മാന്ത്രികലോകം 9 [Cyril] 2323

മാന്ത്രികലോകം 9

Author : Cyril

[Previous part]

 

സാഷ

 

അപ്പോ എനിക്ക് അറിയേണ്ടത് ഇതാണ്… എന്തുകൊണ്ടെനിക്ക് ഇതെല്ലാം കാണാന്‍ കഴിയുന്നു…?” ആമിന ഞങ്ങൾ എല്ലാവരോടുമായി പ്രതീക്ഷയോടെ ചോദിച്ചു.

കുറച്ച് നേരത്തേക്ക് നിശബ്ദത മാത്രം… ആര്‍ക്കും ഉത്തരം ഇല്ലായിരുന്നു എന്നെനിക്ക് മനസ്സിലായി… പക്ഷേ ഫ്രെന്നിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ലായിരുന്നു…

ഞാൻ സംശയിച്ചത് പോലെ അവന്‍ തന്നെയാണ് നിശ്ശബ്ദതയെ ഭേദിച്ചത്.

“ചില ഊഹാപോഹങ്ങൾ എനിക്കുണ്ട്…. അത് ഞാൻ വിവരിക്കാം. പക്ഷേ ഞങ്ങള്‍ക്കും നിന്റെ സഹായം വേണം… അതുപോലെ എന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരവും വേണം…” ഫ്രെൻ ആമിന യോട് പറഞ്ഞു.

ആമിന ഉടനെ ഭംഗിയായി പുഞ്ചിരിച്ചു.

ആമിന ഒരു ഐന്ദ്രിക ആണോ എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു.

അവള്‍ക്ക് മാന്ത്രിക ശക്തി ഉണ്ടോ എന്നറിയാൻ അവളുടെ ആത്മാവിനെ ഞാൻ സ്പര്‍ശിച്ചു നോക്കി…. ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല … പക്ഷേ എന്തോ പ്രത്യേകത ഉള്ളതുപോലെ മാത്രം തോന്നി.

“എനിക്കൊരു ചോദ്യമുണ്ട്, ആമിന…” ഈഫിയ പറഞ്ഞു.

ഉടനെ ആമിന അവളെ ചോദ്യ ഭാവത്തില്‍ നോക്കി..

“നിനക്ക് കാണാന്‍ കഴിയുന്ന കുറെ കാര്യങ്ങൾ പറഞ്ഞല്ലൊ… എന്നാൽ ഭൂമിക്കടിയിലും കടലിലും വ്യാപിച്ച് കിടക്കുന്ന ഏതെങ്കിലും ശക്തിയെ നിനക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടോ…?”

ഈഫിയ ചോദിച്ചത്‌ കേട്ട് ആമിന പെട്ടന്നു ഞങ്ങളിരിക്കുന്ന മണലില്‍ പല ഭാഗങ്ങളിലായി സംശയത്തോടെ നോട്ടം പായിച്ചു .. എന്നിട്ട് കടലിലും അവള്‍ എന്തോ തിരഞ്ഞു… ശേഷം അവള്‍ ഈഫിയ യെ കൂറ്പ്പിച്ചു നോക്കി.

“ഇല്ല, ഒന്നുംതന്നെ ഞാൻ കാണുന്നില്ല… “ ആമിന യുടെ ഉത്തരം വന്നു. “ഏത് ശക്തിയെ കുറിച്ചാണ് നി പറഞ്ഞത് ഈഫിയ…?”

“പ്രകൃതിയുടെ ഊര്‍ജ്ജ ഗോളവും നാഡികളും ആണോ നീ ഉദേശിച്ചത്…?” ദനീർ ഈഫിയ യോട് ചോദിച്ചു.

ആണെന്ന് അവള്‍ തലയാട്ടി.

“എന്താണ് അത്…?” ആമിന സംശയത്തോടെ ചോദിച്ചു.

അവള്‍ അങ്ങനെ ചോദിച്ചതും എന്തോ കണ്ടുപിടിച്ചത് പോലെ പെട്ടന്നു ഫ്രെന്നിന്റെ രണ്ട് കണ്ണുകളും വികസിച്ചു.. എന്നിട്ട് ആലോചനയോടെ അവന്‍ തല താഴ്ത്തി പിടിച്ചു… ശേഷം അവന്‍ കണ്ണുമടച്ചിരിക്കാൻ തുടങ്ങി…

അവന്റെ ഇത്തരത്തിലുള്ള ഇരിപ്പ് ഞങ്ങൾക്ക് സുപരിചിതമായ ഒന്നായി എപ്പോഴോ മാറിയിരുന്നു.

ഒന്നുകില്‍ അവന്‍ ആത്മ സഞ്ചാരം നടത്തുന്നു, അല്ലെങ്കിൽ അവന്റെ ശക്തിയെ വ്യാപിപ്പിച്ച് എന്തെങ്കിലും തിരയുകയോ അല്ലെങ്കിൽ പുതിയതായി ഏതെങ്കിലും തരത്തിലുള്ള മാന്ത്രിക ശക്തിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഉള്‍ക്കാഴ്ച ലഭിച്ച് കാണും…

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.