സർവ്വേ [കഥാനായകൻ] 165

“അതുശരി മകൻ അറിയില്ല എന്നാണല്ലേ ഉദ്ദേശിച്ചത്.”

“ആഹ് നിനക്ക് മസ്സിലായല്ലോ അത് മതി അല്ല നമ്മുടെ കൂടെ ഉള്ള ബാക്കി മെംബേർസ് എവിടെ?”

ഞങ്ങളുടെ ഗ്രൂപ്പിൽ ഞങ്ങൾ രണ്ടും അല്ലാത്ത വേറെ നാലെണ്ണം കൂടിയുണ്ട് അവരുടെ കാര്യമാണ് പുള്ളിക്കാരൻ മലയാളത്തിൽ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചത്. സത്യം പറഞ്ഞാൽ അവന്റെ കൂടെ കൂടി ഇംഗ്ലീഷ് ശരിയാക്കാൻ പോയ ഞാനാ ഇപ്പോൾ ഞാൻ അഞ്ചാം ക്ലാസ് വരെ പഠിച്ച മലയാളം പഠിപ്പിച്ചു കൊടുക്കുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ ഒരു ഉളുപ്പ് തോന്നാതെ ഇരുന്നില്ല പിന്നെ അറിയാത്ത പയ്യനെ സഹായിക്കേണ്ടത് എന്റെ ഉത്തരവാദിത്യം ആണല്ലോ.

“അവന്മാർ രണ്ടെണ്ണം എന്റെ വണ്ടിയും കൊണ്ട് പോയിട്ടുണ്ട് ചോദിച്ചപ്പോൾ മറൈൻ ഡ്രൈവിൽ പോയി സർവ്വേ എടുത്തു വരാമെന്നാ പറഞ്ഞത് പക്ഷെ മിക്കവാറൂം അവന്മാർ അവിടെ വായിനോക്കി നിന്നു ആ കുലുക്കി കുടിച്ചു തിരിച്ചു വരും. പിന്നെ അവളുമാർ രണ്ടും ഉച്ചക്ക് ഫുഡ് കഴിക്കുന്നവരെ കണ്ടതാ എങ്ങോട്ട് മുങ്ങിയോ ആവോ?”

അവരൊക്കെ എവിടെയാണാവോ എന്ന് ആലോചിച്ചു നിന്നപ്പോൾ ദേ പോകുന്നു എന്റെ കൂടെ നടക്കുന്നവൻ അതും ദർബാർ ഹാൾ ഗ്രൗണ്ടിലേക്ക്.

“അളിയാ നിന്നെ നി ഇത് എങ്ങോട്ടാ?”

“അല്ല സർവ്വേ എക്കണ്ടേ ബ്രോ.”

“അതൊക്കെ എടുക്കാം അതെ സർവ്വേ എടുക്കുന്നത് ഒരു കുഴപ്പവും എനിക്കില്ല പക്ഷെ നമ്മുടെ ഈ ടോപ്പിക്കും കൊണ്ട് പോകുമ്പോൾ ശരിക്കും ചോദിച്ചു എടുത്തില്ലെങ്കിൽ നമ്മുക്ക് നല്ല തല്ല് കിട്ടും. പിന്നെ ഞാനും നീയും ഈ നാട്ടിൽ വന്നിട്ട് കുറച്ചു നാളല്ലേ ആയിട്ടുള്ളു അതുകൊണ്ട് ഓടാൻ പോലും വഴി അറിയില്ല. തല്ക്കാലം ഞാൻ ചോദിക്കാം നി അവരുടെ ഉത്തരങ്ങൾ എഴുതി എടുത്താൽ മതി.”

ആഹാ എന്താ അനുസരണ ഞാൻ പറഞ്ഞതും അവൻ തലകുലുക്കി. പക്ഷെ എനിക്ക് സത്യം പറഞ്ഞാൽ നല്ല പേടിയുണ്ട് കാരണം അതുപോലത്തെ ടോപ്പിക്ക് ആണ് ഞങ്ങളുടെ ഗ്രൂപ്പിന് സർവ്വേ എടുക്കാൻ തന്നത്.

“Customer preference of honeymoon destinations”

ടോപ്പിക്ക് ശരിക്കും കുഴപ്പമില്ല പക്ഷെ അങ്ങേര് തന്ന questionnaire ആണ് പ്രശ്നം. അതും മലയാളം പോലും അറിയാത്ത ഇവനെയും കൊണ്ട് പോകുമ്പോൾ നല്ല രസമാണ്.

അങ്ങനെ ഞങ്ങൾ രണ്ടും കൂടി ദർബാർ ഹാൾ ഗ്രൗണ്ടിലേക്ക് പോയി. അവിടെ ഉച്ച ആണെങ്കിലും തണലുകളുള്ളത് കൊണ്ട് ഇഷ്ടം പോലെ കപ്പിൾസുണ്ട്. വെറുതെ എന്നെ പോലെ ഉള്ള സിംഗിൾസിനെ വിഷമിപ്പിക്കാൻ വേണ്ടി ഇരിക്കുന്നു. ആഹ് എന്തായാലും അവർക്കിട്ട് തന്നെ ഈ പണി കൊടുക്കാം.

“ടാ വാ ആ മൂലക്ക് ഇരിക്കുന്നവരുടെ എടുത്തു നിന്നും തുടങ്ങാം.”

അങ്ങനെ ഒരു നാലഞ്ച് കപ്പിൾസിനെയും പിന്നെ ഒറ്റക്ക് ഇരിക്കുന്ന കുറച്ചു പേരുടെയും എടുത്തു നിന്നും സർവ്വേ എടുത്തു. ചോദ്യങ്ങൾ ഇംഗ്ലീഷിലായതുകൊണ്ട് അളിയന് ചോദിച്ചു ചോദിച്ചു നല്ല ധൈര്യം വന്നു. ഞാൻ അവനെ പിന്നിൽ നിന്നും നല്ല സപ്പോർട്ടും കൊടുത്തതോടെ അവന് ആത്മവിശ്വാസം ഒരു പൊടിക്ക് കൂടിയോ എന്നുള്ള സംശയമേയുള്ളു. ഒരു പതിനെഞ്ചെണ്ണം ആയപ്പോൾ തന്നെ ഞാൻ പറഞ്ഞു.

“അളിയാ പോരെ ബാക്കിയുള്ളത് അവരുടെ കൈയിൽ കാണും നമ്മുക്ക് ഒരു ഫൈൻഡിങ്‌സ് ഇതിൽ നിന്നും കിട്ടും അതുപോരെ.”

ഞാൻ ഇത് ആരോടാ പറയുന്നത്. ഞാൻ പറഞ്ഞതൊന്നും പുള്ളിക്കാരൻ കേട്ടിട്ടില്ല. അവൻ എങ്ങോട്ടോ വായനോക്കി നിൽക്കുകയാണ്.

“ടാ കോപ്പേ”

2 Comments

  1. Adipoli aayotooo❤

    1. കഥാനായകൻ

      ❣️

Comments are closed.