഫല്യം

Author : Navab Abdul Azeez

 

——————————–

മോളോ .. പറയ്… കേൾക്കട്ടെ … എന്താക്കണം…?”
ഡോക്ടറെ കാണിക്കണോ…? അതും ചോദിച്ചു കൊണ്ടാണ് അയാൾ വീട്ടിലേക്ക് കയറിയത്. കാരണം ഉച്ചക്ക് വിളിച്ചപ്പോൾ അവൾക്ക് എന്തോ അസ്വസ്ഥത തോന്നുന്നതായി പറഞ്ഞിരുന്നു.

ജോലി കഴിഞ്ഞു വന്ന് കുളിച്ചു വരുമ്പോഴേക്ക് പാൽപ്പൊടിയിട്ട നല്ല കിടിലൻ ചായ മേശപ്പുറത്ത് റെഡിയാക്കി വെച്ചിരുന്നു. കൂട്ടാൻ തലേദിവസം വാങ്ങിയ അച്ചപ്പവും.
പുള്ളി ലുങ്കിയുടുത്ത് കുപ്പായമിടാതെ ഡൈനിംഗ് ടേബിളിനടുത്തേക്ക് ചൂരൽ കസേര വലിച്ചിട്ട് നീണ്ടു നിവർന്ന് അയാൾ ഇരുന്നു.

“ചേട്ടാ ഇന്നിപ്പം വേറെ കൂട്ടാനൊന്നുമില്ല. എനിക്കാണെങ്കിൽ ഒന്നും ഉണ്ടാക്കാനും കഴിഞ്ഞില്ല.”

“അതിനെന്താ … ഇത് തന്നെ ധാരാളം. നീ ആ ടിവിയുടെ സ്വിച്ചിട്….
അതാ…. ആ റിമോട്ടും … ” എന്ന് പറഞ്ഞ് റിമോട്ട് ഉള്ള സ്ഥലത്തേക്ക് വിരൽ ചൂണ്ടി.

ചായ ഒരിറക്ക് ഇറക്കി അവിടെ തന്നെ വെച്ചു. സാമാന്യം നല്ല ചൂടുണ്ട് ചായക്ക്. അയാൾക്ക് അൽപ്പം ചൂടു വേണം. അല്ലെങ്കിലും ചായ കുടിക്കുമ്പോൾ കുറച്ച് ചൂടോടെ ആസ്വദിച്ച് കുടിക്കണം. എന്നാലേ അതിന്റെ ഒരു സുഖം കിട്ടൂ…..

ഒരച്ചപ്പം എടുത്ത് പൊട്ടിച്ച് വായിലിട്ടു. കറുമുറു ശബ്ദത്തിൽ ചവയ്ക്കുമ്പോൾ അവൾ തൊട്ടടുത്ത് തന്നെയുണ്ട്.

“എന്താ… നീ കുടിക്കന്നില്ലേ.. …? ”

“നിങ്ങള് കുടിച്ചോളി….
എന്നിക്കിപ്പോ വേണ്ട. എന്തോ ഒരു വല്ലായ്മ. രാവിലെ തുടങ്ങിയതാ…. ”

“തല കറങ്ങുന്ന പോലെയൊക്കെ… പ്രഷർ കുറഞ്ഞാല് ഉണ്ടാവുമെന്ന് പറയുന്നത് കേൾക്കാറുണ്ട്. പ്രഷറൊന്നും കുറഞ്ഞിട്ടില്ലായിരിക്കും. പേടിയാവുന്നു.”

“ഇങ്ങനെ പേടിച്ചാല് ഉള്ള പ്രഷറും കുറഞ്ഞു പോവും മണ്ടൂസേ…..”

“എന്ത് …. മണ്ടൂസേ….. ന്നോ…? ങ്ങക്ക് ഞാൻ വെച്ച്ക്ക്……” അവളുടെ തമാശ നിറഞ്ഞ ഒരു ഭീഷണിയാണത്.

“എന്താ…. ഡോക്ടറെ കാണിക്കണോ? വല്ല വിശേഷവും ആയോ…?”

– “ഒന്നു പതുക്കെ പറ മനുഷ്യാ… അപ്പുറത്ത് അമ്മയുണ്ട്. ” അവൾ വായ പൊത്താൻ ശ്രമിച്ചു.

“ഓ… ഇതൊന്നും അറിയാത്തവരല്ലേ ഇവിടെയുള്ളത് … ” അയാൾ അവളെ കളിയാക്കി ഒന്നു ചെറുതായി ചിരിച്ചു.

ഒന്നര വർഷം പോയതറിഞ്ഞിട്ടില്ല. അത്രയ്ക്ക് രസകരമായിരുന്നു അവരുടെ സ്നേഹവും ജീവിതവും. എന്നാലും രണ്ടു പേർക്കും ഉള്ളിൽ ടെൻഷനാണ്. ഒരു കുഞ്ഞുണ്ടായിക്കാണാൻ ആഗ്രഹിക്കാത്ത ദമ്പതികൾ ഉണ്ടാവില്ലല്ലോ …
അതിനായി മാസങ്ങളായി അവൾ മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു.

സ്വപ്നങ്ങളോരോന്നു പങ്കു വെക്കുമ്പോഴും ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു രണ്ടു പേരും.
ഓരോ മാസവും പ്രതീക്ഷകളെ നിരാശപ്പെടുത്തി കൊഴിഞ്ഞു വീഴുമ്പോൾ കുഞ്ഞിക്കരച്ചിലുമായി വിരുന്നു വരുന്ന ബന്ധക്കാരിലും സാന്ത്വനിപ്പിക്കുന്ന വാക്കുകളെക്കാൾ കുത്തി നോവിക്കുന്ന സംസാരമാണ് അവൾ കേൾക്കാറുള്ളത്. പലരും സംസാരം തുടങ്ങുന്നത് അവൾക്ക് വിശേഷം വല്ലതും ആയോ എന്ന് ചോദിച്ചു കൊണ്ടാണ്. എന്നിട്ട് പലവിധത്തിലുള്ള ചുട്ടു വിദ്യകളും ഉപദേശിച്ചു കൊടുക്കും. പറഞ്ഞു കൊടുക്കുന്നത് കേട്ടാൽ വിചാരിക്കും അവരൊക്കെ ആ വിഷയത്തിൽ പി.എച്ച്.ഡി എടുത്തവരാണെന്ന്.
” പോയി പണി നോക്കെടീ ” എന്ന് പറയണമെന്ന് പലപ്പോഴും അവൾക്ക് തോന്നിയിട്ടുമുണ്ട്. എന്ത് ചെയ്യാനാ…. സഹിക്കുക തന്നെ …

ഒരു കുഞ്ഞ് ആയിക്കഴിഞ്ഞാൽ പിന്നെ പെണ്ണിന്റെ മനസ്സിൽ അവൾ ഒരു പാട് വളർന്ന പോലെ അവൾക്ക് തോന്നും. അമ്മേ എന്നുള്ള വിളി ഓരോ പെണ്ണിന്റെയും വളർച്ചയുടെയും അധികാരത്തിന്റെയും ശബ്ദം കൂടിയാണെന്ന് അവളും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. അതു കൊണ്ട് തന്നെ ഒരു കുഞ്ഞിന് വേണ്ടി ഇതിനകം തന്നെ ഒത്തിരി വഴിപാടുകൾ കഴിച്ചു. നേർന്നു വെച്ച വഴിപാടുകൾ വേറെയും……

“ഇപ്പോൾ കുറേ മെച്ചപ്പെട്ടിട്ടുണ്ട്. ഇനി കൂടുതലൊന്നും ടെൻഷനടിക്കണ്ടടോ…. ”
എന്ന് നളിനി ഡോക്ടർ പറഞ്ഞത് മുതൽ ഒരാശ്വാസം തോന്നിത്തുടങ്ങിയിട്ടുണ്ട്. കൊടുംവേനലിൽ തിമിർത്തു പെയ്ത മഴ പോലെയായിരുന്നു അയാൾക്ക് ആ വാക്കുകൾ.

ഇനി അതിന്റെ വല്ലതും ആണോ ഈ തലകറക്കം.
രാത്രി ഉറങ്ങാൻ പോകുന്നത് വരെ പല പല ചിന്തകളും ആഗ്രഹങ്ങളും അയാളുടെ മനസ്സിലേക്ക് ഇരച്ചെത്തി.

അവളെ ചേർത്തണച്ച് കിടക്കുമ്പോൾ അയാൾ അവളുടെ കാതിൽ പതുക്കെ പറഞ്ഞു.
“എടീ …..ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞില്ലേ ഡോക്ടറെ കാണിച്ചിട്ട്. നീ രാവിലെ തന്നെ വിളിച്ച് ബുക്ക് ചെയ്യ്. നമുക്ക് പോയി നാളെ ഡോക്ടറെ കാണിച്ചേക്കാം.”

അവൾക്കും ചെറിയ സംശയമുണ്ട്. പക്ഷേ, വയറിനകത്ത് ഒന്നും തോന്നുന്നില്ലെന്ന് അവൾ അയാളോട് പറഞ്ഞു. സംശയം തീർക്കാനെന്നോണം അയാളുടെ ഇടതു കൈപ്പത്തി അവളുടെ വയറിനു മുകളിൽ വെച്ച് നോക്കി. അയാൾക്കും ഇതിനെപ്പറ്റി ഒരു എ ബി സി ഡി യും അറിയില്ലായിരുന്നു.

പിറ്റേന്ന് പതിവിലും നേരത്തേ തന്നെ അയാൾ പണി കഴിഞ്ഞ് വീട്ടിലെത്തി. ഇരുപതാം നമ്പർ ടോക്കണാണ്. ഒരേഴു മണി ആവുമ്പോഴേക്ക് ചെന്നാൽ മതി എന്നാണ് മെഡിക്കൽ ഷോപ്പിലുള്ളവർ അവളോട് പറഞ്ഞത്.

അങ്ങനെ സമയത്തിന് മുമ്പേ തന്നെ അവർ അവിടെ സ്ഥാനം പിടിച്ചു. വളരെയധികം ആകാംക്ഷ നിറഞ്ഞ ഭാവങ്ങളുമായി നീളമുള്ള വരാന്തയിൽ നിന്നും മുറ്റത്തിറങ്ങി നിന്ന് ഡോക്ടറുടെ വീടിന്റെ മൊഞ്ചു നോക്കി ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

പല പ്രായത്തിലുള്ള കുട്ടികൾ അങ്ങിങ്ങ് ശബ്ദമുണ്ടാക്കുകയും വരാന്തയിലൂടെ ഭംഗിയുള്ള ഉടുപ്പുകൾ ധരിച്ച് ഓടിക്കളിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ അയാൾക്ക് ഹൃദയമിടിപ്പിന്റെ താളം കൂടി വരുന്ന പോലെ തോന്നി.
എന്തെന്നില്ലാത്ത ഒരു വിങ്ങൽ അനുഭവപ്പെട്ടു…..

സോക്ടറുടെ ചെക്കപ്പ് കഴിഞ്ഞ് കുറേ ടെസ്റ്റുകൾ എഴുതിയ ശീട്ടുമായി അവർ പുറത്തിറങ്ങി.

ടെസ്റ്റ് റിസൽട്ട് കിട്ടിയിട്ട് ചെല്ലാൻ വേണ്ടി പറഞ്ഞതാണ്. വേറെ മരുന്നോ ഗുളികയോ എഴുതിയിട്ടൊന്നുമില്ല.

പിറ്റേന്ന് ലീവാക്കി രണ്ടു പേരും രാവിലെ പതിനൊന്ന് മണിക്ക് തന്നെ ഇറങ്ങി. ലബോറട്ടിയിൽ പോയ ശേഷം ഒന്ന് ചുറ്റിക്കറങ്ങുകയും ആവാം എന്ന ഉദ്ദേശവും രണ്ടു പേർക്കും ഉണ്ട്.

അങ്ങനെ ടെസ്റ്റ് റിസൽട്ടിന് മുമ്പേ തന്നെ കറക്കം കഴിഞ്ഞ് വന്ന് റിസൽട്ട് വാങ്ങി ഡോക്ടറെ കാണിക്കാൻ വേണ്ടി നാലു മണിക്ക് പരിശോധന തുടങ്ങുന്ന സമയത്ത് തന്നെ അവർ അവിടെ എത്തി.

കുറച്ചു പേർ കടന്ന ശേഷം അവരെ വിളിച്ചു.
റിസൽട്ട് കണ്ട ഉടനേ തന്നെ ഡോക്ടർ ഒന്നു ചിരിച്ചു. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു.

“ദൈവം നിങ്ങളുടെ പ്രാർത്ഥന കേട്ടു .ഇനി സൂക്ഷിക്കണം. കഴിയുന്നതും ഭാരം കൂടിയ ജോലികളൊന്നും ആദ്യത്തെ രണ്ടു മാസം വേണ്ട. തൽക്കാലം തലകറക്കം തോന്നുമ്പോൾ കുടിക്കാനും രക്തം വെക്കാനുമുള്ള മരുന്നിന് എഴുതുന്നുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് ഒന്നുകൂടി വരൂ ”

“ശരി… ഡോക്ടർ…..” എന്നു പറഞ്ഞ് ഫീസ് മേശപ്പുറത്ത് വെച്ച് എഴുന്നേറ്റ് തിരിഞ്ഞു നടക്കുന്ന അവളെ വിളിച്ച് ഡോക്ടർ ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു. അപ്പോഴേക്കും ഞാൻ വാതിൽ തുറക്കാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് പുറത്തിറങ്ങിക്കൊടുക്കണം. എല്ലാവരും തിരക്കുള്ളവർ…. ‘നിറയെ ആളുകളും……

” നിങ്ങളോടും കൂടിയാ…. ”

പാതി തുറന്ന വാതിലിൽ പിടിച്ച്
“എന്താ ഡോക്ടറേ ”
എന്ന് ചോദിച്ച് തിരിഞ്ഞു.

അപ്പോൾ അവൾ നിർത്താതെ ചിരിക്കുന്നുണ്ട്. ഡോക്ടറുടെ മുഖത്തും ചിരി മാഞ്ഞിട്ടില്ല.

‘”ഇനി കണ്ടും നോക്കിയൊക്കെ നിന്നാൽ മതി……
മുമ്പത്തെപ്പോലെ അവളെ അധികം ശല്യം ചെയ്യാൻ പോവരുത്.” അൽപ്പം ഉറക്കെ തന്നെയായിരുന്നു ഡോക്ടർ അത് പറഞ്ഞത്.

അയാൾ നിന്ന നിൽപ്പിൽ തൊലിയുരിഞ്ഞു പോയ പേലെയായി. അല്ലേലും ചിലർക്ക് സംസാരിക്കുന്നതിന് ഒരു ബെല്ലും ബ്രേക്കുമില്ല.

പുറത്ത് കാത്തു നിൽക്കുന്നവരിൽ ചിലർ ചുണ്ടു പൊത്തിപ്പിടിച്ച് കണ്ണുകൾ അയാളിലേക്ക് പായിച്ച് ചിരിയമർത്താൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാതെ അയാൾ പുറത്തിറങ്ങി, കൂടെ അവളും……

അവളുടെ വിരലുകളിൽ മുറുകെ പിടിച്ച് സ്വപ്നലോകത്തിലേക്ക് മനസ്സിനെ തുറന്നു വിട്ട് കാറിനടുത്തേക്ക് അയാൾ നടന്നു.
ചിരിയും നാണവും വിട്ടുമാറാതെ ഒപ്പം അവളും….

നവാബ് അബ്ദുൽ അസീസ് തലയാട്

Recent Stories

The Author

Navab Abdul Azeez

7 Comments

Add a Comment
 1. ആശയം ചോരാതെ നന്നായി അവതരിപ്പിച്ചു… നല്ല ശൈലിയാണ്… കുറച്ചും കൂടി വിപുലമായി ഇനിയുള്ളവ എഴുതാൻ ശ്രമിക്കുമല്ലോ… ആശംസകൾ💓💓

 2. Nice one dear.
  I loved that.

 3. Sorry Dear… I an starting Level… Not a famous Writer…
  Anyway Thank you for the Great Support…

 4. നവാബ് ബ്രോ,
  ചെറുതാണെങ്കിലും കൊള്ളാം വായിക്കാൻ രസമുണ്ട്. 👍

  1. Thank you Dear

 5. ഒരു കുന്തവും എഴുതിയിട്ടില്ല എങ്കിലും വായിക്കാൻ രസമുണ്ട്.. 😁😁

  1. Sorry Dear… I an starting Level… Not a famous Writer…
   Anyway Thank you for the Great Support…

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com