മാന്ത്രികലോകം 9 [Cyril] 2322

നിഷ്‌ക്രിയാവസ്ഥയിൽ ആയി. അതിനു ശേഷം മാത്രമാണ് ആ വെള്ളി ഹൃദയം ഒഷേദ്രസിന്റെ ആത്മാവിന്‍റെ ഉള്ളില്‍ നിന്നും കൂടുതല്‍ ശക്തിയെ വലിച്ചെടുക്കാന്‍ തുടങ്ങിയത്….

ഇനി ആ വെള്ളി ഹൃദയത്തിന് ആവശ്യമായ ശക്തി ലഭിച്ച് ഒഷേദ്രസിന്റെ സ്വന്തം ഹൃദയത്തിൽ ലയിച്ച് പ്രയോഗക്ഷമമായ ശേഷം മാത്രമേ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയെ ഒഷേദ്രസിന്റെ ഹൃദയത്തിന് ഇനി സ്വീകരിക്കാന്‍ കഴിയുകയുള്ളു…. അതിന്‌ ശേഷം മാത്രമേ ഒഷേദ്രസിന് നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണരാന്‍ കഴിയൂ…..

ഒരു വര്‍ഷം എങ്കിലും കഴിയാതെ ഒഷേദ്രസ് ഉണരില്ല എന്നെനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു… ചിലപ്പോ ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം ഉണരാനും സാധ്യതയുണ്ട് – പക്ഷേ എനിക്കത് നിശ്ചയമില്ല….

അത് എന്തുതന്നെയായാലും, എപ്പോഴെങ്കിലും ഒഷേദ്രസ് ഉണരുമ്പോള്‍ ഈ പ്രപഞ്ചം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു യുദ്ധം തന്നെ ഉണ്ടാവും…. അതിൽ എനിക്ക് ഒരു സംശയവുമില്ല. എന്റെ ഘാതകവാൾ കൊണ്ടുപോലും ഇനി ഒഷേദ്രസിനെ വധിക്കുക എന്ന കാര്യം അസാദ്ധ്യമായി കഴിഞ്ഞിരിക്കുന്നു….

ഒഷേദ്രസ് ഇനി ഉണരുമ്പോള്‍, ജീവിക്കുന്നതും മരിക്കുന്നത് — ഒഷേദ്രസിന്റെ അടിമയാവുന്നതും അല്ലാത്തതും… എല്ലാം വിധി പോലെ നടക്കും. അതിനെക്കുറിച്ച് ചിന്തിക്കാൻ ഭയം തോന്നിയത് കൊണ്ട് ഞാൻ ആലോചിക്കാൻ നിന്നില്ല.

ഒഷേദ്രസിനെ വധിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ എന്നാണ് ഇനി കണ്ടുപിടിക്കേണ്ടത്.

പക്ഷേ തല്‍ക്കാലം ഒരു മാര്‍ഗവും മനസില്‍ തെളിഞ്ഞില്ല. അതിനെക്കുറിച്ച് പിന്നേ ചിന്തിക്കാൻ ഞാൻ തീരുമാനിച്ചു.

അപ്പോഴാണ് എനിക്കൊരു കൗതുകം തോന്നിയത്…

ഞാൻ അദൃശ്യമായി തന്നെ യക്ഷ കൊട്ടാരത്തില്‍ പിന്നെയും എത്തി… യോഗം നടക്കുന്നതിന്‍റെ നടുക്ക് തന്നെ അദൃശ്യമായി ഞാൻ നിന്നു.

ഇപ്പോഴും ആരും എന്റെ സാമീപ്യം അറിഞ്ഞില്ല… ഗൗരവമായി തന്നെ യോഗം അപ്പോഴും നടക്കുന്നുണ്ടായിരുന്നു.

 

“ഹേ മനുഷ്യർ – യക്ഷർ – ഫെയറി – ദൈവങ്ങളെ_____,”

ഞാൻ ഉറക്കെ വിളിച്ചു.

പെട്ടന്ന് അന്തരീക്ഷത്തില്‍ നിന്നും ഉയർന്ന ഒരു ശബ്ദം കേട്ട് ദൈവങ്ങള്‍ ഉള്‍പ്പടെ എല്ലാവരും ഞെട്ടി പിടഞ്ഞ് ചാടി എഴുന്നേറ്റ് , പുറത്തേക്ക്‌ തെറിച്ചു പോകും എന്ന നിലയില്‍ ഉണ്ടായിരുന്ന അവരുടെ കണ്ണുകൾ കൊണ്ട് ഭീതിയോടെ ചുറ്റുപാടും നോക്കി.….

എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.

 

“ഒഷേദ്രസ് വെള്ളി ഹൃദയത്തെ തന്റെ ഉള്ളില്‍ സ്വീകരിച്ച് കഴിഞ്ഞു. അതുകാരണം ആ ഹൃദയത്തിന്റെ മാന്ത്രിക ശക്തി പ്രയോഗക്ഷമമാക്കുന്നതിന് മുന്നോടിയായി സംഭവിക്കുന്ന നിഷ്‌ക്രിയാവസ്ഥയിലേക്ക് ഒഷേദ്രസ് തള്ളപ്പെട്ടിരിക്കുന്നു. ആയതിനാൽ കുറഞ്ഞത് ഒരു വര്‍ഷക്കാലം വരെ എങ്കിലും ഒഷേദ്രസ് ആ മയക്കത്തിൽ നിന്നും ഉണരില്ല എന്നുമാത്രം എനിക്ക് ഉറപ്പ് നൽകാൻ കഴിയും… അതുകൊണ്ട്‌ ഇവിടെ ഇങ്ങനെ മിഴിച്ച് നില്‍ക്കാതെ, ആ കാലയളവിനുള്ളിൽ നിങ്ങള്‍ക്ക് കഴിയുന്നത്ര ഒഷേദ്രസിന്റെ അനുയായികളെ ഈ പ്രപഞ്ചത്തില്‍ നിന്നും തുടച്ചു നീക്കാൻ ശ്രമിക്കുക…”

 

അത്രയും പറഞ്ഞിട്ട് ഉറക്കെ ചിരിച്ചുകൊണ്ട്, അടുത്തടുത്തായി നിന്നിരുന്ന ഹൈനബന്ദിനും ഷയേമ യ്ക്കും തലയില്‍ മെല്ലെ ഓരോ തട്ടും കൊടുത്തുകൊണ്ട് മനുഷ്യ ലോകത്ത് മലാഹിയുടെ താവളം ആയിരുന്ന ആ വീട്ടില്‍ ഞാൻ പ്രത്യക്ഷപ്പെട്ടു.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.