മാന്ത്രികലോകം 9 [Cyril] 2322

കുറച്ച് നേരം എല്ലാവരും അന്തം വിട്ടുനിന്നു…

“മൃതിമഞ്ഞ്… അതിന്‌ ഏതു സംഭവിച്ചു…?” സുല്‍ത്താന്‍ ചോദിച്ചു.

“പ്രകൃതിയുടെ പലതരം നശീകരണ ശക്തികളിൽ നിന്നുമാണ് മലാഹിയുടെ മാന്ത്രികർ മൃതിമഞ്ഞിനെ സൃഷ്ടിച്ചതും… അതിനെ ഈ വീട്ടില്‍ ബന്ധിച്ചതും… പിന്നേ ഈ വീട്ടിന്റെ സംരക്ഷണ ശക്തിയായി മാറ്റിയിരുന്നതും. പക്ഷേ കുറച്ച് മുന്‍പ് ഇവിടെ ഞാൻ വരികയും മൃതിമഞ്ഞിന്റെ ശക്തിയെ സ്വാധീനിച്ച് അതിന്റെ രൂപീകരണത്തില്‍ മാറ്റങ്ങൾ വരുത്തുകയും അതിനെ ഞാൻ എന്റെ സ്വന്തമാക്കി മാറ്റുകയും ചെയ്തു. ഇപ്പോഴുള്ള മൃതിമഞ്ഞ് നമ്മുടെ ശത്രുവല്ല… അതുപോലെ ഈ വീടും ഇപ്പോൾ മലാഹിയുടെ വീടല്ല — നമ്മുടെതാണ്…”

ഫ്രെൻ പറഞ്ഞത് കേട്ട് ഞങ്ങൾക്ക് അന്ധാളിച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളു.

ഓരോ തവണയും, അവന്‍ ഓരോ കാര്യങ്ങൾ ചെയ്തിട്ട്, അതിനെ വളരെ നിസ്സാരം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അവന്റെ വിശദീകരണം കേൾക്കുമ്പോൾ ഞങ്ങൾക്ക് ഭയമാണ് തോന്നറുള്ളത് – വളരെ ശക്തരായ മാന്ത്രികർക്ക് പോലും അങ്ങനെ നിസ്സാരമായി ചെയ്യാൻ കഴിയാത്ത കാര്യങ്ങളേയാണ് അവന്‍ നിസ്സാരമായി ചെയ്യുന്നത്.

മൃതിമഞ്ഞ് എന്നത് ആര്‍ക്കെങ്കിലും ഒക്കെ നിസ്സാരമായി സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നല്ല. പതിനെട്ട് ശക്തരായ മാന്ത്രികർ ഒന്നിച്ച് ചേര്‍ന്ന് അവരുടെ ശക്തിയെ ഒറ്റ ശക്തിയായി യോജിപ്പിച്ച്, ആ ശക്തിയെ പ്രയോഗിച്ചാണ് അവർ പ്രകൃതിയില്‍ നിന്നും ധാരാളം നശീകരണ ശക്തിയെ സ്വരൂപിച്ച്, ദിവസങ്ങളോളം യാതനകള്‍ അനുഭവിച്ചും മൃതിമഞ്ഞിനെ സൃഷ്ടിക്കുന്നത് — ആറ് ശക്തി കുറഞ്ഞ ദൈവങ്ങളുടെ അത്രയും ശക്തിയാണ് ആ മൃതിമഞ്ഞിന് ഉണ്ടാവുക.

അങ്ങനെ സൃഷ്ടിക്കപ്പെട്ട മൃതിമഞ്ഞിനെ അതിന്റെ സൃഷ്ടാക്കള്‍ക്ക് മാത്രമേ നിയന്ത്രിക്കാൻ കഴിയൂ… മറ്റാരെങ്കിലും അതിനെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ, വളരെ നിസ്സാരമായി അവരെ മൃതിമഞ്ഞ് നശിപ്പിച്ച് കളയും…

ചുരുക്കി പറഞ്ഞാൽ ശക്തി കുറഞ്ഞ ദൈവങ്ങള്‍ പോലും മറ്റുള്ളവർ സൃഷ്ടിച്ച മൃതിമഞ്ഞിനെ നിയന്ത്രിക്കാന്‍ ധൈര്യപ്പെടില്ല — പക്ഷേ “അതിനെ ഞാൻ എന്റെ സ്വന്തമാക്കി” എന്ന് ഫ്രെൻ നിസ്സാരമായി പറയുന്നു.

ഒന്നും മനസിലാവാതെ ആമിന മാത്രം ഞങ്ങൾ എല്ലാവരെയും മാറിയും തിരിഞ്ഞും നോക്കി കൊണ്ടിരുന്നു.

“ഇവിടെയാണോ നമ്മൾ താമസിക്കാന്‍ പോകുന്നത്…?” അവസാനം ജാസർ ആണ് നിശബ്ദതയെ ഭേദിച്ചത്.

“മലാഹിയുടെ മാന്ത്രികരിൽ ആരെങ്കിലും ഇവിടെ വന്നാല്‍…?” സിദ്ധാര്‍ത്ഥ് ചോദിച്ചു. “നമ്മൾ വധിച്ച ആ ആറ് മാന്ത്രികരുടെ നിര്യാണം അവരുടെ മറുപ്രതി കളായ ദൈവങ്ങള്‍ അറിഞ്ഞു എന്നതിൽ സംശയമില്ല, ഫ്രെൻ. അക്കാര്യം ഇപ്പോൾ മലാഹിയും അറിഞ്ഞിട്ടുണ്ടാവും…”

“ശെരിയാണ്..! അപ്പൊ നമ്മെ നേരിടാന്‍ മലാഹി അനേകം മാന്ത്രികരെ ഇങ്ങോട്ട് പറഞ്ഞു വിടും എന്നതിൽ സംശയമില്ല… നിന്റെ മൃതിമഞ്ഞിന്റെ പിടിയില്‍ അകപ്പെടാതെ അവര്‍ക്ക് ഈ വീട്ടില്‍ പ്രവേശിക്കാന്‍ കഴിഞ്ഞാൽ…?” ഈഫിയ ആശങ്കയോടെ പറഞ്ഞു.

എന്നാല്‍ ഫ്രെൻ പുഞ്ചിരിച്ചുകൊണ്ട് ഹാളില്‍ ഉണ്ടായിരുന്ന ഒരു കസേരയില്‍ ഇരുന്നിട്ട് ഞങ്ങളോടും ഇരിക്കാൻ പറഞ്ഞു.

എല്ലാവരും അങ്ങിങ്ങായി കസേരകളിലും സോഫയിലുമായി ഇരുന്നു.

“നിന്നെ കാണാഞ്ഞിട്ട് നിന്റെ അച്ഛനുമമ്മയും നിന്നെ അന്വേഷിക്കില്ലെ…?” അമ്മു വോട് ഫ്രെൻ ചോദിച്ചു.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.