ഉത്തര 59

തനിക്ക് വേണ്ടി പ്രാണൻ വെടിഞ്ഞ പതിയുടെ ചിതയിലേക്ക് നോക്കി നിൽക്കവേ അവൾകണ്ടു താനാഞ്ഞാടിച്ച കവിൾത്തടം തലോടി തന്നെ ക്രൂരമായി നോക്കി ചിരിക്കുന്ന ചെമ്പകരാമനെ….

തന്നെ കടന്നു പിടിച്ച അവന്റെ കവിളത്ത് ആഞ്ഞുതാൻ തല്ലിയതിന് അന്നവൻ തന്നോട് പറഞ്ഞിരുന്നു, തേക്കേതൊടിയിലൊരു പിടി ചാരമാവാൻ തയ്യാറായി ഇരുന്നോളാൻ….

അവന്റെ വാക്കവൻ പൂർണ്ണമാക്കിയിരിക്കുന്നു….തനിക്ക് തന്റെ പതിയെയും അൽപ്പം കഴിഞ്ഞാൽ തന്റെ വയറ്റിലെ കുരുന്നിനൊപ്പം സ്വന്തം പ്രാണനും നഷ്ടപ്പെടും….

പതിയില്ലാതെ എന്ത് പത്നി….?

അമ്മയില്ലാതെന്ത് കുഞ്ഞ്. …??

സമയമായിരിക്കുന്നു എല്ലാവരും തയ്യാറാവുക…!!

ചെമ്പകരാമന്റ്റെ ശബ്ദം കേട്ടത്തോടെ ചിതയ്ക്ക് ചുറ്റും ആളുകൾ നിരന്നു…

സതിഅനുഷ്ഠിക്കുന്നവൾ മരണവെപ്രാളത്തിൽ ചിതയിൽ നിന്ന് പുറത്തേക്ക് ചാടുമ്പോൾ തിരികെ അവളെ ആ ചിതയിലേക്ക് ആഞ്ഞു തളളിയിടാനാണവർ……

ഉത്തരയുടെ ഇരുകൈകളും പിടിച്ച് സ്ത്രീകൾ ചിതയ്ക്കരിക്കിലേക്കവളെ നയിക്കവേ അവരുടെ കൈകളിൽ നിന്നും സ്വന്തം ശരീരം വേർപ്പെടുത്തിയവളാ ചിതയ്ക്കരിക്കിലേക്ക് നടന്നടുക്കുന്നത് മറ്റുള്ളവർ അത്ഭുതത്തോടെ നോക്കി നിന്നു. .

ഭർത്താവിനെ എത്രത്തോളം ആത്മാർത്ഥമായി സ്നേഹിച്ചവളാണെങ്കിലും ജീവനോടെയില്ലെങ്കിൽ ചിതയിലെരിയേണ്ട അവസ്ഥയിൽ പിന്തിരിഞ്ഞോടുക പതിവാണ്.

എന്നാലിവളിതാ യാതൊരു മടിയുമില്ലാതെ ആ ചിതയ്ക്കരിക്കിൽ….!

ആളുന്ന അഗ്നിയിലേക്ക് നോക്കി നിൽക്കവേ ഉത്തര കണ്ടു തനിക്കടുത്തേക്ക് ഒരു വിജയിയുടെ ഭാവത്തോടെ നടന്നടുക്കുന്ന ചെമ്പകരാമനെ…!!

പെട്ടന്നവൾ ഇരുകൈകളാൽ വയർ താങ്ങി ആളികത്തുന്ന ആ അഗ്നി നാളങ്ങൾക്കിടയിലേക്കെടുത്തുചാടി…..

ആർപ്പുവിളികളും കൊട്ടും കുരവയുമായ് അവളുടെ സതി അനുഷ്ഠാനം കൊടാടുവാനൊരുങ്ങിവന്നവരും അവിടെ കൂടിയ വരും എന്തിന് ചെമ്പകരാമൻപോലും ഒരുമാത്ര പകച്ചുപോയ്…..!! കത്തിയമർന്ന വിഷ്ണുദേവന്റ്റെ ചിതയിൽ ജീവനോടെ നിന്നെരിയുമ്പോഴും ഉത്തരയുടെ കൈകൾ ഉദരത്തെ പൊതിഞ്ഞു പിടിച്ചിരുന്നു.