രക്തരക്ഷസ്സ് 31 40

മേനോന്റെ മുഖം കനത്തു.അയാളുടെ മനസ്സ് മന്ത്രിച്ചു,അപകടം.ഉള്ളിൽ നുരഞ്ഞു പൊന്തിയ ഭയം പുറത്ത് കാട്ടാതെ മേനോൻ അഭിയെ തുറിച്ചു നോക്കി.

ഉണ്ണീ,നീ..നീയെന്തൊക്കെയാ ഈ പറയുന്നത്.എത്രയൊക്കെ ശ്രമിച്ചിട്ടും സ്വരത്തിൽ കയറിക്കൂടിയ പതർച്ച മറയ്ക്കാൻ മേനോനായില്ല.

ഉണ്ണിയോ,ഏത് ഉണ്ണി.ഞാൻ അഭിയാണ്,അഭിമന്യു.മംഗലത്ത് കൃഷ്ണ മേനോന്റെ മൂത്ത പുത്രൻ ആദിത്യ മേനോന്റെ മകൻ അഭിമന്യു ആദിത്യൻ.

കൃഷ്ണ മേനോന് തലയ്ക്കുള്ളിൽ ആയിരം കടന്നലുകൾ ഒന്നിച്ച് മൂളുന്നത് പോലെ തോന്നി.

ആദിത്യ മേനോന്റെ മകൻ അഭിമന്യു.ഒടുവിൽ താൻ ഭയന്നത് സംഭവിച്ചിരിക്കുന്നു.

അർജ്ജുന പുത്രനെപ്പോലെ അവൻ വന്നിരിക്കുന്നു,പകരം ചോദിക്കാൻ.

മേനോന്റെ കൈകാലുകൾ തളർന്നു.കണ്ണിൽ ഇരുട്ട് കയറി. ഒരാശ്രയത്തിനായി അയാൾ ചുറ്റും നോക്കി.ഇല്ലാ ആരുമില്ല.

അഭിയുടെ മുഖത്തെ കൊലച്ചിരി കണ്ടതും മേനോന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു.

മരണം തന്നെ നോക്കി പല്ലിളിക്കുന്ന പോലെയാണ് അയാൾക്ക്‌ തോന്നിയത്.

ശ്രീപാർവ്വതിയെ ആവാഹിച്ചപ്പോൾ രക്ഷപെട്ടു എന്ന് കരുതി ല്ല്യേ. ഇല്ലെടോ,ഏത് രക്ഷസ്സിന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടാലും ന്റെ കൈയ്യിൽ നിന്നും താൻ രക്ഷപെടില്ല്യ.

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ കൃഷ്ണ മേനോൻ വല്ല്യച്ഛ.

വർഷങ്ങൾക്ക് മുൻപ് ഇത് പോലെ ഒരു പകൽ സമയത്താണ് ന്റെ അച്ഛൻ,അതായത് മംഗലത്ത് ആദിത്യ മേനോൻ ഈ കുളത്തിൽ മരിച്ചു കിടന്നത്.

മരിച്ചതല്ല,നിങ്ങൾ ചവുട്ടി താഴ്ത്തി കൊന്നത്.അഭിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കവിളുകൾ കലി കൊണ്ട് വിറച്ചു.

താനിപ്പോ വിചാരിക്കുന്നുണ്ടാവും ഞാൻ എങ്ങനെ ഇളയച്ഛന്റെ മകനായി,ഇവിടെ എങ്ങനെ എത്തി. ന്റെ അച്ഛനെ താൻ കൊന്നത് എങ്ങനെ അറിഞ്ഞു എന്നൊക്കെ പറഞ്ഞു തരാം.

എല്ലാം വിശദമായി പറഞ്ഞു തരാം.അങ്ങോട്ട്‌ ഇരുന്നാട്ടെ. അഭിമന്യു അടുത്ത് കിടന്ന കല്ല് ചൂണ്ടിക്കാട്ടി.പക്ഷേ മേനോൻ അത് കൂട്ടാക്കിയില്ല.

അങ്ങോട്ട്‌ ഇരിക്കാൻ,അഭിയുടെ സ്വരം കടുത്തു.ഒടുവിൽ അവൻ അയാളെ ബലമായി പിടിച്ചിരുത്തി. എതിർ വശത്ത് നിന്ന വാക മരത്തിന്റെ തടിച്ച വേരിൽ അഭിയും ഇരുന്നു.

മേനോന്റെ കണ്ണുകൾ ചുറ്റും കറങ്ങി.അഭിയെ എങ്ങനെ കീഴ്പ്പെടുത്താം എന്ന ചിന്തയായിരുന്നു അയാളുടെയുള്ളിൽ.