മാന്ത്രികലോകം 9 [Cyril] 2323

“ഹിഷേനി യുടെ കൊട്ടാരം…!”

ഞാൻ കുറച്ച് ഉറക്കെ പറഞ്ഞു. ഉടനെ അപാര ശക്തിയുള്ള ഒരു സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. അതേസമയം എന്റെ അരികില്‍ വലത് ഭാഗത്തായി ഒരു പെണ്‍കുട്ടിയുടെ ചിരിയും കേട്ടു… കാതിന് ഇമ്പമേകുന്ന ഒരു ചിരി….

പെട്ടന്ന് ഞാൻ അവള്‍ക്ക് നേരെ തിരിഞ്ഞു….. കണ്ടത്‌ എന്റെ അതേ പ്രായമുള്ള പെണ്‍കുട്ടിയെ….

“നിങ്ങൾ ദൈവങ്ങള്‍ക്ക് ഈ പതിനേഴ്‌ വയസ്സിനോട് എന്തിനാ ഇത്ര കമ്പം എന്നെനിക്ക് മനസ്സിലാവുന്നില്ല….”

ഹിഷേനി പിന്നെയും ചിരിച്ചു… ഒരു കുസൃതി ചിരി.

“പതിനേഴ് വയസ്സിനോട് കമ്പം തോന്നിയത് കൊണ്ടല്ല ഫ്രൻഷെർ… കാഴ്ചയ്ക്കെങ്കിലും നമ്മൾ സമപ്രായക്കാരെന്ന് തോന്നിയാൽ മനസ്സ് പെട്ടന്ന് സൌഹൃദം സൃഷ്ടിക്കും… അതുകൊണ്ടാണ് ഞങ്ങൾ ചില ദൈവങ്ങള്‍ ആരുടെ മുന്നില്‍ പോയാലും, അവരുടെ അതേ പ്രായം ഞങ്ങൾ സ്വീകരിക്കുന്നത്…”

“അപ്പോ വ്യത്യസ്ത പ്രായമുള്ള ഒരു ജനക്കൂട്ടത്തിന് മധ്യേ നിങ്ങൾ പ്രത്യക്ഷപ്പെട്ടാൽ…?”

എന്റെ ചോദ്യം കേട്ട് ഹിഷേനി കുസൃതിയോടെ ചിരിച്ചു.

“അഗ്നിയും ഉജ്ജ്വലയും ചെയ്യുന്നത് പോലെ മറ്റുള്ളവരുടെ കാഴ്ചയെ ഞങ്ങൾ സ്വാധീനിച്ച് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ തോന്നിപ്പിക്കും…”

കുറച്ച് നേരം മിണ്ടാതെ നിന്നിട്ട് ഞാൻ ചോദിച്ചു, “ഇത് യാഥാർത്ഥ്യമാണോ അതോ സ്വപ്നമോ…?”

“നിനക്ക് എന്ത് തോനുന്നു ഫ്രൻഷെർ…?”

“എന്തുകൊണ്ടാണ് നിങ്ങൾ ദൈവങ്ങള്‍ ഉത്തരം തരുന്നതിന് പകരം മറുചോദ്യം ചോദിക്കുന്നത്…….?”

“മാന്ത്രികർ ആയാലും ദൈവങ്ങള്‍ ആയാലും നമ്മൾ സ്വമേധയാ ഓരോ കാര്യങ്ങളും മനസ്സിലാക്കുമ്പോൾ നമ്മുടെ മനഃശക്തി വര്‍ദ്ധിക്കും ഫ്രൻഷെർ. മനഃശക്തി വര്‍ദ്ധിച്ചാൽ ആത്മാവിന്‍റെ ശക്തിയും വര്‍ദ്ധിക്കും — അതിനനുസരിച്ച് നിഗൂഢ ശക്തികളുടെ അഗാധമായ രഹസ്യങ്ങളും കുറച്ചെങ്കിലും നമുക്ക് മനസ്സിലാക്കാൻ സാധിക്കും…. അങ്ങനെയാണ് നമ്മുടെ ശക്തി വര്‍ദ്ധിക്കുന്നത് ഫ്രൻഷെർ…”

ഹിഷേനി പറഞ്ഞത് സത്യം തന്നെയാണ്. പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയെ കുറിച്ച് ഞാൻ കൂടുതല്‍ മനസ്സിലാക്കിയപ്പൊ എന്റെ ശക്തി വര്‍ദ്ധിക്കുകയാണ് ചെയ്തത്… അതുപോലെ എന്റെ പരീക്ഷണം കാരണവും എന്റെ ശക്തി വര്‍ദ്ധിക്കുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്.

“മാന്ത്രികത്തിന്റെ ദൈവമായ നിങ്ങൾക്ക് എന്റെ ശക്തിയെ കാണാനും മനസിലാക്കാനും കഴിയുമെന്ന് ഞാൻ കരുതുന്നു… എന്തുകൊണ്ട്‌ മറ്റുള്ളവര്‍ക്ക് എന്റെ ശക്തിയെ മനസിലാക്കാന്‍ കഴിയുന്നില്ല….” ആകാംഷയോടെ ഞാൻ ചോദിച്ചു.

“എനിക്ക് നിന്റെ ശക്തിയെ കാണാന്‍ കഴിയും ഫ്രൻഷെർ.. പക്ഷേ ഒന്നുംതന്നെ വ്യക്തമല്ല….”

“എന്താണ് അതിന്റെ കാരണം..?”

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.