യാചകൻ 17

അയാളുടെ മുന്നിൽ കൂടി ചീറി പാഞ്ഞപോയ കാറിൽ നിന്ന് ഉച്ചത്തിൽ പാട്ടും ഒപ്പം ഒരു സ്ത്രീയുടെ ശബ്ദവും കേട്ടു. അതിൽ നിന്ന് തെറിച്ചു വീണ കവർ ഉരുണ്ട് ഉരുണ്ട് അയാളുടെ മുന്നിൽ വന്നു. അയാൾ അതെടുത്ത് ആർത്തിയോടെ തുറന്നു തനിക്ക് പരിചയം ഇല്ലാത്ത ഏതോ ആഹാരം. അതെടുത്തു രുചിച്ചു നോക്കി തന്റെ മുന്നിൽ ഇരിക്കുന്ന ദോശയെക്കാളും രുചി അതിനുണ്ട്. താനിതുവരെ രുചിച്ച് നോക്കിയിട്ടില്ലാത്ത പ്രത്യേക രുചി. ആർത്തിയോടെ അയാൾ അത് മുഴവനും തിന്നു തീർത്തു.. ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്ന പേപ്പറിൽ തന്നെ കയ്യും തുടച്ച് അയാൾ ആ തറയിൽ തന്നെ ഒതുങ്ങി കൂടി കിടന്നു….

സൂര്യന്റെ പൊൻ കിരണങ്ങൾ കടന്നുവരുന്നതിന് മുന്നേ നഗരം ഉണർന്നു. വിവിധതരം ജോലിക്ക് പോകുന്ന ജോലിക്കാരും, ജോലി അന്വേഷിച്ചു വരുന്നവരും, ഒരു ജോലിയും ഇല്ലാത്തവരും, സ്കൂൾ കുട്ടികളും എല്ലാം കൂടി നഗരം വീണ്ടും തിരക്ക് പിടിച്ചു. ഈച്ച വന്നിരിക്കുന്ന തന്റെ കാലിൽ ആരോ ചവിട്ടിയപ്പോൾ ആണ് ആ യാചകൻ ഉണർന്നത്. ആരോടും പരിഭവം ഇല്ലാതെ ചിരിച്ചുകൊണ്ട് അയാൾ എഴുനേറ്റു. തന്റെ സഞ്ചി തോളിൽ ഇട്ടുകൊണ്ട് അയാൾ വീണ്ടും നടന്നു തുടങ്ങി…
ആ ചെറിയ ചായക്കടയുടെ മുന്നിൽ ചെന്ന് അയാൾ സഞ്ചിയിൽ നിന്ന് പഴയ സ്റ്റീൽ ഗ്ലാസ്‌ ചായക്കടക്കാരന് നീട്ടി.അതിൽ ചായയും വാങ്ങി അൽപ്പം ഒഴിഞ്ഞു മാറി നിന്ന് അയാൾ ചായ ഊതിയാറ്റി കുടിച്ചു. സഞ്ചിയിൽ നിന്ന് പൈസ എടുത്ത് കടക്കാരന് കൊടുക്കുമ്പോൾ പതിവുള്ള ഒരു പൊതി യാചകന് ആ കടക്കാരനും കൊടുത്തു.. ആ പൊതി സഞ്ചിയിൽ തിരുകി ചിരിക്കുന്ന മുഖവും ആയി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടിക്കൊണ്ട് അയാൾ വീണ്ടും നടന്നു. ചിലർ സഹതാപത്തോടെയും, ചിലർ ദേഷ്യത്തോടെയും അയാളെ നോക്കി. മറ്റുചിലർ അയാളെ കാണുമ്പോൾ ഒഴിഞ്ഞു മാറി നിന്ന് ചിലർ മൂക്ക് പൊത്തി നിന്നു….

കുറച്ച് കൂടി മുന്നിലേക്ക് നടന്നപ്പോൾ അയാളുടെ കണ്ണുകൾ ആ അമ്മയെയും കുഞ്ഞിനേയും പരതി. അവരെ സ്ഥിരം കാണാറുള്ള വഴി വക്കിൽ ഒന്നും കണ്ടില്ല അയാളുടെ കണ്ണുകൾ ചുറ്റും പരതി കൊണ്ടിരുന്നു. തന്നെപ്പോലെ ആർക്കും വേണ്ടാതെ തെരുവിൽ ഉപേക്ഷിക്കപ്പെട്ടവൾ, തന്നെപ്പോലെ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച മറ്റുള്ളവർക്ക് മനം പുരട്ടുന്ന നാറ്റം ഉള്ളവൾ. രാത്രിയുടെ മറവിൽ കാമം മൂത്ത ആരോ അവളുടെ ഉള്ളിൽ വിത്ത് പാകി അവന്റെ കാമം തീർത്തുപോയി.. ആ ചോര കുഞ്ഞിനേയും കൊണ്ടവൾ ഒരു ഭ്രാന്തിയെപോലെ നടക്കുന്നു ഇപ്പോഴും…