മാന്ത്രികലോകം 9 [Cyril] 2323

അലറാൻ പോലും കഴിയാതെ രാക്ഷസന്‍ നിന്നു…. അതിന്റെ കണ്ണില്‍ കൊടിയ വേദന നിറഞ്ഞു. വെറും സെക്കന്റുകള്‍ക്കുള്ളില്‍ ഐസ് കട്ട പോലെ ഉരുകി ഒലിച്ച് ആ രാക്ഷസന്‍ പ്രകൃതിയില്‍ ലയിച്ചു…

ആ വാള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തിൽ ആവുകയും ചെയ്തു.

ഉടനെ ഒരു കരച്ചിലോടെ അമ്മു ആ കഠാരയെ നിലത്തിട്ടു…. ശേഷം അവളുടെ ഹൃദയ ഭാഗത്തെ അമര്‍ത്തി പിടിച്ചുകൊണ്ട് തറയില്‍ ഇരുന്ന ശേഷം വളരെ കഷ്ടപ്പെട്ട് ശ്വാസം എടുക്കാൻ തുടങ്ങി.

ഞാനും അവള്‍ക്കടുത്തായിരുന്നു.

“എനിക്ക് എന്താണ് സംഭവിച്ചത് ഫ്രെൻ…?” പേടിച്ച് വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി കിതച്ചു കൊണ്ട് അമ്മു ചോദിച്ചു.

ഞാൻ പുഞ്ചിരിച്ചു.

“ആ കഠാര എന്നെ അതിന്റെ ഉടമസ്ഥയായി സ്വീകരിച്ചു….പക്ഷേ അന്നേരം തൊട്ടേ എന്റെ ഹൃദയം പൊട്ടിപ്പൊളിയുന്ന വേദനയാണ്… എനിക്കിത് താങ്ങാന്‍ കഴിയില്ല ഫ്രെൻ…. ഞാൻ പെട്ടന്ന് മരിച്ചു പോകും എന്ന് തോനുന്നു….” അമ്മു ശ്വാസമെടുക്കാൻ പാടുപെട്ടു കൊണ്ട്‌ പറഞ്ഞു.

“നിന്റെ കഠാരയ്ക്ക് നിന്റെ ആത്മാവിൽ നിന്നും മാന്ത്രിക ശക്തിയെ സ്വീകരിക്കാന്‍ കഴിയുന്നില്ല… അതുകൊണ്ടാണ് അത് നിന്റെ ഹൃദയത്തിൽ നിന്നും നിന്റെ ജീവ ശക്തിയെ എടുക്കുന്നത്… ഇത് തുടര്‍ന്നാല്‍ രണ്ട് ദിവസം പോലും നിനക്കിനി ജീവിച്ചിരിക്കാൻ കഴിയില്ല…”

ഞാൻ പറഞ്ഞത് കേട്ട് അമ്മു പേടിയോടെ എന്നെ നോക്കി.

“നിന്റെ ആത്മാവില്‍ നിന്നും നിന്റെ മനസ്സും ശരീരവും ശക്തി സ്വീകരിക്കാതിരിക്കാൻ ആരോ തടസ്സം സൃഷ്ടിച്ചിരിക്കുന്നു അമ്മു…. ആ തടസ്സം അകന്നാൽ മാത്രമേ നിനക്ക് യഥാര്‍ത്ഥ ഐന്ദ്രിക യായി മാറാൻ കഴിയുകയുള്ളു. കൂടാതെ ആ തടസ്സം മാറിയില്ലെങ്കിൽ രണ്ട് ദിവസത്തിനകം നിന്റെ മരണവും സംഭവിക്കും… കാരണം നിന്റെ കഠാര നിന്നെ അതിന്റെ ഉടമയായി സ്വീകരിച്ചത് കൊണ്ട് അതിന്‌ നിന്റെ മാന്ത്രിക ശക്തിയെ പകര്‍ന്നു കൊടുക്കേണ്ടത് നിര്‍ബന്ധം ആണ്… ഇല്ലെങ്കില്‍ ആ കഠാര നിന്റെ ജീവ ശക്തിയില്‍ നിന്നും കുടിച്ചുകൊണ്ടിരിക്കും… അങ്ങനെ നിന്റെ മരണവും സംഭവിക്കും…”

കുറച്ചുനേരം അമ്മു മിണ്ടാതിരുന്നു. എന്നിട്ട് ചോദിച്ചു, “ആ തടസ്സം മാറ്റാൻ നിനക്ക് കഴിയുമോ ഫ്രെൻ…?”

“അറിയില്ല…”

അവള്‍ ആ കഠാരയെ തുറിച്ചുനോക്കി.

“ഇവിടെ നിന്നും തിരികെ പോയതും എന്റെ ആത്മാവിനെ സ്പര്‍ശിക്കാൻ നിനക്ക് അനുവാദം തരണം എന്ന് കരുതിയതാണ്…. പക്ഷേ ആ അനുവാദം ഞാൻ ഇപ്പൊ തരുന്നു. നിനക്ക് എന്റെ ശക്തിയില്‍ നിന്നും എന്റെ മനസില്‍ നിന്നും എന്താണോ അറിയാൻ ഉണ്ടായിരുന്നത് അതെല്ലാം നിനക്ക് മനസിലാക്കാന്‍ ശ്രമിക്കാം ഫ്രെൻ…

പിന്നേ എന്റെ ആത്മാവിലെ ആ തടസ്സം മാറ്റാൻ നിനക്ക് കഴിയും എന്നാണ് എന്റെ മാന്ത്രിക ബോധം പറഞ്ഞത്…. പക്ഷേ നിനക്കതിന് കഴിഞ്ഞില്ലെങ്കിൽ എനിക്ക് തിരികെ പോകേണ്ട… ആ രണ്ട് ദിവസവും ഞാൻ ഇവിടെ തന്നെ കഴിഞ്ഞോളാം….” അവള്‍ പിന്നെയും ഹൃദയ ഭാഗം തടവി.

ഞാൻ ഒന്നും മിണ്ടാതെ എന്റെ ശക്തി ഉപയോഗിച്ച് അവളുടെ ആത്മാവിനെ സ്പര്‍ശിച്ചു… ആദ്യം ആ തടസ്സം എന്താണെന്ന് ഞാൻ പരിശോധിച്ചു….

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.