വിച്ഛേദം 14

നിശ്ചയിച്ചു. ചടങ്ങിന് വേണ്ടി ഒരു സാരി തിരയുന്നതിനിടയിലാണ് ചിന്നുവിന്റെ ഫോൺ വന്നത്. സ്വപ്നയെ ഉടൻ കാണണം എന്ന് പറഞ്ഞു സ്ഥലവും ഉറപ്പിച്ചു. അച്ഛനോട് പറയരുത് എന്ന് സ്വപ്നയെ അവൾ പ്രത്യേകം ഓർമിപ്പിച്ചു. വല്ലാത്ത ഒരു അസ്വസ്ഥതയോടെ ബസന്ത് നഗറിലെ കോഫി ഷോപ്പിലേക്ക് സ്വപ്ന കടന്നു ചെന്നു. ചിന്നു അവളെ കാത്തു ഒരു ഒഴിഞ്ഞ കോണിൽ ഇരിക്കുന്നുണ്ടായിരുന്നു. സ്വപ്നയെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. അടുത്തിരുന്ന സ്വപ്ന ചോദിക്കും മുൻപേ ചിന്നു സ്വപ്നയുടെ കൈകൾ ചേർത്ത് “‘അമ്മ അച്ഛന്റെ കൂടെ വീണ്ടും ജീവിക്കാൻ തയാറാണ്” എന്ന് വികാരനിർഭരിതയായി പറഞ്ഞു. ആ കണ്ണുകൾ സ്വപ്നയോട് എന്തോ യാചിക്കുന്നതും സ്വപ്ന തിരിച്ചറിഞ്ഞു. സ്വപ്ന ചിന്നുവിന്റെ കൈകൾ അമർത്തി ഭാരമേറിയ ഹൃദയത്തോടെ അവിടെ നിന്നും ഇറങ്ങി. പിന്നീടുള്ള രണ്ടാഴ്ചകൾ അയാളുടെ ഫോൺ കാളുകൾ ഉത്തരം കിട്ടാതെ അടിച്ചുകൊണ്ടേയിരുന്നു. വിവാഹത്തിൽ താല്പര്യമില്ല എന്ന് മാത്രം സുധ മാഡം വഴി സ്വപ്ന അയാളെ അറിയിച്ചു. ഓഫീസിൽ നിന്നും മൂന്ന് മാസത്തെ അവധി സ്വപ്നക്കു അനുവദിച്ച ദിവസം അവൾ ഓഫീസിൽ നിന്നും നേരെ വിമാനത്താവളത്തിലേക്ക് പോയി. തൻ്റെ പ്രിയപ്പെട്ട മൂന്നാർ ലക്ഷ്യമാക്കി.
ഇക്കുറി സ്വയം ഏല്പിച്ച മുറിവുകൾ ഉണക്കാൻ…..

കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിൽ ചെക്ക് ഇൻ ചെയ്തു ഗേറ്റ് നമ്പർ ആറിനരികിൽ ഒരു നോവലുമായി വിമാന അറിയിപ്പിനായി കാത്തിരിക്കുമ്പോൾ വളരെ പരിചിതമായ ഓൾഡ് സ്‌പൈസ് ഗന്ധം എവിടെ നിന്നോ ഒഴുകി സ്വപ്നയെ വലംവെച്ചു. പുസ്തകത്തിൽ നിന്നും കണ്ണുകൾ ഉയർത്തിയതും സ്വപ്നയുടെ മുൻനിരയിൽ അയാളും, ചിന്നുവും, ഭാര്യയും. ചിന്നു വളരെ സന്തോഷവതി ആയി കാണപ്പെട്ടു. അച്ഛന്റെയും അമ്മയുടെയും കൈകൾ പിടിച്ചു അവരുടെ ഇടയിൽ! കോഴിക്കോട്ടേക്കുള്ള വിമാന അറിയിപ്പിനെ തുടർന്ന് അവർ മൂന്ന് പേരും ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു ഏഴാം നമ്പർ ഗേറ്റില്ലേക്ക് നീങ്ങി. ബാഗ് എടുക്കാൻ തിരിഞ്ഞതും അയാളുടെ കണ്ണുകൾ പിന്നിൽ ഇരിക്കുന്ന സ്വപ്നയുടെ കണ്ണുകളിൽ കുടുങ്ങി. പാതിമനസോടെയുള്ള ഒരു പുഞ്ചിരി സ്വപ്ന നിർബന്ധിതമായി വരുത്തി. അയാളുടെ കണ്ണുകളിൽ എല്ലാം മനസിലാക്കിയ നിശബ്‌ദമായ ഒരു യാത്ര പറയൽ! മകൾക്കു വേണ്ടി!