മകരധ്വജൻ 21

ചെമ്പട്ട് വിരിച്ച ചുവരുകൾ,ചന്ദനത്തിരിയിൽ നിന്നുതിർന്ന ധൂമപാളികൾ മഞ്ഞുകണക്കെ മുറിയിൽ തങ്ങി നിൽപ്പുണ്ടായിരുന്നു.നിലവിളക്കിന്റെ മഞ്ഞ വെളിച്ചം ജനാലകളില്ലാത്ത മുറിയിൽ പ്രഭ പരത്തുന്നുണ്ട്.തിളക്കമുള്ള ചുവന്ന പട്ട് വിരിച്ച പീഠത്തിൽ പഞ്ചലോഹത്തിൽ തീർത്ത കാളീ വിഗ്രഹത്തിന്റെ ചുവട്ടിലായി ചെമ്പകപ്പൂക്കൾ ചിതറിക്കിടക്കുന്നു. വിഗ്രഹത്തിന് മുന്നിൽ ചമ്രം പടഞ്ഞിരുന്ന് ഇരുകൈകളും കാൽമുട്ടിന് മുകളിൽ വച്ച് “അഫൻ” മുദ്രയിൽ ധ്യാന നിമഗ്നനായിരിക്കുന്ന മഹാ മാന്ത്രികനായ “കൊല്ലങ്കോട് കാളിയൻ”…!!

ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് ധ്യാനത്തിൽ നിന്നുണർന്ന കാളിയൻ, അർജ്ജുനൻ തമ്പിയെ നോക്കി മന്ദഹസിച്ചു.ഉപവിഷ്ടനാകുവാൻ ആംഗ്യം കാട്ടി…!
തമ്പി കാളിയനെ അംഗപ്രത്യംഗം വീക്ഷിച്ചു.

കറുത്ത് പരന്ന വലിയ കൂട്ട് പുരികവും,ചുവന്ന് തീക്ഷണതയേറിയ കണ്ണുകളും.നീണ്ട് വളഞ്ഞ നാസികത്തുമ്പിലായ്‌ അല്പം ഉയർന്ന് നിൽക്കുന്ന കാക്കപ്പുള്ളി.വിടർന്ന നെറ്റിയിൽ സൂര്യനെപ്പോലെ വലിയ സിന്ദൂരപ്പൊട്ട്.സിംഹത്തിന്റെ ജഡപോലെ മുടിയും താടിയും.
യോദ്ധാവിന്റേത് പോലുള്ള ശരീര ഭാഷ…തമ്പിയുടെ ആശങ്കയ്ക്ക് ഒരല്പം ആശ്വാസം കൈവന്നു.

“തമ്പീ…നാമറിയുന്നു അങ്ങയെ ബാധിച്ചിരിക്കുന്ന ആപത്തിന്റെ ആഴം…ഭയപ്പെടേണ്ട ഏത് ശക്തിയേയും എതിരിടാനും,നശിപ്പിക്കുവാനും ശേഷിയുള്ള മഹാകാളിയും, ഉഗ്രമൂർത്തികളും,ഉപാസകരായ നാഗത്താന്മാരും കൂടെയുള്ളപ്പോൾ ഭയക്കുന്നതെന്തിന്…? ധൈര്യമായിരിക്കൂ..”

ഘനഗംഭീരമായ ശബ്ദത്തിൽ കാളിയന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ…!

” ദത്തൻ തിരുമേനിയിൽ നിന്നും അറിഞ്ഞ വാർത്തകൾ കേട്ടിട്ട്
ഭയമടങ്ങുന്നില്ല സ്വാമീ…!”

കാളിയൻ മെല്ലെ ചിരിച്ചു.

“തമ്പീ….നമ്മിൽ വിശ്വസിക്കുക…താങ്കളുടെ ഏത് ശത്രുക്കളിൽ നിന്നും കോട്ട കെട്ടി സംരക്ഷിക്കും ഈ “കൊല്ലങ്കോട് കാളിയൻ’. അപേക്ഷിച്ചു വന്നവരെ ഉപേക്ഷിച്ച ചരിത്രമില്ല കൊല്ലങ്കോട് തറവാടിന്. ജീവൻ പകരം നൽകിയും സഹായമഭ്യർത്ഥിച്ചവരെ സംരക്ഷിച്ചവരാണ് കാളിയന്റെ തായ്‌വഴിയിലുള്ളവർ…ആ പാരമ്പര്യത്തിന് ഇന്നും മാറ്റം വന്നിട്ടില്ല…!!”

അത് പറയുമ്പോൾ അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.കാളിയന്റെ കണ്ണുകൾ വൈരപ്പൊടി വീണതുപോലെ തിളങ്ങി.

“ഞാനെന്താണ് ചെയ്യേണ്ടത് സ്വാമീ…!

“ഉച്ഛാടനവും,ആവാഹനവും വേണ്ടി വരും…കാശിത്തിരി ചിലവാകും…!!

“പണം എനിക്കൊരു പ്രശ്‌നമേയല്ല സ്വാമീ…എനിക്കെന്റെ മനസ്സമാധാനം തിരികെ വേണം…!!

“എങ്കിൽ പൂജാകർമ്മത്തിനുള്ള സാധനങ്ങൾ ഒരുക്കിക്കോളൂ..ചാർത്ത് തരാം..അതിലെ ചില സാധനങ്ങൾ വാങ്ങാൻ കിട്ടില്ല.അത് ഏജന്റ് വഴിയേ ലഭിക്കുകയുള്ളൂ…എല്ലാം കിട്ടിയാൽ മാർച്ച് ഒന്ന് വ്യാഴാഴ്ച്ച പൗർണ്ണമി നാളിൽ തമ്പിയുടെ വീട്ടിൽ വച്ച്…!!!

ഇനിയുമുണ്ട് പതിനാറ് ദിനങ്ങൾ…അത്രയും നീട്ടിക്കൊണ്ട് പോകണോ എന്ന അർത്ഥത്തിൽ തമ്പി കാളിയനെ നോക്കി.

“വേറെ വഴിയില്ല തമ്പീ…മറ്റന്നാൾ തമിഴ്‌നാട്ടിലെ കൊല്ലിമലയിലെ ‘എട്രുകൈ അമ്മൻ കോവിലിൽ’ ഒരു കാളീപൂജയുണ്ട്.കൊല്ലങ്ങളായി നാം അത് മുടക്കാറില്ല.മാത്രവുമല്ല, ശത്രുവിനെ എതിരിടുമ്പോൾ നമ്മൾക്കത് ഗുണം ചെയ്യുകയും ചെയ്യും…!!!

“അത് വരെ എന്തെങ്കിലും മുൻകരുതലുകൾ…?

” വേണ്ടിവരും…!

കാളിയൻ ചില നിർദ്ദേശങ്ങൾ നൽകി ഒപ്പം…മന്ത്ര തകിടുകൾ,ഏലസുകൾ,വീടിന് ചുറ്റും ഇടമുറിയാതെ വരയ്ക്കാനുള്ള ഭസ്മവും നൽകി തമ്പിയെ യാത്രയാക്കി…!!