രക്തരക്ഷസ്സ് 31 40

എങ്ങനെ രക്ഷപെടാം എന്ന ചിന്തയാണ് ല്ല്യേ.ബുദ്ധിമോശം കാട്ടരുത്.അവിടുന്ന് അനങ്ങിയാൽ… മ്മ് അഭി തോക്ക് കൈയ്യിലിട്ട് കറക്കി.

മേനോന്റെ കണ്ണുകൾ പിടച്ചു. ഇവനെങ്ങനെ ന്റെ മനസ്സ് വായിച്ചു. സൂക്ഷിക്കണം രക്ഷസ്സിനെക്കാൾ അപകടകാരിയാണിവൻ.

അപ്പോ പറഞ്ഞു വന്നത്.ന്റെ അച്ഛനെ താൻ ഈ കുളത്തിലേക്ക് ചവുട്ടി താഴ്ത്തുമ്പോൾ ന്റെ അമ്മയുടെ വയറ്റിലാ ഞാൻ.

അച്ഛനെ കൊന്നതിന് ശേഷമാണ് നിങ്ങളറിയുന്നത് അമ്മ അച്ഛനിൽ നിന്നും ഗർഭം ധരിച്ച കാര്യം. അതോടെ അമ്മയെക്കൂടി ഇല്ലാതാക്കാൻ താൻ തീരുമാനിച്ചു.

അച്ഛൻ കൊല്ലപ്പെട്ടെന്നും അടുത്ത ലക്ഷ്യം താനാണെന്നും അറിഞ്ഞ അമ്മ ജീവനും കൊണ്ട് ഈ നാട്ടിൽ നിന്നും എങ്ങോട്ടെന്നില്ലാതെ ഓടുന്നു.

ആ ഓട്ടം നിന്നത് ഒരു ബസ് സ്റ്റാൻഡിന്റെ ഒഴിഞ്ഞ മൂലയിൽ. അന്തിയായാൽ പെണ്ണിന്റെ ചൂര് തേടിയിറങ്ങുന്ന മനുഷ്യനായ്ക്കൾ ന്റെ അമ്മയെ കടന്ന് പിടിക്കുന്നു.

നിർത്താതെയുള്ള ഓട്ടവും അലച്ചിലും കൊണ്ട് ക്ഷീണിച്ച ന്റെ അമ്മയ്ക്ക് അവരെ എതിർത്ത് നിൽക്കാൻ പറ്റാതെ വന്നപ്പോൾ ഒരാൾ രക്ഷകനായി വന്നു.ആ രക്ഷകന്റെ പേര് സുദേവ മേനോൻ,ന്റെ ഇളയച്ഛൻ.

കൃഷ്ണ മേനോന്റെ കണ്ണ് പുറത്തേക്ക് തള്ളി.ചെവിയിൽ ഈയം ഉരുകി വീണത് പോലെ അയാൾ തല കുടഞ്ഞു.

തന്റെ ഇളയ സന്താനത്തിന്റെ സംരക്ഷത്തിലാണ് അഭിമന്യു വളർന്നത് എന്ന സത്യം അയാൾക്ക്‌ ഉൾക്കൊള്ളാൻ സാധിച്ചില്ല.

വിശ്വാസം വരുന്നില്ല്യ ല്ലേ,പക്ഷേ ന്ത് ചെയ്യാം വിശ്വസിക്കണം.കാരണം അതാണ്‌ സത്യം.

താനും തന്റെ ആളുകളും ന്റെ അമ്മയെ തേടി നടന്നപ്പോൾ ഇളയച്ഛൻ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ അമ്മയെ രഹസ്യമായി പാർപ്പിച്ചു.

കൊൽക്കത്തയിൽ സ്ഥിരതാമസമായപ്പോൾ ഇളയച്ഛൻ അമ്മയെ അങ്ങോട്ട്‌ കൂട്ടി.

ഇളയച്ഛനും ഇളയമ്മയ്ക്കും ഒരിക്കലും മക്കളുണ്ടാവില്ല എന്ന് ശാസ്ത്രം വിധിയെഴുതിയപ്പോഴാണ് എന്റെ ജനനം.

ഒരു കുഞ്ഞിനെ താലോലിക്കാൻ ഉള്ള ഭാഗ്യം അവർ എന്നിലൂടെ നേടി.

ന്നെ അവരുടെ മകനെപ്പോലെ, അല്ല മകനായി തന്നെ വളർത്തി,പഠിപ്പിച്ചു.

ഓർമ്മ വച്ച കാലം തൊട്ടേ അവരാണ് ന്റെ അച്ഛനും അമ്മയും എന്ന് എന്നെ പറഞ്ഞു പഠിപ്പിച്ചു. പാവം ന്റെ അമ്മ എല്ലാം കേട്ട് മിണ്ടാതെ നിന്നു.