മഞ്ഞുകാലം 2145

Views : 17187

“അയാം നോട്ട്‌ ആസ്‌ ഗുഡ്‌ ആസ്‌ പോപ്പ്‌…. അയാം നോട്ട്‌ ആസ്‌ ഗുഡ്‌ ആസ്‌ പോപ്പ്‌ ”. (ഞാൻ പോപ്പിനോളം നല്ലവളല്ല…ഞാൻ പോപ്പിനോളം നല്ലവളല്ല…)

ആ വൃദ്ധസ്ത്രീയോട്‌ സഹതാപം തോന്നി. ഉറക്കത്തിലേക്ക്‌ വഴുതിവീഴും മുൻപ്‌ ഞാൻ ഭാര്യയെ കുറച്ചുകൂടി ചേർത്തണച്ചു.

കാലചക്രത്തിന്റെ തിരിച്ചിലിൽ ഋതുക്കൾ ഒന്നൊന്നായി കടന്നുപോയി. വീണ്ടും ഒരിക്കല്ക്കൂടി കാണുകയില്ലെന്ന്‌ ഞാൻ കരുതിയ ആ യാത്രക്കാരിയെ എത്രയോ തവണ ഞാൻ പിന്നെയും പിന്നെയും കണ്ടുമുട്ടി. ശൈത്യത്തിന്റെ കുളിരിലും വസന്തത്തിന്റെ ഊഷ്മളതയിലും അവളെന്റെ ട്രെയിനുകളിൽ മുടക്കം വരുത്താത്ത യാത്രക്കാരിയായിരുന്നു. ഋതുക്കൾ അവളിൽ യാതൊരു മാറ്റവും വരുത്തിയില്ല. പ്രകൃതിപോലും തന്റെ ഉടയാടകൾ മാറ്റി മാറ്റി ചുറ്റിയപ്പോഴും അവൾ തന്റെ ചുവന്ന ജംബറിനെയും നീല പാവാടയെയും സ്നേഹിച്ചു. ഭൂതകാലത്തിന്റെ ഓർമ്മക്കായി സൃഷ്ടിക്കപ്പെട്ട ഒരു സ്ഥിരബിംബം പോലെ ആ യാത്രക്കാരി എന്റെ കൺമുൻപിൽ എപ്പോഴും പ്രത്യക്ഷപ്പെട്ടു.

അവിചാരിതമല്ലാത്ത കണ്ടുമുട്ടലുകൾ പുഞ്ചിരിയിൽ നിന്നും ചെറിയ കുശലാന്വേഷണങ്ങളിലേക്കും പിന്നെ സൗഹൃദത്തിലേക്കും വളർന്നിരുന്നു. സന്തതസഹചാരിയായ ഷോപ്പിംഗ്‌ ബാഗുകളിലെ അമൂല്യവസ്തുക്കൾ ട്രെയിനുകളുടെ വിവിധ തരത്തിലുള്ള ചിത്രങ്ങളായിരുന്നു എന്നു ഞാൻ പിന്നീട്‌ മനസ്സിലാക്കി.

ട്രെയിനിലെ ഒരു കാരിയേജിൽ നിന്നും മറ്റൊന്നിലേക്കുള്ള എന്റെ പ്രയാണത്തിനിടയിൽ, ട്രെയിനിന്റെ ചിത്രങ്ങൾ മടിയിൽ വെച്ച്‌ അതിൽത്തന്നെ കണ്ണുകൾ നട്ടിരിക്കുന്ന എയ്ഞ്ചലിൻ എന്നുപേരുള്ള എന്റെ യാത്രക്കാരിയെ ഞാൻ പലപ്പോഴും കണ്ടു. പരിചയത്തിന്റെ ആദ്യനാളുകളിൽ അവളുടെ സ്വകാര്യനിമിഷങ്ങളെ അലോസരപ്പെടുത്തുവാൻ ഇഷ്ടപ്പെടാതെ “ടിക്കറ്റ്‌ പ്ലീസ്‌” എന്ന്‌ കരുതലോടെ ഉരുവിട്ട്‌ ഞാൻ മറ്റു യാത്രക്കാരുടെ അടുക്കലേക്ക്‌ നടന്നുനീങ്ങി.

വിചിത്ര സ്വഭാവക്കാരിയായ ഈ യാത്രക്കാരിയോട്‌ അപൂർവമായ ഒരടുപ്പം എന്റെയുള്ളിൽ തോന്നുവാൻ കാരണമെന്തെന്ന്‌ ഞാൻ ആലോചിച്ചിട്ടുണ്ടെങ്കിലും അതിനൊരു വ്യാഖ്യാനം നല്കാൻ ബുദ്ധിമുട്ടായിരുന്നു. സഹജീവിയുടെ നിസ്സഹായാവസ്ഥയിൽ സ്വാഭാവികമായി തോന്നുന്ന അനുകമ്പയിൽ നിന്നും ഊറിക്കൂടുന്ന കരുതലോ സഹാനുഭൂതിയോ ആയിരുന്നില്ല അത്‌. വഴിയരികിൽ ഭിക്ഷ യാചിക്കുന്ന വികലാംഗനായ മനുഷ്യജീവിയോട്‌ തോന്നുന്ന വികാരം ഒരുപക്ഷേ അതാകാം. എന്നാൽ എയ്ഞ്ചലിനോടുള്ള എന്റെ മനസ്സിന്റെ വൈകാരികഭാവം ആ തലത്തിൽ നിന്നും ഉയരത്തിലായിരുന്നു.

ജീവനില്ലാത്ത ഒരു വസ്തുവിനെ കാമുകനെപ്പോലെ പ്രണയിക്കുന്ന തീവ്രമായ അവളുടെ ചേതോഭാവം എന്നെ അത്ഭുതപ്പെടുത്തി. ട്രെയിൻ അവൾക്ക്‌ നിർജ്ജീവമായ ഒരു വസ്തുവായിരുന്നില്ല. മജ്ജയും, മാംസവും, ഓജസ്സും, തേജസ്സുമുള്ള ഒരു പൂർണ്ണവ്യക്തിയെപ്പോലെ അവൾ അതിനെ ചിന്തകളിൽ പേറുകയും ഓർമ്മകളിൽ സൂക്ഷിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ തന്റെ ‘കാമുകന്റെ’ മിഴികളിൽ കണ്ണുനട്ടുകൊണ്ടുള്ള യാത്രകൾ അവൾക്ക്‌ വിരസമായിരുന്നില്ല. ഓരോ യാത്രയും അവൾക്ക്‌ ക്ഷീണത്തേക്കാൾ ഉന്മേഷത്തെയാണ്‌ പകർന്നുനല്കിയത്‌.

ഒരിക്കൽ കുസൃതിയുടെ മറയുള്ള ആകാംക്ഷയോടെ ഞാൻ ചോദിച്ചു, “എയ്ഞ്ചലിൻ, നിനക്ക്‌ ട്രെയിനിനോട്‌ പ്രണയമാണോ? എന്താണ്‌ എപ്പോഴുമിങ്ങനെ ട്രെയിനിന്റെ ചിത്രങ്ങളെ നോക്കിയിരിക്കുന്നത്‌.?”
നാണം നിറഞ്ഞ ചിരിയോടെയുള്ള മറുപടി വാചാലവും ആത്മാർത്ഥവും വിചിത്രവുമായിരുന്നു. “അതെ, ഞാൻ ട്രെയിനുമായി പ്രണയത്തിലാണ്‌. എന്റെ ഓരോ ചിന്തയിലും അത്‌ നിറഞ്ഞുനില്ക്കുന്നു. ട്രെയിനിൽ യാത്ര ചെയ്യാത്ത ഒരു ദിവസത്തെപ്പറ്റി എനിക്ക്‌ ചിന്തിക്കാൻ പോലും കഴിയില്ല.”

എനിക്കത്ഭുതം തോന്നി. ഈ വിചിത്ര സ്വഭാവം മാറ്റിനിർത്തിയാൽ എയ്ഞ്ചലിൻ ഒരു സാധാരണ വ്യക്തി തന്നെയായിരുന്നു.
“പക്ഷേ ഇതൊരു വാഹനമല്ലേ എയ്ഞ്ചലിൻ, യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത ചിന്തയല്ലേ അത്‌.?” ഞാൻ വീണ്ടും കുസൃതിയോടെ പറഞ്ഞു. പെട്ടെന്ന്‌ അവളുടെ മുഖം ംലാനമായി. “അറിയാം ഇതൊരു ജീവനില്ലാത്ത യന്ത്രം മാത്രമാണെന്ന്‌. പക്ഷേ എന്റെ മനസ്സിന്റെ ഈ വിഭ്രാന്തി ഇഴപിരിക്കാനാവാത്ത വിധം എന്റെ ജീവിതത്തോട്‌ കെട്ടുപിണഞ്ഞുപോയിരിക്കുന്നു.”
ഞാൻ എന്നെത്തന്നെ ശാസിച്ചു. എയ്ഞ്ചലിനോട്‌ അങ്ങനെ ചോദിച്ചതിൽ എനിക്കു ഖേദം തോന്നി. ഒരു ക്ഷമാപണം മനസ്സിനെ കൂടുതൽ വേദനിപ്പിക്കുമെന്ന്‌ തോന്നിയതിനാൽ ഞാനതിന്‌ മുതിർന്നില്ല. ഒരു വിഷയമാറ്റത്തിനായി ഞാൻ പറഞ്ഞു, “ക്രിസ്തുമസ്‌ അടുത്തുവരികയല്ലേ? ഇത്തവണ ക്രിസ്തുമസിന്‌ ഞാനൊരു ‘സർപ്രൈസ്‌’ നിനക്കായി കരുതിവെച്ചിട്ടുണ്ട്‌. പെട്ടെന്നുള്ള ചുവടുമാറ്റത്തിൽ അവളുടെ മുഖം വീണ്ടും പ്രസന്നമായി. ”എന്താണത്‌?“ ആകാംക്ഷാഭരിതയായി അവൾ ചോദിച്ചു. ”ഞാൻ പറഞ്ഞല്ലോ, അതൊരു സർപ്രൈസ്‌ ആയിരിക്കുമെന്ന്‌. കാത്തിരിക്കുക…“ ഞാൻ വീണ്ടും പറഞ്ഞു. കുട്ടിത്തം നിറഞ്ഞ ഒരു ചിരി എയ്ഞ്ചലിന്റെ മുഖത്ത്‌ വിരിഞ്ഞു. ”ഞാനിപ്പോൾത്തന്നെ ദിവസങ്ങൾ എണ്ണിത്തുടങ്ങാം.“ കുസൃതിയോടെ അവൾ പറഞ്ഞു. അവളുടെ ചിന്തകളെ വഴിതിരിച്ചുവിട്ട്‌ വീണ്ടും സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്കാശ്വാസം തോന്നി.
”ശരി, ഇന്നുമുതൽ അമ്പത്തിമൂന്ന്‌ ദിവസം.

Recent Stories

The Author

rajan karyattu

1 Comment

  1. Nice.. Vallathoru nombaram manasil….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com