ഉത്തര 59

തൊണ്ടയിൽ കുടുങ്ങിയ ആർത്തനാദത്തോടെ ഉത്തര ആ പൂമുഖത്ത് മയങ്ങിവീണു…

*********************
ഇല്ല്യ …ഇതു ഞാൻ സമ്മതിക്കില്ല…!!!

….ഏതാചാരത്തിന്റ്റെ പേരിലായാലും ഇതിവിടെ ഞാൻ അനുവദിക്കില്ല…..!!!

വിഷംതീണ്ടി മൃതിയടഞ്ഞീ കിടക്കണതെന്റ്റെ ഏട്ടനാണ്….എനിക്കെന്റ്റെ അച്ഛനാണേട്ടൻ…..ആ ഏട്ടന്റ്റെ വേളി അവരെനിക്കെന്റ്റെ ഏടത്തി മാത്രമല്ല അമ്മ കൂടിയാണ്…!!

ഉദരത്തിലെന്റ്റെ ഏട്ടന്റ്റെ കുഞ്ഞിനെ വഹിക്കുന്നവളാണ്…..!!

അവരെ ഇല്ലായ്മ ചെയ്യുന്നതിലൂടെ നഷ്‌ടപ്പെടുന്നതൊരു കുഞ്ഞു ജീവനും കൂടിയാണ്..!!

ഏതാചാരത്തിന്റ്റെ പേരിലായാലും ഇങ്ങനൊന്ന് ഞാൻ സമ്മതിക്കില്ല…

പൂമുഖത്ത് ഉണ്ണിയുടെ ശബ്ദം അലയടിച്ചുയരുമ്പോൾ അകത്തറയിൽ ഏതാനും സുമംഗലികളായ സ്ത്രീകൾ ഉത്തരയുടെ പൊട്ടും പൂ വും മായ്ച്ചവളെ മഞ്ഞൾ കലർത്തിയ വെളളത്തിൽ മന്ത്രോചാരണങ്ങളാൽ ശുദ്ധമമാക്കുകയായിരുന്നു…

.അരകവിഞ്ഞൊഴുകി ഒരു നാഗത്തെപോലെ അവളിൽ നിറഞ്ഞാടിയിരുന്ന അവളുടെ മുടിയിഴകളപ്പോൾ അവളിൽനിന്നടർന്ന് വെറും നിലത്ത് അനാഥമായി കിടന്നിരുന്നു…

എത്രയെല്ലാം വരിഞ്ഞുമുറുക്കിയുടുത്തിട്ടും അവളുടെ വീർത്ത വയർ പുറത്തേക്ക് തുറിച്ചുന്തി നിന്നു..

കണ്ണീർ വറ്റിയൊരു ശിലാബിംബമായവിടെ ഇരിക്കുമ്പോഴും അവളുടെ കൈകൾ ഇടയ്ക്കിടെ ആ വയറിന്മേൽ തൊട്ടുനോക്കുന്നുണ്ടായിരുന്നു

തെക്കേതൊടിയിൽ ചിതയൊരുക്കത്തിനുളള കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് നിൽക്കുമ്പോഴാണ് ചെമ്പകരാമൻ പൂമുഖത്ത് നിന്ന് ഉണ്ണിയുടെ ശബ്ദം ഉയരുന്നത് ശ്രദ്ധിച്ചത്….

ഉണ്ണീ ……..!!!!!

നാലുദിക്കും ഞടുങ്ങുമാറൊരു അലർച്ചയായിരുന്നു ചെമ്പകരാമൻ….

പടിപ്പുരയിലും തൊടിയിലും തിങ്ങി നിറഞ്ഞുനിന്നിരുന്നാളുകളാ വിളിയിൽ വിറച്ചിട്ടെന്നപ്പോലെ ഞെട്ടി……

”’അവിടെ ആ തറയിൽ മരിച്ചു കിടക്കണത് നിന്റ്റെ ഏട്ടനാണ്…..!!!
അയാളെ ദഹിപ്പിക്കാനുളള ചിതയുടെ ഒരുക്കങ്ങൾ ആണവിടെ തെക്കേതൊടിയിൽ നടക്കണത്….!!
അതൊന്നും ശ്രദ്ധിക്കാതെ നീയിവിടെ ആർക്ക് വേണ്ടി എന്തിനുവേണ്ടിയാണീ മുറവിളി കൂട്ടുന്നത്..??

ആറടിയിലേറെ പൊക്കവും അതിനൊത്ത ശരീരം വലിപ്പവുമുളള ചെമ്പകരാമൻ ആ നാടിനെ ഒന്നാകെ ഭരിക്കാൻ തക്ക ശക്തിയുളളവനായിരുന്നു…