അപരാജിതൻ -45 5344

അപരാജിതൻ -45

മുറാകബയിൽ: 

മർദ്ദനമേറ്റതിനാൽ ദേഹമാസകലം പരിക്കുകൾ സംഭവിച്ചു വീടിനുള്ളിലേക്ക് കയറിയ അമീറിനെ കണ്ടു, നടുക്കത്തോടെ നാദിയ കരഞ്ഞു നിലവിളിച്ചു കൊണ്ട് അവനു നേരെ ഓടിയടുത്തു.

“എന്തായിത്, നിനക്കെന്താ പറ്റിയെ , ആരാ ഇങ്ങനെ ചെയ്തത്?” അവന്റെ കവിളിലും ദേഹത്തും തടവി അവൾ ചോദിച്ചു.

അമീർ തിണ്ണയിലിരുന്നു.

“പറ, ഇതെന്താ ഇങ്ങനെയൊക്കെ, എന്താണ്ടായേ എന്നോട് പറ?” അവനരികിൽ ഇരുന്നു കൊണ്ട് അവൾ വിതുമ്പിചോദിച്ചു.

“നീതിപാലിക്കേണ്ടവർ തന്നെ അനീതി കാണിക്കയല്ലേ, അതാ ഈ കാണുന്നത് നാദിയാ, അരുണേശ്വരത്തെ പോലീസ്കാരൊക്കെ ചൊല്ലടങ്ക൯ മുതലാളിയുടെ കൂടെയാ, നമ്മൾ കൂടെ കൂടെ ചെല്ലുന്നതൊന്നും അവർക്കിഷ്ടമല്ല”

“അയ്യോ ,,മുഖത്തൊക്കെ ഒരുപാട് മുറിവുണ്ടല്ലോ , വാ നമുക്ക് ആശുപത്രിയിൽ പോകാം”

“വേണ്ടാ,,അതിന്റെയൊന്നും ആവശ്യമില്ല, നീയെനിക്ക് ഇത്തിരി ചൂട് വെള്ളം കൊണ്ട് താ പെണ്ണെ”

ക്ഷീണത്തോടെ,  തിണ്ണയിലുള്ള മരത്തൂണിൽ തല ചായ്ച്ചു അമീർ ആവശ്യപ്പെട്ടു.

ദുപ്പട്ട കൊണ്ട് കണ്ണ്നീരൊപ്പി വേഗമവൾ അടുക്കളയിലേക്ക് പോയി അവനു കുടിക്കാനുള്ള ചൂട് വെള്ളം കൊണ്ട് കൊടുത്തു.

“ഒരുപാട് നോവുണ്ടോ ?”അവന്റെ മുഖത്തെ ഒട്ടിപ്പിടിച്ച ചോര തന്റെ മൃദുവായ ദുപ്പട്ട കൊണ്ട് ഒപ്പി അവൾ ചോദിച്ചു.

“നോവുണ്ട്,,അതുപോലെയാ അവര് തല്ലിയത്, കുപ്പായത്തിനുള്ളിലും ഉണ്ട്,സാരമില്ല,,ഉപ്പാപ്പ ഉറങ്ങാണോ?”

വിഷമത്തോടെ നാദിയ കണ്ണുനീർ ഒപ്പി.

“ഹ്മ്മ് ,, “ഉപ്പാപ്പ ഉറങ്ങാ,,,അയ്യോ ഉപ്പാപ്പ ഇത് കണ്ടാൽ ,,ആകെ സങ്കടമാകുമല്ലോ, നമ്മളിനി എന്താ ചെയ്യ,,അല്ലേലെ ഉപ്പാപ്പക്ക് വയ്യായ്കയാണ്”

അത് പറഞ്ഞ നേരം

“നാദി ,,,മോളെ ,,,മോൻ വന്നോ ,,,അവൻ വന്നോ ന്റെ അമീർ വന്നോ” മുറിയിൽ നിന്നും ഉപ്പാപ്പ വിളിച്ചു ചോദിച്ചു.

ഭയത്തോടെ നാദിയ അമീറിനെ നോക്കി.

“ഈ ചോരയൊക്കെയായി ഉപ്പാപ്പ കണ്ടാൽ ,,നമ്മളിനി എന്ത് ചെയ്യും” നാദിയ ചോദിച്ചു.

“ഞാൻ ഈ ചോരയൊക്കെ കഴുകി കുളിച്ചു വരാം, അല്ലാതെ കണ്ടാൽ ഉപ്പാപ്പ പേടിക്കും,,നീ ഉപ്പാപ്പയുടെ അടുത്തേക്ക് ചെല്ല്, പുറത്തെ  അടുപ്പിൽ വെള്ളം ചൂടാക്കി ഞാൻ കുളിക്കട്ടെ”

കഠിനമായ വേദനയിലും അത് സഹിച്ചു കൊണ്ട് അമീർ കുളിക്കാനായി പുറത്തേക്കിറങ്ങി.

നാദിയ , ഉപ്പാപ്പയുടെ മുറിയിലേക്ക് ചെന്നു കൂട്ടിരുന്നു.

കുളി കഴിഞ്ഞു വേഷം മാറി അമീർ ഉപ്പാപ്പയുടെ അരികിലെത്തി.

Updated: January 1, 2023 — 6:28 pm