മാന്ത്രികലോകം 9 [Cyril] 2323

പക്ഷേ ആ യുദ്ധത്തിന്‍റെ അവസാന ഘട്ടം ആവും മുന്‍പ് തന്നെ ഒരുപാട്‌ ശക്തി കുറഞ്ഞ ദൈവങ്ങളുടെ ശക്തി ക്ഷയിക്കുകയും, ഒഷേദ്രസ് ആ വിദ്യ പ്രയോഗിക്കും മുന്‍പ് നിഷ്‌ക്രിയാവസ്ഥയിൽ ആവുകയും ചെയ്തിട്ടുണ്ടാകാനും സാധ്യതയേറെയാണ്…”

“വെള്ളി ഹൃദയം നഷ്ടമായി, മലാഹിയുടെ മാന്ത്രികർ വര്‍ഷങ്ങളായി മനുഷ്യരെ തട്ടിക്കൊണ്ട് പോകുകയും മറുപ്രതി സൃഷ്ടിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു, ദൈവങ്ങളെ ബന്ധിച്ച് ആത്മബന്ധനം സൃഷ്ടിച്ച് അനുയായികളായി മാറ്റുന്നു, സ്വർണ്ണവ്യാളി ദൈവം ഒഷേദ്രസിന്റെ തടവില്‍, റീനസ് ഒഷേദ്രസിന്റെ തടവില്‍, ഫെയറികളെ തട്ടിക്കൊണ്ടുപോയി അവരെ വധിച്ച് അവരുടെ ഫെയറി-ധൂളി യെ ഒഷേദ്രസിന്റെ അനുയായികള്‍ കൊടുത്ത് അവരെ എല്ലാം പ്രധാനികളായ ദൈവങ്ങളുടെ അത്രയും ശക്തിയുള്ള ദൈവങ്ങള്‍ ആക്കി മാറ്റാൻ മലാഹി ശ്രമം തുടങ്ങി കഴിഞ്ഞു —ചുരുക്കി പറഞ്ഞാൽ ഒഷേദ്രസിന്റെ പക്ഷം ഓരോ ദിവസവും ശക്തിയാർജ്ജിച്ച് കൊണ്ടിരിക്കുന്നു… തുടക്കത്തിൽ ചെറിയ ആക്രമണങ്ങളും നടത്താൻ അവർ തയാറായി കഴിഞ്ഞു… ഇനി ഏതു നിമിഷവും ഒഷേദ്രസ് യുദ്ധത്തിന്‍റെ തുടക്കം കുറിക്കും എന്ന ആശങ്കയില്‍ നമ്മൾ ജീവിക്കണം, അല്ലേ” എല്ലാ പ്രശ്നങ്ങളെയും സുല്‍ത്താന്‍ കൈ വിരലില്‍ പിടിച്ച് എണ്ണിയെണ്ണി പറഞ്ഞു.

“നമ്മൾ ഇവിടെ ഈ മനുഷ്യ ലോകത്ത് എന്താണ് ചെയ്യേണ്ടത്…? തിരികെ പോയി യുദ്ധത്തിന് തയാറാകുന്നത് അല്ലേ ഉചിതം…?” ഫ്രേയ ചോദിച്ചു.

നേരത്തെ ഞങ്ങൾ അമ്മു വിനോട് കുറച്ചൊക്കെ വിശദീകരിച്ചിരുന്നു.. അതുകൊണ്ട് ഞങ്ങൾ പറയുന്നത് അവള്‍ക്ക് മനസ്സിലാക്കാൻ കഴിയുന്നത് പോലെയാണ് അവള്‍ ഞങ്ങളുടെ ഈ സംസാരം എല്ലാം മിണ്ടാതെ കേട്ടു കൊണ്ടിരുന്നത്…

പിന്നെയും ഓരോരുത്തരും ഓരോ കാര്യങ്ങൾ ഉന്നയിച്ച് കൊണ്ടിരുന്നു…

പക്ഷേ എന്തോ രസമുള്ള സിനിമയെ ടിവിയിൽ നോക്കുന്നത് പോലെയാണ് ഫ്രെൻ മിണ്ടാതിരുന്ന് കൗതുകത്തോടെ എല്ലാം നോക്കി കൊണ്ടിരുന്നത്.

അവസാനം ഞങ്ങൾ എല്ലാവരും ഒരുമിച്ച് അവന്റെ നേര്‍ക്ക് തിരിഞ്ഞു….

“നിനക്ക് മറ്റൊന്നും പറയാനില്ലേ…?” സുല്‍ത്താന്‍ ഫ്രെന്നിനോട് കുറച്ച് ദേഷ്യത്തില്‍ ചോദിച്ച ശേഷം അവന്റെ നോട്ടം അമ്മുവിന്‍റെ മുഖത്തും വീണു. “അഗ്നിയെ പോലെ നിന്നെ ഞങ്ങൾ നക്കിയില്ലെങ്കിലും നിന്നെ ഞങ്ങൾ അംഗീകരിച്ച് കഴിഞ്ഞു അമ്മു. ഇപ്പോൾ നീയും ഞങ്ങളിൽ ഒരുവളാണ്. അതുകൊണ്ട്‌ നിനക്കും പറയാനുള്ളത് ഇവിടെ പറയാം…”

സമ്മത ഭാവത്തില്‍ അമ്മു മെല്ലെ തല കുലുക്കി.

“ആദ്യം എന്നെ കുറിച്ചാണ് എനിക്ക് മനസ്സിലാക്കേണ്ടത്… എന്നാലേ എന്റെ ശക്തി എന്താണെന്നും എനിക്ക് മറ്റെന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നും അറിയാൻ കഴിയൂ…” അമ്മു ഓരോ മുഖത്തും നോക്കിയാണ് പറഞ്ഞത്.

പക്ഷേ അവളെ കുറിച്ച് അവൾക്ക് അറിയാത്ത പോലെ ഞങ്ങള്‍ക്കും അവളെ കുറിച്ച് അറിയില്ലായിരുന്നു. അവളുടെ മാന്ത്രിക ശക്തിയെ പോലും കാണാനോ സ്പര്‍ശിക്കാനോ കഴിയാതെ സ്ഥിതിക്ക് ഞങ്ങൾക്ക് അവളുടെ ശക്തിയെ കുറിച്ച് എന്ത് വിവരം നല്‍കാന്‍ കഴിയും…

അവസാനം ഞങ്ങൾ പത്ത് മാന്ത്രികരുടെ ദൃഷ്ടിയും പിന്നെ രണ്ടു ചെന്നായ്ക്കളുടെ ദൃഷ്ടിയും ഫ്രെന്നിന്റെ മുഖത്ത് പതിഞ്ഞു. അവന്‍ ചുണ്ടൊന്ന് മലർത്തി കാണിച്ചു.

“ഞാൻ നേരത്തെ പറഞ്ഞതുപോലെ ചില ഊഹാപോഹങ്ങൾ മാത്രമാണ് എനിക്കുള്ളതു… പക്ഷേ വ്യക്തമായ ഒരു ഉത്തരം കിട്ടണമെങ്കില്‍ എനിക്ക് അമ്മുവിന്റ്റെ ആത്മാവിനെ എന്റെ ആത്മീയ ശക്തിയാൽ സ്പര്‍ശിക്കണം… അതിന് അമ്മുവിന്റെ അനുവാദം എനിക്ക് വേണം…”

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.