തർപ്പണം 18

Views : 6471

അന്ന് നിങ്ങൾ പോയി കഴിഞ്ഞു ദാ ആ ഈന്തപ്പനതോട്ടത്തിൽ ഒരാളെ കണ്ടു.. ഒരു നീളൻ കുപ്പായവും പൈജാമയും തലയിൽ കെട്ടും ഒക്കെയുള്ള ഒരാൾ

ഓ.. അതോ. അതാ പാകിസ്താനിയാണ്.. അയാൾ ഈ തോട്ടത്തിന്റെ കാവൽക്കാരൻ ആണ്. കുറച്ചു ഒട്ടകങ്ങളും ഉണ്ട് അതിനെയും നോക്കണം. അയാളുടെ കാര്യം മഹാകഷ്ടമാണ് അയാളുടെ അറബി ചൊവ്വെനേരെ ഭക്ഷണമോ പണമോ ഒന്നും കൊടുക്കില്ല.. ആളൊരു പാവമാണ് എന്നാലും അടുപ്പിക്കേണ്ട.. ഇങ്ങോട് കേറരുതെന്നു അയാളോട് പറഞ്ഞിട്ടുണ്ട്..
എന്നാലും നമ്മളറിയാതെ നമ്മുടെ കോംബൗണ്ടിൽ കടന്നു കാട്ടിൽ നിന്നും പഴവർഗങ്ങൾ പറിക്കാറുണ്ട്.. അയാൾക്കു വിശന്നിട്ടല്ലേ എന്നുകരുതി നമ്മൾ കണ്ണടയ്ക്കുന്നതാ…

അയ്യോ അയാൾക്കു കടുവയെ പേടിയില്ലേ…

പേടിയുണ്ട്… കടുവയ്ക്കു നമ്മൾ ഇറച്ചികൊടുത്താൽ അതും കടിച്ചുകൊണ്ട് കുറെ ഉള്ളിലേയ്ക്ക് മാറി ഒരു ചെറിയ തടാകം ഉണ്ട് അതിനടുത്തു രണ്ടു ഗുഹകൾ നിർമിച്ചിട്ടുണ്ട്‌ അങ്ങോടു പോകും പിന്നെ അന്ന് കടുവകൾ പുറത്തിറങ്ങില്ല ഇതയാൾക്കു നന്നായിട്ടറിയാം..

എന്നാലും…

വിശന്നാൽ മനുഷ്യൻ അതിനപ്പുറവും ചെയ്യും.. അയാളെ ഒരുകാരണവശാലും അടുപ്പിക്കരുത് ട്ടോ..

എനിക്കല്ലാതെതന്നെ പാകിസ്ഥാൻ എന്ന് കേൾകുന്നതേ ദേഷ്യമാ.. പിന്നെയല്ലേ പാക്കിസ്ഥാനി….
വണ്ടിപോയിക്കഴിഞ്ഞു.. തലവേദന കുറയുന്നില്ല. ഒരു പിൽസ് എടുത്തു കഴിച്ചു ഇത്തിരി നേരം അനങ്ങാതെ കിടന്നു..
എന്തോ അലർച്ചയും ബഹളവും കടുവയുടെ മുരൾച്ചയും ഒക്കെ കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റത്‌.. ഒരു വല്ലാതഭയം തന്നേപിടികൂടി.. ഇരുന്നിടത്തുനിന്നും എഴുന്നെല്കാൻ തോന്നാത്ത ഭയം ഹൃദയം വല്ലാതെ മിടിക്കുന്നു… കൈകാലുകൾക്ക് വല്ലാത്ത തളർച്ച.. ബഹളം കൂടിക്കൂടി വരുന്നപോലെ.. ഒടുവിൽ ധൈര്യം സംഭരിച്ചു പതിയെ എഴുന്നേറ്റു ജനാലയിലൂടെ കാട്ടിലേക്കു നോക്കി..ആ കാഴ്ച കണ്ടു പെട്ടെന്ന് തലചുറ്റി താഴേയ്ക്കു വീഴാതിരിക്കാൻ ജനലഴികളിൽ അള്ളിപ്പിടിച്ചു

ധൈര്യം സംഭരിച്ചു വീണ്ടും നോക്കി ഒരു മനുഷ്യനെ കടുവകൾ കടിച്ചുകീറുകയാണ്.. ഒരു കൈ കടിച്ചുപറിച്ചു വിടാറായി അയാളുടെ നീളൻ കുപ്പായം ചോരയിൽ കുതിർന്നു കീറിപറിഞ്ഞു. മാംസവും വസ്ത്രവും തിരിച്ചറിയാൻ പറ്റുന്നില്ല. അപ്പോളാണ് അയാളോർത്ത് കടുവകൾക്കുള്ള ഇറച്ചി ഇതുവരെ കൊടുത്തിട്ടില്ല.. അയാൾ ഓടി അടുക്കള വാതിൽ തുറന്നു രണ്ടു ഇറച്ചിക്കഷണവും പാലത്തിലൂടെ വലിച്ചിഴച്ചു അറ്റത്തെ വാതിൽ തുറന്നു താഴേയ്ക്കിട്ടു. പോക്കറ്റിൽ നിന്നും വിസിൽ എടുത്തു ശക്തിയായി ഊതി.
എന്തോ ദൈവാധീനം എന്നപോലെ കടുവകൾ രണ്ടും ഇറച്ചിയുടെ അടുത്തേയ്ക്കു ഓടിയെത്തി ഇറച്ചിയും കടിച്ചെടുത്തു പൊന്തക്കാട്ടിൽ മറഞ്ഞു..
പാലത്തിൽ നിന്നും താഴേയ്ക്കു നോക്കിയപ്പോൾ കണ്ട കാഴ്ച അയാളുടെ ശിരസ്സുകളെ മരവിപ്പിക്കുന്നതായിരുന്നു..
അപ്പോളേക്കും ആ മനുഷ്യന്റെ അവസാനപിടച്ചിലും അവസാനിച്ചു കഴിഞ്ഞിരുന്നു.. ശരീരമാസകലം കടുവകൾ കടിച്ചുപറിചിരിക്കുന്നു.. ഒരു കണ്ണ് പൂർണമായും കടിച്ചു പറിച്ചിരിക്കുന്നു വികൃതമായ ആ മുഖം കണ്ട് അയാൾ മുഖംപൊത്തി പാലത്തിൽ കുത്തിയിരുന്നു..
അപ്പോളാണോർത്തത് താനെന്തൊരു പാപിയാണ്… കടുവകൾക്കുള്ള ഇറച്ചി അപ്പോൾത്തന്നെ കൊടുത്തിരുന്നെങ്കിൽ ഈ മനുഷ്യൻ ഇപ്പോൾ ജീവനോടെ സുഖമായിട്ടിരുന്നേനെ.. താനൊരു കൊലപാതകിയായിരിക്കുന്നു.. ഒരു വിശന്നു വലഞ്ഞ മനുഷ്യനെ താൻ കൊന്നു.. ആരോടും പറയാനില്ല ആരും കേൾക്കാനില്ല.. ജീവിതത്തിൽ ആദ്യമായി ഒന്ന് പൊട്ടിക്കരഞ്ഞു.. മഹാപാപിയാണ് ഞാൻ.. മഹാ പാപിയാണ് ഞാൻ..

Recent Stories

The Author

kadhakal.com

1 Comment

  1. വായിച്ചു സുഹൃത്തെ നല്ല കഥ ആണ്
    ദയവായി ഇനിയും എഴുതുക

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com