കണ്ണീർമഴ 24

Views : 5863

റാഷിനെ കിട്ടുമ്പോ ഈ ഷാഹിക്കാനേ മറന്നോ ജ്ജ്.” പ്രതീക്ഷിക്കാതെയുള്ള ഷാഹിക്കാടെ വാക്കു കേട്ടു ഞാൻ വല്ലാണ്ടായി. ” എന്റെ മുഖത്ത് മിന്നി മറിഞ്ഞ ചിരി പെട്ടെന്ന് മാഞ്ഞു. എനിക്ക് നന്നായി വേദനിച്ചെന്ന് ഷാഹിക്കാക്ക് മനസ്സിലായി. “ഷായിക്ക, ഒരു തമാശ പറഞ്ഞേല്ലെ ” ന്നും പറഞ്ഞ് ഇക്കാക്ക എന്റെ ചുമലിൽക്കൂടി കൈയ്യിട്ട് കിച്ചനിലോട്ട് എന്നേം കൂട്ടിപോയി. “പെങ്ങളെ കണ്ടപ്പോ ആങ്ങളേടെ സന്തോഷം കണ്ടോ, ഇത്രേം നേരം ഇരിപ്പുറക്കാതെ പെറാൻ കൊണ്ടോയ പെണ്ണിന്റെ പുയ്യാപ്ല നെ പോലെ അങ്ങോട്ടിങ്ങോട്ടും നടക്കായിരുന്നിവൻ.”ഇതും പറഞ്ഞോണ്ടാണ് സഫിയാത്തഎന്റെ ട്ത്ത് വന്നത്.ഷാഹിക്ക പൊട്ടിച്ചിരിച്ചു. ന്റെ ഇക്ക നാട്ടിൽ വന്ന ശേഷം ഇങ്ങനെ മനസ്സ് തുറന്നൊന്ന് ചിരിക്കണത് ഞാനാദ്യായിട്ടാ കാണുന്നത്.
മിർഷുവും എളേമ്മമാരെ മക്കളൊക്കെ കിച്ചണിലെ അറയിൽ തലങ്ങും വിലങ്ങുമായി കിടന്നുറങ്ങുന്നുണ്ട്. “ന്തൊക്കെ പൊന്നാ ശാദ്യേ അവിടന്ന് കിട്ടിയേ…. ” ചോദ്യം ചോദിച്ചതിനോടൊപ്പം തന്നെ ജമീലാത്ത എന്റെ കൈയ്യിന്ന് ഹാൻഡ് ബാഗ് വാങ്ങി തുറന്ന് നോക്കി. അമ്മുവും സഫിയാത്തായും ബാക്കി എല്ലാവരും ജമീലാ ത്താക്ക് ചുറ്റും കൂടി.”രണ്ടു മൂന്ന് മോതിരം, രണ്ട് കോയിൻസ്, കമ്മൽ വേറൊന്നുല്ലെ ശാദി …….ജമീലാഞ്ഞാടെ രണ്ടാമത്തെ ചോദ്യം, “പിന്നെ, ദേ ഈ മാലയും ഈ ബ്രേസ് ലേറ്റും. കൈയ്യും കഴുത്തും കാട്ടി ഞാൻ പറഞ്ഞു.ഈ ജമീലാത്ത ഇങ്ങനെയാ എല്ലാകാര്യേം അറിയണം. മോശായിട്ടൊന്നുമല്ല ട്ടോ….. നാട്ടുനടപ്പൊക്കെ അവർക്കുണ്ടോന്നറിയാനാ…. കുടുംബത്തില് എന്ത് പരിപാടി വരുമ്പോഴും ജമീലാത്ത ഇണ്ടാവും. അല്ലെങ്കിൽ ഞാനടക്കം എല്ലാർക്കും വലം കൈ നഷ്ടപ്പെട്ട പോലെയാ.
കിച്ചണിൽ സ്വർണ്ണത്തിന്റെ എണ്ണം നോക്കുമ്പോഴേക്കും ഹോളിൽ പുരുഷാരത്തിന്റെ ഉഗ്രനൊരു ഫുഡ് മത്സരം കഴിഞ്ഞിരുന്നു.
റാഷിക്ക റൂമിൽ കയറിയത് കണ്ടിട്ടാവണം, ജമീലാത്ത ഒരു ഗ്ലാസ് പാലും എന്റെ കൈയിൽ തന്ന് എന്നെ റാഷിക്കാന്റെ പിന്നാലെ അയച്ചു. അറയിലേക്ക് പോകുന്നതിനിടയിൽ ഞാൻ അമ്മൂനേം ഉമ്മാനേം മാറി മാറി നോക്കി. അമ്മു ഒരു കള്ളച്ചിരി ചിരിച്ചെങ്കിലും ഉമ്മ എന്തോ ആലോചനയിലായിരുന്നു.
ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും കാര്യപ്പെട്ട മുഹൂർത്തം. പാലുമായി ഞാൻ അറയിൽ കയറി. വാതിലടച്ചു

രാവിലെ എട്ട് മണിക്ക് ശേഷമാണ് ഞാൻ കതകു തുറന്നത്. എന്റെ ബെഡ് റൂമിന്റെ നേരെ ഓപ്പോസിറ്റാണ് ഷാഹിക്കാടെ മുറി. അത് കൊണ്ട് വാതിൽ തുറന്ന പാടെ കണ്ടത് മുറിയിൽ നിന്നും ഷാഹിക്ക പുറത്തേക്ക് വരുന്നതാണ്. ഞാനൊന്നു പരുങ്ങി.ഷാഹിക്ക എന്നെ തറപ്പിച്ചൊരു നോട്ടം നോക്കി. ആ നോട്ടത്തിന് അൽപം കനം കൂടിയിരുന്നു.സുബഹിക്ക് എഴുന്നേറ്റ് നിസ്കരിച്ചില്ല എന്നാണ് ഇക്ക ധരിച്ചിരിക്കുന്നത്. രണ്ടു മൂന്ന് പ്രാവശ്യം എനിക്ക് ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് പെട്ടെന്ന് മനസ്സിലായി.
സത്യത്തിൽ അന്നായിരുന്നു ഞാൻ ശരിക്കും സുബഹി ബാങ്ക് കേട്ടത്.കഴിഞ്ഞ റമളാനിലെ മുപ്പതാമത്തെ നോമ്പിനായിരുന്നു ഞാൻ അവസാനമായി ആ ബാങ്ക് കേട്ടത്.പിന്നീടൊക്കെ അമ്മു നിസ്കരിച്ചാണ് എല്ലാവരെയും വിളിക്കുന്നത്. അത് കൊണ്ട് ബാങ്ക് കേൾക്കാറില്ല.സുബഹി ഖളാ ആവാറുമില്ല. ഇന്നിപ്പോ ബാങ്ക് കേട്ടത് കൊണ്ട് പെട്ടെന്നെഴുന്നേറ്റ് ഞാൻ നിസ്കരിക്കുകയും ചെയ്തു. ബാത്ത് റൂം അറ്റാച്ച് ഡ് ആയത് ഇക്ക എന്നെ പുറത്ത് കണ്ടതില്ല. ഇക്കാന്റെ തെറ്റിദ്ധാരണ മാറ്റണംന്നുണ്ടായിരുന്നു. “എന്താ ശാദീ ….. അവിടെത്തന്നെ നിന്ന് കളഞ്ഞത്. ഇന്നലെ രാത്രീ ണ്ടായ സംഭവം ഓർക്കാ ഇജ്ജ്.. ദേ ഈ മുട്ടേം ചായേം റാഷിക്ക് കൊണ്ടു കൊടുക്ക്….? അമ്മു കീഴ് ചുണ്ട് കടിച്ച് തലയാട്ടി ഒരു കള്ളച്ചിരിയോടെ ചായ്യേം മുട്ടേം ന്റെ കൈയ്യിൽ തന്നു.
ഇന്നലെ രാത്രി, പടച്ചോനേ, എന്താ ഇണ്ടായേ, ഇനി എങ്ങനെയാ റാഷിക്കാടെ മുഖം നോക്കുക…… എനിക്കാകെ നാണം തോന്നി.സുബഹിക്ക് എഴുന്നേറ്റ് ഞാൻ ഇക്കായെ വിളിച്ചതാ… അപ്പൊ പുള്ളി പറയുവാ…. ” ശാദീ– ” ഞാൻ പിന്നെ നിസ്കരിച്ചോളാം. ജ്ജ് നിസ്കരിക്ക്.” അയ്യേ! സുബഹി കളാക്കേ, ഇവിടെ പറ്റൂലാ അതൊന്നും.” ഞാൻ റാഷിക്കാനെ കുലുക്കി വിളിച്ചു. ” ഞാൻ ഗൾഫീന്ന് ഒറ്റ സുബഹി പോലും ഖളാ ആക്കാറില്ല.” ഉറക്കച്ചടവോടെ റാഷിക്ക പറഞ്ഞു തീർത്തു. “ന്റെ, റാഷിക്കാ ആ പടച്ചോൻ തന്നെ ഇവടെ നാട്ടിലുള്ളത്. ഇങ്ങളൊന്ന് എണീക്ക് “ഇതൊന്നും എന്റെട്ത്ത് പയറ്റൂലാന്ന് മനസ്സിലാക്കി എന്നോണം റാഷിക്ക എണീറ്റു നിസ്കരിച്ചു. ചായയുമായി അറയിൽ കയറുമ്പോഴേക്കും റാഷിക്കഡ്രസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് ഫ്രഷായി നിൽക്കുന്നുണ്ടായിരുന്നു.
നാസ്ത കഴിക്കുമ്പോഴാണ് റാഷിക്ക പോകുമ്പോൾ എന്നേം കൂട്ടുന്ന കാര്യം ഷാഹിക്കാട് പറഞ്ഞത്.ഷാഹിക്ക എന്തോ ആലോചിച്ച പോലെ ചായ കുടി മതിയാക്കി പെട്ടെന്ന് എഴുന്നേറ്റു.”റാഷീ …. അപ്പൊ, അന്റെ വീട്ടാറ് ഇങ്ങട് ബരുന്നൊന്നു ല്ലെ. അങ്ങനെയൊരു ചടങ്ങുണ്ടല്ലോ…. ”
അതൊന്നും വേണ്ട. ന്റെ പൊരക്കാർ മുമ്പ് വന്നല്ലോ ഇബടെ, ഇനി ഇൻഷാ അള്ളാ ഇങ്ങള് ബരാനുള്ളേരേം കൂട്ടി അങ്ങട്ട് പോരീം .ഷാഹിക്കാടെ ചോദ്യത്തിന് മറുറപടി എന്നോണം റാഷിക്ക പറഞ്ഞു.
ഞാൻ കുളിച്ച് ഫ്രഷായി. ഡ്രസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് പൊന്നണിയുമ്പോഴാണ് അറയിലേക്ക് ഷാഹിക്കാടെ വരവ്. റാഷിക്ക ഹാളിൽ എളേപ്പമാരോടൊക്കെ സംസാരിക്കുന്നു. രാവിലെ പുതിയാപ്ലേടെ കൂടെ ചായ സൽക്കാരത്തിന് ക്ഷണിച്ചതാ അവരെയൊക്കെ.ഷാഹിക്ക എന്തോ പറയാൻ വരുന്നതാണെന്ന് ഞാൻ ഊഹിച്ചു. “റാണി, മോള് സുന്ദരി ആയിരിക്കണല്ലോ…. ” ഷാഹിക്കാനെ നോക്കി ഞാനൊന്ന് ചിരിച്ചു. ” ന്റെ മോളോട് ഇക്കാക്ക് ഒരു കാര്യം പറയാനുണ്ട്. മോള് ശ്രദ്ധിച്ച് കേക്കണം.” “ഊം….. ഞാൻ തലയാട്ടി. “ന്റെ മോളിപ്പോ, ഒരു ഭാര്യയാണ്.അന്റെ അമ്മു അമ്മായി നെ പോലെ, ഇന്ന് പോയാൽ പിന്നെ, റാഷിടെ വീടാ ന്റെ മോളേം വീട്. ആ ടെള്ളോരെല്ലാം ന്റെ മോളേം ആൾക്കാറാ….. കുറച്ച് അല്ലറ ചില്ലറ പ്രശ്നോക്കെണ്ടാവും. ന്റെ മോള് ഒക്കെ സഹിക്കണം.ബടെ ഇള്ളെ ആൾക്കാരെ പോലെ ആവണം ന്നില്ല ഓര്.ഇബ്ടെത്തെ കാര്യം അബ ടേം അബs ത്തെ കാര്യം ഇബടേം വന്ന് പറയണ്ടാ. അപ്പളാ ഓരോ പ്രശ്നോം ഇണ്ടാണത്. എന്ത് ണ്ടേലും ന്റെ മോള് ഇക്കാക്ക് വിളിച്ചാ മതി.ന്റെ ചങ്കില് റൂഹുള്ള കാലോളം ഇക്ക അന്റെ കൂടെ ഇക്കണ്ടാവും – മനസ്സിലാണുണ്ടോന്റെ മോക്ക്.” പറഞ്ഞ് കഴിയുമ്പോളേക്കും ഇക്കാന്റെ കണ്ണ് നിറഞ്ഞിരുന്നു. ഉടുത്തിരുന്ന തുണി ടെ അറ്റം കൊണ്ട് ഇക്ക കണ്ണ് തുടച്ചു.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com