മാന്ത്രികലോകം 9 [Cyril] 2323

പക്ഷേ ഫ്രെൻ എന്നോട് പറഞ്ഞ നിറങ്ങളുടെ വിശദീകരണം എന്റെ ഭയത്തെ അകറ്റി…. അവനോട് എനിക്ക് കൂടുതൽ വിശ്വസം തോന്നുകയും ചെയ്തു….

മറ്റുള്ളവർ ഫ്രെന്നിനെ കുറിച്ച് എന്നോട് വിശദീകരിച്ചത് വെച്ച് നോക്കുമ്പോള്‍ എന്റെ അനുവാദം ഇല്ലെങ്കില്‍ പോലും അവന് എന്റെ മനസ്സിനെ വായിക്കാൻ കഴിയുമെന്ന് മനസിലായി. ഞാൻ പോലും അറിയാതെ എന്റെ ആത്മാവിനെ സ്പര്‍ശിച്ച് അവന് വേണ്ടുന്ന കാര്യങ്ങൾ അവന് മനസിലാക്കാനും കഴിയുമായിരുന്നു എന്നതിലും സംശയമില്ല. അങ്ങനെ കാണിക്കാത്തത് കൊണ്ട് എനിക്ക് അവനോട് വിശ്വസം കൂടുകയാണ് ചെയ്തത്.

എന്റെ ആത്മാവിനെ സ്പര്‍ശിക്കാൻ അവന് അനുവാദം കൊടുത്താലും എന്റെ സ്വകാര്യതയെ അവന്‍ മാനിച്ച് അനാവശ്യമായി എന്നില്‍ നിന്നും ഒന്നും വായിക്കാൻ അവന്‍ ശ്രമിക്കില്ല എന്ന വിശ്വാസവും എനിക്ക് ഉണ്ടായിരുന്നു.

അതുകാരണം എന്റെ ആത്മാവിനെ സ്പര്‍ശിച്ച് എന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാൻ അവന് അനുവാദം കൊടുക്കാൻ ഞാൻ തീരുമാനിച്ചു.

ആദ്യം അവനെ വലയ്ക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ വേണ്ടിയാണ് ഇപ്പോൾ എന്നെയും കൊണ്ട് അവന്‍ ഏതോ മല പ്രദേശത്ത് പോകാൻ തീരുമാനിച്ചത്…. അവന് പോലും കാണാന്‍ കഴിയാത്ത ഏതോ അവിടെ ഉണ്ടെന്ന് മാത്രം എനിക്ക് മനസ്സിലായി.

ആദ്യത്തെ തവണ ഞങ്ങൾ എല്ലാവരെയും കൊണ്ട്‌ ഫ്രെൻ ബീച്ചിൽ നിന്നും അപ്രത്യക്ഷമായപ്പോൾ പ്രാണന്‍ പോകുന്ന വേദന എനിക്ക് അനുഭവപ്പെട്ടിരുന്നു… എന്റെ ശരീരം വെറും തരികളായി മാറി അന്തരീക്ഷത്തില്‍ ലയിക്കുന്നതും ഞാൻ അറിഞ്ഞിരുന്നു… എന്റെ അന്ത്യം അടുത്തു എന്നുവരെ ഞാൻ ഭയന്നു.

പക്ഷേ എന്നില്‍ മരണ വേദന സൃഷ്ടിച്ച് കൊണ്ട് എന്റെ ആത്മാവ് നേരിയ അളവിലുള്ള മാന്ത്രിക ശക്തിയെ പുറത്തേക്ക്‌ വ്യാപിപ്പിച്ച് വെറും തരികളായി മാറിയിരുന്നു എന്റെ ശരീരത്തെ പൊതിഞ്ഞ് സംരക്ഷിച്ചു.

എന്റെ അത്ഭുതത്തിനും ആഹ്ലാദത്തിനും അതിരില്ലായിരുന്നു.

അങ്ങനെ ആദ്യമായി എന്റെ മാന്ത്രിക ശക്തിയെ ഞാൻ അറിയുകയും അനുഭവിക്കുകയും ചെയ്തു… ശേഷം എന്റെ ആത്മാവിലുള്ള ശക്തിയെ എനിക്ക് ഉപയോഗിക്കാൻ കഴിയുമോ എന്ന എന്റെ എല്ലാ ശ്രമവും പരാജയപ്പെട്ടുകയാണ് ചെയ്തത്….

എനിക്ക് നിരാശ തോന്നിയില്ല… കാരണം ഒരിക്കല്‍ എന്റെ ശക്തിയെ എനിക്ക് ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍, വീണ്ടും എനിക്കതിനെ ഉപയോഗിക്കാൻ കഴിയും എന്ന വിശ്വസം എനിക്ക് ഉണ്ടായിരുന്നു.

എന്തായാലും ഫ്രെൻ പറഞ്ഞത് സത്യമാണ്, എന്റെ ആത്മാവില്‍ മാന്ത്രിക ശക്തി ഉണ്ട്… പക്ഷേ എനിക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല…. അതിന്റെ കാരണം ഫ്രെൻ കണ്ടുപിടിക്കും എന്ന വിശ്വസം എനിക്കുണ്ട്.

പക്ഷേ ഇത്തവണ ഫ്രെൻ എന്നെയും കൊണ്ട് അപ്രത്യക്ഷമായതും എനിക്ക് വേദന അനുഭവപ്പെട്ടില്ല… അപ്രത്യക്ഷമായ അതേ സമയം എന്റെ ആത്മാവ് അതിന്റെ ശക്തിയെ പുറത്തേക്ക്‌ വ്യാപിപ്പിച്ച് എന്നെ ഉടനെ സംരക്ഷിച്ചു.

അങ്ങനെ ഫ്രെൻ എന്നെയും കൊണ്ട്‌ എവിടെയാണ് വന്നതെന്ന്‌ ഞാൻ നോക്കി.

അവന്‍ പറഞ്ഞത് പോലെ ഒരു മലപ്രദേശം തന്നെയാണ്…. ഏതോ കാടിന്റെ അതിര്‍ത്തിയില്‍ ആയിരുന്നു ആ പ്രദേശം.

ഒരു മലയുടെ അടിഭാഗം വെട്ടി തുരന്ന് ഗുഹാമുഖം സൃഷ്ടിച്ചിരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. അകത്ത് എന്തെങ്കിലും കാണാന്‍ കഴിയുമോ എന്ന് ഞാൻ നോക്കി… വെറും ഇരുട്ട് മാത്രം അവിടെ പടർന്നിരുന്നു.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.