രക്തരക്ഷസ്സ് 31 40

അയാൾ അലറിക്കൊണ്ട് അഭിയുടെ തല മണ്ണിലേക്ക് ആഞ്ഞിടിച്ചു.

അവൻ കൈകൾ കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അഭിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം പുറത്തേക്ക് തെറിക്കാൻ തുടങ്ങി.

ആ ക്രൂരത കണ്ട് പ്രകൃതി പോലും നിശ്ചലമായിപ്പോയി.കൊക്കുരുമ്മി പ്രണയം പങ്ക് വച്ചു കൊണ്ടിരുന്ന മാടപ്രാവുകൾ കണ്ണുകൾ ഇറുക്കിയടച്ചു.

കൃഷ്ണ മേനോൻ പതിയെ കൈ അയച്ചു.തല്ലിക്കൂട്ടിയ നാളികേരത്തൊണ്ട് പോലെ അഭിയുടെ ശിരസ്സ് മണ്ണിൽ പുതഞ്ഞു കിടന്നു.

അച്ഛനെ കൊന്നവനോട് പകരം വീട്ടാൻ വന്ന ആ ധീര പുത്രന്റെ രക്തം വീണ് മണ്ണ് കുതിർന്നു.

മേനോൻ പതിയെ എഴുന്നേറ്റ് ചുറ്റും നോക്കി.അരുണന്റെ നേരിയ പ്രകാശം മാത്രമാണ് കുളക്കരയിൽ പതിക്കുന്നത്.

രുദ്ര ശങ്കരനും കൂട്ടരും ആവാഹനപ്പുരയിൽ തന്നെ.സമീപം മറ്റാരുമില്ല.

മേനോൻ പതിയെ തിരിഞ്ഞ് അഭിയെ കൈകളിൽ തൂക്കിയെടുത്ത് കുളത്തിന്റെ പടവുകളിറങ്ങി.

വർഷങ്ങൾക്ക് മുൻപ് മൂത്ത പുത്രനെ ചവുട്ടി താഴ്ത്തിയപ്പോളുണ്ടായിരുന്ന അതേ ഭാവമായിരുന്നു കൃഷ്ണ മേനോന്റെ മുഖത്ത്.

എതിർത്ത് നിൽക്കുന്നത് സ്വന്തമായാലും ബന്ധമായാലും തുടച്ച് നീക്കുന്ന ക്രൂരനായ ഒരു ഭരണാധികാരിയുടെ ഭാവം.

ഇരുളടഞ്ഞ ജലം കാളകൂടം പോലെ കെട്ടിക്കിടക്കുന്നു.പായൽ വിഴുങ്ങിയ കല്പടവുകളിൽ കാൽ വഴുതും എന്നുറപ്പായതും മേനോൻ രണ്ട് പടി മുകളിൽ നിന്ന് അഭിയെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു.

ചിതറി മാറിയ ജലത്തിന്റെ കൈകൾ അഭിമന്യുവിനെ ഇരുളടഞ്ഞ ആഴങ്ങളിലേക്ക് വലിച്ചെടുത്തു.

ചോര കലർന്ന ജലോപരിതലത്തിൽ അവസാന കുമിളയും വീർത്ത് പൊട്ടി.
തുടരും