മഞ്ഞുകാലം 2145

Views : 17187

നിമിഷങ്ങളുടെ കണക്കുകൂട്ടലുകൾക്കൊടുവിൽ ഞാൻ ഉറക്കെയുള്ള ചിരിയോടെ പറഞ്ഞു. എന്റെ ചിരിയിൽ അവളും പങ്കുചേർന്നു. കലർപ്പില്ലാത്ത ഒരാത്മബന്ധത്തിന്റെ അലകളായി ഞങ്ങളുടെ ചിരി അന്തരീക്ഷത്തിൽ ചെറിയ പ്രതിധ്വനികൾ തീർത്ത്‌ അകന്നുപോയി.

ഇഴ തിരിച്ചെടുക്കാനാവാത്തതായി ഒരു കെട്ടുമില്ല, ക്ഷമയും, ഇച്ഛാശക്തിയും, ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കിൽ. കാഴ്ചയിൽ ഒരിക്കലും കുരുക്കഴിയില്ലെന്ന്‌ തോന്നിക്കുന്നത്‌ പോലും ക്രമേണ ഇഴ തിരിഞ്ഞ്‌ കെട്ടഴിഞ്ഞ്‌ വരും. കെട്ടിലേക്കുള്ള വഴികൾ വീണ്ടും പിന്നോട്ട്‌ ആവർത്തിക്കണമെന്ന്‌ മാത്രം.

ഇന്ന്‌ അവധിദിവസമാണ്‌. ഡയറിയിൽ വെറുതെ ചിന്തകൾ കുത്തിക്കുറിക്കുകയായിരുന്നു. അവയെ അനുദിന കുറിപ്പുകൾ എന്നുപറയാനാവില്ല. വല്ലപ്പോഴുമൊരിക്കൽ ചിന്തകളും അനുഭവങ്ങളും തിയതിവെച്ച്‌ കുറിച്ചിടും. അത്രമാത്രം.

മാർഗരറ്റിന്റെ ചിത്രം മനസ്സിലെപ്പോഴോ കടന്നുവന്നു. അനാഥത്വം പേറിയ ജീവിതത്തോട്‌ അവർ വിട പറഞ്ഞിട്ട്‌ മാസങ്ങൾ കഴിഞ്ഞു. ക്രിസ്തുവിന്റെ വലതുഭാഗത്ത്‌ പോപ്പിനോടൊപ്പം അവർക്ക്‌ ഇരിപ്പിടം ലഭിച്ചിട്ടുണ്ടാകുമോ?. അബ്രഹാമിന്റെ മടിയിൽ ലാസറെന്ന പോലെ? ഉണ്ടാകണം!. സാത്വികമായിരുന്ന അവരുടെ ജീവിതത്തിൽ അവർ ആർക്കും തിന്മ ചെയ്തിട്ടില്ലല്ലോ.

പിങ്ക്‌ നിറത്തിലുള്ള കുഞ്ഞു കമ്പിളിയുടുപ്പണിഞ്ഞ്‌ എന്റെ മകൾ തൊട്ടിലിൽ കിടന്ന്‌ കൈകാലുകൾ ഇളക്കുന്നു. ആ ഉടുപ്പിൽ അവൾ കൂടുതൽ ഓമനയാണെന്ന്‌ എനിക്കുതോന്നി. ഒരു മാലാഖയെപ്പോലെ! കുഞ്ഞുമിഴികൾ വിടർത്തിയും കൈകാലുകൾ ഇളക്കിയുമുള്ള അവളുടെ കൊഞ്ചലിൽ ഞാൻ മാർഗരറ്റിന്റെ ത്യാഗ മനോഭാവത്തെ ഓർത്തു. വയ്യായ്മകൾക്കിടയിൽ എത്ര ദിവസങ്ങൾ എടുത്തുകാണും അവർ ആ കൊച്ചു കമ്പിളിയുടുപ്പ്‌ നെയ്തു പൂർത്തിയാക്കാൻ ?. അവർക്കത്‌ തീർച്ചയായും ഒരു ഭഗീരഥപ്രയത്നം ആയിരുന്നിരിക്കണം.

ജോലിയുടെ തിരക്കുകൾക്കിടയിലും ഞാൻ എയ്ഞ്ചലിനെ ഇടയ്ക്കിടെ ട്രെയിനിൽ കണ്ടുമുട്ടി. കൊച്ചു കുശലങ്ങളിലും, വാചാലമായ മൗനഹാസങ്ങളിലും ഞങ്ങളുടെ സംഭാഷണം പലപ്പോഴും ഒതുങ്ങിനിന്നു. എങ്കിലും കാലപ്പഴക്കത്താൽ രൂഢമൂലമായ ഒരാത്മബന്ധം ഞങ്ങളുടെയിടയിൽ നിലനിന്നു പോന്നിരുന്നു.

ഡിസംബർ അടുത്തുവരികയായിരുന്നു. എയ്ഞ്ചലിനോടുള്ള എന്റെ വാഗ്ദാനം ഞാൻ ഓർമ്മിച്ചു. ട്രെയിനിന്റെ മനോഹരമായ ഒരു ചിത്രം അലങ്കാരപ്പണികളുള്ള ചട്ടക്കൂട്ടിൽ ക്രിസ്തുമസിന്‌ മുൻപേ ഞാൻ തയ്യാറാക്കിവെച്ചു. തീർച്ചയായും അവൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ക്രിസ്തുമസ്‌ സമ്മാനം ഇതുതന്നെ ആയിരിക്കുമെന്ന്‌ മനസ്സു പറഞ്ഞു.

ക്രിസ്തുമസ്സിന്റെ തലേദിവസം ഞാൻ എയ്ഞ്ചലിനെ പതിവുട്രെയിനിൽ അന്വേഷിച്ചു. മുന്നിലുള്ള കമ്പാർട്ടുമെന്റിൽ അവളുടെ സ്ഥിരം സീറ്റിൽ മറ്റൊരു യാത്രക്കാരി ഇരിക്കുന്നത്‌ എന്റെ ശ്രദ്ധയില്പ്പെട്ടു. അവശേഷിക്കുന്ന ബോഗികളിലും ഞാൻ അവളുടെ സാന്നിധ്യം അന്വേഷിച്ചു. നിരാശയായിരുന്നു ഫലം. മനസ്സിൽ നൊമ്പരം അനുഭവപ്പെട്ടു. ഉറ്റസുഹൃത്തിനോടുള്ള വാഗ്ദാനം അറിഞ്ഞുകൊണ്ടല്ലെങ്കിലും പാലിക്കാതെ പോയതിലുള്ള കുറ്റബോധം നിറഞ്ഞ നീറ്റൽ. വീണ്ടും മറ്റുചില ട്രെയിനുകളില്ക്കൂടി ഞാൻ എയ്ഞ്ചലിനെ തിരഞ്ഞു. അവസാനം നിരാശയോടെ മടങ്ങി. അവളുടെ മേൽവിലാസം നേരത്തെ ചോദിച്ചറിഞ്ഞു വെക്കാത്തതിൽ എനിക്ക്‌ ആത്മനിന്ദ തോന്നി.

ക്രിസ്തുമസ്സിന്റെയന്ന്‌ വീണ്ടും ഞാൻ എയ്ഞ്ചലിനെ ട്രെയിനുകളിൽ അന്വേഷിച്ചു. ഏതെങ്കിലും ഒരു ട്രെയിനിൽ അവൾ ഉണ്ടാകാതിരിക്കില്ലെന്ന്‌ എന്റെ ഉപബോധമനസ്സ്‌ ഉരുവിട്ടുകൊണ്ടിരുന്നു. ട്രെയിനുകൾ പലതും വരികയും പോകുകയും ചെയ്തു. അതിലൊന്നിലും എയ്ഞ്ചലിൻ മാത്രമുണ്ടായിരുന്നില്ല. മടങ്ങുവാൻ ഞാൻ മനസ്സിൽ തീരുമാനിച്ചു. നിർവികാരമായ ഒരു ംലാനഭാവം എന്നിൽ നിറയുന്നതായി തോന്നി. അപ്പോൾ മാത്രം സ്റ്റേഷനിൽ എത്തിച്ചേർന്ന ഒരു ട്രെയിനിൽ നിന്നും യാത്രക്കാർ ഇറങ്ങുന്നതു കണ്ടു. പ്രതീക്ഷകൾക്ക്‌ വീണ്ടും ചിറകുമുളച്ചു. ഉള്ളം പറഞ്ഞു, ഇതിലവൾ ഉണ്ട്‌. ട്രെയിനിൽ നിന്നുമിറങ്ങുന്ന ഓരോ യാത്രക്കാരന്റെയും മുഖത്തേക്ക്‌ ഞാൻ ആകാംക്ഷയോടെ നോക്കി. അവസാനത്തെ യാത്രക്കാരനും ഇറങ്ങിക്കഴിഞ്ഞു. ഇല്ല… എയ്ഞ്ചലിൻ മാത്രമില്ല.

കുനിഞ്ഞ ശിരസ്സോടെ ഞാൻ തിരിഞ്ഞുനടക്കാൻ തുടങ്ങി. പിറകിൽ നിന്നൊരു വിളിശബ്ദം കേട്ടുവോ എന്ന്‌ സംശയിച്ച്‌ തിരിഞ്ഞുനോക്കി. പരിചിതമായ ആ ശബ്ദത്തിന്റെ ഉടമ സാവധാനം ട്രെയിനിൽ നിന്നും ഇറങ്ങിവരുന്ന കാഴ്ച കൊടും വേനലിലെ മഴ പോലെ കുളിരുള്ളതായിരുന്നു. ആഹ്ലാദത്തോടെയും തിടുക്കത്തോടെയും ഞാനവളുടെ അടുക്കലേക്കു നടന്നു. ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ടെത്തിയ അമ്മയുടെ ആശ്വാസമായിരുന്നു എന്റെ ഹൃദയത്തിലപ്പോൾ.

എയ്ഞ്ചലിൻ ആളാകെ മാറിയിരിക്കുന്നു. സ്ഥൂലിച്ച അവളുടെ ശരീരം വല്ലാതെ ചടച്ചുപോയിരിക്കുന്നു. ചുവന്ന ജംബറിനു പകരം വെള്ളനിറത്തിലുള്ള ഒരു ടോപ്പാണ്‌ അവൾ ധരിച്ചിരുന്നത്‌. വർണ്ണപ്പകിട്ടാർന്ന നീളൻപാവാട നല്ല ചേർച്ചയുള്ളതായി തോന്നി. മുഖം വീണ്ടും കുട്ടിത്തം പ്രാപിച്ചപോലെ. പിച്ചവെക്കുന്ന കുട്ടികളെപ്പോലെയാണ്‌ അവൾ നടന്നത്‌. കൈയിലെ ഭാരങ്ങളെല്ലാം ലഘൂകരിച്ചിരിക്കുന്നു. പഴയ ഷോപ്പിംഗ്‌ ബാഗുകളിൽ ഒന്നുമാത്രമേ ഇപ്പോൾ കൈയിൽ കാണാനുള്ളു. എയ്ഞ്ചലിനിൽ വന്ന മാറ്റം എന്നെ അത്ഭുതപ്പെടുത്തി. അത്രമാത്രമുണ്ടായിരുന്നു ആ രൂപമാറ്റം.

തലേദിവസത്തെ അന്വേഷണത്തെക്കുറിച്ച്‌ പറയുന്നതിനോടൊപ്പം തന്നെ ഞാൻ കൂട്ടിച്ചേർത്തു, “നീ വല്ലാതെ മെലിഞ്ഞുപോയിരിക്കുന്നു.” അവൾ നിഷ്കളങ്കതയോടെ ചിരിച്ചു. പിന്നെ ചോദിച്ചു, “മെലിഞ്ഞിരിക്കുന്നതല്ലേ നല്ലത്‌.?”
“അതെ”. ഞാൻ പ്രതിവചിച്ചു. “പക്ഷെ മെലിച്ചിൽ ആരോഗ്യകരമായിരിക്കണം. ഇത്‌ വായു പോയ ബലൂൺ പോലുണ്ട്‌.” അതുകേട്ട അവളുടെ ചിരിയിൽ ദുഃഖം ഖനീഭവിച്ചിരുന്നു.

Recent Stories

The Author

rajan karyattu

1 Comment

  1. Nice.. Vallathoru nombaram manasil….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com