രക്തരക്ഷസ്സ് 31 40

വലത് കവിൾ അടിയേറ്റ് ചതഞ്ഞ് വീങ്ങിയിരിക്കുന്നു.കണ്ണ് തുറക്കാൻ പറ്റുന്നില്ല.

മേനോൻ എവിടെ?,അവൻ വേദന കടിച്ചമർത്തി മെല്ലെ കണ്ണുകൾ വലിച്ച് തുറന്നു.

തലയ്ക്കുള്ളിൽ സൂചി കുത്തും പോലെ വേദന.വായിൽ ചോരയുടെ ചുവ അറിഞ്ഞതും അവൻ നീട്ടിത്തുപ്പി.

ഉമിനീർ കലർന്ന് കൊഴുത്ത രക്തം പുറത്തേക്ക് തെറിച്ചു,ഒപ്പം രണ്ട് പല്ലും.

രക്തമൊഴുകുന്ന തന്റെ മുഖത്തേക്ക് നോക്കി ആർത്ത് ചിരിക്കുന്ന കൃഷ്ണ മേനോനെ കണ്ടതും അഭി എഴുന്നേൽക്കാൻ ശ്രമിച്ചു.

അങ്ങാൻ കഴിയുന്നില്ല.തല ഉയരുന്നില്ല.ആരോ തന്നെ ബലമായി പിടിച്ചു വച്ചത് പോലെ.അവൻ പതിയെ തല ചെരിച്ച് നോക്കി.

കൃഷ്ണ മേനോൻ തന്റെ തടിച്ച കാൽ അഭിയുടെ തോളിൽ ഒന്ന് കൂടി അമർത്തി.

പിടയ്ക്കാതെടാ ചെക്കാ.തന്തയെ കൊന്നതിന് കണക്ക് ചോദിക്കാൻ വന്നേക്കുന്നു.മുലപ്പാലിന്റെ മണം മാറാത്ത %&%#@%&&മോൻ.ത്ഫൂ.

അഭി പല്ല് ഞെരിച്ച് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചതും മേനോൻ കാലുയർത്തി ആഞ്ഞ് തൊഴിച്ചു.

നാഭിയിൽ ഒരു കല്ല് വന്നടിച്ചത് പോലെയാണ് അഭിക്ക് തോന്നിയത്.അവൻ ഒരു പുഴുവിനെപ്പോലെ നിലത്ത് കിടന്ന് പിടഞ്ഞു.

കൃഷ്ണ മേനോൻ അലറി ചിരിക്കുകയാണ്.പകരം വീട്ടും പോലും.അപ്പന്റെ ഗതി തന്നെ മകനും.

മേനോൻ പതിയെ അഭിയുടെ അരികിൽ മുട്ട് കുത്തിയിരുന്നു. അവന്റെ തലയിൽ തലോടി.

പാവം ന്റെ കുട്ടി. എന്തൊക്കെയായിരുന്നു, ആളറിയാതെ കൈ വച്ചു.

അഭി എന്തോ പറയാൻ ശ്രമിച്ചെങ്കിലും വായിൽ നിറഞ്ഞ രക്തം അവനെ അതിനനുവദിച്ചില്ല.

മേനോൻ അവന്റെ മുടിയിഴകളിൽ കോർത്ത് പിടിച്ച് മുകളിലേക്കുയർത്തി.

ഇപ്പോ മനസ്സിലായോ ഈ കൃഷ്ണ മേനോൻ ആരാണെന്ന്.പുത്രഹത്യാ പാപത്തിന്റെ പുറകെ മറ്റൊരു ശാപം കൂടി,ഹാ സാരമില്ല അത് ഞാൻ സഹിച്ചു.

പണ്ട് എന്റെ മകനെ ഇവിടെ താഴ്ത്തിയപ്പോൾ എനിക്ക് പറ്റിയ അബദ്ധം ഇന്നിങ്ങനെ നിന്റെ രൂപത്തിൽ വരുമെന്ന് ഞാൻ കരുതിയില്ല.

കുറച്ച് നാൾ നിന്റെ തള്ളയെ അന്വേഷിച്ചു എന്നത് സത്യം.പിന്നെ പോട്ടെ വച്ചു.

പണ്ട് പറ്റിയ തെറ്റ് ഇനിയും ആവർത്തിക്കാൻ പാടില്ല.

കൊല്ലാതെ വിട്ടാൽ പല്ലുകളിൽ വിഷം നിറച്ച് നീ വീണ്ടും വരുമെന്ന് എനിക്കറിയാം.അത് കൊണ്ട് ചത്ത് തുലയെടാ.