ജനൽ 62

Views : 5107

ജനൽ

Janal 

 

തൊട്ടടുത്ത ജനലിന്റെ ഇരുമ്പുകമ്പികൾക്കിടയിലൂടെ ഞാൻ പുറത്തേക്കുനോക്കി, ഇല്ല, ഒന്നും മാറിയിട്ടില്ല. പതിനഞ്ചുവർഷങ്ങൾക്ക് മുൻപ് കണ്ട അതേ കാഴ്ചകൾ തന്നെ. പന്ന കർക്കിടകമാണ്, മഴ കനത്തുപെയ്യുന്നു. ഇരുളിനെ കീറിമുറിച്ചു വെളിച്ചം വീശിമിന്നൽ പിണരുകൾ വന്നു കൊണ്ടിരിക്കുന്നു.ചെറുപ്പം മുതൽക്കേ പേടിയായിരുന്നു ഈ മഴക്കാലം. മിന്നൽ കൺമുൻപിൽ വരുമ്പോൾ കുഞ്ഞികൈകകൾ കൊണ്ട് കണ്ണ് പൊത്തിരിയിക്കും. തൊട്ടടുത്ത നിമിഷം കേൾക്കുന്ന ഇടിയുടെ ശബ്ദം മറയ്ക്കാൻ ചെവികൾ പൊത്തിപിടിക്കും. ഇറുക്കിയടച്ചകണ്ണുകളും കൈകൾകൊണ്ട് പൊത്തിപിടിച്ചചെവികളുമായി ആ ജനൽപടിയിൽ ഇരിക്കുമ്പോഴും അകമഴിഞ്ഞ് മഴയെ സ്നേഹിച്ചിരുന്നു. പ്രണയമായിരുന്നു മഴയോട്. മഴത്തുള്ളികളെ കൈകളിലെടുത്തു ജനൽപാളികൾക്കിടയിലൂടെ മുഖത്തേക്ക്തെറിപ്പിക്കുന്ന കാറ്റിനെയും പ്രണയിച്ചു. ചാറ്റൽമഴയായിരുന്നു കൂടുതൽ ഇഷ്ടം. മുറിയുടെ ഉള്ളിൽവരെ മഴവെള്ളമെത്തും. കുഞ്ഞു ട്രൗസ‍ര്‍ മാത്രം ധരിച്ചു കൈകൾ രണ്ടു ഭാഗത്തേക്കും വിടർത്തിപിടിച്ചു ആവാഹിക്കുമായിരുന്നു ആ കാറ്റിനെ. കുഞ്ഞേച്ചിക്കൊപ്പം കൈകൾ പുറത്തേക്കിട്ടു മഴയെ തഴുകിയതും കൈകളിൽ പതിക്കുന്ന മഴത്തുള്ളികൾ തട്ടിത്തെറിപ്പിച്ചതും ഈ ജനലിലൂടെ തന്നെ.

ആ മഴയുള്ള രാത്രികളിൽ ജനൽ മറയ്ക്കാൻ ഇട്ട അമ്മയുടെ പഴയൊരു സാരികഷ്ണം മുഴുവൻ നനഞ്ഞിരിക്കും. മഞ്ഞ നിറമുള്ള സാരിയാണ്,അച്ഛൻ പണ്ട് മദിരാശിയിൽ പോയി വന്നപ്പോൾ കൊണ്ടുവന്നതാണ്. ഇളം മഞ്ഞ നിറമുള്ള സാരിയിൽ അങ്ങിങ്ങായി കറുപ്പ് നിറത്തിലുള്ള പൂക്കൾ അമ്മ തുന്നിപിടിപ്പിച്ചു. അപ്പുറത്തെ വീട്ടിലെ മേഘ ചേച്ചിക്കൊപ്പമാണ് അമ്മ തുന്നൽ പഠിക്കാൻ പോയിരുന്നത്. വെറുതെ വീട്ടിലിരിക്കാൻ അമ്മക്ക് ഇഷ്ടമില്ലായിരുന്നുവെന്നു തോന്നുന്നു. അല്ല; അമ്മ വെറുതേയിരിക്കുന്നത് കണ്ടിട്ടുമില്ല.

രാവിലെ മുതൽ അടുക്കളയിൽ അടുപ്പിൽ നിന്ന് വരുന്ന പുകയെ ഊതിതോൽപ്പിക്കലാണ് കുഞ്ഞേച്ചിയുടെ പണി. ബാക്കിയെല്ലാം അമ്മയുടെ കൈകളിലാണ്. പാത്രങ്ങളോട് കലപില കൂടി,വേവില്ലെന്നു ദൃഡപ്രതിജ്ഞയെടുത്ത അരിയോടു തല്ലുപിടിച്ച് അമ്മ എപ്പോഴും അടുക്കളയിലുണ്ടാവും. അച്ഛന്റെയും കുഞ്ഞേച്ചിയുടെയും എന്റെയും മുഴുവൻ കാര്യങ്ങളും നോക്കിയിരുന്നതും അമ്മയാണ്. എപ്പോഴും ഒരു ചിരി ആ മുഖത്ത് ഉണ്ടാവും. ഞങ്ങളുടെ കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല.

എന്നും അഞ്ചു മണിയാകുമ്പോൾ ആ യന്ത്രത്തിന്റെ എഞ്ചിൻ പ്രവർത്തിക്കും. എണിറ്റു കുളത്തിൽ പോയി കുളിച്ചു വന്ന് പൂജാമുറിയിലെ വിളക്ക് കത്തിക്കും. നെറ്റിയിൽ ഒരു ചന്ദനക്കുറി തൊട്ട്, നെറ്റിക്ക് മേലെ സിന്ദൂരവും തൊടും. കുഞ്ഞേച്ചിയും ചന്ദനം തൊടാറുണ്ട്‌, പക്ഷെ സിന്ദൂരം തൊട്ട് കണ്ടിട്ടില്ല. കല്യാണം കഴിഞ്ഞാലെ സിന്ദൂരം തൊടൂ എന്ന് അമ്മയോട് ചോദിച്ചപ്പോൾ പറഞ്ഞു.അന്ന് തുടങ്ങിയ അടുത്ത സംശയമായിരുന്നു അമ്മയുടെ കല്യാണത്തിന് ഞാൻ എവിടെ ആയിരുന്നുവെന്നത്. ചിലപ്പോൾ കുഞ്ഞേച്ചിയോടൊപ്പം തൊടിയിൽ കളിക്കുമ്പോളായിരിക്കാം എന്ന് വിചാരിച്ചു. പക്ഷെ ഭാസ്കരൻ മാമയുടെ അവിടെ മിനിചേച്ചിയുടെ കല്യാണത്തിന് പോയപ്പോളാണ് രണ്ടു ദിവസം കല്യാണവും മറ്റു പരുപാടികളും ഉണ്ടാവുമെന്ന് മനസിലായത്. ഓർമ വെച്ചതിനുശേഷം ആദ്യമായി പോയതും മിനിചേച്ചിയുടെ കല്ല്യാണത്തിനായിരുന്നു. ഒടുക്കം,ഞാനും കുഞ്ഞേച്ചിയും മൂന്നു ദിവസം ഉത്സവം കാണാൻ അമ്മാത്ത് പോയി നിന്നപ്പോഴാണ് അമ്മയുടെ കല്യാണം നടന്നത് എന്നുറപ്പിച്ചു. എന്നെ വിളിക്കാതെ അച്ഛനും അമ്മയും അന്നു പാൽപായസം കുടിച്ചിട്ടുണ്ടാവും. ഉള്ളിൽ ചെറിയൊരു സങ്കടം അതിനു മാത്രം ആയിരുന്നു. അത് മാറ്റാൻ അച്ഛൻ പഠിച്ച പണി പതിനെട്ടും നോക്കി, നടന്നില്ല. അവസാനം ഒരു ഗ്ലാസ്‌ പാൽപായസത്തിൽ അമ്മ എന്റെ സങ്കടം അവസനിപ്പിച്ചു. അമ്മക്ക് മാത്രമറിയാവുന്ന ഒരു രസക്കൂട്ടായിരുന്നു അതിൽ. അമ്മ കഴിഞ്ഞാൽ പിന്നെ നല്ല പാൽപായസം ഉണ്ടാക്കിയത് മണിമാമാനാണ്,

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com