അനാമികയുടെ കഥ 3 [പ്രൊഫസർ ബ്രോ] 189

“താൻ പേടിക്കണ്ട അവർ പോയി… ”

ഞാൻ കണ്ണ് തുറന്നതും എന്റെ കണ്ണുകൾ ചുറ്റും പരത്തുന്നത് കണ്ടിട്ടെന്നോണം അരുൺ പറഞ്ഞു

ചുറ്റും കൂടി നിന്ന കുട്ടികൾ പറഞ്ഞാണ് ഞാൻ അറിഞ്ഞത് അരുൺ വന്നാണ് അവരെ ഓടിച്ചത് എന്ന്…

ഞാൻ അരുണിന്റെ മുഖത്തേക്ക് ഒരു വട്ടം നോക്കി, അരുണിനോട് തോന്നിയിരുന്ന ആരാധന കൂടുന്നതായി ഞാൻ അറിയുകയായിരുന്നു

“താൻ എഴുന്നേൽക്ക്… നമുക്ക് ഹോസ്പിറ്റലിൽ പോകാം”

“ഏയ്യ്… വേണ്ട ഇപ്പൊ കുഴപ്പമൊന്നുമില്ല”

“എന്നാലും ഒന്ന് ഹോസ്പിറ്റലിൽ പോകാം… ”

എന്റെ മുഖത്തെ ക്ഷീണം കണ്ടിട്ട് അരുൺ പറഞ്ഞപ്പോൾ പിന്നെ എനിക്ക് നിരസിക്കാൻ തോന്നിയില്ല

അന്ന് ആ ബൈക്കിൽ അവന്റെ പിന്നിൽ ഇരുന്ന് പോകുമ്പോൾ ഞാൻ അവനോട് കൂടുതൽ അടുക്കുകയായിരുന്നു, പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ കാരണങ്ങൾ ഉണ്ടാക്കി അവനെ കാണാൻ തുടങ്ങി. അവനും എന്നോട് ഇഷ്ടമാണെന്ന് അവൻ പറയാതെ തന്നെ എനിക്ക് മനസ്സിലായിരുന്നു

ഒരിക്കൽ കോളേജിൽ ഒരു തണൽ മര ചോട്ടിലിരുന്നു പഠിച്ചുകൊണ്ടിരുന്ന എന്റെ അരികിലേക്ക് അരുൺ വന്നു.

“അനൂ… ”

ഓരോ പ്രാവശ്യവും അവൻ എന്നെ വിളിക്കുമ്പോൾ എന്നിൽ അറിയാതെ ഒരു സന്തോഷം വരുമായിരുന്നു

“എന്താ അരുൺ ചേട്ടാ… ”

“എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട് ”

അവന്റെ പരുങ്ങൽ കണ്ടപ്പോഴേ അവൻ പറയാൻ പോകുന്നതെന്താണെന്നു എനിക്കുറപ്പായിരുന്നു

“പറഞ്ഞോളൂ.. ”

“അത്… എനിക്ക് തന്നെ ഇഷ്ടമാണ്…”

ഒരു നിമിഷം എനിക്കെന്ത് പറയണം എന്നറിയില്ലായിരുന്നു, ഞാൻ കുറെ നാളുകളായി കേൾക്കാൻ ആഗ്രഹിച്ച കാര്യമായിരുന്നു അത്

ഞാൻ മറുപടി ഒന്നും പറയാതെ ചിരിക്കുക മാത്രമേ ചെയ്തുള്ളു

“താൻ ഒന്നും പറഞ്ഞില്ല… ”

“എനിക്കും ഇഷ്ടമാണ് ”

അത്രയും പറഞ്ഞിട്ട് ഞാൻ ഓടുകയായിരുന്നു… കുറച്ചു ചെന്നിട്ട് തിരിഞ്ഞു നോക്കിയപ്പോഴും അവൻ അവിടെ നിന്ന് ചിരിക്കുകയായിരുന്നു

ആ സമയത്ത് ഞാൻ കണ്ടത് അവന്റെ മുഖം മൂടി മാത്രമായിരുന്നു എന്ന് മനസ്സിലാക്കാൻ വീണ്ടും കുറച്ചു കാലം കഴിയേണ്ടി വന്നു….