അപരാജിതൻ 12 [Harshan] 9416

ഒരു മണിക്കൂർ കഴിഞ്ഞു.

സ൪……………… ഉള്ളിൽ നിന്നും ആ യുവതി ആദിയെ വിളിച്ചു.

ആദി അതുകേട്ടു അവിടെ നിന്നും എഴുന്നേറ്റു ഉള്ളിലേക്കു ചെന്നു.

ഇരിക്കൂ സ൪ ,,, നവ്യ പറഞ്ഞു.

ചെക് ചെയ്തു കഴിഞ്ഞോ എന്താണ് റിസൾട്? ആദി ചോദിച്ചു.

അപ്പോളേക്കും ഉള്ളിൽ നിന്നും ഒരു യുവാവ് ആദിയുടെ രത്നവും കയ്യിൽ ഒരു ഡോക്യമെന്റും ആയി വന്നു.

അത് നവ്യയെ ഏൽപ്പിച്ചു.

നവ്യ അത് തുറന്നു നോക്കി.

അതിലെ റിസൾട്ടുകൾ കണ്ടു ആണെന്ന് തോന്നുന്നു കണ്ണുകൾ ഒക്കെ അത്ഭുതം കൊണ്ട് വിടര്‍ന്നു

എന്നിട്ടു വന്ന യുവാവിനെ നോക്കി.

അയാൾ ഇത് തന്നെ ആണ് എന്ന് അർത്ഥത്തിൽ മുഖം താഴേക്ക് ഒന്ന് കുനിച്ചു ആംഗ്യം കാട്ടി.

എന്താ നിങ്ങള് ഒന്നും മിണ്ടാത്തത് ? ആദി ചോദിച്ചു.

സർ,, ആദ്യമായി ആണ് ഇതുപോലെ ഒരു സ്റ്റോൺ ഇവിടെ വരുന്നത്, അതും നോൺ ട്രെസബിൾ ആയിട്ട്

നവ്യപറഞ്ഞു നിർത്തി.

എനിക്ക് മനസിലായില്ല.” ആദി മറുപടി പറഞ്ഞു.

നവ്യ ,,ഐ വിൽ എക്സ്പ്ലെയിൻ  എന്ന് ആ നിൽക്കുന്ന യുവാവ് പറഞ്ഞു.

പ്ലീസ് കിരൺ എന്ന് നവ്യ അയാളോട് പറഞ്ഞു.

ഹെലോ സർ , ഞാൻ കിരൺ ഇവിടെ അസ്സിസ്റ്റന്റ് ജെമ്മോളജിസ്റ് ആണ്.

ഹെലോ, “ആദിത്യൻ”, ആദി സ്വയ൦ പരിചയപ്പെടുത്തി.

സർ, ഇത് എവിടെ നിന്ന് കിട്ടിയത് ആണ് സാറിന് ?

ഇത് എന്റെ ഫാമിലി പ്രോപ്പർട്ടി ആണ്, തലമുറകൾ ആയി കൈമാറി കിട്ടിയത് ആണ്.  എന്താ ചോദിച്ചത്.

കിരൺ ആ എൻവലപ്പിൽ നിന്നും രത്‌നം പുറത്തേക്ക് എടുത്തു, എന്നിട്ടു ആദിക്ക് നേരെ നീട്ടി.

നോക്കൂ സാർ ഇത് തന്നെ അല്ലെ സാറിന്റെ സ്റ്റോൺ?

ആദി അത് നോക്കി, ചിരിച്ചു, അതെ ഇത് തന്നെ ആണ്.

ആദി നോക്കുമ്പോ അതിൽ സൈഡിലുള്ള ഏഴു മുഖങ്ങളിൽ ഒന്ന് രണ്ടു തുടങ്ങി ഏഴുവരെ കുഞ്ഞു സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്, കൂടാതെ മുകളിലെ വൃത്ത ഭാഗത്തിനെ രണ്ടു പകുതികളാക്കി ഒന്നിന് എട്ടു എന്നും മറുപകുതിക്കു ഒൻപതു എന്നും നമ്പർ കൊടുത്തിരിക്കുന്നു.

ആദി കിരണിനെ നോക്കി.

സർ, ഈ സ്റ്റോൺ കാണുമ്പോ ട്രാന്സ്പരെന്റ് ആണ് അതുകൂടാതെ നല്ല പോലെ ലൈറ്റ് റിഫ്ലെക്ട് ചെയ്യുന്നുമുണ്ട്, കാണുമ്പോ ഇത് തനി ഡയമണ്ട് തന്നെ ആണ്.

അതുകേട്ടു ആദിക്ക് വല്ലാത്ത ഒരു സന്തോഷവും അതിശയവും ഒക്കെ ഉണ്ടായി.

പക്ഷെ സർ,,,, കിരൺ ഒന്ന് നിർത്തി.

എന്താ?

എന്നാൽ ഇത് ഡയമണ്ട് അല്ല,

ഉള്ളിലെ സന്തോഷം അപ്പോൾ തന്നെ അതുകേട്ടു കെട്ടടങ്ങി.

പിന്നെ ?

അറിയില്ല സർ,

അറിയില്ലെന്നോ ?

അതെ സർ, ഇത് ഒരുപാട് സ്‌പെഷ്യൽ ആയ ഒരു ജെം ആണ്, പക്ഷെ ഇത് എന്താന്നെന്നു മാത്രം അനലൈസ് ചെയ്യാൻ സാധിക്കുന്നില്ല.

ആദി മനസിലാകാതെ കിരണിനെ നോക്കി.

സാർ, കാണുമ്പോ ഇത് ഡയമണ്ട് ആണ്, പക്ഷെ ഇത് വ്യത്യസ്തത രത്നങ്ങളുടെ സവിശേഷതകൾ ആണ് കാണിക്കുന്നത് ടെക്നിക്കലി ആൻഡ് സയിന്റിഫിക്കലി.

എനിക്കു നിങ്ങള്‍ പറയുന്നത് അങ്ങോട്ട് മനസ്സിലാകുന്നില്ല..ആദി പറഞ്ഞു.

സർ, ഏതൊരു സ്റ്റോണും നമ്മൾ അനലൈസ് ചെയ്യുന്നത് അതിന്റെ സ്പെസിഫിക് ഗ്രാവിറ്റി വെച്ചും അതുപോലെ റിഫ്രാക്ടീവ് ഇൻഡക്സ് വെച്ചും ആണ്.

സ്പെസിഫിക് ഗ്രാവിറ്റി എന്ന് പറഞ്ഞാൽ ഒരു അനുപാതം ആണ് അതായത് നമ്മൾ എടുക്കുന്ന വസ്തുവിന്റെ സാന്ദ്രത അഥവാ ഡെൻസിറ്റിയും അതുപോലെ നമ്മൾ റഫറൻസ് ആയി എടുക്കുന്ന മറ്റൊരു പദാർത്ഥത്തിന്റെ ഡെന്സിറ്റിയും തമ്മിൽ, ഇവിടെ ഡിസ്റ്റിൽഡ് വാട്ടർ ആണ് നമ്മൾ എടുക്കുന്നത് റെഫറൻസ്നു വേണ്ടി. ഡെന്സിറ്റി എന്ന് പറഞ്ഞ സാറിന് അറിയുമായിരിക്കുമല്ലോ ഒരു നിശ്ചിത അളവിൽ അല്ലെങ്കില്‍ വോളിയത്തില്‍  കൊള്ളുന്ന ഭാരം അതാണല്ലോ ഡെന്‍സിറ്റി.

അതേ .. മനസ്സിലായി ..

അപ്പോൾ സ൪, ഓരോ സ്റ്റോണിനും സ്പെസിഫിക് ഗ്രാവിറ്റി വ്യത്യാസം ഉണ്ട്, നമ്മൾ ഇവിടെ ഓരോ തവണ സ്പെസിഫിക് ഗ്രാവിറ്റി എടുത്തപ്പോളും ഓരോ മൂല്യം ആണ് കിട്ടിയത്, അതായതു ഈ കല്ല് ഓരോ തവണയും വ്യത്യസ്ത സ്പെസിഫിക് ഗ്രാവിറ്റി ആണ് കാണിക്കുന്നത്.

കിരൺ സ്പെസിഫിക് ഗ്രാവിറ്റി മെഷർമെന്റ് എടുത്ത പേപ്പർ കാണിച്ചു.

ഞങ്ങൾ പലവട്ടം ചെക്ക് ചെയ്തപ്പോ കിട്ടിയ ഒൻപതു ഡിഫറന്‍റ്  വാല്യൂസാണു ഇതൊക്കെ .

കിരൺ ആ പേപ്പറിൽ പേന കൊണ്ട് തൊട്ടു കാണിച്ചു.

ഇത് നോക്കൂ സർ.

ആദി ആകാംക്ഷയോടെ അതിലെ അളവുകളൊക്കെ നോക്കി.

ആദ്യത്തെത്   2 .68   പവിഴത്തിന്റെ  സ്പെസിഫിക് ഗ്രാവിറ്റി . രണ്ടാമത്തേതു 2.7  മരതകത്തിന്റെ, മൂന്നാമത്തേത്  2.75  മുത്തിന്റെ, നാലാമത്തേത്  3.52  വൈരക്കല്ലിന്റെ , അഞ്ചാമത്തേതു 3.6  ഗോമേദകത്തിന്റെ, ആറാമത്തേതു  3.71  വൈഡൂര്യത്തിന്റെ, ഏഴാമത്തേതു  3.9 ഇന്ദ്രനീലത്തിന്റെ, എട്ടാമത്തേതു 3.97 മാണിക്യത്തിന്റെ, ഒൻപതാമത്തെ 3.99 പുഷ്യരാഗത്തിന്റെ.

ഇത് കേട്ട് ആദിക്ക് ആകെ ആശ്ചര്യമായി, അവൻ ആ മുഖത്തോടെ ഇരുവരെയും നോക്കി.

സ൪, എങ്ങനെ ആണ് ഒരു കല്ലിനു ഇങ്ങനെ ഒൻപതു വ്യത്യസ്ത സ്പെസിഫിക് ഗ്രാവിറ്റികൾ ഉണ്ടാകുന്നതു, അങ്ങനെ ഒരിക്കലും സംഭവിക്കില്ല,

കിരണിനു പോലും അവിശ്വസനീയത വിട്ടു മാറിയിട്ടില്ല.

തീർന്നില്ല സ൪, അടുത്ത ടെസ്റ്റ് ചെയ്തത് റിഫ്രാക്ടീവ് ഇൻഡക്സ് അനാലിസിസ് ആയിരുന്നു അതിന്റെ റിസൾട് ദേ ഇവിടെ ഉണ്ട്.

റിഫ്രാക്ഷൻ എന്നാൽ പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക് പോകുമ്പോൾ അതിന്റ പാതക്ക് ചെറിയൊരു മാറ്റം ഉണ്ടാകും അപവ൪ത്തനം എന്നും പറയും, അതിന്റെ വാല്യൂ ആണ് റിഫ്രാക്സ്റ്റീവ് ഇൻഡക്സ് കൊണ്ട് അളക്കുന്നത്.

ഇവിടെ നോക്കൂ സ൪, ഇത് പരിശോധിച്ചപ്പോളും ഇങ്ങനെ തന്നെ, സ്റ്റോണിൽ നമ്പർ ഇട്ടിരിക്കുന്നത് കണ്ടില്ലേ ഒന്നുമുതൽ ഒൻപതു വരെ ആ ഓരോ മുഖത്തിലൂടെയും പ്രകാശം കടത്തി വിട്ടപ്പോൾ കിട്ടിയ അളവുകൾ ആണ് ഈ കൊടുത്തിരിക്കുന്നത്.

ആദ്യത്തെത്  1 .5  , പവിഴത്തിന്റെ റിഫ്റാക്ടീവ് ഇണ്ടക്സ് , രണ്ടാമത്തേതു 1 .57  മരതകത്തിന്റെ, മൂന്നാമത്തേത്   1 .59  മുത്തിന്റെ,  നാലാമത്തേത് 1 .73  ഗോമേദകത്തിന്റെ, അഞ്ചാമത്തേതു  1 .75     വൈഡൂര്യത്തിന്റെ,  ആറാമത്തേതു 1 .76   ഇന്ദ്രനീലത്തിന്റെ ഏഴാമത്തേതു  1 .765    പുഷ്യരാഗത്തിന്റെ, എട്ടാമത്തേതു 1 .77   മാണിക്യത്തിന്റെ, ഒൻപതാമത്തെ 2 .41  വൈരക്കല്ലിന്റെ.

നോക്കൂ സാർ ഇത് ഒരിക്കലും സാധ്യമല്ല, എന്തായാലും ഇവിടത്തെ ഒരു മെഷീനും യാതൊരു വിധ കംപ്ലയിന്റുകളും ഇല്ല, അത് നൂറു ശതമാനം ഗ്യാരണ്ടി  തന്നെ ആണ്.

ഈ  സ്റ്റോൺ, അത് ഏതു ഫാമിലിയിൽ പെടുന്നത് ആണ് എന്ന് മനസിലാകുന്നില്ല അതെ സമയം സൈന്റിഫികലി നവരത്നങ്ങളുടെയും പ്രോപെർട്ടികൾ കാണിക്കുന്നു.

അടിസ്ഥാനപരമായ നിറം കൊണ്ട്  ഡയമണ്ട് ആണെന്ന് തോന്നുമെങ്കിലും , അതിന്റെ ഇന്റെർണൽ പ്രോപ്പർടീസ് ഒരേ സമയം നവരത്നങ്ങളുടെ സ്വഭാവം കാണിക്കുന്നു.

ഈ റിസൾട്ട് വെച്ച് ലോകത്തുള്ള സകല  ജെമ്മോളജി സെന്റേഴ്സും ആയി ബന്ധപ്പെട്ടു അന്വേഷിച്ചു, ലോകത്തു ഒരിടത്തും ഇങ്ങനെ ഉള്ള ഒരു സ്റ്റോണിനെ കുറിച്ച് അറിവില്ല, ഒരു കല്ല് ലോകത്തു കണ്ടുപിക്കപ്പെട്ടിട്ടില്ല, എവിടെയും റിപ്പോർട് ചെയ്തിട്ടും ഇല്ല, ഒരു റെഫറൻസ് ഇല്ലാതെ എങ്ങനെ ആണ് സർ ഇത് എന്ത് തരം കല്ല് ആണ് എന്ന് റിപ്പോർട് തരിക അതുകൊണ്ടു ഫൈൻഡിങ് കോളത്തിൽ നോൺ ഐഡന്റിഫയബിൾ എന്നാണ് ഞങ്ങൾ കൊടുത്തിരിക്കുന്നത്.

നവ്യയും കിരണും മുഖത്തോട് മുഖം നോക്കി.

അപ്പൊ ഇതിന്റെ വില എന്ത് വരും ? ആദി അതിശയം കൈവിടാതെ ചോദിച്ചു.

സർ എന്ത് കല്ലാണ് എന്നറിയാതെ മൂല്യം നിശ്ചയിക്കുന്നതു എങ്ങനെ ആണ് ?

ആദിക് കുറച്ചു നേരത്തേക്ക് എന്താണ് പറയേണ്ടത് എന്നു ഒരു നിശ്ചയവും ഇല്ലാതെ ആയി.

ഇത് കണ്ടു പിടിക്കാൻ എന്തേലും ഒരു വഴി ഉണ്ടോ ?ആദി ചോദിച്ചു.

ഇരുവരും കുറച്ചു നേരം ആലോചിച്ചു.

സർ, ഇവിടത്തെ മെയിൻ ജെമ്മോളജിസ്റ് പദ്മകർ സർ ന്റെ മൂത്ത ജ്യേഷ്ഠൻ വീരേന്ദ്രഷെട്ടി ആണ്, അദ്ദേഹം ഇപ്പോൾ ഇവിടെ ഇല്ല, അദ്ദേഹത്തിന് അറിയാത്ത രത്നങ്ങളൊന്നും തന്നെ ഇല്ല, ഒരുപാട് അറിവുള്ള ആൾ ആണ്,

അദ്ദേഹത്തെ കാണാൻ എന്താണ് ഒരു വഴി ഉള്ളത് ?

സർ ,അദ്ദേഹം ഒന്ന് രണ്ടു ദിവസത്തേക്കു ഇങ്ങോട്ടു വരാൻ സാധ്യത ഇല്ല.

“ആണോ…. എന്നാൽ അദ്ദേഹം എവിടെ ഉണ്ട് എന്ന് പറഞ്ഞാൽ, ഞാൻ നേരിട്ടു പോയി കണ്ടു കൊള്ളാം”

“അത് ബുദ്ധിമുട്ടു ആണ് സാർ, അവരുടെ ആധ്യാത്മിക ഗുരു ജഗദ്ഗുരു ശിവശക്തി ഭഗവാന്റെ പരിപാടിയും ദർശനവും ഇന്ന് ടൗണിൽ മുനിസിപ്പൽ ടൌൺ ഹാളിൽ നടക്കുന്നുണ്ട്, ഇന്ന് വീരേന്ദ്ര സാറും പദ്മാകർ സാറും ഒക്കെ അവിടെ ആണ്, അവർ ആ സ്വാമിയുടെ വലിയ ഭക്തർ ആണ്. അവിടെ സംഘാടനവും ഒക്കെ ഇവർ തന്നെ ആണ്, തിരക്ക് ആയിരിക്കും അവിടെ, അവർ അവിടെ ഉണ്ടാകും, അവിടെ ചെന്ന് സംസാരിക്കാൻ കഴിഞ്ഞാൽ ഈ റിപ്പോർട് കാണിച്ചാൽ മതിയാകും, മൂപ്പർക്ക് ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളിൽ നല്ല ക്രേസ് ഉള്ള ആൾ ആണ്, ഒരു കാര്യം മനസ്സിലായില്ലെങ്കിൽ അതുകണ്ടുപിടിക്കാൻ പോകാവുന്നതിന്റെ അറ്റം വരെ പോകുന്ന ആൾ ആണ്,അദ്ദേഹത്തിന് ഈ കാര്യത്തിൽ സാറിനെ സഹായിക്കാൻ സാധിക്കുമായിരിക്കും.

ടൌൺ ഹാളിൽ ചെന്നാൽ അദ്ദേഹത്തെ കാണാൻ സാധിക്കുമോ ?

സർ, അവർ അവിടെ ഉണ്ടാകും,കാണാനും മിണ്ടാനും ഒക്കെ പറ്റുമോ എന്നത് അറിയില്ല.

ഇത്രയും പറഞ്ഞു അവർ ആ രത്നകല്ലും കൂടാതെ ടെസ്റ്റ് റിസൾട്ടുകൾ ഒരു എൻവലപ്പിൽ  ആക്കി ആദി യെ ഭദ്രമായി ഏൽപ്പിച്ചു.

സോറി സർ, സാറിന് വേണ്ട ഇൻഫോർമേഷൻ ഞങ്ങള്ക് പ്രൊവൈഡ് ചെയ്യൻ സാധിച്ചില്ല വെരി സോറി സർ.

നവ്യ പറഞ്ഞു.

കുഴപ്പമില്ല നിങ്ങൾ ട്രൈ ചെയ്തത് അല്ലെ, പക്ഷെ എന്ത് ചെയ്യാം എന്റെ നിർഭാഗ്യം ഞാൻ അത്രയേ കരുതുന്നുള്ളു,

ആദി എഴുന്നേറ്റു.

സർ സാധിക്കുമെങ്കിൽ ഒന്ന് ടൌൺ ഹാൾ വരെ പോയിക്കൊള്ളൂ, കാണാൻ പറ്റിയ സാറിന്റെ ഭാഗ്യം.

ഒകെ കിരൺ, ഞാൻ നോക്കാം.

ആദി അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങി.

ഇറങ്ങുമ്പോ അവനെ അലട്ടിയിരുന്നു ആ രത്നകല്ലിനെ കുറിച്ചുള്ള സത്യം ആയിരുന്നു.

ഒരു കല്ല് അത് രാത്രിയിൽ ശരീരത്തിന്റെ ഊർജം വലിച്ചു എടുത്തു സ്വയം പ്രകാശിക്കുന്നു.

സാധാരണ വെളിച്ചത്തിൽ നല്ലപോലെ തിളങ്ങുന്നു.

സൂര്യ പ്രകാശത്തിൽ അതിനു മുകളിൽ മഴവില്ലുപോലെ സപ്തവർണ്ണങ്ങൾ ഉണ്ടാകുന്നു.

കൂടാതെ മുഖങ്ങളിൽ നിന്നും ഉന്മത്തമാക്കുന്ന സുഗന്ധ൦.

ഇപ്പൊ കാഴ്ച്ചയിൽ വജ്രം എങ്കിലും നവരത്നങ്ങളുടെ എല്ലാ സവിശേഷതകളും അടങ്ങിയിരിക്കുന്നു.

എന്താണ് ഇത് ?

ഈ കല്ലിനെ കുറിച്ച് അന്വേഷിക്കുമ്പോൾ പിടിതരാതെ ഇവ൯ മുന്നോട്ടുപോകുക ആണ്.

ആദി രത്നാലയയ്ക്ക് പുറത്തേക്കു ഇറങ്ങി.

റോഡ് ക്രോസ്സ് ചെയ്യാനായി റോഡ് നോക്കി മുന്നോട്ടേക് നടന്നു.

പെട്ടെന്നാണ് ഒരു കാർ അതിവേഗത്തിൽ അവനു നേരെ കുതിച്ചു വന്നത്, വളരെ ഉച്ചത്തിൽ ഹോൺ അടിച്ചു കൊണ്ട്

അതുകണ്ടു ആദിക്ക് മനസ്സാന്നിധ്യം നഷ്ടമായി , എന്തുചെയ്യണം എന്നറിയാതെ നിന്ന് പോയി.

ആ കാർ അതിവേഗത്തിൽ അവനു നേരെ അടുത്ത് ഒരുമീറ്റർ ദൂരം മാത്രം,

എങ്ങനെയോ ആദി പെട്ടെന്ന് അതിവേഗത്തിൽ മുന്നോട്ടു ചാടിയതും അവൻ മുൻപ് നിന്ന സ്ഥലത്തേക്കു ബ്രെക്ക് പിടിച്ചു എങ്കിലും നിയന്ത്രണം വിട്ട ആ കാർ കയറിയതും ഒരുമിച്ചു ആയിരുന്നു.

ഭാഗ്യം ,,,,,,,,,,,,,,മഹാഭാഗ്യം ……………………….

ഒരുനിമിഷത്തിന്റെ ഇടവേളയിൽ തന്റെ ജീവൻ തിരിച്ചു കിട്ടി.

പെട്ടെന്നു ബ്രെക് പിടിച്ച കാര്‍ റോഡിലൂടെ  ടയര്‍ ഉരഞ്ഞു പാളി നിയന്ത്രണം വിട്ടു മുന്നോട്ട് പോയി.

അവനു കാലുകൾ വിറച്ചു പോയിരുന്നു.

ഭയം കൊണ്ട് ശ്വാസം ഒക്കെ അതിവേഗത്തിൽ എടുത്തു എങ്ങനെയോ ക്രോസ് ചെയ്തു റോഡിനു അപ്പുറം എത്തി, അവൻ തിരിഞ്ഞു നോക്കി ആ കാർ മുന്നോട്ടു പോയികൊണ്ടിരിക്കുക ആയിരുന്നു.

എന്റെ ലക്ഷ്മി അമ്മെ ,,,,,,,,,,,,,,അവനറിയാതെ വിളിച്ചു പോയി.

കുറച്ചു നേരം അവിടെ നിന്ന് പോയി ഭയം കൊണ്ട്.

പിന്നെ അവിടെ നിന്നും നടന്നു.

നേരെ ജീപ്പ് പാർക്ക് ചെയ്തിടത്തേക്ക്.

അപ്പോഴും ഹൃദയമിടിപ്പ്ന്റ്റെ വേഗത നിലച്ചിരുന്നില്ല.

മുന്നിലേക്ക് പാഞ്ഞു വന്ന മരണത്തെ കണ്ടു ഭയചകിതനായ ആദി മനസിൽ ചിന്തിച്ചതും ഭദ്രമ്മ പറഞ്ഞ കാര്യം മാത്രം ആയിരുന്നു തന്നെ പിന്നിൽ നിന്നും കുത്തുന്നു എന്ന ദുസ്വപ്നം. കുറച്ചു നടന്നപ്പോൾ അവന്റെ ഭയവും ഞെട്ടലും ഒക്കെ കുറഞ്ഞു വന്നു, അവൻ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.

സ്വപ്നങ്ങൾ പലപ്പോഴും ഒന്നുകിൽ നടന്ന കാര്യങ്ങളോ ഇല്ലെങ്കിൽ നടക്കാൻ ഉള്ള കാര്യങ്ങളോ ഒക്കെ ആകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ജീവിതത്തിൽ സംഭവിച്ചിട്ടും ഉണ്ട്, മുൻപ് ഒരു നാൾ പാറുവിനു സംഭവിക്കുന്ന അപകട൦ സ്വപ്നം കണ്ടതല്ലേ അവളെ ആരോ എറിഞ്ഞു വീഴ്ത്തുന്നതു, അതുപോലെ തന്നെ അവളെ ചതിയിലൂടെ അല്ലെ അപകടപ്പെടുത്താൻ നോക്കിയതും പനിനീർ മലയിൽ കൊണ്ടുപോയതും, ഒരിക്കൽ ലക്ഷ്മി അമ്മ തന്നെ കൊല്ലാൻ പോകുന്നതായി സ്വപ്നം കണ്ടിരുന്നു ഇതൊക്കെ  വരുന്നതാണോ തന്റെ ജീവിതത്തിൽ, ഒന്നും തിരിച്ചറിയാൻ സാധിക്കുന്നില്ല.

പലപ്പോഴും ഭദ്രമ്മ പറയുന്ന കാര്യങ്ങൾ തള്ളിക്കളയാൻ സാധിക്കില്ല, തനിക്കു എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട്, അത് നൂറു ശതമാനം സത്യം ആണ്, പക്ഷെ ആ പ്രത്യേകത എന്താണ് എന്ന് മാത്രം അറിയില്ല, അറിയാൻ കഴിയുന്നില്ല, അതൊക്കെ തന്നെ അല്ലെ ഇപ്പോൾ തേടുന്നതും.

എന്തിനു തീയിൽ തുറന്ന ഒരു രഹസ്യം, വെള്ളത്തിൽ തുറന്ന മറ്റൊരു രഹസ്യം, അതിൽ നിന്നും ലോകത്തു കേട്ടുകേൾവി ഇല്ലാത്ത ഒരു രത്‌നം, ഇനി ഇപ്പൊ ഈ അപൂർവ്വ രത്നത്തെ സംരക്ഷിക്കാൻ ആണോ എന്റെ മുത്തശ്ശി എവിടെ നിന്നോ നാടും വീടും ഉപേക്ഷിച്ചു ഇവിടെ വന്നു പെട്ടത്. ആയിരിക്കണം അമൂല്യമായ ഒന്നിനെ സംരക്ഷിക്കാൻ തന്നെ ആണ്, അതായതു ഈ രത്നം തന്നെ.

ആരാ എനിക്ക് പറഞ്ഞു തരിക ഈ സത്യങ്ങൾ ഒക്കെ ?

അവൻ നടന്നു നടന്നു പേ ആൻഡ് പാർക്കിങ് ലെത്തി അവിടെ നിന്നും ജീപ്പ് എടുത്തു പുറത്തേക്ക് ഇറങ്ങി, ടൌൺ ഹാൾ ഇവിടെ നിന്നും മൂന്ന് നാല് കിലോമീറ്റർ ഉണ്ട്, അവിടെ പോയാൽ വീരേന്ദ്ര ഷെട്ടിയെ കാണാൻ സാധിക്കും, ഒന്ന് ശ്രമിച്ചു നോക്കിയാലോ, താനും ഇപ്പോ ആകാംക്ഷയും അത്ഭുതവും ഒക്കെ നിറഞ്ഞിരിക്കുന്ന അവസ്ഥയിൽ ആണ്, ഇനി ആകാംക്ഷ താങ്ങാൻ സാധിക്കില്ല, എന്താണ് ഈ കല്ല്. ഇതിന്റെ മൂല്യ൦ അറിയുന്നത് ഒരിക്കലും വിൽക്കാൻ അല്ല, ഇത് വിട്ടു കാശുകാരൻ ഒന്നും ആകണ്ട, പക്ഷെ ഈ കല്ലേ എന്താണെന്നു

അറിയണ്ടേ ? അമ്പതു കൊല്ലം ആയി ലക്ഷ്മിയുടെ മകൻ ആദിശങ്കരന്റെ കൈകളിലേക്ക് എത്തിച്ചേരുവാൻ ഒരു കാള പ്രതിമയുടെ വയറിനുള്ളിൽ തപസു കൊണ്ടിരുന്നതല്ലേ ഈ കല്ല് , അപ്പോൾ എനിക്ക് ഇത് അറിഞ്ഞേ പറ്റൂ , ഇത് എന്ത് എന്ന്…………..

അങ്ങനെ ജീപ്പുമായി വീരേന്ദ്ര ഷെട്ടിയെ കാണുവാൻ ആയി ആദി ടൌൺ ഹാളിലേക്ക് തിരിച്ചു.

റോഡ് മൊത്തം വലിയ ബ്ളോക് ആണ്.

ജഗദ്ഗുരു ശിവശക്തി ഭഗവാന്റെ ദർശന പരിപാടിയിൽ പങ്കെടുക്കുവാനുള്ള തിരക്കാണ്,

കുറച്ചു നേരം ബ്ലോക്കിൽ ഒക്കെ പെട്ട് ആണെങ്കിലും ടൌൺ ഹാളിനു ഓപ്പോസിറ്റു ഉള്ള പാർക്കിംഗ് സ്ലോട്ടിൽ ആദിക്ക് ഭാഗ്യത്തിന് ജീപ്പ് കയറ്റി ഇടാൻ സാധിച്ചു ഉള്ളിലേക്ക് ഒരു മൂലയിൽ ആണ് പാർക്ക് ചെയ്തത്, പാർക്ക് ചെയ്തു കഴിഞ്ഞപ്പോൾ ആണ് തുടരെ തുടരെ വണ്ടികൾ വന്നുകൊണ്ടിരുന്നത് ഇനി ഇപ്പൊ ജീപ്പ് എടുക്കുക ഏറെ ബുദ്ധിമുട്ടു ആകും എന്ന് ഉറപ്പായി.

അവൻ അവിടെ നിന്നും ഇറങ്ങി നേരെ ടൗൺഹാൾ കോംബൗണ്ടിലേക് പ്രവേശിച്ചു.

ഗേറ്റിനു മുന്നിലായി ജഗദ്ഗുരുവിന്റെ പേര് പതിപ്പിച്ച വലിയ ആർച് വെച്ചിരിക്കുന്നു ഇരുവശത്തും ഇരുപതു അടി ഹോർഡിങ്ങുകൾ, ജഗദ്ഗുരുവിന്റെ പൂർണകായ ചിത്രം വെച്ച്.

ടൌൺ ഹാൾ പരിസരത്തു അനവധി ഹോർഡിങ്ങുകൾ ആണ് ജഗദ്ഗുരു ചിരിച്ചു നിൽക്കുന്നത്, പുറകിൽ പ്രഭാവലയ൦ ഉള്ളത്, തലയിൽ മയിൽ‌പീലി ചൂടി കയ്യിൽ ഓടക്കുഴൽ പിടിച്ചു കൃഷ്ണവേഷം അണിഞ്ഞത്, ഓലക്കുട ചൂടി തലയിൽ പപ്പട൦ ഒട്ടിച്ചു വാമന വേഷം ധരിച്ചത്, കയ്യിൽ അമ്പും വില്ലും ഏന്തി ശ്രീരാമ വേഷം അണിഞ്ഞത്, കയ്യിൽ വേൽപിടിച്ചു വേൽമുരുകന്റെ വേഷം അണിഞ്ഞത്, പുലിത്തോൽ അണിഞ്ഞു കഴുത്തിൽ പാമ്പിനെ ചുറ്റി കെട്ടി കയ്യിൽ ത്രിശൂലവും പിടിച്ചു പരമശിവ വേഷം അണിഞ്ഞു, സാരി ഉടുത്തു. ആദി പരാശക്തി രൂപം എടുത്തു എന്ന് വേണ്ട പണ്ഡിതനെയും പാമരനേയും ഒരുപോലെ പറ്റിക്കുവാനുള്ള സകല ഉഡായിപ്പുകളൂം അവിടെ ഉണ്ട് .

ആകെ തിരക്ക് ആണ്,

അവിടെ ഉള്ള സ്റ്റാളുകളിൽ ജഗദുരുവിന്റെ ഫോട്ടോകൾ പുസ്തകങ്ങൾ വചനങ്ങൾ, വീട്ടിൽ ധനം വന്നുകയറുവാൻ ജഗദ്ഗുരുവിന്റെ തല ഇളകുന്ന കുഞ്ഞു ബൊമ്മകൾ, ശത്രു ദോഷ നിവാരണത്തിന് അങ്ങേരുടെ ലോഹത്തകിടിൽ പതിപ്പിച്ച ഫോട്ടോ, പഠന തടസം മാറുവാൻ ജഗദ്ഗുരു വിന്റെ മുഖം പതിപ്പിച്ച പേന, വിവാഹ തടസം മാറുവാൻ പെൺകുട്ടികൾക്കു അരയിൽ ധരിക്കുവാൻ പ്രത്യേകം മുഖം പതിപിച്ച അരഞ്ഞാണം  എന്ന് വേണ്ട ലോകത്തെ സകലപ്രശ്നങ്ങൾക്കും പരിഹാരമാണ് ജഗദ്ഗുരു ശിവശക്തി സദാശിവ പരമാനന്ദ ഭഗവാൻ.

ദേവതകൾക്കു സഹസ്രനാമാവലി ഉള്ളത് പോലെ ജഗദ്ഗുരു സ്വന്തം പേർക്കും ആയിരം നാമങ്ങൾ എഴുതി ഉണ്ടാക്കിച്ചിട്ടുണ്ട്, ഇയാളുടെ ഭക്തർ എന്നും രാവിലെയും വൈകുന്നേരവും വീട്ടിൽ വിളക്ക് കൊളുത്തി പാരായണം ചെയ്യും.

വിവിധ ഭാഷകളിൽ ആണ് ജഗദ്ഗുരുവിന്റെ കീർത്തനങ്ങൾ പുറത്തു ഇറക്കിയിരിക്കുന്നത്, എല്ലായിടത്തും ഭക്തന്മാർ . അതിന്റെ സീഡികൾ കാസറ്റുകൾ ഒക്കെ ലഭ്യമാണ്, ഇടയ്ക്കു വിഡിയോ ആൽബങ്ങളിൽ ജഗദ്ഗുരുവും മുഖം കാണിക്കും, അഭിനയിക്കും, പൊന്നിനോട് ഒരുപാട് ഭ്രാന്ത് ആണ്,. സ്വയം ശിവനും ശക്തിയും ആണ് എന്നതാണ് അയാളുടെ ഒരു അവകാശവാദം.

ഓം സച്ചിതാനന്ദ പരമാനന്ദ പരമശിവോഹം എന്നതാണ് അവിടത്തെ മൂലമന്ത്രം , അതാണ് ഭക്തന്മാർക്ക് കാതിലോതി കൊടുത്ത് ദീക്ഷ കൊടുക്കുന്ന മാർഗം അവിടെ.

ഭാരതത്തിൽ പല ഭാഗങ്ങളിലായി ആണ് ആശ്രമങ്ങൾ, എല്ലായിടത്തും ആയിരക്കണക്കിന് ഭക്തന്മാർ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഉള്ളവർ ഭക്തഗണത്തിൽ പെടും.അതിൽ രാഷ്ട്രീയക്കാർ, പോലീസ്, ന്യായധിപൻമാർ, ഉന്നതഉദ്യോഗസ്ഥർ എന്ന് വേണ്ട ഒട്ടനവധി ആളുകൾ.

ദക്ഷിണഭാരതത്തിലെ (കു)പ്രസിദ്ധനായ ആൾദൈവം ആണ്, പൊന്നിനോടെന്ന പോലെ പെണ്ണും പഥ്യം. ഭാര്യയുടെ മരണ൦ ഒരു ദിവ്യസമാധി ആക്കി നല്ല പോലെ മാർക്കറ്റ് ചെയ്യുകയും ചെയ്തു കൂടാതെ ഇപ്പോൾ സ്‌ക്രീനിൽ ഇല്ലാത്ത രണ്ടു സിനിമാനടിമാരെ സന്യസിപ്പിച്ചു കൂടെ നിർത്തിയിട്ടുമുണ്ട് പീതാംബ എന്നും ശ്വേതാ൦ബ എന്നും പേര് വിളിച്ചു കൊണ്ട് സഹസന്യാസിനീമാർ ആക്കി.

ബ്രൗൺ നിറമുള്ള മുണ്ടും ജുബ്ബയും ആണ് ആണുങ്ങൾക് അതുപോലെ ബ്രൗൺ സാരി അതാണ് സ്ത്രീകൾക്ക് ആയിരക്കണക്കിന് ഭക്തർ ആണ് ബ്രൗൺ അണിഞ്ഞു അന്ന് സന്നിഹിതർ ആയിരിക്കുന്നത്, പ്രധാന ആശ്രമം പോണ്ടിച്ചേരിയിൽ ആണ്, പക്ഷെ ലോകം ചുറ്റൽ ആണ് ഇയാള്‍ക്ക് ഹോബി

കേസുകൾ അനവധി ഉണ്ട് പ്രായം കുറഞ്ഞ പെൺകുട്ടികളെ ബലാത്സംഗം ചെയ്തതുമുതൽ ആശ്രമത്തിലെ യുവാക്കളെ ഷണ്ഡീകരണം ചെയ്തത് വരെ, എല്ലാത്തിനും കാരണം പരമശിവോഹം എന്ന അവസ്ഥയിൽ എത്തുവാൻ ആണ് എന്ന് ജഗദ്ഗുരുവിന്റെ ഭാഷ്യം എങ്കിലും ഒന്നിനും തെളിവുകൾ ഇല്ല, ശബ്ദമുയർത്തുന്നവർക്കു പിന്നീട് ശബ്ദിക്കാൻ നാക്കും തലയും ഉണ്ടാകുകയും ഇല്ല.

ഇതാണ് ജഗദ്ഗുരു.

ആദി അവിടെ അന്വേഷിച്ചു വീരേന്ദ്ര ഷെട്ടിയെ, ഒരുപാട് അന്വേഷിച്ചു ഒടുവിൽ കണ്ടെത്തി, ഒരു താടിയും മുടിയും ഒക്കെ നരച്ചു വെള്ള അണിഞ്ഞു ഭസ്മം പൂശിയ മനുഷ്യൻ, അറുപത്തിനു മുകളിൽ പ്രായവും ഉണ്ട്, അവിടെ നല്ല തിരക്കിൽ ആണ്, ആദി ഒരുകണക്കിന് അയാളുടെ സമീപം ചെന്ന് കിട്ടിയ ചുരുങ്ങിയ സമയത്തിൽ കൈയിലെ കല്ലിനെ കുറിച്ച് പറഞ്ഞു, കൂടാതെ റിസൾട്ടും കാണിച്ചു.

അദ്ദേഹം തത്കാലം ഉള്ളിൽ കയറി പൂജ ഒക്കെ പങ്കെടുക്കൂ, ഇത് കഴിഞ്ഞു വിശദമായി കാണാം എന്ന് ഉറപ്പു കൊടുത്തു, അയാൾ നിർബന്ധിച്ചു ആദിയെ ഉള്ളിലേക്കു പറഞ്ഞയച്ചു.

ആദി മുന്നോട്ടേക്കു നടന്നു.

എല്ലാവർക്കും പ്രവേശനം ഉണ്ട് അവിടെ രാവിലെ മുതൽ ഉച്ചവരെ ഉള്ള സെഷൻ കഴിഞ്ഞു ഇനി രണ്ടാം സെഷൻ തുടങ്ങുവാൻ പോകുക ആണ്. ഉള്ളിൽ ആകെ പുകമയം ദശാംഗവും ധൂപവും ഒക്കെ പുകച്ചു ഉള്ളിലെ ലൈറ്റുകൾ പോലും പ്രത്യേക സജ്ജീകരങ്ങൾ ആണ്, കൂടാതെ വലിയ എൽ സി ഡി സ്ക്രീനുകൾ, മുന്നിൽ ഭജനകൾക്കുളള പ്രത്യക ഇടം, ഉള്ളിൽ വലിയ സ്റ്റേജ്, പൂക്കൾ കൊണ്ട് അലങ്കരിച്ചതും അതിനു പിന്നിലായി കൈലാസ പർവതത്തിന്റെ വലിയ പശ്‌ചാത്തലവും അവിടെയും നീല, മഞ്ഞ, ചുവപ്പു ലൈറ്റുകൾ ഒക്കെ തരാതരം പ്രകാശിക്കുന്നു മുന്നിലായി വലിയ സിംഹാസനം അത് ജഗദ്ഗുരുവിനു ഇരിക്കുവാൻ ആയി, മൂപര് വരുന്നേ ഉള്ളു.

ഭക്തരൊക്കെ നിരന്നു ഇരിക്കുക ആണ്.

അവിടേക്ക് കയറുന്നതിനു മുന്നേ ആയി ഒന്ന് രണ്ടു ബ്രൗൺ സാരി അണിഞ്ഞ യുവതി സന്യാസിനികൾ കയറുന്ന ഭകതർക്കു അന്നത്തെ പൂജ പ്രസാദം ആയ ചെറു ലഡ്ഡു കൊടുക്കും, അത് കഴിച്ചു കൊണ്ട് ആണ് എല്ലാവരും ഉള്ളിൽ ചെന്നിരിക്കുക.

ആദി മുന്നോട്ടു ചെന്നപ്പോ ആദിയുടെ കൈകൾ ലഡ്ഡു കൊടുത്തു,

എനിക്ക് വേണ്ട ആദി പറഞ്ഞു.

സഹോദരാ….. ഇത് ഇവിടത്തെ നിയമം ആണ് പ്രസാദം കഴിച്ചേ ഉള്ളിലേക്കു പോകാനാവൂ.

എന്ന് പറഞ്ഞു ആദിയുടെ കൈകളിൽ ലഡ്ഡു വെച്ച് കൊടുത്തു.

ആദി അത് കയ്യിൽ പിടിച്ചപ്പോ അത് കഴിക്കുവാനായി അവർ നിർബന്ധിച്ചു.

ആദി മനസില്ലാ മനസോടെ ലഡു വായിലിട്ടു ചവച്ചു.

എന്നിട്ടു ഉള്ളിലേക്കു കയറി.

അപ്പോൾ ആണ് ഭദ്രമ്മ പറഞ്ഞത് മനസിൽ വന്നത് ” അപ്പു ,,പുറത്തു നിന്ന് ഒന്നും കഴിക്കരുത് എന്ന് ”

അവൻ ആരും കാണാതെ ചവച്ച ലഡ്ഡു കയ്യിലേക്ക് തുപ്പി അത് മുറുകെ പിടിച്ചു മുന്നോട്ടു നടന്നു.

നിരന്നിരിക്കുന്ന കുറെ ഭക്തരുടെ അടുത്തു ഒരു മൂലയിൽ പോയി ഇരുന്നു, അവിടെ വിരിച്ചിരിക്കുന്ന പായയുടെ അടിയിൽ ആ ലഡു അവശിഷ്ടങ്ങൾ ആരും അറിയാതെ വെച്ച് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന പോലെ ഇരുന്നു.

അപ്പോളേക്കും അവിടെ അയാളെ വാഴ്ത്തി ഉള്ള കീർത്തങ്ങൾ  ഒക്കെ തുടങ്ങി.

ഓം സദ്ഗുരു ഓം ജഗദ്ഗുരു സച്ചിതാനന്ദ ഗുരു,

ഈശനെ ജഗദീശനെ പരമേശനെ സച്ചിന്മയനെ,

സദാശിവോഹം പരമശിവോഹം നിത്യാനന്ദ പ്രഭോഹം,

ശിവശക്തിസ്വരൂപനെ ദശാവതാരസ്വരൂപനെ,

ശിവശക്തി ശിവശക്തി ശിവശക്തി ശിവശക്തി,

ശിവശക്തി ശിവശക്തി ശിവശക്തി ശിവശക്തി.

പാട്ടിനു വേഗത അങ്ങ് കൂടി താളം അത്യുച്ചത്തിൽ ഒഴുകി ഇരിക്കുന്ന ഭക്തർ ഒരുതരം ഹിസ്റ്റീരിയ ബാധിച്ച പോലെ കൈകൾ മുകളിലേക് ഉയർത്തി കൊട്ടി ഇരിക്കുന്നിടത്തു ഇരുന്നുകൊണ്ട് തുള്ളി ഒക്കെ ആ കീർത്തനങ്ങൾക്ക് അകമ്പടി സേവിച്ചു കൊണ്ടിരുന്നു.

ശിവശക്തി ശിവശക്തി ശിവശക്തി ശിവശക്തി,

ശിവശക്തി ശിവശക്തി ശിവശക്തി ശിവശക്തി,

അവിടെ ഇരിക്കുന്ന എല്ലാവരിലും ഇങ്ങനെ ഒരു മാറ്റം ശ്രദ്ധിച്ചു.

അപ്പോളേക്കും പൂർണ്ണമായും ലൈറ്റ് ഒക്കെ അണഞ്ഞു ആകെ ഇരുട്ട് സിനിമാകൊട്ടയെ പോലെ

ഉള്ളിൽ ലേസർ എൽ ഈ ഡി ലൈറ്റ് ഒക്കെ കൊണ്ട് വലിയ സജ്ജീകരണങ്ങൾ ആണ്.

അപ്പോളേക്കും നടുവിലൂടെ ജഗദ്ഗുരു നടന്നു വരുന്നു ധരിച്ചിരിക്കുന്നത് പുലിത്തോൽ പോലെ ഉള്ള വസ്ത്രം അണിഞ്ഞു ശിവന്റെ രൂപം കെട്ടി കഴുത്തിൽ ഒരു ഡമ്മി പാമ്പും കയ്യിൽ ഡമരു കെട്ടിയ ത്രിശൂലവും നെറ്റിയിൽ ഒരു മൂന്നാം കണ്ണ് റബർ കൊണ്ട് ഉള്ളത് ഒട്ടിച്ചു വെച്ചിരിക്കുന്നു, അതിലെന്തോ ബാറ്ററി ടെക്നിക് ഉണ്ടന്ന് തോന്നുന്നു ഇടയ്ക്കു അത് കണ്ണ് പോലെ തുറന്നു ശക്തിയായ ടോർച്ചു പ്രകാശം ചൊരിയുന്നുണ്ട് , സ്റ്റേജിൽ നിന്നും സ്പോട് ലൈറ്റ് ജഗദ്ഗുരുവിന്റെ ദേഹത്ത് പതിപ്പിക്കുന്നുണ്ട്,

നിറപുഞ്ചിരിയോടെ എല്ലാവരെയും കൈകൾ അഭയഹസ്തം പിടിച്ചു അനുഗ്രഹിച്ചു കൊണ്ട് മെല്ലെ മെല്ലെ നടന്നു വരുന്നു.

ഭഗവാനെ ,,,,,,,,,,,സർവേശ്വരാ ,,,,,,,,,,,,,ഗുരുനാഥാ ,,,,,,,,,,,,,,,അഖിലലോക നായക ,,,,,,,എന്നൊക്കെ ഓരോ ഭക്തർ

കണ്ണീരോടെ നിലവിളിച്ചു പ്രാർത്ഥിക്കുന്നു പുറകിൽ ഇപ്പോൾ രംഗത്തില്ലാത്ത നടിമാരും ഉണ്ട് സഹസന്യാസിനിമാർ ആയി അതിനു പുറകിൽ നിരവധി ശിഷ്യഗണങ്ങളും .

ജഗദ്ഗുരു മുന്നിലേക്കു വരും തോറും ആളുകൾ അമിതഭക്തിയാൽ ഹിസ്റ്റീരിയ പിടിച്ച പോലെ ആണ് പെരുമാറുന്നത് ചിലർ പൊട്ടിക്കരയുന്നു നമസ്കരിക്കുന്നു.

ആദിക്ക് ഇതൊക്കെ കണ്ടു ചിരി ആണ് വരുന്നത്, ഈ കോപ്രായങ്ങൾ കാണിക്കുന്നവനെ ഒക്കെ ഗുരുദേവ ഭഗവാനെ അമ്മേ അച്ഛാ എന്നൊക്കെ വിളിക്കാനും അവരെ കുമ്പിടുവാനും അവരെ പ്രാർത്ഥിക്കുവാനും ഒക്കെ നമ്മുടെ ഇടയിൽ തന്നെ പ്രബുദ്ധരെന്നു സ്വയ൦ വിശേഷിപ്പിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്ന ദുരവസ്ഥ ഓർത്തു സഹതാപം ആണ് തോന്നിയത്.

 

ജഗദ്ഗുരു സ്റ്റേജിലേക്ക് കയറി,

അപ്പോളേക്കും പശ്ചാത്തല സംഗീതം ഉയർന്ന തലത്തിൽ എത്തി.

 

ശിവ ശിവ ശങ്കര പാലയ മാം,

ശക്തി സ്വരൂപ പാലയ മാം,

നിത്യനിരാമയ ശങ്കരരൂപ,

ശരണം ശരണം ഭഗവാനെ,

ശരണം ശരണം ഭഗവാനെ,

ശരണം ശരണം ഭഗവാനെ,

ഓം പരമാനന്ദ പരമശിവ സച്ചിതാനന്ദ ശിവശക്തി സ്വരൂപയാ നമഹ.

 

ജഗദ്ഗുരു കൈകൾ മുകളിലേക് ഉയർത്തി

വായുവിൽ കൈകൾ കൂട്ടി തിരുമ്മി.

അതോടെ കൈകൾ നിറയെ ഭസ്മം.

ആ കൈകൾ നേരെ പിടിച്ചു ഊതി അതോടെ ഭസമം പറന്നു..

 

പരമേശ്വര,,,,ഗുരുവേ ,,,,,,ഭഗവാനെ ,,,,,,,,,,,,,,,,,,എന്ന് ഭക്തഗണങ്ങൾ അലമുറ ഇട്ടു.

ഹ ഹ ഹ് അഹ അഹ ………………………..ഓം ശക്തി ശിവശക്തി എന്ന് പറഞ്ഞു ത്രിശൂലവും പിടിച്ചു ആ സ്റ്റേജിനു ഉള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

മുഖത്ത് ഒരല്പം നേരത്തേക്ക് ഒരു ക്രുദ്ധഭാവം ,,,,,,,,,,,

പിന്നെ പുഞ്ചിരി.

വീണ്ടുംക്രുദ്ധഭാവം,,,, അപ്പോളേക്കും സ്റ്റേജിൽ ലൈറ്റ് ഒക്കെ മങ്ങി പുറകിലെ കൈലാസപർവത ഫോട്ടോയിൽ ചുവന്ന ലൈറ്റ് നിറഞ്ഞു.

ഒപ്പം ശംഖനാദം.

അപ്പോളേക്കും ജഗദ്ഗുരുവിന്റെ ഫേക്ക് തൃക്കണ്ണ് തുറന്നു അതിൽ നിന്നും ചുവന്ന വെളിച്ചം പുറപ്പെട്ടു ഒരു ടോർച്ചു പോലെ.

ശബ്ദം പൊടുന്നനെ സൗണ്ട് സിസ്റത്തിൽ ഇടവെട്ടിന്റെ പേമാരിയുടെ ശബ്ദം, സ്റ്റേജിലും വേദിയിലും പിടിപ്പിച്ച ലേസർ ലൈറ്റുകൾ അവിടെ ആകെ തീ പടരുന്ന പ്രതീതി ഉണ്ടാക്കി.

അതാ ,,,,,,,,ജഗദ്ഗുരു തൃക്കണ്ണ് തുറന്നിരിക്കുന്നു,,,,,,,,,,,,,,,,,

ത്രിലോചന ത്രിനേത്ര ത്രിപുരേശാ നമസ്തേ.

നാശക ജഗദ്‌നാശക സംഹാരകാ നമസ്തേ.

കാലാന്തക കാലകാലാ കാലഭൈരവാ നമസ്തേ.

ശിവാ ശിവശങ്കരാ പരമസച്ചിതാനന്ദാ നമസ്തേ.

നമസ്തേ നമസ്തേ നമ: സച്ചിതാനന്ദാ പരമേശ്വരാ ..

 

അവിടെ ഉയർന്ന ശബ്ദത്തിൽ താള കൊഴുപ്പിന്റെ അകമ്പടിയോടെ ജഗദ്ഗുരുവിനെ വാഴ്ത്തി അപദാനങ്ങൾ മുഴങ്ങി.

ആദിക്ക്  ഇതൊക്കെ കണ്ടിട്ട് ആകെ പ്രാന്ത് ആയി.

അപ്പോളേക്കും ജഗദ്ഗുരു സിംഹാസനത്തില്‍ ഇരുന്നു എന്നിട്ട് വലം കൈ വായോട് ചേര്‍ത്ത് എന്തൊക്കെയോ മന്ത്രിച്ചു മുകളിലേക്കു ഉയര്‍ത്തി വട്ടം

കറക്കി ഇരിക്കുന്നവരുടെ നേരെ എറിയുന്നത് പോലെ ആക്ഷ൯ കാണിച്ചു. ആ സമയം തന്നെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ലേസ൪ ലൈറ്റ് മിന്നുന്ന നക്ഷത്രങ്ങള്‍ പോലെ ഉള്ള പ്രതീതി ഭകത൪ ഇരിക്കുന്നിടത്ത് കാണിച്ചു, അതിനര്‍ത്ഥം ജഗദ്ഗുരു അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു എന്നാണ്, അതോടെ അവര്‍ കൈകള്‍ ഉയര്‍ത്തി ആ അനുഗ്രഹത്തെ സ്വീകരിച്ചു.

സിംഹാസനത്തിൽ ഇരുന്നു കൊണ്ട് അയാൾ കുറച്ചു നേരം എന്തൊക്കെയോ ജപിച്ചു.

പെട്ടെന്ന് ഓക്കാനിക്കുന്ന പോലെ ഒന്ന് ആക്ഷൻ കാണിച്ചു പെട്ടെന്ന് തന്നെ കൈകൾ കൊണ്ട് വായ മൂടി. വായിൽ നിന്നും ഒരു കുഞ്ഞു ശിവലിംഗം പുറത്തേക്ക് എടുത്തു.

അത്ഭുതം മഹാദ്‌ഭുതം,,,,,,,,,,,,,,

അതിനു ശേഷം ഒരു ചകിരി മാറ്റാത്ത തേങ്ങ കയ്യിൽ എടുത്തു അതിൽ കണ്ണുകൾ കൊണ്ട് നോക്കി എന്നിട്ട് നെറ്റിയിൽ പതിപ്പിച്ച ഫേക്ക് തൃകണ്ണ് തുറന്നു അതിൽ നിന്നും വെളിച്ചം പതിപ്പിച്ചു, നിമിഷങ്ങൾക്കുള്ളിൽ ആ തേങ്ങയിൽ തീ പടര്‍ന്ന് പിടിച്ചു.

ഭക്തര്‍ ഭ്രാന്ത് മൂത്ത് ഭഗവാനെ മഹാദേവ സച്ചിതാനന്ദാ എന്നു ഉറക്കെ വിളികുന്നു.

അപ്പോളേക്കും ജഗദ്ഗുരുവേ പ്രകീർത്തിച്ചു അപദാനങ്ങൾ മുഴങ്ങി.

കീർത്തങ്ങൾ പാടി കഴിഞ്ഞു അയാൾക്ക് മുന്നിൽ ഒരു മൈക്ക് കൊണ്ടുവന്നു വെച്ചു.

അഹം പരബ്രഹ്മ

അഹം പരം ശക്തി,

അഹം ശിവ,

അഹം പരമേശ്വര,

അഹം നിത്യനിരാമയ പരമാനന്ദ.

ഞാൻ ആണ് പ്രപഞ്ചത്തിന്റെ തുടക്കം, ഞാൻ തന്നെ പ്രപഞ്ചത്തിന്റെ ഒടുക്കവും, നിങ്ങൾ ആരെ ആണോ പ്രാർത്ഥിക്കുന്നത് അത് ഞാൻ എന്ന് തന്നെ അറിയുക, ഞാൻ ആണ് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ, ഇവരെല്ലാം എന്റെ തന്നെ വേറെ രൂപങ്ങൾ, എല്ലാം പടച്ചവൻ ഞാൻ തന്നെ, ഞാൻ ആണ് സൃഷ്ടാവ്, നിങ്ങൾ മനസു കൊണ്ട് എന്നെ ജപിക്കുക എന്നെ പ്രാർത്ഥിക്കുക, ഞാൻ ആണ് നിങ്ങളുടെ സംരക്ഷകൻ, ഞാൻ ആണ് പ്രപഞ്ചത്തിന്റെ ആധാരമായ ശിവ൯, ഞാൻ ആണ് ശിവശക്തി.

ഐ ആം ദി ഓമ്നിപൊട്ടന്റ്  ( ഞാൻ ആണ് സർവ്വശക്ത൯ )

ഐ ആ൦ ദി ഓമ്നി പ്രേസേന്റ്റ് (ഞാൻ ആണ് സർവ്വവ്യാപി )

 

നിങ്ങളുടെ പൂജകൾ പ്രാർത്ഥനകൾ എല്ലാം വഴിത്തിരിഞ്ഞു പോകാതെ എന്നിലേക്ക് മാത്രം അർപ്പിക്കുക .. ഞാൻ ആണ് ജഗദ്ഗുരു.

ഞാൻ ആണ് പരമശിവൻ മഹാദേവൻ.

അയാൾ അത് പറയുമ്പോൾ പശ്ചാത്തലത്തിൽ ഇടിവെട്ടും ഇടിമിന്നലും ഉണ്ടാക്കി.

ഭക്തർ എല്ലാവരും ആ വാക്കുകളിൽ അവിടെ ഒഴുകുന്ന സംഗീതത്തിൽ മുഴുകി സ്വയം മറന്നു മതിമറന്നു ഇരിക്കുന്നു.

അപ്പൊ തനിക്കെന്താണ് ഈ മാറ്റങ്ങൾ ഒന്നും ഇല്ലാത്തതു ?

ആദി വലതും ഇടതും മുന്നിലും പിന്നിലും ഒക്കെ ഇരിക്കുന്നവരെ സൂക്ഷിച്ചു നോക്കി.

എല്ലാവരും ഒരു മനോനില തെറ്റിയ പോലെ ഉള്ള അവസ്ഥയിൽ.

അപ്പോൾ ആണ് അവനു ഉള്ളിലേക്കു ആ ഒരു തോന്നൽ വന്നത്, പുറമെ നിന്നും ഉള്ളിലേക്കു വന്നപ്പോൾ അവർ തന്ന ലഡ്ഡു താൻ കഴിച്ചിരുന്നില്ല , ഒരുപക്ഷെ അതിൽ ഏതേലും തരത്തിൽ ഡ്രഗ് കണ്ടെന്റ് ഉണ്ടെങ്കിൽ സാവധാനത്തിൽ ആളുകളെ ഈ ഒരു അന്തരീക്ഷത്തിൽ ഉന്മത്തരാക്കുന്ന മയക്കുമരുന്ന്.

അതെ ,,,, അത് തന്നെ ആണ് സാധ്യത.

ഈ കഴിവേറിയുടെ മോൻ കാട്ടുന്നത് ഒക്കെ മാജിക് ആണ്, വെറും മാജിക്,  അതിനു കുറച്ചു തീവ്രത കൂട്ടാൻ ആയി ഭക്തരായി വരുന്നവരെ പാതിമയക്കി ആണ് പരിപാടികൾ എല്ലാം. അവ൯ മനസ്സില്‍ ഓര്‍ത്തു.

അപ്പോളേക്കും സിനിമ നടി സന്യാസിനികള്‍  ശ്വേതാംബയും പീതാംബയും എത്തി അയാൾക്ക്‌ ഇരു സമീപവും ആയി ഇരുന്നു.

ഭക്തരെ,

നിങ്ങൾ ശ്രദ്ധിച്ചിരുന്നോ, ഇന്ന് സൂര്യോദയം പന്ത്രണ്ടു മിനിറ്റു താമസിച്ചു ആണ്, അഞ്ചേ അൻപത്തി ഒൻപതിന് ഉദിക്കേണ്ട സൂര്യൻ ഇന്നു ആറു പതിനൊന്നിന് ആണ് ഉദിച്ചത്, നോക്കൂ ഇന്നത്തെ ഉദയ അസ്തമയ സമയം നോക്കൂ ,,, കാരണം അറിയണ്ടേ ,,??,,,

വേണം സ്വാമി ,,,,,,,,,,,,,,,,,,,,ഭക്തർ അപേക്ഷിച്ചു.

ഇന്ന് രാവിലെ ഞാന്‍  ഗോപൂജ ചെയ്യുക ആയിരുന്നു, അത് സൂര്യോദയത്തിനു മുന്നേ ആണ് ചെയ്യേണ്ടത്, ഞാന്‍  അത് ചെയ്തുകൊണ്ടിരുന്നപ്പോൾ കിഴക്കു സൂര്യന്റെ ഒരു സാന്നിധ്യം എനിക്കു   അനുഭവപ്പെട്ടു, അപ്പോൾ തന്നെ ഞാന്‍  സൂര്യനോട് ആജ്ഞാപിച്ചു, മാറിനില്ക്, എനിക്കു   ഗോപൂജ ചെയ്യണം എന്ന്, അതുകൊണ്ടു നമ്മുടെ  ഗോപൂജ കഴിയുന്നത് വരെ സൂര്യൻ ഉദിക്കാതെ കാത്തുനിന്നു, കാരണം സകല ചരാചരങ്ങളെയും നിയന്ത്രിക്കുന്നവൻ ആണ് ഞാന്‍  , ഞാന്‍   ആണ് ശക്തി, ഞാന്‍   ആണ് പ്രപഞ്ചത്തിന്റെ ഊർജം, നിങ്ങൾക്കും പ്രപഞ്ചത്തെ നിയന്ത്രിക്കാം ……….

അതിനു ………..എന്നെ   മാത്രം നിങ്ങൾ ഉപാസിക്കുക

പച്ചക്കറി മാത്രം കഴിക്കുക…. പച്ചക്കറി മാത്രം ,,,,ഓര്‍ഗാനിക് ലൈഫ് ….

പറയു ആരാണ് മഹാദേവൻ ?

ജഗദ്ഗുരു ,,, അങ്ങ് തന്നെ ,,,,,,,,,,,,,,,,ഇരിക്കുന്നവർ അലറി.

“ഇവനിതു പ്രാന്ത് ആണോ, അതോ പ്രാന്ത് അഭിനയിക്കുന്നതാണോ ” ആദി ഇതൊക്കെ കേട്ട് താടിക്ക് കൈകൊടുത്തു പോയി.

അങ്ങനെ കുറെ നേരം അയാൾ എന്തൊക്കെയോ പറഞ്ഞു പറയുന്ന അയാൾക്കും മനസിലാകുന്നില്ല കേൾക്കുന്നവർക്കും മനസിലാകുന്നില്ല, ബിഗ് ബാംഗ് തിയറി, പരിണാമം, ഐൻസ്റ്റീന്റെ ഫോർമുല ഇ സമം എം സി സ്‌കോയർ, ഇന്റ൯സിറ്റി, കണ്ടിന്യുവിറ്റി, ഇൻഫിനിറ്റി, ബയോ എനർജി, കെമിസ്ട്രി ഓഫ് ഫിസിക്‌സ്, ഫിസിക്സ് ഓഫ് ബയോളജി, ബയോളജി ഓഫ് മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് ഓഫ് യുണിവേഴ്‌സ് എന്ന്  വേണ്ട ആർക്കും മനസിലാകാത്ത സകല കാര്യങ്ങളും ജഗദ്ഗുരു തന്റെ ഭക്തർക്ക് സാരോപദേശങ്ങൾ പോലെ ചൊരിഞ്ഞു കൊണ്ടിരുന്നു.

ഭക്തരെ ,,, നമ്മുടെ ആശ്രമത്തില്‍ എന്റെ ആത്മാവിന്റെ ഐഡിയ പ്രകാരം ഒരു സോഫ്ടു വെയര്‍ ഡെവലപ് ചെയ്തു കൊണ്ടിരിക്കുക ആണ് , അത് പൂര്‍ണ്ണ അവസ്ഥയിലെക് എത്തിയാല്‍ ആ സോഫ്ട്വെയറിന്റെ സഹായത്തോടെ നിങ്ങളുടെ വീടുകളിലെ ആടുമാടുകളൊക്കെ സംസാരിച്ച് തുടങ്ങും …. ലി൦ഗിസ്റ്റികലി , ഫോണെറ്റിക്കലി , ലെജിടിമേട്ടിലി , അവ൪ രാവിലെ ഗായത്രീ മന്ത്രം പോലും ജപിച്ച് തുടങ്ങും …………..

അതോടെ ഭക്തരരൊക്കെ കൈയടിക്കാ൯ തുടങ്ങി.

ഹ ഹ ഹ ,,, പരമമായ അറിവാണു ഞാ൯

ഞാന്‍ ആണ് സുപ്രീം കോന്‍ഷ്യസ്നെസ്സ് …

ഞാന്‍ ആണ് കോസ്മിക് കോന്‍ഷ്യസ്നെസ്സ്

ഐ ആം ദി അല്‍ട്ടിമേറ്റ്  ലിബെറേറ്റര്‍

ലോകത്തു സത്യമായതു ശിവം ആണ്, അതാണ് ഞാൻ, കൈലാസത്തിൽ കാശിയിൽ രാമേശ്വരത്തു ഇരിക്കുന്നത് ഞാൻ തന്നെ, അവിടെ ഉള്ളത് എന്റെ ലിംഗരൂപം ആണ്, നിങ്ങൾ പ്രാര്ഥിക്കുമ്പോ എന്റെ മുഖം മനസിൽ സങ്കൽപ്പിക്കുക.

അതിലൂടെ നിങ്ങൾക് മരണത്തെ അകറ്റാം, നിങ്ങളെ മരണം തൊടില്ല, കാരണം എന്നെ പൂജിക്കുന്നത് മുതൽ നിങ്ങൾ ഹോമോ സാപ്പിയൻസ് എന്ന അവസ്ഥയിൽ നിന്നും കോസ്മോ സാപ്പിയൻസ് എന്ന അവസ്ഥയിലേക്ക് മാറും,  നിങ്ങൾ ഓരോരുത്തരും ഈ എന്നിലെ കോസ്മിക്‌ എനർജിയുടെ ഭാഗമായി മാറും,

എനിക്ക് മരണം ഇല്ല,

ഞാൻ ആണ് പ്രപഞ്ച സത്യം, പ്രപഞ്ച ഊർജം,

നിങ്ങൾ എന്റെ ഭാഗമായി മാറുമ്പോൾ നിങ്ങൾക്കും മരണം ഉണ്ടാകില്ല,

കോസ്മോ സാപ്പിയൻസിന് മരണമില്ല.

എല്ലാവരും കണ്ണുകൾ അടക്കു…………………………….അയാള്‍ കല്‍പ്പിച്ചു

അതുകേട്ട് എല്ലാവരും കണ്ണുകൾ അടച്ചു .

 

ശ്വാസം ഉള്ളിലേക്ക് എടുത്തു എന്റെ രൂപം മനസിൽ സങ്കൽപ്പിക്കൂ.

ഇനി ഉറക്കെ ഉറക്കെ ഏറ്റു ചൊല്ലു എന്നെ ഭജിക്കേണ്ട മന്ത്രം ,,,

ഓം …ഓം സച്ചിതാനന്ദ പരമാനന്ദ പരമശിവോഹം.

ഓം  ജഗദ്ഗുരു പരമാനന്ദ പരമശിവ സച്ചിതാനന്ദ ശിവശക്തി സ്വരൂപയാ നമഹ.

ചൊല്ലു ….ഉറക്കെ ഉറക്കെ ചൊല്ലു ……

ഓം …ഓം സച്ചിതാനന്ദ പരമാനന്ദ പരമശിവോഹം.

ഓം  ജഗദ്ഗുരു പരമാനന്ദ പരമശിവ സച്ചിതാനന്ദ ശിവശക്തി സ്വരൂപയാ നമഹ ,,,

ഭക്തർ ഭക്തി മൂത്തു കണ്ണുകൾ ഒക്കെ നിറഞ്ഞു മന്ത്രം ജപിച്ചു.

അപ്പോളേക്കും വീണ്ടും കീർത്തനങ്ങൾ തുടങ്ങി.

അതിനു ശേഷം അയാൾ എഴുന്നേറ്റു,

ഇനി ആണ്   ഭഗവാന് വേണ്ടി ഉള്ള സമ൪പണം.

നിങ്ങളുടെ കൈകളിൽ ഉള്ളത് അത് എന്തും ആകട്ടെ ഈശ്വരന് സമ൪പ്പിക്കുമ്പോ കുറഞ്ഞു പോയി എന്ന തോന്നൽ ഉണ്ടാകരുത്, കാരണം നിങ്ങളെ പൂര്ണ്ണതയിലേക് നയിക്കുന്നവനാണു ജഗദ്ഗുരു ആയ ഞാൻ, നിങ്ങളിൽ കോസ്മിക് എനർജി നിറക്കുന്നവനും ഞാൻ തന്നെ ഇവിടെ സമർപ്പണത്തിനായി വെച്ചിരിക്കുന്ന  നിങ്ങൾക് ശരി എന്ന് തോന്നുന്നതു സമർപ്പിക്കാം, എല്ലാം അനുഗ്രഹം ഉള്ളതാകും.

അയാൾ അത് പാഞ്ഞു കഴിഞ്ഞപ്പോൾ ശിഷ്യഗണങ്ങൾ വലിയ പട്ടു സഞ്ചി നീട്ടി ഓരോ ഭക്തരുടെ ഇടയിലൂടെ നടന്നു, ഭക്തർ ആ വിഭ്രമിച്ചിരിക്കുന്ന അവസ്ഥയിൽ പോക്കറ്റിൽ നിന്നും ആയിരങ്ങൾ അതിലേക്ക് ഇട്ടു കൊടുത്തു സ്ത്രീകൾ അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ വരെ ഊരി സമർപ്പിച്ചു.

സ്വരൂപ ദർശനത്തിനായി ജഗദ്ഗുരു എഴുന്നേറ്റു.

അപ്പോൾ സ്റ്റേജിൽ ആകെ ഇരുട്ട് ആയി, പിന്നെ ലൈറ്റ് അറേഞ്ച്മെന്റ് ന്റെ സഹായത്തോടെ അയാൾ വീണ്ടും ശിവനായി പകർന്നാടി, ഇടയ്ക്കു ശിവതാണ്ഡവ നൃത്തം ചെയ്യാനും തുടങ്ങി, പറ്റുന്ന പോലെ,,,  എല്ലാം കഴിഞ്ഞു അയാൾ സിംഹാസനത്തിൽ ഇരുന്നു.

അപ്പോളേക്കും ശ്വേതാംബയും പീതാംബയും കൂടെ ആരതി കൊണ്ട് വന്നു.

സിംഹാസനത്തിൽ ചമ്രം പടിഞ്ഞിരിക്കുന്ന അയാൾക്ക് ആരതി ഉഴിയുവാൻ തുടങ്ങി.

അപ്പോളേക്കും മംഗള ആരതി തുടങ്ങി, ഭക്ത൯മാരും ഏറ്റു ചൊല്ലി കൈകൾ കൂപ്പി.

ഓം ,,,,,,,,ശിവശക്തി ഓംകാരാ,

സ്വാമി ജഗദ്ഗുരു ഓംകാര,

പരമാനന്ദ സ്വരൂപാ ………….

പരമേശ്വര ജഗദീശാ,

ഓം ശക്തി ഓംകാര …

ശ്രീ ശിവശക്തി ഓംകാര …………….

 

അങ്ങനെ ഒരു അഞ്ചര മണിയോടെ ആരതി കഴിഞ്ഞു.