മാന്ത്രികലോകം 9 [Cyril] 2320

Views : 67963

അഗ്നി തമാശ പറഞ്ഞെന്ന് വിചാരിച്ച് അമ്മു ഞങ്ങളെ ചോദ്യ ഭാവത്തില്‍ നോക്കി.

“മനുഷ്യ ലോകത്ത് തെണ്ടാന്‍ ഇറങ്ങിയപ്പോ എവിടെന്നോ ആദ്യമായി കിട്ടിയ ബർഗർ കഴിച്ച അഗ്നിക്ക് ബർഗർ പ്രേമം തുടങ്ങി. ശേഷം അഗ്നി ഒരു വലിയ സഞ്ചി നിറയെ ബർഗർ ഉണ്ടാക്കാനുള്ള റെഡിമെയ്ഡ് സാധനങ്ങൾ എല്ലാം എവിടെനിന്നോ കട്ടോണ്ട് വന്നിട്ട്, ഞങ്ങൾക്ക് ബർഗർ ഉണ്ടാക്കി തരണം എന്നും പറഞ്ഞ് കുറച്ച് ദിവസം ഞങ്ങൾക്ക് സ്വൈര്യം തന്നിരുന്നില്ല….” ജാസർ ചിരിച്ചോണ്ട് പറഞ്ഞു.

അവന്റെ എവിടെ നിന്നും കടിച്ച് പറിക്കണം എന്നപോലെ അഗ്നി അവനെ ജാസറിനെ നോക്കി…. ഉജ്ജ്വല ഒന്ന് മുരണ്ടു..

“എന്റെ കൂടെ കൂടിയാല്‍ മതി.. നിങ്ങൾ രണ്ടുപേര്‍ക്കും എത്ര വേണമെങ്കിലും ബർഗർ ഞാൻ മേടിച്ച് തരാം…” അമ്മു പുഞ്ചിരിയോടെ പറഞ്ഞു.

“എന്നാ പാതാള ലോകത്ത് ഞങ്ങൾ തിരിച്ച് പോണില്ല… എനിക്ക് അമ്മുവിനെ ഇഷ്ടമായി…” ഉജ്ജ്വല സന്തോഷത്തോടെ പറഞ്ഞു.

“അപ്പോ ഫ്രെൻ…” ദനീർ പറഞ്ഞു. “അമ്മുവിന്‍റെ ആത്മാവില്‍ നിന്നും എന്തുകൊണ്ട് അവളുടെ മാന്ത്രിക ശക്തി പുറത്ത് വ്യാപിക്കുന്നില്ല…?”

“എന്റെ സംശയം ശരിയാണെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള മാന്ത്രിക തടസ്സം അവളുടെ ആത്മാവില്‍ ഉണ്ടാവാനാണ് സാധ്യത. എനിക്ക് അറിയാവുന്നത് ഞാൻ പറഞ്ഞ് കഴിഞ്ഞു. ഇനി അവളുടെ ആത്മാവിനെ സ്പര്‍ശിക്കാത എനിക്കിനി കൂടുതലായി ഒന്നും പറയാൻ കഴിയില്ല…”

ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ അമ്മു അവനെ ദയനീയമായി നോക്കി.

“ആദ്യമായി കണ്ടപ്പോൾ ഞങ്ങളും അമ്മുവിന്‍റെ ആത്മാവിനെ സ്പര്‍ശിച്ചതാണ്… എന്തോ പ്രത്യേകത ഉണ്ടെന്ന് മനസ്സിലായിരുന്നു… മറ്റൊന്നും അറിയാൻ കഴിഞ്ഞില്ല. പക്ഷേ നിനക്ക് മാത്രം ഇതെല്ലാം എങ്ങനെ അറിയാൻ കഴിയുന്നു ഫ്രെൻ…?” ഈഫിയ സ്വന്തം ചെവിയില്‍ പിടിച്ച് മെല്ലെ വലിച്ചുകൊണ്ട് ചോദിച്ചു.

എന്നാൽ ഞങ്ങൾ വിചാരിച്ചത് പോലെ അതിന്റെ മറുപടി ഫ്രെൻ തന്നില്ല.

“എന്നാൽ നമുക്കിനി രാവിലെ സംസാരിക്കാം…” ഞാൻ പറഞ്ഞു.

“അപ്പോ അമ്മു എങ്ങനെയാ… വീട്ടില്‍ പോകുന്നോ അതോ ഇവിടെ ഞങ്ങള്‍ക്കൊപ്പം കൂടുന്നോ…?” ഫ്രേയ ചോദിച്ചു.

“ഞാൻ വീട്ടില്‍ പോയാൽ, എന്തെങ്കിലും ആവശ്യം വന്നതും എന്നെ കൂട്ടാതെ നിങ്ങൾ പോകും..” അമ്മു ഞങ്ങളെ കുറ്റപ്പെടുത്തും പോലെ പറഞ്ഞു. “അതുകൊണ്ട് ഞാൻ എങ്ങും പോണില്ല. കൂടാതെ ഇപ്പൊ എക്സാം ഒക്കെ കഴിഞ്ഞ് രണ്ട് ദിവസം മുൻമ്പാണ് അവധി തുടങ്ങിയത്‌… ഈ രണ്ട് മാസവും ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാവും…”

“ഇവിടെ തങ്ങുന്നതിനേക്കാൾ നമ്മുടെ മാന്ത്രിക ഭവനത്തിൽ പോകുന്നതാണ് നല്ലത്… എന്ത് പറയുന്നു നിങ്ങൾ എല്ലാവരും…?” സുല്‍ത്താന്‍ ചോദിച്ചു. “അവിടെ ആവുമ്പോ ഭയം കൂടാതെ നമുക്ക് സ്വസ്ഥമായി വിശ്രമിക്കാന്‍ കഴിയും…”

സുല്‍ത്താന്‍ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു… പക്ഷേ ഫ്രെൻ മാത്രം ഒന്നും മിണ്ടിയില്ല… ഉടനെ സുല്‍ത്താന്‍ ഒരു പുരികം ഉയർത്തി കൊണ്ട് അവനെ നോക്കി.

“ഇവിടെ നീയാണ് ഞങ്ങളുടെ നേതാവ്… മാന്ത്രിക ഭവനത്തിൽ പോകുന്നതില്‍ ഒരു ദോഷവും കാണാത്തത് കൊണ്ട് നിന്റെ ഇഷ്ടത്തിന് ഞാൻ എതിര്‌ പറയുനില്ല…”

“എന്നാൽ അവിടെ വെച്ച് കാണാം…” അതും പറഞ്ഞ്‌ സുല്‍ത്താന്‍ മാന്ത്രിക അഗ്നി സൃഷ്ടിച്ചു… അവനും ഫ്രേയയും അതിൽ അപ്രത്യക്ഷരായി. മറ്റുള്ളവരും പോയി.

Recent Stories

The Author

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com