അപരാജിതൻ 12 [Harshan] 9417

ആദി ആ ബല്‍കണിയിലെ ഇരുമ്പു ഹാന്‍ഡ് റെയിലില്‍ പിടിച്ച് ചാരി നിന്നു.

വീരേന്ദ്ര ഷെട്ടി തളര്‍ന്ന് ചുമരില്‍ ചാരി കിടന്നു, ശ്വാസ൦ നല്ല പോലെ വലിച്ചു വിട്ടു കൊണ്ടിരുന്നു.

ആദി ആ നില്‍പ്പില്‍ കണ്ണുകള്‍ അടച്ചു നിന്നു കുറച്ചു നേരം.

അവന്‍ സ്വയം ചിന്തിച്ചു.

ലക്ഷ്മി അമ്മ എന്തോ ഒന്നിന്റെ കണ്ണി ആണ്, ആ കണ്ണിയെയും ഈ രത്നത്തെയും സംരക്ഷിക്കാന്‍ ആയിരിക്കണം മുതശ്ശി നാട് വിട്ടു പോന്നത്, ഇതിപ്പോള്‍ അഴിക്കുന്തോറും മുറുകുന്ന കുരുക്ക് ആയി മാറുക ആണല്ലോ, വെറുമൊരു രത്‌നം ആണെന്ന് വിചാരിച്ചു, ഇപ്പോൾ അറിയുന്നു ഭഗവാന്റെ നാഗഭരണമായ വാസുകി ശിരസിൽ അണിയുന്ന രത്നം ആണ് എന്ന്, അങ്ങനെ ചിന്തിക്കുമ്പോ വാസുകി എന്ന സർപ്പം ഭൂമിയിൽ എവിടെയോ ഉണ്ടാകില്ലേ, ശിരസിലെ രത്നമില്ലാതെ തിരിച്ചു പോകില്ലലോ, അപ്പൊ കാളയുടെ വയറിൽ നിന്നും അന്ന് കിട്ടിയ ആ നാഗത്തല ഉള്ള യന്ത്രം അത് ഈ വാസുകിയുമായി ബന്ധമുള്ളത് ആകുമോ ?

ലക്ഷ്മി അമ്മയുടെ ശിവഭക്തി, തനിക്കു ഇപ്പോൾ ഭഗവാൻ ഉള്ളിൽ തോന്നിച്ച കാര്യങ്ങൾ, അതിനു മുന്നേ സിബിയെ ഉപദ്രവിച്ച ഗുണ്ടകളെ മർദിച്ചപ്പോൾ താൻ അറിയാതെ പറഞ്ഞുപോയ കാലഭൈരവമന്ത്രം, അന്ന് തലചുറ്റുന്ന പോലെ വന്നപ്പോൾ ശിവക്ഷേത്രത്തിനു സമീപം ആൽത്തറയിൽ കിടന്നപ്പോ അനുഭവിച്ച സ്വപ്നങ്ങൾ അതുപോലെ ആ പക്ഷിശാസ്ത്രം അമ്മൂമ്മയുടെ തത്ത എടുത്ത മൂന്നു ചീട്ടുകൾ അതിൽ മഹാദേവനും നാരായണനും പരശുരാമനും ………

ഒക്കെ കൂട്ടി വായിക്കുമ്പോൾ മനസിൽ തോന്നുന്നത് മഹാദേവനുമായി നല്ലപോലെ ബന്ധമുള്ള ഒരു കുടുംബം ആകണം മുത്തശ്ശിയുടെയോ അല്ലെങ്കിൽ മുത്തശ്ശന്റെയോ,,,

ഭദ്രാമ്മ പറഞ്ഞതും ശരി ആണ് എന്ന് തോന്നുന്നു, എല്ലാം ആരോ തീരുമാനിച്ചിട്ടുണ്ട്,,

ഇതിപ്പോ ഇത്രയും നാൾ മഹാദേവൻ ഒന്നും ഇല്ല എന്ന് യുക്തിപൂർവ്വം ചിന്തിച്ചു നടന്നിട്ടു അങ്ങനെ അല്ല എന്ന് എന്നെ കൊണ്ട് തന്നെ അനുഭവങ്ങൾ തന്നു ചിന്തിപ്പിക്കുന്നതാണോ, അതോ ഇനി കാണുന്ന വെറും സ്വപ്നങ്ങളാണോ …. ആദി ആ നിൽപ്പ് തുടർന്നു ആ രത്നവും വലം കയ്യിൽ പിടിച്ചു.

പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് ആദി കണ്ണുതുറന്നതും, തന്റെ കഴുത്തിന് നേരെ അതിവേഗത്തിൽ ആയുന്ന ത്രിശൂലം, ജഗദ്ഗുരു എഴുന്നേറ്റു വന്നു ആദിയെ ത്രിശൂലം കൊണ്ട് ആക്രമിച്ചതായിരുന്നു അത് .

പെട്ടെന്നുള്ള ആക്രമണത്തിൽ അതിവേഗത്തിൽ ആദി ദേഹം വലത്തേക്ക് നീക്കി എങ്കിലും അതിശക്തിയിൽ ഉയർന്നു ജഗദ്ഗുരു ആദിയുടെ തോളിൽ ആഞ്ഞു ചവിട്ടി, ചവിട്ടിന്റ ശക്തിയിൽ ആദിയുടെ കയ്യിലെ രത്നം തെറിച്ചു താഴെ ഇരുന്നിരുന്ന വീരേന്ദ്ര ഷെട്ടിയുടെ മടിയിൽ പോയി വീണു.

നിലതെറ്റി ആദി ഹാൻഡ്റെയിലിനു മുകളിലൂടെ താഴേന്നു വീണു,

വീണപ്പോൾ തന്നെ ആദിയുടെ കൈകൾ ഹാൻഡ് റെയിലിന്റെ ഒരു കമ്പിയിൽ പിടിച്ചു എങ്കിലും നാലാം നിലയുടെ മുകളിൽ അവൻ തൂങ്ങി കിടന്നു.

ഹ ഹ ഹ ഹ,,,,,,,,,,,,,, എന്നെ തോൽപ്പിക്കാൻ നീ ആയിട്ടില്ല,,, നിന്റെ മരണം ഞാൻ തന്നെ നടത്തും.

എന്ന് പറഞ്ഞു അയാൾ താഴേക്ക് നോക്കിയപ്പോൾ താഴെ കൂർത്ത കമ്പികൾ ഒക്കെ കൂട്ടി ഇട്ടിരിക്കുന്നു, അതിലേക് വീണാൽ എന്തായാലും ആദിയുടെ ദേഹത്തിൽ അവ തുളഞ്ഞു കയറും.

അയാൾ ആദി പിടിച്ച കമ്പിയിൽ നിന്നും ശക്തിയിൽ അവന്റെ കൈകളിൽ ചവിട്ടി ചവിട്ടി അവന്റെ കൈകൾ വിടുവിച്ചു.

അമ്മെ എന്ന് ,,,,,,,,,,,,അലറികൊണ്ട് ആദി നാലാം നിലയിൽ നിന്നും ശക്തിയിൽ താഴേക്ക് വീണു

താഴെ ഉള്ള പാരപ്പെറ്റിൽ ഇടിച്ചു വീണും താഴേക്കു, എങ്ങനെയോ പാരപെറ്റിന്റെ അരികിൽ അവനു പിടിത്തം കിട്ടി, അവൻ അതിൽ തൂങ്ങി ആടുക ആണ്.

താഴേക്കു നോക്കിയപ്പോൾ അവനു കണ്ണിൽ ഇരുട്ടുകയരുന്നത് പോലെ, ഇരുമ്പു സ്ക്രാപ്, നിറയെ കമ്പികൾ അതിലേക്ക് വീണുപോയാൽ, മരണം ഉറപ്പ്.

ജഗദ്ഗുരു അതിവേഗ൦ ആ നാഗമണി വീരേന്ദ്ര ഷെട്ടിയുടെ കൈകളിൽ നിന്നും വാങ്ങി മുകളിൽ നിന്നും താഴേക്ക് ചെന്ന് അയാൾ തന്റെ കാറിൽ കയറി സ്വയം ഓടിച്ചു മുന്നോട്ടു പോയി…

തൂങ്ങി കിടക്കുന്ന ആദി ആ അയാൾ പോകുന്ന കാഴ്ച കണ്ടു അലറി.

ആദി നോക്കിയപോൾ കൈകൾ ലൂസ് ആയി വരുന്നു എത്ര മുറുക്കി പിടിക്കുമ്പോളും ചെറുതായി വഴുക്കൽ ഉണ്ട്, കൈകൾ തളരുന്ന പോലെ, അവൻ താഴേക്ക് വീണ്ടും നോക്കി, വീണുപോയാൽ മരണം ആണ്.

മഹാദേവാ ,,,,,,,,,,എന്നവൻ ഉള്ളിൽ വിളിച്ചു പോയി ,,

ഇടത്തെ സൈഡിലേക്ക് നോക്കിയപ്പോൾ ഒരു കോണിൽ ഇരുമ്പു ജനൽ തുറന്നു കിടക്കുന്നു എങ്ങനെയെങ്കിലും അതിൽ ഒരു പിടിത്തം കിട്ടിയാൽ രക്ഷപെടും.

അവൻ മുറുകെ പിടിച്ചു തന്നെ തൂങ്ങി ആടി ശക്തിയിൽ ഇരുമ്പു ജനലിനു നേരെ കുതിച്ചു, ജനലിന്റെ ഫ്രയിമിൽ കൈപിടി മുറുകുന്നതിനു മുന്നേ തന്നെ അവൻ താഴെക്കു വീണു അതിവേഗത്തിൽ, ജനലിനു കുറെ താഴെ ഉള്ള കുഞ്ഞു പാരപെറ്റിൽ ഇടിച്ചു വീണ്ടും താഴേക്ക് വീണു അവിടെ ഫിക്സ് ചെയ്ത വെച്ചിട്ടുള്ള നീള൯ കമ്പിയിൽ വയറുഭാഗം ഇടിച്ചു താഴെ വീഴാതെ തൂങ്ങി കിടന്നു, അവൻ അതിൽ ബാലൻസ് ചെയ്തുകൊണ്ട് അടുത്തുള്ള പൈപ്പിൽ പിടിക്കാൻ നോക്കി കൊണ്ടിരുന്നു.

അപ്പോൾ ആണ് അവന്റെ ഭാരം നിമിത്തം ഫിക്സ് ചെയ്ത പൈപ്പിന്റെ ക്ലാമ്പ് ഇളകി പറഞ്ഞു അവനുമായി വീണ്ടും താഴേക്ക് വീണത്. ആ വീഴ്ച്ചയില്‍ താഴെ ഉള്ള ഒരു ബാൽകനിയുടെ ഹാൻഡ്റെയിലിൽ പിടിത്തം കിട്ടി, അവിടെ തൂങ്ങി ആടി കിടന്നു .

അവന്‍ ശക്തിയിൽ തന്നെ അതിൽ പിടിച്ചു കൊണ്ട് ദേഹത്തെ മുകളിലേക്ക് ഉയർത്തി കാലു ഉയർത്തി ഹാൻഡ് റെയിലിനു മുകളിൽ വെച്ച് ഒരുകണക്കിന് ആ ബാൽക്കണിയുടെ ഉള്ളിൽ കയറി പറ്റി. അത് രണ്ടാം നില ആയിരുന്നു.

അവിടെ നിന്നും അവൻ അതിവേഗത്തിൽ സ്റ്റെയറുകൾ വഴി ഇറങ്ങി പുറത്തേക്കു ഓടി.

അവിടെ മൂന്നാല് കാറുകൾ കണ്ടു.

വീരേന്ദ്രഷെട്ടിയുടെ ഡ്രൈവർ അവിടെ ഉണ്ടായിരുന്നു.

അയാളോട് താക്കോൽ ചോദിച്ചു.

അയാൾ കൊടുക്കില്ല എന്നുപറഞ്ഞപ്പോൾ ഒറ്റ ചവിട്ടിനു അയാളെ തെറിപ്പിച്ചു താക്കോൽ എടുത്തു ഡോർ തുറന്നു കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു അവൻ ഗേറ്റിനു വെളിയിലേക്ക് കുതിച്ചു.

അയാള് കാറും കൊണ്ട് പോയത് വന്ന വഴിക്കു എതിരെ ആയിരുന്നു എന്ന് ആദി നേരത്തെ കണ്ടിരുന്നു.

ആദി ആ വഴി തന്നെ അതി വേഗത്തിൽ കാർ പായിച്ചു.

കൊടും വനം ആണ്, റോഡും മോശം ആണ്, ഇരുട്ടും

കാർ അതിവേഗ൦ മുന്നോട്ടു പോയപ്പോൾ ആണ് വഴിയിൽ  ഒരിടത്തു ആയി ജഗദ്ഗുരു പോയ കാർ ഒരു മരത്തിൽ ഇടിച്ചു കിടക്കുന്നതു കണ്ടത്, ആ വഴിയിൽ ഒരു മ്ലാവിനെ ഇടിച്ചു തെറിപ്പിച്ചിട്ടും ഉണ്ട്, അപ്പോ ഈ കാർ എടുക്കാൻ

സാധിക്കാത്തതു കാരണ൦ അയാൾ കാർ ഇവിടെ ഇട്ടു പോയികാണണം എന്ന് ആദി ഉറപ്പിച്ചു എങ്കിൽ ഈ പരിസരത്തു തന്നെ കാണാ൯ ഇടയുണ്ട്, അവൻ കാർ ഒരൽപം മുന്നോട്ടേക് എടുത്തു, കുറച്ചു പോയപ്പോൾ അവിടെ ഒരു മരം കടപുഴകി വീണു കിടക്കുക ആണ്, അപ്പൊ അങ്ങോട്ടേക്ക് ഇനി പോകാ൯ സാധിക്കില്ല, എങ്കിൽ അയാൾ എവിടെ പോയി കാണും,, ആദി  കാറിൽ നിന്നും പുറത്തേക്കു ഇറങ്ങി ആ വഴിയിൽ ആകെ തപ്പി നടന്നു, പെട്ടെന്നാണ് അവൻ ശ്രദ്ധിച്ചത് അയാളുടെ മേൽ മുണ്ട് അവിടെ ഒരു വശത്തു വീണു കിടക്കുന്നു, മൊബൈലിൽ ടോർച് അടിച്ചു നോക്കിയപ്പോൾ വനത്തിനുള്ളിലേക് ചെടികൾ

ഒക്കെ ചവിട്ടി മെതിച്ചു ഓടിപ്പോയ ഒരു ലക്ഷണം കാണാനുണ്ട്,

അവൻ വേഗം തന്നെ ആ ഘോര വനത്തിനുള്ളിലേക്ക് കയറി, മുന്നോട്ടേക്ക് ഓടി.

വനത്തിലാകെ കുറുക്കന്മാരുടെ ഓരിയിടൽ നല്ലപോലെ ഉണ്ട്, ചീവീടുകളുടെ കാത്തു തുളയ്ക്കുന്ന ശബ്ദം ആണ് എവിടെയും.

ആദി മുന്നോട്ടേക് നടന്നു ഒരു അരുവി ഒഴുകുന്ന ശബ്ദം ഒക്കെ കേൾക്കുന്നുണ്ട്,

ഒരു കുഞ്ഞു വെള്ള ചാട്ടം ആണ്, അതിനു അരികിൽ ആയി ഒരു വലിയ പാറകെട്ടു ഒക്കെ ഉണ്ട്.

ആ പാറക്കെട്ടിന്റെ ഭാഗത്തു വലിയ ഒരു പ്രകാശം കാണുന്നു.

ആദി അങ്ങോട്ടേക്ക് നടന്നു.

ആദി പാറക്കൂട്ടത്തിനടുത്തു എത്തി ആ കാഴ്ച കണ്ടു അവൻ അത്ഭുതപ്പെട്ടു പോയി.പാറക്കെട്ടിൽ കള്ള സ്വാമി നിൽക്കുക ആണ്, അയാളുടെ കയ്യിൽ നാഗമണി അത്യുജ്ജ്വലമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ആ പ്രദേശമാകെ അയാളുടെ കയ്യിലെ നാഗമണിയിലെ പ്രകാശം ഒരു സൂര്യതേജസ് പോലെ നിറഞ്ഞു കവിയുന്നു.

“നാഗലോകത്തിന്റെ രാജാവായ വാസുകി ശിരസിൽ അണിയുന്ന സംഹാര തേജസുമുള്ള നാഗമണിക് ഉടയവൻ ആയ ഞാൻ ആജ്ഞാപിക്കുന്നു ഇവിടെ ഉള്ള സകല നാഗകുല ജാതരും എന്റെ മുന്നിൽ പ്രത്യക്ഷമാകുക ………………. നിങ്ങളിലൂടെ വേണം എനിക്ക് ഈ പ്രപഞ്ചത്തിന്റെ നിയന്ത്രണം നേടിയെടുക്കുവാൻ ,,,,, ഞാൻ കൽപ്പിക്കുന്നു ,,,,,,,,,,,,,,,ഉടൻ ഉടൻ തന്നെ എന്റെ മുന്നിൽ പ്രത്യക്ഷമാകുക ”

ഇത്രയും പറഞ്ഞു അയാൾ ആ നാഗമണി നേരെ ചൂണ്ടി സാവധാനം വട്ടം കറങ്ങി.

അപ്പോളേക്കും ഉയർന്ന ശബ്ദത്തിൽ കാട്ടുനായ്ക്കളും കുറുക്കൻമാരും ഒരിയിടുവാൻ ആരംഭിച്ചു.

പൊടുന്നനെ അവിടെ ആകെ മണ്ണിൽ ഇഴയുന്ന ശബ്ദം മുഴങ്ങുവാൻ തുടങ്ങി.

ആദി അത് കണ്ടു ഞെട്ടി പോയി.

ചുറ്റും നിന്ന് വനത്തിലുള്ള സകല സർപ്പങ്ങളും ഇഴഞ്ഞു അയാളുടെ മുന്നിലേക്ക് വന്നുക്കൊണ്ടിരുന്നു. മരത്തിന്റെ മുകളിൽ നിന്ന്, മണ്ണിനടിയിൽ നിന്ന്, കുറ്റിചെടികളുടെ ഇടയിൽ നിന്ന്, ആ കാഴ്ച കണ്ടു അവന്റെ ദേഹത്ത് പുഴുക്കൾ ഞൊളക്കുന്ന പോലെ ഒരു അനുഭവം ഉണ്ടായി, കാരണം അത്ര ഏറെ നാഗങ്ങൾ വിവിധ വർണ്ണങ്ങളിൽ, വിവിധ വലുപ്പത്തിൽ, അയാൾക്കും ചുറ്റുമായി നില കൊണ്ടിരുന്നു, അപ്പോളും നിർത്താതെ പുറകെ പുറകെ സർപ്പങ്ങൾ വന്നുകൊണ്ടിരുന്നു.

ആദി നോക്കുമ്പൊൾ ആ പാറക്കെട്ടിൽ അയാൾക്ക് ചുറ്റുമായി പതിനായിരകണക്കിനു സർപ്പങ്ങൾ നിര നിരയായി പത്തി ഉയർത്തി നിൽക്കുന്നു.

അവയെല്ലാം നാഗമണിയുടെ പ്രഭാവത്താൽ സ്വയം മറന്നു നിൽക്കുക ആണ്.

അവർ ഭക്തിയോടെ നമസ്കരിക്കുന്ന അവരുടെ രാജാവായ വാസുകിയുടെ നാഗമണി ആണ് അത്.

നാഗമണിയില്‍ നിന്നും ചുവന്ന പ്രകാശം പുറപ്പെടുവിക്കപ്പെട്ടു.

അതോടെ സകല നാഗങ്ങളും ആ പ്രകാശത്തിന്റെ ശക്തിയിൽ അടിമകളെ പോലെ തങ്ങളുടെ  ശിരസ് മണ്ണിൽ സ്പർശിപ്പിച്ചു അയാളുടെ കയ്യിലെ ദിവ്യനാഗമണിയോട് കീഴടങ്ങി.

പതിനായിരക്കണക്കിന് നാഗങ്ങൾ.

നാഗങ്ങളുടെ ഇടയിലൂടെ പോയി അയാളെ കീഴ്പെടുത്തുക അസാധ്യം ആണ്.

അവൻ അവിടെ നിന്നും ശബ്ദമുണ്ടാക്കാതെ കുറച്ചുകൂടെ നടന്നു മുകളിലേക്കു കയറി, അവിടെ ആകെ വലിയ മരങ്ങളാണ്, വള്ളികൾ ഇടതൂർന്നു വളർന്ന മരങ്ങൾ..

ആദി ഒരു കാഞ്ഞിര മരത്തിന്റെ സമീപം എത്തി, അതിലും വലിയ വള്ളി തൂങ്ങി കിടക്കുന്നു.

ആദിക്ക് ആ സമയത്തു ഒരു ബുദ്ധി തോന്നി അവൻ ശബ്ദം ഉണ്ടാകാതെ അതിൽ തൂങ്ങുന്ന ഒരു വള്ളിയിൽ പിടിച് പിറകിലേക്ക് വല്ലപോലെ ആഞ്ഞു എന്നിട്ടു അതിശക്തിയിൽ ആ വള്ളിയിൽ തൂങ്ങി മുന്നോട്ടു കുതിച്ചു.

അതിവേഗത്തിൽ വള്ളിയിൽ പാഞ്ഞുവന്ന ആദി പെട്ടെന്ന് കൈ വിട്ടു, അന്തരീക്ഷത്തിലൂടെ പറന്നുമുന്നിലേക്ക് കുതിച്ചു കൈകൾ ഉയർത്തി രത്‌നം കൈയിൽ പിടിച്ചു ധ്യാനാവസ്ഥയിൽ നിൽക്കുന്ന ജഗദ്ഗുരുവിനു സമീപം എത്തി, അയാൾ ശബ്ദം കേട്ട് കണ്ണ് തുറക്കും മുന്നേ തന്നെ അയാളുടെ കയ്യിലെ നാഗമണി ആദി കൈക്കലാക്കി വരുന്ന വേഗതയിൽ ആദി വട്ടം കൂടി നിൽക്കുന്ന സർപ്പങ്ങൾക്കപ്പുറത്തേക്ക് വീണു, പാറക്കെട്ട് ആയതുകൊണ്ട് അവനു നല്ലപോലെ വേദനിച്ചു.

അയാൾ നോക്കുമ്പോൾ തന്റെ കയ്യിൽ ഇരുന്ന നാഗമണി ആദിയുടെ കയ്യിൽ.

അയാൾ ആണെങ്കിൽ ഉഗ്രവിഷമുള്ള സർപ്പങ്ങളുടെ ഇടയിലും.

കയ്യിൽ നാഗമണി കിട്ടിയപ്പോൾ ആദി ഒന്നും നോക്കിയില്ല അവിടെ നിന്നും എഴുന്നേറ്റു, പാറക്കെട്ടിലൂടെ മുകളിലേക്ക് കയറി ഒരു വലിയ പാറപുറത്തു കയറി നിന്നു.

ആദിയുടെ കയ്യിലെ ചൂട് വലിച്ചു കൊണ്ട് നാഗമണി പ്രകാശം ചൊരിഞ്ഞു നില്ക്കുന്നു.

സര്‍പ്പങ്ങള്‍ ആദിക്ക് നേരെ നോക്കി.

ആദി കൈകള്‍ കൂപ്പി തൊഴുതു.

ഭൂമിക്കു കാവലായ നാഗരാജാവേ, നാഗമാതാവേ, നാഗയക്ഷിയമ്മേ, നാഗദേവതകളെ, നാഗത്താ൯മാരെ ഇത് എന്റെ വംശത്തിന്റെ സ്വത്താണ്, എന്റെ മുത്തശ്ശി എനിക്കായി കരുതിയത് ആണ്, ഇതൊരിക്കലും ദുഷ്കർമ്മങ്ങൾക്കു ഞാൻ ഉപയോഗിക്കില്ല, ആരെയും അടിമപ്പെടുത്തുകയും ഇല്ല, ലോകത്തെ നിയന്ത്രിക്കാനും ഉപയോഗിക്കില്ല, എനിക്ക് ഇത് എന്റെ കുടുംബത്തെ തേടാൻ ഉള്ള വഴി മാത്രം ആണ്, എന്നിൽ നിന്ന് ഈ നാഗമണി തട്ടിയെടുത്തതാണ് ഇയാൾ, നിങ്ങൾക് വന്നുചേർന്ന ബുദ്ധിമുട്ടുകൾക്ക് നിങ്ങളോരുരുത്തരോടും ഞാൻ മാപ്പു ചോദിക്കുന്നു,,,എന്നെ പോകാൻ അനുവദിക്കണം ….

 

ഓം നമഃശിവായ നമശ്ശിവായ നമഃശിവായ നമശ്ശിവായ നമഃശിവായ

ആദി നാഗങ്ങളോട് ക്ഷമ ചോദിച്ചുകൊണ്ട് അവിടെ നിന്നും പോകാനായി അനുമതി കൂടെ ചോദിച്ചു.

എന്നിട്ടു അവിടെ കൂടിയ സകലനാഗങ്ങളോടും എന്ന പോലെ ആ പാറക്കെട്ടിൽ അവൻ സാഷ്ടാംഗം വീണു നമസ്കാരം ചെയ്തുകൊണ്ട് എഴുന്നേറ്റു.

നാഗമണി വലംകൈയ്യിൽ ഇരുന്നു നീല നിറത്തിൽ പ്രകാശം ചൊരിയാൻ തുടങ്ങി, ആ പ്രകാശം സകല സർപ്പങ്ങളുടെയും ദേഹത്ത് വീണു, അതോടെ സർപ്പങ്ങൾ എല്ലാം ശിരസ് മണ്ണിൽ സ്പർശിച്ചു വീണ്ടും മുകളിലേക്ക് ഉയർത്തി

പത്തി വിടർത്തി എല്ലാ നാഗങ്ങളും നടുക്ക് നിൽക്കുന്ന ജഗദ്ഗുരുവിനു നേരെ നോക്കി.

അയാൾക്ക് കാൽ ചുവട്ടിൽ നിൽക്കുന്ന സർപ്പങ്ങൾ അയാളുടെ പാദങ്ങളിലൂടെ ഇഴഞ്ഞു കൊണ്ട് കാലുകളിലേക്കു കയറുവാൻ തുടങ്ങി. അയാൾ ഭയന്ന് കൊണ്ട് ഓടാൻ ശ്രമിച്ചു എങ്കിലും പാറയിൽ തട്ടി നിലത്തേക്ക് വീണു പോയി, അവിടെ ഉള്ള സകലനാഗങ്ങളും അയാളുടെ സമീപത്തേക്കു വന്നു അയാളെ പൊതിഞ്ഞു.

ആ …………………………………….എന്ന് അയാളുടെ ആർത്തനാദം ആ വനത്തിലാതെ മുഴങ്ങി,

ആദി അതുകണ്ടപ്പോൾ തന്നെ ഭയന്ന് പോയി. കൂടുതൽ കാണാൻ നില്കാതെ പാറ  കയറി മുകളിലേക്ക് നടന്നു .

നടക്കുമ്പോൾ ഒക്കെ അയാളുടെ നിലവിളി ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

ആദി കൈയിൽ നാഗമണി തിരികെ ലഭിച്ച സന്തോഷത്തോടെ  മുകളിൽ ചെന്ന് അവൻ കയ്യിൽ ഉണ്ടായിരുന്ന കാർ എടുത്തു കൊണ്ട് അവിടെ നിന്നും പുറപ്പെട്ടു .

ആ വനത്തിനുള്ളിലൂടെ കുറച്ചു മുന്നോട്ടു പോയപ്പോൾ ആണ് പെട്ടെന്ന് കാർ ഓഫ് ആയി പോയത്. എത്ര ശ്രമിച്ചിട്ടും അവനു കാർ സ്റ്റാർട്ട് ആക്കാൻ സാധിക്കുന്നില്ല അവൻ പുറത്തേക്ക് ഇറങ്ങി. ഷർട്ടിന്റെ പോക്കറ്റിൽ നാഗമണി ഭദ്രമായി വെച്ചിരുന്നു.

 

അപ്പോൾ ആണ് അവനു നാഗമണി വിറക്കുന്ന പോലെ അനുഭവപ്പെട്ടത്.

ആ ഘോര വനത്തിനുള്ളിൽ ഒറ്റപ്പെട്ട പോലെ നിൽക്കുക ആണ് അവൻ

അവനാ വിറച്ചുകൊണ്ടിരിക്കുന്ന നാഗമണി കയ്യിൽ എടുത്തു.

അവൻ നാഗമണിയെ നോക്കി

എന്തിനാ ഇങ്ങനെ വിറക്കുന്നത്?

ആദി ചോദിച്ചു.

അതിനു ഉത്തരമെന്നോണം നാഗമണി ഇരുന്ന അവന്റെ കൈ തന്നെ  നിവർന്നു, എന്നിട്ടു വലതു ഭാഗത്തേക്ക് കൈകൾ നീണ്ടു അതായതു മണി അവനെ വലിക്കുന്നത് പോലെ .

ആരോ അവനെ വലിച്ചു കൊണ്ട് പോകുന്നതുപോലെ ഒരു അനുഭവം ആണ് ആദിക്ക് ഉണ്ടായതു.

അവൻ ആ ദിശയിലേക്കു നടന്നു

നിബിഡ  വനത്തിനുള്ളിലൂടെ, അവന്റെ കയ്യിൽ ഇരുന്ന നാഗമണി പ്രകാശ൦ ചൊരിഞ്ഞു കൊണ്ട് അവനു വഴി ഒരുക്കി. ചെടികൾക്കു മുകളിലൂടെ ഒക്കെ ചവിട്ടി അവൻ നടന്നു, എന്തായാലും ഈ ദിവ്യ നാഗമണി ഉള്ളത് കൊണ്ട്

എന്തായാലും പാമ്പുകൾ ഉപദ്രവിക്കില്ല എന്നൊരു ഉറപ്പ് അവനുണ്ടായിരുന്നു .

മുന്നോട്ടു പോയപ്പോൾ മുന്നിൽ തന്നെ കൊമ്പു കുലുക്കി ഭീമാകാരനായ ഒരു കാട്ടാന, ചിന്നം വിളിച്ചു കൊണ്ട് അവന്റെ മുന്നിലേക്ക് നടന്നടുക്കുന്നു.

 

 

 

അവനു ഭയമായി ,

എന്താ ചെയ്യേണ്ടത് എന്ന് തിരിച്ചറിയാതെ ആയി പോയി

അവന്റെ മുന്നിലേക്ക് നടന്നടുത്ത കാട്ടാന പെട്ടെന്ന് അവിടെ നിന്നു.

അപ്പോളേക്കും നാഗമണിയിൽ നിന്നും ശക്തമായ പ്രകാശം ഉയരുവാൻ തുടങ്ങിയിരുന്നു. ആന തുമ്പികൈ മുകളിലേക്ക് ഉയർത്തി ചിന്നം വിളിച്ചു കൊണ്ട് ആ നാഗമണിയെ വണങ്ങി. അതുകണ്ടു അവനു അത്ഭുതങ്ങളോടൊപ്പം വേറെ ഒരു അത്ഭുതം കൂടെ ആയി. കാട്ടിലെ ആന പോലും നാഗമണിയിലെ ദിവ്യത്വ൦ മനസ്സിലാക്കിയിരിക്കുന്നു.

ആന അവനുള്ള വഴി ഒരുക്കി കൊടുത്തു, അവൻ നാഗമണി വലിച്ചു കൊണ്ട് പോകുന്ന ദിക്കിലേക്ക് നടന്നു,

ആൾസഞ്ചാരം ഇല്ലാത്ത കൊടും വനം തന്നെ. ചുറ്റും വലിയ മരങ്ങൾ, മരങ്ങളിലൂടെ തൂങ്ങികിടക്കുന്ന വള്ളികൾ പാമ്പുകളെ പോലെ തോന്നിപ്പിക്കുന്നു. കാട്ടുമൃഗങ്ങളുടെ ഒക്കെ ശബ്ദം വല്ലാതെ മുഴങ്ങുന്നുണ്ട് രാത്രി പൂത്ത നിശാഗന്ധി പൂക്കളുടെയും ഏഴില൦ പാലപൂവിന്റെയും ഒക്കെ മാദകമായ സൗരഭ്യം. നടന്നു മുന്നോട്ടു പോയപ്പോ ഒരു പാറക്കെട്ടിനു മുകളിൽ പാറയിൽ പണിതുയർത്തിയ ഒരു കുഞ്ഞു മണ്ഡപം.

അതോടെ നാഗമണി അവനെ വലിക്കുന്നത് നിർത്തി, പക്ഷെ അവനു അവിടെ കാണുവാൻ ആയി നാഗമണി നല്ലപോലെ പ്രകാശം ചൊരിയുന്നുണ്ട്.

മുകളിലെക്കു പാറക്കല്ലിൽ തീർത്ത ഒരു ഗോപുരവും മുന്നിലായി രണ്ടു തൂണുകളിൽ ആയി പ്രധാന ഗോപുരത്തോടു ചേർന്ന് ഉപഗോപുരവും, ഒരല്പം ഉയർന്നു ആണ് ആ മണ്ഡപം നിൽക്കുന്നത് പാറക്കു മുകളിൽ. ചുറ്റും മരങ്ങളും.

അവൻ ആ പാറക്കെട്ടിനു മുകളിൽ കയറി മണ്ഡപത്തിനു പുറത്തു എത്തി.

എന്താണ് എന്ന് അറിയാൻ സാധിക്കുന്നില്ല.