മാന്ത്രികലോകം 9 [Cyril] 2323

“കുറച്ച് മുന്‍പ് വരെ ഇവിടെ അദൃശ്യരായി ആരുംതന്നെ ഇല്ലായിരുന്നു……. പക്ഷേ ഇപ്പോൾ നമ്മൾ തനിച്ചല്ല… എനിക്ക് പോലും കാണാന്‍ കഴിയാത്ത ഒരു അദൃശ്യ സാന്നിദ്ധ്യം ഇവിടെ ഉള്ളതു എനിക്ക് അനുഭവപ്പെടുന്നുണ്ട്…”

അമ്മു പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും ചാടി എഴുന്നേറ്റു… ആശങ്കയോടെ പരസ്പരം നോക്കി… എന്നിട്ട് ഞങ്ങളുടെ ശക്തി പ്രയോഗിച്ച് പരിസരം പരിശോധിച്ചു…

എന്നാല്‍, ഇവിടെ ഉള്ളവരുടെ ശക്തിയെ സ്പര്‍ശിക്കാൻ കഴിഞ്ഞു എന്നല്ലാതെ വേറെ ഒരു ശക്തിയും ഇവിടെ ഉള്ളതായി അറിയാൻ കഴിഞ്ഞില്ല…

പക്ഷേ ഞങ്ങൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്, വൃത്താകൃതിയിൽ വളഞ്ഞ് നിന്നിരുന്ന ഞങ്ങൾക്ക് നടുവിലായി ഫ്രെൻ പ്രത്യക്ഷപ്പെട്ടു.

അഗ്നിയും ഉജ്ജ്വലയും അവനെ ആക്രമിക്കാൻ അവന്റെ മേല്‍ ചാടാൻ തുടങ്ങിയതാണ്…. പക്ഷേ അത് ഫ്രെൻ ആണെന്ന് മനസ്സിലായതും അവനെ തുറിച്ചുനോക്കി കൊണ്ട് അവർ അങ്ങനത്തെ നിന്നു….

അപ്രതീക്ഷിതമായ സംഭവം ആയതുകൊണ്ട് ഞങ്ങൾ ഒന്നു ഞെട്ടി… എന്നിട്ട് എല്ലാവരും അവനെ ഇരുത്തിയൊന്ന് നോക്കി…

“കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നീ എവിടെയായിരുന്നു ഫ്രെൻ….?” അഗ്നി കടുപ്പിച്ച് ചോദിച്ചു…

“ഇത്രയും നേരം നീ എവിടെയായിരുന്നു ഫ്രെൻ…?” സുല്‍ത്താന്‍ ദേഷ്യപ്പെട്ടു.

ഒരു കൂസലുമില്ലാതെ പുഞ്ചിരി ഫ്രെന്നിന്റെ ചുണ്ടില്‍ വിരിഞ്ഞു…

“ഇവിടെനിന്നു മറഞ്ഞ ശേഷം കുറച്ച് സ്ഥലങ്ങള്‍ ഒക്കെ ഞാൻ സന്ദര്‍ശിച്ചു…” അവന്‍ ചുമല്‍ കുലുക്കി കൊണ്ടാണ് പറഞ്ഞത്, “പിന്നെ, കഴിഞ്ഞ ഒരു മണിക്കൂറായി ഞാൻ ഇവിടെതന്നെ ഉണ്ടായിരുന്നു…”

അതുകേട്ട് അമ്മു അവനെ ആലോചനയുടെ ഉറ്റുനോക്കി….

“അപ്പോ അമ്മുവിന്‍റെ അല്‍ഭുത ദൃഷ്ടിയില്‍ നിന്നും എങ്ങനെ ഒളിച്ചിരിക്കാം എന്നു നി പരീക്ഷണം നടത്തിക്കൊണ്ടിരുന്ന അല്ലേ…?” ഉജ്ജ്വല ചോദിച്ചു. “ഒരു മണിക്കൂറായി നി ഇവിടെതന്നെ ഉണ്ടായിരുന്നു… പക്ഷേ ഇപ്പോൾ മാത്രമാണ് ഒരു സാന്നിദ്ധ്യം ഇവിടെ ഉണ്ടെന്ന് അമ്മുവിന് അനുഭവപ്പെട്ടത്…”

“എന്നെ ആവരണം ചെയ്തിരുന്ന പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയെ ഞാൻ അകറ്റിയത് കൊണ്ടാണ് ഞാൻ ഇവിടെ ഉള്ള കാര്യം അമ്മുവിന് അറിയാൻ കഴിഞ്ഞത്….” അവന്‍ നിസ്സാരമായി പറഞ്ഞു.

ഞങ്ങൾ അന്തംവിട്ട് നിന്നു.

“ആദ്യം നമുക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ് നല്ലത്… പിന്നെ മതി ചര്‍ച്ചയും മറ്റും…” ദനീർ മെല്ലെ പറഞ്ഞു.

“അതിനുള്ള സ്ഥലം ഞാൻ ഒരുക്കി കഴിഞ്ഞു…..” ഫ്രെൻ പുഞ്ചിരിച്ചു. അവന്റെ ആ പുഞ്ചിരി കാണുമ്പോൾ എല്ലാം എന്റെ ചുണ്ടിലും താനെ ഒരു ചിരി വിരിയുന്നത് ഞാൻ അറിയാറുണ്ട്….

“അത് എവിടെ…?” ഇപ്പോൾ വിജനമായ ബീച്ചിൽ കണ്ണോടിച്ച് കൊണ്ടാണ് സിദ്ധാര്‍ത്ഥ് ചോദിച്ചത്.

അവന്റെ മറുപടിക്ക് പകരം, ഇരുണ്ട മേഘം പോലെ എന്തോ ഞങ്ങൾ എല്ലാവരെയും വലയം ചെയ്യുകയും – ഞങ്ങൾ അവിടെ നിന്നു മറയുകയും – മലാഹിയുടെ മാന്ത്രികരുടെ താവളമായിരുന്ന വീട്ടിനുള്ളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു കഴിഞ്ഞിരുന്നു….

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.