”’ഇനിയും ഇങ്ങനെ ജീവിക്കാൻ എനിക്ക് കഴിയില്ല, നമുക്ക് പിരിയാം.., നിങ്ങൾ വേറെ കല്യാണം കഴിക്കണം, നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതം എനിക്ക് തരാൻ കഴിയില്ല…”’
എന്റെ മുഖത്തു നോക്കാൻ ശക്തിയില്ലാത്തതു കൊണ്ടാകാം തല താഴ്ത്തികൊണ്ടു അവൾ വീണ്ടും തുടർന്നു..
”’എന്നെ കുറിച്ച് പേടിക്കണ്ട, ഞാൻ എങ്ങനെങ്കിലും ജീവിച്ചോളാം… എന്റെ ലൈഫിൽ ഒരാളേയുള്ളൂ മരണംവരെയും, വേറെയൊരാളെയും അവിടേക്കു കേറ്റില്ല, എന്റെ ആയുസിന്റെ പകുതി നിങ്ങൾക്ക് കിട്ടണം എന്നാണ് എപ്പോഴും ഞാൻ ദുആ ചെയ്യാറുള്ളത് അതെന്നും എന്നിൽ ഉണ്ടാകും…”’ അതുംപറഞ്ഞു അവൾ അടുക്കളയിലേക്കു നടന്നുപോയി..
എന്ത് പറയണം എന്നറിയാതെ ഞാൻ അവിടെയിരുന്നു കുറച്ചുനേരം… എല്ലാവരും ഉറങ്ങുന്ന ഈ രാത്രിയിൽ അവളുടെ ഹൃദയംപൊട്ടിയുള്ള കരച്ചിൽ മാത്രമാണ് ഞാൻ കേൾക്കുന്നത്.. അത് താങ്ങാൻ കഴിയാതെ ഞാൻ പെട്ടന്നു മുകളിലെ റൂമിലേക്ക് പോകാൻ നേരത്തു എന്റെ പിറകിൽ ഞാൻ കണ്ടു രണ്ടു നിഴലുകൾ എന്റെ സ്നേഹനിധിയായ മാതാപിതാക്കൾ അവരുടെ മുഖത്തു നോക്കാൻ കഴിയാതെ റൂമിലേക്ക് പോയി… ഉറക്കം കിട്ടുന്നില്ല മനസ് നീരുകയാണ്…
കുറച്ചുകഴിഞ്ഞു അവളെന്റെ അടുത്തുവന്നു കിടന്നു, അവൾ ഉറങ്ങിയിട്ടില്ല എന്ന് നന്നായറിയാം… അവളെ നെഞ്ചോടു ചേർത്തുനിർത്തി എന്തൊക്കയോ ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ഒരുകാര്യവുമില്ല. പലപ്പോഴും സംസാരിച്ചതാണ്, ഇനിയും ആവർത്തിക്കാൻ എനിക്ക് കഴിയില്ല…
രാവിലെ ഇക്കാ അടുത്തുവന്നു വിളിച്ചപ്പോളാണ് കണ്ണുതുറന്നതു…
”’ഡാ റോഷാ, എന്റെ കാറ് ഫൈസലിന്റെ വീട്ടിലാണ്.. അതെടുക്കാൻ നീയൊന്നു കൂടെവരുമോ..?”’
”’വരാമല്ലോ ഇക്ക, ഞാനൊന്നു കുളിച്ചുവരാം..”’
ഞങ്ങൾ കാറിൽ പോകുമ്പോൾ ഞാൻ പ്രതീക്ഷിച്ചതുപോലെ ഇക്ക ചോദിച്ചു…
”’എന്താടാ റോഷാ നിന്റെ പ്രശ്നം.. എന്തുണ്ടെങ്കിലും തുറന്നു പറയണം എന്നാലേ എല്ലാത്തിനും പരിഹാരം ഉണ്ടാകൂ..”’
”’ഒന്നുമില്ല ഇക്കാ..”’ ഞാൻ പതിവുപോലെ ഒഴിഞ്ഞുമാറാൻ നോക്കി…
പക്ഷെ ഇക്കാ വിടാനുള്ള ഭാവം ഇല്ലായിരുന്നു.. ഇക്ക ബീച്ച് റോഡിൽ വണ്ടി നിർത്തികൊണ്ട് വീണ്ടും തുടർന്നു.
”’ഡാ മോനേ റോഷാ, കുട്ടികൾ ഉണ്ടാകാത്തതിന്റെ പ്രശ്നമാണോ..?”’