മാന്ത്രികലോകം 9 [Cyril] 2323

അടുത്ത ക്ഷണം തന്നെ ഞെട്ടലും ദേഷ്യവും വിഷമവും സംശയവും എല്ലാം ഒരുപോലെ എനിക്ക് ഉണ്ടായി….

കാരണം അമ്മുവിന്‍റെ ആത്മാവില്‍ ആ തടസ്സത്തെ സൃഷ്ടിച്ചത് ഷൈദ്രസ്തൈന്യ ആയിരുന്നു… എന്റെ അമ്മ എന്തിന് അങ്ങനെ ചെയ്തു…?

ഞാൻ ഫെയറി ദൈവത്തിന്റെ പുത്രന്‍ എന്ന നിലയ്ക്ക്, എന്റെ അമ്മ വഴി എനിക്ക് ലഭിച്ച ശക്തിയെ ഞാൻ സ്വയത്തമാക്കിയ നേരം ഷൈദ്രസ്തൈന്യ യുടെ ശക്തിയും, ഷൈദ്രസ്തൈന്യ സ്വന്തം ആത്മ ശക്തിയില്‍ നിന്നും സൃഷ്ടിച്ച ഫെയറികളുടെ ശക്തിയും എന്നെ സ്പര്‍ശിച്ചിരുന്നു… അതുകൊണ്ട്‌ ഇവരുടെ ശക്തിയില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ഏതൊരു സൃഷ്ടികളെ ഞാൻ കാണാന്‍ ഇടയായാലും അതെനിക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു….

അങ്ങനെയാണ് അമ്മുവിന്‍റെ ആത്മാവില്‍ നിന്നും അവളുടെ മാന്ത്രിക ശക്തി പുറത്തേക്ക് വ്യാപിക്കാതിരിക്കാൻ, ആ തടസ്സത്തെ സൃഷ്ടിച്ചത് എന്റെ അമ്മയാണെന്ന് മനസ്സിലായത്…

പക്ഷേ എന്തിന്…?

അതിന്റെ കാരണങ്ങൾ ചിലത് ഞാൻ ഊഹിച്ചെങ്കിലും അത് സത്യമാവണം എന്നില്ല… അതുകൊണ്ട് സാഹചര്യം ലഭിക്കുമ്പോൾ എന്റെ അമ്മയോട് നേരിട്ട് ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ആ തടസ്സത്തെ എന്റെ ശക്തി പ്രയോഗിച്ച് ഞാൻ സ്പര്‍ശിച്ച മാത്രയില്‍, എന്റെ അമ്മയുടെ ശക്തി എന്നെ തിരിച്ചറിഞ്ഞു… ഉടനെ ആ തടസ്സത്തെ സൃഷ്ടിച്ചിരുന്ന ശക്തി എന്റെ ആത്മാവിനെ തലോടിയ ശേഷം താനേ അകലുകയും അപ്രത്യക്ഷമാകുകയും ആണ് ചെയ്തത്…

എന്താണ് സംഭവിച്ചത്….? ഞാൻ സ്വയം ചോദിച്ചു.

ആ തടസ്സം അകന്ന ആ നിമിഷം ഐസ് വെള്ളത്തിൽ വീണ കുഞ്ഞിനെ പോലെ അമ്മുവിന്‍റെ ശരീരം വിറച്ചു… ശേഷം അവളുടെ ആത്മാവില്‍ നിന്നും പ്രളയം പോലെയാണ് അവളുടെ മാന്ത്രിക ശക്തി മനസ്സിലും, ശരീരത്തിലും, ഹൃദയത്തിലും പിന്നേ തലച്ചോറിലും നിറഞ്ഞ് അവളെ ശക്തിപ്പെടുത്താൻ തുടങ്ങി….

തറയില്‍ കിടന്നിരുന്ന അമ്മുവിന്‍റെ കഠാര പെട്ടന്ന് അമ്മുവിന്‍റെ കൈയിൽ പ്രത്യക്ഷപ്പെട്ടു… എന്നിട്ട് അപ്രത്യക്ഷമായി.

അത് അവളുടെ ആത്മാവില്‍ ലയിച്ച് ചേര്‍ന്നു എന്ന് ബോധ്യമായി.

അപ്പോഴാണ് പ്രകൃതിയും അവളോട് കനിഞ്ഞത് — പ്രകൃതി അവളുടെ ആത്മാവിനെ ശക്തമാക്കിയ ശേഷം അവള്‍ക്ക് അതിന്റെ ശക്തിയും പകര്‍ന്നു കൊടുത്തു…

ഇതെല്ലാം ഞാൻ കൌതുകത്തോടെ നോക്കി കൊണ്ടിരുന്നു.

അവസാനം അമ്മു ചെറിയൊരു അബോധാവസ്ഥയിലായി… ആ സമയം അവളുടെ തലച്ചോറും, ഹൃദയവും, മനസ്സും പിന്നെ ആത്മാവും ഒത്തുചേർന്ന് ശക്തമായ ഒരു പരസ്പര മാന്ത്രിക ബന്ധനത്തെ സൃഷ്ടിച്ചു.

‘ഇനി അമ്മു പരീക്ഷണങ്ങളെ നേരിട്ടാൽ അവളുടെ ശക്തി പൂര്‍ണമായും ഉണരും… പക്ഷേ അതിന്‌ ശില്‍പ്പിയോ നോഷേയ യുടെ കൊട്ടാരത്തിലെ ആ മാന്ത്രിക മുറിയോ വേണം…’ ഞാൻ സ്വയം പറഞ്ഞു.

‘അങ്ങനെ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല ഫ്രെൻ… നിങ്ങളില്‍ ആരെങ്കിലും വിചാരിച്ചാൽ പോലും അവള്‍ക്ക് പരിശീലനം നല്‍കാനും പരീക്ഷണം നടത്താനും കഴിയും…’ മാന്ത്രിക ബോധം പറഞ്ഞു.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.