യാചകൻ 17

Views : 2066

Yachakan by Sri

സമയം ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞു. നഗരം വീണ്ടും അതിന്റെ തിരക്കിൽ നിന്ന് ശാന്തത കൈ വരിച്ചു തുടങ്ങി. ചീറിപായുന്ന വാഹനങ്ങളൂം അവയുടെ നിർത്താതെ ഉള്ള നിലവിളികളും നിലച്ചു,തൊണ്ട കീറുന്ന ഒച്ചത്തിൽ യാത്രക്കാരെ വാഹനങ്ങളിലേക്ക് വിളിച്ചുകയറ്റുന്ന ജീവനക്കാരും അവരവരുടെ കൂടണഞ്ഞു. കച്ചവടസ്ഥാപനങ്ങളിലും വഴിയോരങ്ങളിലും ഇല്ലാത്ത ഗുണമേന്മയും ഉപയോഗങ്ങളും പറഞ്ഞ് കച്ചവടം ചെയ്യുന്ന കച്ചവടക്കാരും കൂടണഞ്ഞു…
ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ആ നഗരത്തിൽ, ഏതെങ്കിലും യാത്രക്കാർ വരുമെന്ന പ്രതീക്ഷയിൽ ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന തമിഴനും, കടകൾക്കും എ.ടി.എമ്മിനും മുന്നിൽ തല കുനിച്ച് മൊബൈലിലിൽ കണ്ണും നട്ടിരിക്കുന്ന സെക്യൂരിറ്റിക്കാരും മാത്രമായി…

ശാന്തമായ ആ നഗരത്തിലേക്ക് നിലാവിന്റെ വെള്ളി വെളിച്ചം കൂടി പതിച്ചപ്പോൾ നഗരം ഒന്നുകൂടി സുന്ദരിയായി….ജടപിടിച്ച നീണ്ട തലമുടിയും താടിയും,മുഷിഞ്ഞ വസ്ത്രവും, തോളിൽ ഒരു സഞ്ചിയും ആയി ആ യാചകൻ നഗരത്തിലേക്ക് പ്രവേശിച്ചു..കയ്യിൽ ഒരു വടിയും കുത്തിപ്പിടിച്ച് പൊട്ടിയൊലിക്കുന്ന വൃണങ്ങൾ ഉള്ള കാല് ഏന്തി വലിച്ചുകൊണ്ട് അയ്യാൾ നിലാവിലൂടെ നടന്നു..

മുന്നിൽ കണ്ട കടത്തിണ്ണയിൽ കയറി തോളിൽ കിടന്ന സഞ്ചി നിലത്തുവെച്ചയ്യാൾ ഇരുന്നു. സഞ്ചിയിൽ നിന്ന് തന്റെ ഭക്ഷണ പൊതിയെടുത്ത് തുറന്നു വെച്ചു. രണ്ടു ദോശ ആണ് അതിന് മുകളിലായി എന്തോ കറി ഒഴിച്ചിട്ടുണ്ട്. അതിൽ നിന്ന് കുറച്ചെടുത്ത് വായിലോട്ടു വെച്ചപ്പോൾ സെക്യൂരിറ്റിക്കാരൻ അങ്ങോട്ട് വന്നു…

“ദേ ഇതൊന്നും ഇവിടെ പറ്റില്ല എഴുന്നേറ്റ് പോയെ…പോയെ….. ” എന്ന് ആക്രോശിച്ചു കൊണ്ട് ആ തടിച്ച മനുഷ്യൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന വടി നിലത്തടിച്ച് ശബ്ദം ഉണ്ടാക്കി..

തന്റെ മുന്നിൽ നിൽക്കുന്ന തടിച്ച മനുഷ്യന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഭക്ഷണം പൊതിഞ്ഞു ഭദ്രമായി സഞ്ചിയിൽ വെച്ചു.വടിയും കുത്തി അയാൾ ആ നിലാവിന്റെ വെളിച്ചത്തിലൂടെ നടന്നു. തന്റെ നിഴലിനെ തോൽപ്പിക്കാൻ പിന്തുടർന്ന് നടക്കുന്ന കുട്ടികളെ പോലെ അയാളും നിഴലിനെ പിന്തുടർന്നു.. അവസാനം തളർന്ന് ചിരിച്ചുകൊണ്ട് ഒരു മതിലിൽ ചാരി ഇരുന്നു. സഞ്ചിയിൽ നിന്ന് വീണ്ടും ഭക്ഷണം തുറന്ന് വെച്ച് കഴിക്കാൻ തുടങ്ങി..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com