നിർമ്മാല്യം [അപ്പൂസ്] 2423

“വാട്ട്‌ ഹാപ്പൻഡ് മാൻ?? ആരാ ഈ ഋതുപർണ… ആദ്യമായി കേൾക്കുന്ന പോലെ..”

 

അവനോടെന്ന് അല്ല.. ഇവിടെ ആരോടും പറഞ്ഞിട്ടില്ല.. അവനൊരു മങ്ങിയ ചിരി മറുപടി നൽകി അല്പം നീങ്ങി ശബ്ദങ്ങളിൽ നിന്നൊതുങ്ങി മാറി ഫോണെടുത്ത് അമ്മയെ വിളിച്ചു..

 

ദിവസങ്ങളായി വിളിക്കാത്ത പരിഭവങ്ങളുടെ ഭാണ്ഡകെട്ട് അഴിച്ച ശേഷം സ്വസ്ഥ ആയപ്പോൾ അമ്മയോട് ഋതുവിനെ പറ്റി തിരക്കി..

 

“അവൾക്ക് ഇപ്പോ കൊഴ്പ്പൊന്നും ഇല്യാടാ. എന്നാലും നിന്നേ കാണാൻ വല്യ ആഗ്രഹണ്ട്..”

 

“അമ്മ സത്യം പറയ്.. അവള്…”

 

“ഓ… നിൻക്ക് എന്നെ വിശ്വാസല്യേ.. എന്നാ ഒര് കാര്യഞ്ചേയ്യ് മോൻ.. വൈന്നേരം വിളിക്ക്.. ഞാൻ അവ്ള്ക്ക് ഫോൺ കൊട്ക്കാം.”

 

“അതല്ലമ്മേ.. അവ്ള്ക്ക് എന്താ പറ്റ്യേ…”

 

“നീ നേരിട്ടു ചോയ്ചോടാ.. ഒന്ന് മാത്രം പർയാം.. വല്യ ആഗ്രഹണ്ട് അവ്ള്ക്ക് നിന്നെ കാണാൻ.. അവ്ള്ക്ക് മാത്രല്ല.. ഞങ്ങക്കും.. നാല് വർഷായില്യേ….”

 

“മ്മ്… ഞാൻ വരാമമ്മേ…”

 

അവൾക്ക് എന്ത് പറ്റി എന്ന് മനസിലായില്ലെങ്കിലും ഫോൺ കട്ട് ചെയ്തു അജയിയോട് അത്യാവശ്യം ആയി നാട്ടിൽ പോവണം എന്ന് പറഞ്ഞു നേരെ ബോസിനടുത്തു ചെന്നു ലീവ് ചോദിച്ചു..

 

കാര്യത്തിന്റെ ഗൗരവം മനസിലായ അജയ് അപ്പോളേക്കും അന്നത്തെ ഫ്‌ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു…

 

അങ്ങനെ അന്ന് ഈവനിംഗ് വിശാഖിൽ നിന്ന് കൊച്ചിയിലേക്ക് ഹൈദരാബാദ് വഴിയുള്ള ഇൻഡിഗോ കണക്ഷൻ ഫ്‌ളൈറ്റിൽ ഞാനും യാത്രികനായി….

 

ഹാന്റ് ബാഗ് വച്ച് കിട്ടിയ വിൻഡോ സീറ്റിൽ ഇരുന്നു കഴിഞ്ഞപ്പോളേക്ക് ഒരു എട്ട് വയസ്സ്കാരി തൊട്ടടുത്ത് സ്ഥാനം പിടിച്ചു

 

“അങ്കിൾ, അങ്കിൾ, എനിക്കാ വിൻഡോ സീറ്റ് തരാവോ?? പ്ലീസ് അങ്കിൾ…”

 

ചിരപരിചിതരെ പോലെ കയ്യിൽ പിടിച്ചാണ് ചോദ്യം.. ഒന്നേ നോക്കിയുള്ളൂ ആ മുഖത്തേക്ക്… മുകളിലെ ഒരു പല്ല് കട്ടപല്ല് പുറത്തേക്ക് അല്പം തള്ളി.. പൂച്ച കണ്ണ്.. നുണക്കുഴി വിരിയുന്ന കവിളുകൾ….. അല്പം മുടി മുന്നിലോട്ട് എടുത്തിട്ടാൽ ശരിക്കും ഋതുവിനെ പോലെ…

 

ഞാൻ പോലും അറിയാതെ അവൾക്കായി വഴി ഒഴിഞ്ഞു കൊടുക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

 

“അയ്യേ അങ്കിൾ എന്തിനാ കരയുന്നെ?? വിൻഡോ സീറ്റ് പോയൊണ്ട് ആണോ എന്നാ മാളൂട്ടിക്ക് വേണ്ട…. അങ്കിൾ ഇരുന്നോ..”

305 Comments

  1. Super

Comments are closed.